മതപരിവര്‍ത്തനത്തിന് ദൈവ വചനങ്ങളെയോ മത ഗ്രന്ഥത്തെയോ ആശ്രയിക്കുന്നതിനെക്കാള്‍ എളുപ്പം ശ്വാസം മുട്ടിച്ച് പുറത്ത് ചാടിക്കുന്ന തന്ത്രത്തിനാണ് ഇംഗ്ലീഷ് സഭയും പദ്ധതി ഇട്ടത്. ഒരു രാജ്യത്തിന്റെ സംസ്‌കാരത്തെ നിരന്തരമായി അധിക്ഷേപിക്കുകയും സമൂഹത്തിലെ ചെറിയ പ്രശ്‌നങ്ങളെപ്പോലും വലിയ രീതിയില്‍ പര്‍വ്വതീകരിച്ച് മുതലെടുപ്പ് നടത്തുകയെന്നതുമാണ് എക്കാലത്തെയും മിഷണറി നയം. ഇസ്ലാമിക രാഷ്ട്രങ്ങളിലും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും ഇതര മത പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഉണ്ടായിരുന്നതുകൊണ്ട് അവിടങ്ങളില്‍ കയറി കുഴപ്പങ്ങളുണ്ടാക്കുവാന്‍ ആഗോള മിഷണറി സംഘങ്ങള്‍ക്ക് ഒരു കാലഘട്ടം വരെ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 1980-കളില്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തിന് അന്ത്യകൂദാശ കുറിച്ച ഗ്ലാസ്‌നോസ്റ്റ് – പെരിസ്‌ട്രോയിക്ക വിപ്ലവത്തെ തുടര്‍ന്ന് കമ്മ്യൂണിസം തകര്‍ന്ന് പോകുകയും വിവിധങ്ങളായ പൂര്‍വമതങ്ങള്‍ അവിടെയൊക്കെ തിരിച്ച് വരികയും ചെയ്തു. യൂറോപ്പില്‍ കമ്മ്യൂണിസത്തെ തകര്‍ത്തത് അമേരിക്കയും വത്തിക്കാനും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ്.
ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിന് പണവും ആളുകളും മാത്രം പോരാ പുതിയ പശ്ചാത്തലം വേണമെന്നും പാശ്ചാത്യ ക്രൈസ്തവ സഭകള്‍ നിശ്ചയിച്ചു. ജാതി വ്യവസ്ഥയില്‍ പിന്നില്‍ നില്‍ക്കുന്നവരെ ഈ സംസ്‌കാരത്തില്‍ നിന്ന് അടര്‍ത്തിമാറ്റുകയും അവരില്‍ ജാതി ഭിന്നത സൃഷ്ടിച്ച് മേല്‍ജാതിക്കാര്‍ക്കെതിരായി എന്നെന്നേക്കും തിരിച്ച് വിടുകയെന്നതുമായിരുന്നു പദ്ധതി. ആര്യന്‍ ആ്രകമണം ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത ഒരു വ്യാജ ചരിത്രമായിരുന്നു. വെളുത്തവരും ക്രൂരന്മാരുമായ ആര്യന്മാര്‍ (പിന്നീട് ഇവരാണത്രെ ബ്രാഹ്മണരും മേല്‍ജാതിക്കാരുമായത്) ഈ രാജ്യത്തെ ആക്രമിക്കുകയും ഇവിടത്തുകാരായ നല്ലവരും പാവങ്ങളുംകറുത്തവരുമായ ആളുകളെ ആക്രമിച്ച് ( ഇവരാണത്രെ ഇവിടത്തെ ഭൂരിപക്ഷം വരുന്ന പട്ടിക ജാതി പിന്നാക്കക്കാര്‍) കീഴടക്കി ഭരിക്കുകയും ചെയ്തുവെന്നാണ് കഥ. വെളുത്തവരും വില്ലന്‍മാരുമായ ആര്യന്മാരില്‍ നിന്ന് കറുത്തവരും നല്ലവരും തദ്ദേശവാസികളുമായ പിന്നാക്കക്കാരെ രക്ഷപ്പെടുത്താനെത്തിയ സിനിമാ നായകന്റെ റോളിലാണ് പാശ്ചാത്യ ഇംഗ്ലീഷ് സഭകള്‍ ഇന്ത്യയുടെ ചരിത്രം ഉണ്ടാക്കിയത്. ആര്യന്‍ ആക്രമണത്തിനുള്ള ഏക പ്രതിരോധം മതം മാറ്റം മാത്രമാണ്. ഈ സിദ്ധാന്തം പിന്നീട് മതപരിവര്‍ത്തന തല്‍പരരായ മുസ്ലിം സംഘടനകളും ഏറ്റെടുത്തു.
ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് തനിക്ക് ആവശ്യമുള്ള രീതിയില്‍ പഠിച്ച് വ്യാഖ്യാനിച്ച് പുസ്തകമെഴുതിയ പ്രൊട്ടസ്റ്റന്റ് പാതിരിയാണ് ഡോ: ജോണ്‍ വിത്സന്‍. മതപരിവര്‍ത്തനം ലക്ഷ്യം വെച്ചു കൊണ്ട് ഈ രാഷ്ട്രസംസ്‌കാരത്തിന് ഒരു ആര്യന്‍ അടിത്തറ ഉണ്ടാക്കുവാനുള്ള സൈദ്ധാന്തിക ചുമതല ഏറ്റവരില്‍ ഒരാളായിരുന്ന വിത്സന്‍. ആര്യന്‍ സിദ്ധാന്തം സമര്‍ത്ഥിക്കുവാന്‍ വേണ്ടിയും ഈ സംസ്‌കാരത്തെ ഇകഴ്ത്തുവാന്‍ വേണ്ടിയും അദ്ദേഹം എഴുതിയ ഒരു പുസ്തകമാണ് ഇന്ത്യന്‍ ജാതി വ്യവസ്ഥ. ആര്യന്മാര്‍ പ്രാചീന സൊരാഷ്ട്രയില്‍ നിന്ന് കുടിയേറി വന്നവരാണെന്ന് സമര്‍ത്ഥിക്കുവാന്‍ വിത്സന്‍ എഴുതുകയാണ്. ‘മറ്റേതൊരു സജാതീയ ഭാഷയെക്കാളും സംസ്‌കൃതത്തിന് പ്രാചീന സൊരാഷ്ട്രിയന്‍ ഭാഷയായ സെന്‍സുമായി ബന്ധമുണ്ട്.’ വേദങ്ങളില്‍ ഉടനീളം അത് പ്രതിനിധീകരിക്കുന്ന സുപ്രധാന ജനവിഭാഗത്തെ ‘ആര്യാ’ അല്ലെങ്കില്‍ ആര്യ എന്ന് നിര്‍ണയിച്ചിരുന്നു. ഈ ജനവിഭാഗം ആ പേരുള്ള ഒരു ഭൂവിഭാഗത്തു നിന്നും വന്നവരാണെന്ന സൂചനയാണ് അത് നല്‍കുന്നത്. പാര്‍സികളുടെ വിശുദ്ധ ലിഖിതങ്ങളില്‍ പരാമര്‍ശിക്കുന്ന അയ്യ്രയെ ഗണപരമായി സൊരാഷ്ട്രിയന്‍ ആരാധനാക്രമവും നിയമവുമായ അവസ്ഥയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹെറോഡോട്ടസിന്റെ കാലത്തിന് മുമ്പ് തന്നെ ഗ്രീക്കുകാരെ ആര്യന്‍ ജനത എന്ന പേരില്‍ അംഗീകരിച്ചിരുന്നു. യൂറോപ്യന്മാരുടെ അന്വേഷണ ഫലമായി ഉണ്ടായ ഈ കണ്ടെത്തല്‍ ആര്യന്‍ എന്ന പദത്തിന്റെ കേവലാര്‍ത്ഥം’മാന്യതയുള്ളവര്‍’എന്ന് അംഗീകരിക്കുവാന്‍ വേദ വ്യാഖ്യാതാക്കളെ നിര്‍ബന്ധിതരാക്കി. യഥാര്‍ത്ഥത്തിലത് വേദങ്ങള്‍ പഠിക്കുന്നതിന് ദീര്‍ഘകാലമായി വിദേശികള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്കിന് മേലുള്ള വിജയമാണ്.
