‘കിഴക്ക് ഉദയമാനപര്‍വ്വതം ധ്യാനിക്കുന്നു – പടിഞ്ഞാറ് അസ്തമാനപര്‍വതം ധ്യാനിക്കുന്നു. തെക്ക് ശ്രീകൂട പര്‍വ്വതം ധ്യാനിക്കുന്നു. വടക്ക് മഹാമേരു പര്‍വ്വതം ധ്യാനിക്കുന്നു. മഹാമേരു പര്‍വ്വതത്തിന്റെ തെക്കേ ശിഖരത്തില്‍ ചെമ്പ് ശ്രീപീഠപട്ട് ചെമ്പ് ശ്രീപീഠത്തില്‍ വെള്ളി ശ്രീപീഠപട്ട്, വെള്ളി ശ്രീപീഠത്തില്‍ സ്വര്‍ണ്ണ ശ്രീപീഠപട്ട്, സ്വര്‍ണ്ണ ശ്രീപീഠത്തില്‍ കനകപട്ട് വിരിച്ച് തെക്കും തിരിഞ്ഞിരുന്നരുളും ശ്രീമഹാദേവന്റെ തിരുവായ് പിളര്‍ന്ന് കണ്ടാകര്‍ണനെയടക്കി, യെണ്ണാറുകുട്ടിച്ചാത്തനെ യടക്കി നാങ്കെ നൂറായിരം കോടി ഭ്രാന്തു പിശാചുക്കളെ അടക്കി……’അറുപത്തിനാല് കളത്തില്‍ പദ്മമിട്ട് അറുപത്തി നാല് മൂര്‍ത്തികളെ ആവാഹിച്ച് മുട്ടറുക്കുകയാണ് ആണ്ടി പൂശാരി. വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു നീര്‍ച്ചാലിട്ട അദ്ദേഹത്തിന്റെ മുഖത്തുള്ള ആ ബീഭത്സഭാവം അയ്യന്‍പ്പന്‍ നായരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ആണ്ടവന് ആചരണങ്ങളിലും ഉപാസനകളിലും താല്പര്യം കൂടി കൂടി വരുന്നത് വേലായുധന്‍ ചോപ്പനെ ഭയപ്പെടുത്താറാണ് പതിവ്. അപ്പോള്‍, അവന്റ ഉള്ളിലെ മച്ചിന്‍ പുറത്തെവിടെയൊ ചങ്ങലയ്ക്കിട്ട ഭ്രാന്തിന്റെ ദേവത കെട്ടുപാടുകള്‍ പൊട്ടിയ്ക്കുവാന്‍ പരിശ്രമിക്കുന്നത് വേലായുധന് തിരിച്ചറിയുവാന്‍ കഴിയും. കുംഭം, മീനം മാസങ്ങളില്‍ കാവുകള്‍ ഉണര്‍ന്നു തുടങ്ങുമ്പോളാണ് ആണ്ടവന്റെ സിരകളില്‍ ഉന്‍മാദരേണുക്കള്‍ ചലിക്കുവാന്‍ തുടങ്ങുന്നത് എന്ന് അച്ഛന്‍ വേലായുധന്‍ മനസ്സിലാക്കിയിട്ടുണ്ട്. ദേവിയ്ക്ക് ആട്ടും പാട്ടും ആറാട്ടും നടക്കേണ്ട കാലം. പൂതനും തിറയും മകര കൊയ്തു കഴിഞ്ഞ പാടങ്ങളെ ആവേശക്കൊടുമുടിയിലാറാടിക്കുന്ന കാലം. അക്കാലത്താണ് വേലായുധന്‍ ചോപ്പന്‍ വെളിച്ചപ്പെട്ട് ഉറഞ്ഞു തുള്ളേണ്ടത്. കോമരത്തിന്റെ കല്പന കേള്‍ക്കുവാന്‍ വേണ്ടി തമ്പ്രാക്കന്‍മാര്‍ തന്റെ മുമ്പില്‍ തല കുമ്പിട്ടുനില്‍ക്കുന്ന ആ നല്ലകാലത്ത് തന്നെ ആണ്ടവനെത്തേടി വരുന്ന രോഗം. എന്തു ചെയ്യാം ആലിന്‍ കായ് പഴുക്കുമ്പോളേ കാക്കയ്ക്ക് വായപ്പുണ്ണ് വരൂ- ഉത്സവ പറമ്പില്‍ വച്ച് അയ്യപ്പന്‍ നായരോട് വളരെ സങ്കടത്തോടെ വേലായുധന്‍ അത് പറഞ്ഞിട്ടുമുണ്ട്. പക്ഷെ എത്ര ഭ്രാന്തുണ്ടെങ്കിലും ആണ്ടവന്‍ കെട്ടി ച്ചുറ്റി വാളും കൈയിലെടുത്ത് നിന്നാല്‍ സാക്ഷാല്‍ ഭഗവതിയല്ലെന്ന് ആരും പറയില്ല. അത്ര ഐശ്വര്യമുണ്ട് ആ മുഖത്തെന്ന് അയ്യപ്പന്‍ നായര്‍ വേലായുധനെ സമാധാനിപ്പിയ്ക്കും.
