തിരുവനന്തപുരം: അരുന്ധതി റോയിയുടെ ‘കം സെപ്തംബര്‍’ എന്ന കൃതി കോഴിക്കോട് സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ത്ഥികളുടെ പാഠ്യവിഷയമാക്കിയത് അപലപനീയമാണെന്ന് ഭാരതീയവിചാരകേന്ദ്രം. ആഗോള ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുകയും ന്യായീകരിക്കുകയും ചെയ്യുന്ന ലേഖനമാണത്. അതിനുവേണ്ടി ചരിത്രവസ്തുതകളെ വികലമാക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയുമാണെന്ന് ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം രചനകള്‍ ഒരിക്കലും പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ പാഠപുസ്തകത്തിന്റെ ഭാഗമാകാന്‍ യോഗ്യമല്ല. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് വിവാദത്തിന് ഇടവരുത്തിയ ഭാഗം പിന്‍വലിക്കണമെന്നും ഭാരതീയവിചാരകേന്ദ്രം ആവശ്യപ്പെട്ടു.
ഭീകരവാദികളോട് അരുന്ധതിക്കുള്ള മമത സുവിദിതമാണ്. ഈവിധ പ്രവര്‍ത്തനങ്ങള്‍ അവര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുള്ളവര്ക്കുവേണ്ടി നിര്‍ദ്ദിഷ്ട പാഠപുസ്തകത്തിന്റെ സമ്പാദകര്‍ തന്നെ അരുന്ധതിയുടെ അത്തരം പ്രവര്‍ത്തനങ്ങളുടെ ഉദാഹരണം ഒരു യോഗ്യതയായി ലേഖനത്തിന്റെ ആമുഖത്തില്‍ എടുത്തുപറയുന്നുമുണ്ട്. അതില്‍ നിന്ന് സമ്പാദകരുടെ മനോഗതിയും വെളിപ്പെടുത്തുന്നുണ്ടെന്നും സഞ്ജയന് പറഞ്ഞു.