ജോണ്‍ വിത്സന്‍ ഒരു കൊച്ചു പേജിനുള്ളില്‍ തന്നെ എത്രയെത്ര ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് നോക്കുക. ആര്യന്മാര്‍ സൊരാഷ്ട്രീയക്കാരായ പാര്‍സികളാണ്. പേര്‍ഷ്യന്‍ സാമ്രാജ്യത്തിലും ഇറാന്‍, ഇറാക്ക്, ഗ്രീക്ക് എന്നിവിടങ്ങളിലുമാണ് ആര്യന്റെ ഉല്‍ഭവം. ആര്യന്മാരാണ് വേദങ്ങള്‍ രചിച്ചത്. ആര്യഭാഷയായ സംസ്‌കൃതം പേര്‍ഷ്യന്‍ ഭാഷയായ സൊരാഷ്ട്രയില്‍ നിന്ന് രൂപം കൊണ്ടതാണ്. ഭാരതീയമായ നാല് വേദങ്ങളും സംസ്‌കൃതത്തില്‍ രചിക്കപ്പെട്ടതിനാല്‍ സംസ്‌കൃതത്തെ പ്രൊട്ടസ്റ്റന്റ് പാതിരി ബലമായി സൊരാഷ്ട്രിയയിലേക്ക് പിടിച്ച് വലിച്ച് കൊണ്ടുപോകുകയാണ്. വിദേശികള്‍ക്ക് വേദം പഠിക്കുവാന്‍ വിലക്കുണ്ടായിരുന്നുവെന്നും പറയുന്നത് കള്ളമാണ്. ഇത്രയും പറഞ്ഞതില്‍ ഒരു കാര്യം മാത്രം സത്യമാണ്. യൂറോപ്യന്മാരുടെ അന്വേഷണ ഫലമായുണ്ടായ ഈ കണ്ടെത്തല്‍ എന്നതാണ് ഇത്. വേദങ്ങളുടെ ആദ്യ ഭാഗങ്ങള്‍ രചിക്കുന്ന കാലമായപ്പോഴെക്കും ആര്യന്മാര്‍ പഞ്ചാബിലെ സിന്ധു നദീതടത്തിലെ വിവിധ ഇടങ്ങളില്‍ അധിവാസമുറപ്പിച്ച് കഴിഞ്ഞിരുന്നുവെന്ന് കൂടി ജോണ്‍ വിത്സന്‍ പറഞ്ഞുറപ്പിക്കുന്നുണ്ട്. ഇനി ആര്യന്മാര്‍ എവിടെ താമസിച്ചുവെന്ന സംശയം വേണ്ടല്ലോ. ചുരുക്കത്തില്‍ ഇന്ത്യയില്‍ മത വ്യാപാരത്തിനെത്തിയ യൂറോപ്യന്മാര്‍ തന്നെയാണ് ആര്യന്‍ കഥയുടെ സ്രഷ്ടാക്കള്‍.
മതപരിവര്‍ത്തനത്തിന് ഇറങ്ങിയ സഭകള്‍ മുഴുവന്‍ പ്രവര്‍ത്തിച്ചത് ഈ തിയറികളുടെ മുകളിലാണ്. ജാതികളൊക്കെ ഒറ്റക്ക് ഒറ്റക്ക് നല്ലതും എന്നാല്‍ ഇതിനെയെല്ലാം ഉള്‍ക്കൊള്ളുന്ന ഹിന്ദു മോശവുമെന്ന് അവര്‍ നിരന്തരം പ്രചരിപ്പിച്ചു. പള്ളി സഹായത്താല്‍ പ്രസിദ്ധീകരിക്കപ്പെട്ട നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ ഇത് വിളിച്ചു പറഞ്ഞുകൊണ്ട് ഇന്നും പുസ്തകശാലയില്‍ ഇരിക്കുകയാണ്.