ഏഴൂര്‍ മനയ്ക്കലെ വല്യമ്പൂരിയെയും മുത്താഴിയും കോട്ടില്ലത്തെ അച്യുതന്‍ നമ്പൂതിരിയെയും പോലെ അയ്യപ്പന്‍ നായര്‍ക്കും അണ്ടവനോട് സ്‌നഹമായിരുന്നു. വല്യമ്പൂരിയുടെ കാലത്താണ് മനയ്ക്കലെ കാര്യസ്ഥപ്പണി അയ്യപ്പന്‍ നായര്‍ ഏറ്റെടുത്തത്. അത്യാവശ്യം പണവും പ്രതാപവുമുള്ള വീട്ടില്‍ തന്നെയാണ് അയ്യപ്പന്‍ നായരും ജനിച്ചത്. വല്യ മ്പൂരിയോടുള്ള സ്‌നേഹവും കടപ്പാടും കൂടി കൂടി വന്നപ്പോഴാണ് അദ്ദേഹം മനയുടെ പത്തായപ്പുരയിലേക്ക് താമസമാക്കിയത്. എങ്കിലും ഇടയ്ക്കിടയ്ക്ക് സ്വന്തം വീട്ടിലും പോകാറുണ്ട്. എന്നാല്‍ മനയ്ക്കലെ കാര്യത്തിനപ്പുറം ഒരു വീട്ടുകാര്യവും അയ്യപ്പന്‍ നായര്‍ക്കുണ്ടായിരുന്നില്ല.
ഒരിക്കല്‍ വല്യമ്പൂരി അയ്യപ്പന്‍ നായരേയും കൂട്ടി മുത്താഴിയം കേട്ടേയ്ക്ക് ഒരു യാത്ര പോയി. ഭവത്രാതന്റെ കല്യാണക്കാര്യം തീരുമാനിക്കുക എന്നതായിരുന്നു പ്രധാന കാര്യം. കൂട്ടത്തില്‍ ആണ്ടവന്റെ കാര്യങ്ങളും ചോദിച്ചറിഞ്ഞു. ആണ്ടവനെ മുത്താഴിയം കോട്ടേയ്ക്ക് പറഞ്ഞയച്ചുവെങ്കിലും അയാള്‍ ഇടയ്‌ക്കൊക്കെ മനയ്ക്കലും വരാറുണ്ട്. എങ്കിലും മുത്താഴിയംകോട്ട് കാര്‍ക്ക് അവനെ കുറിച്ചുള്ള അഭിപ്രായം ഇടയ്ക്കിടയ്ക്ക് വല്യമ്പൂരി അന്വേഷിക്കാറുണ്ട്. പുരോഗമന ചിന്താഗതിക്കാരായിരുന്നു മുത്താഴിയം കോട്ടില്ലത്തെ എല്ലാവരും തന്നെ. എന്നാല്‍ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒരു പണത്തൂക്കം വ്യതിചലിക്കാതെ പുരോഗമന ആശയങ്ങളെ അംഗീകരിച്ചു പോന്നിരുന്ന ഒരാളായിരുന്നു വല്യമ്പൂരി. മുത്താഴിയം കോട്ടുള്ളവര്‍ യോഗക്ഷേമസഭയുടെ പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങി സ്ത്രീ സ്വാതന്ത്ര്യത്തിനും ജാതിവിവേചനത്തിനും എതിരെ പോരാടുമ്പോള്‍ മനസ്സുകൊണ്ട് എല്ലാറ്റിനും പിന്‍തുണ നല്‍കി എന്നല്ലാതെ ഒന്നിനും മുന്നിലേയ്ക്കിറങ്ങാന്‍ വല്യമ്പൂരി തയ്യാറായില്ല. മാത്രമല്ല, കുടുമ മുറിയ്ക്കാനൊ ഓത്തും സന്ധ്യാവന്ദനവും മുടക്കാനോ ഒന്നും അദ്ദേഹമുണ്ടായിരുന്നില്ല. ഒരു ബ്രാഹ്മണന്റെ ചിട്ടവട്ടങ്ങള്‍ ഒക്കെ പാലിച്ച് കൊണ്ടുള്ള പുരോഗമനം, അത്രയേ വല്യമ്പൂരിക്ക് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. അതുകൊണ്ടു തന്നെ ഒരു സമരത്തിനും അദ്ദേഹം പോയിട്ടില്ല. എന്നാല്‍ മുത്താഴിയംകോട്ടുള്ള ചിലര്‍ പൂണൂല് പോലും ഉപേക്ഷിച്ചവരായിരുന്നു. സമരത്തിന് കൊടി പിടിയ്ക്കാനോ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനൊ ഒന്നിലും മുന്നില്‍ നിന്നില്ലെങ്കിലും എന്നും കാലത്തിന്റെ അനിവാര്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെയായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്.
അന്നും കാര്യങ്ങളൊക്കെ സംസാരിച്ച കൂട്ടത്തില്‍ ആണ്ടവനെക്കുറിച്ച് വല്യമ്പൂരി ചോദിച്ചു. അച്യുതന്‍ നമ്പൂരിയ്ക്ക് ആണ്ടവനെ കുറിച്ച് വളരെ നല്ല അഭിപ്രായമായിരുന്നു. എന്നാല്‍ കാര്യസ്ഥന്‍ രാവുണ്ണിനായര്‍ക്ക് അത്ര സുഖിച്ചിട്ടില്ലെന്ന് തോന്നി. ‘പഠിപ്പും പത്രാസും ണ്ടായിച്ചിട്ട് മണ്ണാന്റെ കുട്ടി നമ്പൂര്യാവില്ലാ.’ രാവുണ്ണിനായര്‍ പറഞ്ഞു. ‘ഗോവിന്ദന്‍ നല്ല നായരായി ജനിച്ചിട്ടും ചോയിച്ചീന്റെ വീട്ടിലാ കൂടും കുടിയും ന്ന് കേള്‍ക്ക്ണു. അതായിരി ക്ക്വ മുന്തി ജാതീ ടെ ലക്ഷണം? ‘അച്യുതന്‍ നമ്പൂതിരി തിരിച്ച് ചോദിച്ച് കൊണ്ട് രാവുണ്ണിനായരെ ഒന്നു നോക്കി. പിന്നെ പറഞ്ഞു – ‘ജാതിയും മതവും പറഞ്ഞ് നടക്കേണ്ട കാലക്കൊ കഴിഞ്ഞു രാവുണ്യേ – പണ്ടുള്ളോര് ചെയ്ത നല്ല കാര്യങ്ങളാ നമ്മള് പിന്‍തുടരേണ്ട്. ചീത്ത കാര്യങ്ങളങ്ങട്ട് ഒഴിവാക്കന്നെ – പിന്നെ ഇനിയത്തെ കാലത്ത് നാലക്ഷരം പഠിക്ക്‌ണോനെ നെലയും വിലയും ഉണ്ടാകു- അത് ഏത് ജാതിയായാലും മതമായാലും”’ഓ അങ്ങന്യാവട്ടെ. ഞാനൊന്നും പറഞ്ഞില്ല. ആ ചെക്കനോട് നിക്കിട്ട് വിരോധും ഇല്യ – പിന്നെ മടല് വടിയ്ക്കാകാ കരിങ്കല്ല് അടുപ്പിനാകാ കാഞ്ഞീരം വെറകിനാകാ മണ്ണാന്‍ തൊണയ്ക്കാ കാ – എന്നാ കാരണവന്‍ മാര് പറഞ്ഞ് കേട്ടിട്ടുള്ളത്. അതൊന്ന് ഓര്‍മ്മിച്ചു അത്രേയുള്ളു.”നായമ്മാരുടെ വടക്കേവാതിലിന് തഴുതില്ലാന്നും പണ്ട് ള്ളോര് പറഞ്ഞ് കേട്ടിട്ടില്യേ രാവുണ്യേ – എന്ന് കരുതീട്ട് നായമ്മാരൊക്കെ മോശക്കാരാന്ന് ആരെങ്കിലും പറയ്യോ. ഓരോ ജാതിക്കാരും മറ്റുള്ളവരെ പരിഹസിക്കുന്ന ചൊല്ലൊക്കെ അനവധി ണ്ടാക്കീട്ടുണ്ട്. അതൊന്നും നോക്കണ്ട – മനുഷ്യനെ നോക്ക്യാ മതി. ‘അച്യുതന്‍ നമ്പൂരി അല്പം പോലും വിട്ടുകൊടുക്കില്ലാ എന്ന് മനസ്സിലായപ്പോള്‍ രാവുണ്ണിനായര്‍ മെല്ലെ സ്ഥലം കാലിയാക്കി.
ഇല്ലത്തെ കാര്യങ്ങള്‍ക്ക് നായന്‍മാരില്‍ താഴെയുള്ളവര്‍ ആരും ഒന്നിനും പണ്ടേ പതിവുണ്ടായിരുന്നില്ല. എന്നാല്‍ ഏഴൂര്‍ മനയ്ക്കും മുത്താഴിയം കോട്ടില്ലത്തും. അത്തരം പതിവുകളൊന്നുമില്ലാത്തത് രാവുണ്ണി നായരെ പോലുള്ള ചിലര്‍ക്കെങ്കിലും അസ്വസ്ഥതയുണ്ടാക്കി. ഇല്ലത്തെ ചില കാര്യങ്ങളിലെങ്കിലും ഗോവിന്ദനെ കൂടെ കൂട്ടിത്തുടങ്ങണം. അങ്ങനെ പണിം തരവുമായാല്‍ പിന്നെ സ്വഭാവത്തിലൊക്കെ അവനു ചില മാറ്റങ്ങളൊക്കെ വരും എന്ന പ്രതീക്ഷ രാവുണ്ണി നായര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഗോവിന്ദന്‍ ഇല്ലപ്പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ച കാര്യം നമ്പൂരി മനസ്സിലാക്കിയതോടെ ആ പ്രതീക്ഷ തെറ്റി. അതില്‍ പിന്നെയാണ് രാവുണ്ണി നായര്‍ക്ക് ആണ്ടവനെ അത്രകണ്ട് പിടിയ്ക്കാതായതും.
ആണ്ടവന് വായനയില്‍ താല്പര്യമുണ്ടെന്ന് അച്യുതന്‍ നമ്പൂരി മനസ്സിലാക്കിയതില്‍ പിന്നെ അതിനെ പ്രോത്സാഹിപ്പിക്കാനും നമ്പൂരി മടിച്ചില്ല. അച്യുതന്‍ നമ്പൂതിരി വായിച്ച പലകൃതികളും ആണ്ടവന് കൊടുത്തിട്ട് ‘വായിച്ചു നോക്കു അസ്സലായിട്ടുണ്ട്’ എന്നു പറയുന്നതോടെ ആണ്ടവന്‍ അത് വായിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഇല്ലത്ത് എല്ലാ സ്വാതന്ത്ര്യവും ആണ്ടവനുണ്ടായിരുന്നുവെങ്കിലും എന്നും തന്റെ പരിമിതിയ്ക്ക് അകത്ത് നിന്ന് പെരുമാറാന്‍ അവന്‍ വളരെ ശ്രദ്ധിച്ചു. തന്നെ ഏല്പിച്ച ജോലി കൃത്യതയോടെ ചെയ്ത് തീര്‍ക്കുന്നതിലും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതിലും ആണ്ടവന്‍ സൂക്ഷ്മത പാലിച്ചിരുന്നു. അച്യുതന്‍ നമ്പൂരി പുറത്ത് പോകുമ്പോള്‍ ചിലപ്പോള്‍ തുണയ്ക്കായി ആണ്ടവനെ വിളിക്കുന്നത് രാവുണ്ണിനായര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ അദ്ദേഹമത് പുറത്ത് കാണിച്ചിരുന്നില്ല എന്ന് മാത്രം. നമ്പൂരിയാകട്ടെ ഇം.എം.എസ്സിനെ കുറിച്ചും ചെറുകാടിനെ കുറിച്ചും കമ്യൂണിസ്റ്റ്‌സമരങ്ങളെ കുറിച്ചും മറ്റും പറയാന്‍ ഒരാള്‍ എന്ന നിലയ്ക്കാണ് ആണ്ടവനെ കണ്ടിരുന്നത്. റഷ്യന്‍ വിപ്ലവത്ത കുറിച്ചും ചൈനയെ കുറിച്ചുമൊക്കെ തിരുമേനി പറയുന്നത് കേള്‍ക്കുമ്പോള്‍ ആണ്ടവന് അല്പം ആവേശമൊക്കെ ഉണ്ടായിരുന്നു. അത് തന്നെയായിരുന്നു അവനോട് സംസാരിക്കുവാന്‍ നമ്പൂരിക്ക് പ്രത്യേക താല്‍പര്യമുണ്ടാകുവാന്‍ കാരണമായതും.
എന്തായാലും ആണ്ടവന്‍ അധികമുണ്ടാവില്ലല്ലോ എന്ന സമാധാനമായിരുന്നു രാവുണ്ണിനായര്‍ക്ക്. കാരണം അവന്റെ പഠനം കഴിഞ്ഞാല്‍ അവനൊരു ജോലി കിട്ടും – പിന്നെ ഇവിടുത്തകാര്യത്തിലിടപെടാനൊന്നും അവനു നേരമുണ്ടാവില്ല. അതുവരെ സഹിച്ചാല്‍ മതിയല്ലോ എന്നതായിരുന്നു രാവുണ്ണി നായരുടെ ധൈര്യം.
എന്നാല്‍ രാവുണ്ണി നായര്‍ കരുതിയ പോലെയല്ല കാര്യങ്ങള്‍ സംഭവിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ആണ്ടവന്‍ ഇല്ലത്ത് നിന്ന് ബഹിഷ്‌കൃതനായെങ്കിലും അത് ആണ്ടവന് സര്‍ക്കാര്‍ ജോലികിട്ടിയതു കൊണ്ടായിരുന്നില്ല. ആരും തന്നെ ഒട്ടും പ്രതീക്ഷിയ്ക്കാത്ത രീതിയില്‍ ആണ്ടവനെ കാണേണ്ടിവന്നപ്പോള്‍ അച്യുതന്‍ നമ്പൂരി തന്നെ അവിടുന്ന് എന്നന്നേയ്ക്കുമായി അവനെ പുറഞ്ഞാക്കി. നാം വിചാരിയ്ക്കുന്നതല്ലല്ലോ എപ്പോഴും സംഭവിയ്ക്കാറുള്ളത്.
(തുടരും)