നാടാര്‍ ജാതിയുടെയും പ്രൊട്ടസ്റ്റന്റ് സഭയുടെയും മഹത്വം പറയുവാനും ഒപ്പം ഹൈന്ദവ ബിംബങ്ങളെ കരിവാരി തേക്കുവാനും വേണ്ടി മാത്രമായി ഒരു പരിവര്‍ത്തിത ക്രിസ്ത്യന്‍ നാടാരാല്‍ എഴുതപ്പെട്ട ഒരു പുസ്തകമാണ് ജെ. ഡാര്‍വിന്‍ എഴുതിയ ‘നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങള്‍.’ സായിപ്പ് സൃഷ്ടിച്ച ചരിത്രത്തിന്റെ ഒരു പ്രായോഗിക ഭാഷ്യമാണ് ഈ പുസ്തകം. ആര്യന്‍ ആക്രമണം തൊട്ട് എല്ലാം സായിപ്പിന്റെ സിലബസിനനുസരിച്ചുള്ളതാണ് ഈ പുസ്തകം.
ആര്യനെക്കുറിച്ച് ഇങ്ങനെ പറയുന്നു. ആക്രമണകാരികളായി വന്ന ആര്യന്മാരും ആക്രമിക്കപ്പെട്ട പൂര്‍വ നിവാസികളും ഒന്നിച്ചു ചേര്‍ന്ന് ഒരു സമൂഹമായി ജീവിക്കുവാന്‍ തുടങ്ങിയതോടു കൂടിയിട്ടാണ് വര്‍ണ വ്യത്യാസം ആരംഭിക്കുന്നത്. ആര്യന്മാര്‍ യജമാനന്‍മാരും പൂര്‍വ നിവാസികള്‍ ദാസന്മാരും എന്ന പേരില്‍ പ്രവൃത്തി വിഭജനം ഉണ്ടായി. ദാസന്മാരെ ദസ്യൂക്കള്‍ എന്ന് വിളിച്ചുവന്നു. ആര്യന്മാര്‍ക്ക് താരതമ്യേന വെളുത്ത നിറവും ദസ്യൂക്കള്‍ക്ക് കറുത്ത നിറവുമാണ്. പില്‍ക്കാലത്ത് വര്‍ണം എന്ന പദത്തിന് എന്തെന്തു പരിണാമങ്ങള്‍ സംഭവിച്ചാലും രണ്ടു വ്യത്യസ്ത ശത്രുജനങ്ങളെ തിരിച്ചറിയാനാണ് ആ പദം ഉപയോഗിക്കപ്പെട്ടത്. താരതമ്യേന വെളുത്ത തൊലിയുള്ള വിഭാഗത്തെയും കറുത്ത തൊലിയുള്ള വിഭാഗത്തെയും അത് സൂചിപ്പിക്കുന്നു.’
ഈ ഭാരത രാഷ്ട്രത്തിലെ ജനങ്ങളെ തൊലി നിറം നോക്കി വളരെ ലളിതമായി രണ്ടു വ്യത്യസ്ത ശത്രുജനങ്ങളായി ചിത്രീകരിച്ച് തരം തിരിക്കുകയും അതില്‍ നിന്നു കൊണ്ട് ഈ രാഷ്ട്രത്തിന്റെ മഹത്തായ പൈതൃകത്തെ തകര്‍ക്കുവാന്‍ വേണ്ടി വ്യാജ ചരിത്രം ഉണ്ടാക്കുകയും ചെയ്ത മിഷണറിമാര്‍, ചരിത്ര വിദ്യാഭ്യാസമടക്കമുള്ള സകല മേഖലകളിലേക്ക് കൂടി ഇത്തരം നാടന്‍ സായിപ്പുമാരിലൂടെ ഈ വ്യാജ ചരിത്രത്തെ സന്നിവേശിപ്പിച്ചു. മിഷണറിമാരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ചരിത്ര പഠനത്തിന് ആര്യന്‍ കഥ അനിവാര്യമായി. ചരിത്ര പുസ്തകം എഴുതി വിറ്റ് ജീവിക്കുന്ന വയറ്റിപ്പിഴപ്പ് ചരിത്രകാരന്മാര്‍ ആര്യന്‍ കഥയുടെ ആരാധകരായി.ഇന്ത്യയെ നെടുകെ തകര്‍ക്കുന്ന രീതിയിലുള്ള ഒരു പാഠ്യപദ്ധതി തന്നെ അവര്‍ തയ്യാറാക്കി. ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയില്‍ ഹിന്ദുമതത്തെ തകര്‍ക്കുവാന്‍ കഴിയുമെന്നവര്‍ കണക്ക് കൂട്ടി. തിരുവിതാംകൂറിലെ റസിഡന്റായിരുന്ന കേണല്‍ മെക്കാളെ ഹിന്ദുമതത്തിന്റെ കടുത്ത ശത്രുവായിരുന്നു. മെക്കാളെ ഇംഗ്ലീഷ് വിദ്യാഭ്യാസ പ്രചരണത്തിനായി യത്‌നിച്ചത് ഈ ലക്ഷ്യത്തോടു കൂടിയായിരുന്നു. അരുണ്‍ ഷൂറിയുടെ ക്രൈസ്തവവല്‍ക്കരണം ഭാരതത്തില്‍ എന്ന പുസ്തകത്തില്‍ നിന്ന്. മെക്കാളെയുടെ മനസ്സില്‍ ഉണ്ടായിരുന്ന ഉദ്ദേശം കേവലം ബ്രിട്ടീഷ് രാജ് സ്ഥിരപ്പെടുത്തലായിരുന്നില്ല. ഭാരതീയത്വത്തെ ഹിന്ദുത്വത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നുഅദ്ദേഹത്തിന്റെ ലക്ഷ്യം. ക്രിസ്തുമതത്തിന്റെ മേല്‍ക്കോയ്മയെപ്പറ്റി അദ്ദേഹത്തിന് ഉറച്ച വിശ്വാസമായിരുന്നു. അത് ഭാരതത്തിന് പ്രദാനം ചെയ്യുവാന്‍ പോകുന്ന അനുഗ്രഹത്തെക്കുറിച്ചും വിശ്വാസമുണ്ടായിരുന്നു. നാലു വര്‍ഷത്തിന് ശേഷം ‘ഗ്ലാഡ്സ്റ്റണ്‍ ഓണ്‍ ചര്‍ച്ച് ആന്റ് സ്റ്റേറ്റ്’ എന്ന പ്രബന്ധത്തില്‍ മെക്കാളെ പ്രഖ്യാപിച്ചു. ‘ഭാരതത്തിലെ അവിശ്വാസി ലോകത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ക്രൂരവും മൃഗീയവും ദൂഷ്യഫലങ്ങളോട് കൂടിയതും നാശോന്മുഖവുമാണ്. ‘സോമനാഥത്തിന്റെ കവാടങ്ങളില്‍’എന്ന കൃതിയില്‍ മെക്കാളെ പ്രഖ്യാപിച്ചു. ‘ഭാരതീയര്‍ വിഗ്രഹാരാധകരാണ്’ ബോധമണ്ഡലത്തിന്റെ താല്‍പര്യത്തിനനുസൃതമായ തത്വശാസ്ത്രങ്ങളോടും ചടങ്ങുകളോടും അന്ധമായ വിശ്വാസം വച്ചു പുലര്‍ത്തുന്നവരാണ്. ഇതിനൊരു പരിഹാരമെന്താണ്? ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രം. നമ്മുടെ കോളേജുകളില്‍ ഭൂമിശാസ്ത്രം പഠിക്കുന്ന ഓരോ ബ്രാഹ്മണ യുവാവും ഹിന്ദു പുരാണേതിഹാസങ്ങളെ പുച്ഛിക്കുവാന്‍ തുടങ്ങുന്നു. തന്റെ പിതാവിനുള്ള കത്തില്‍ മെക്കാളെ എഴുതി. ‘നമ്മുടെ ഇംഗ്ലീഷ് വിദ്യാലയങ്ങള്‍ അത്ഭുതകരമാംവണ്ണം വളര്‍ച്ച പ്രാപിക്കുന്നു. വേണ്ടവര്‍ക്കെല്ലാം വിദ്യാഭ്യാസം കൊടുക്കുവാന്‍ ഞങ്ങള്‍ക്ക് കഷ്ടപ്പെടേണ്ടി വരുന്നു. ചിലയിടങ്ങളില്‍ അത് അസാദ്ധ്യവുമാണ്. ഹുഗ്ലി എന്ന് പേരുള്ള ഒരൊറ്റ ടൗണില്‍ തന്നെ ആയിരത്തി നാനൂറ് കുട്ടികള്‍ പഠിക്കുന്നു. വിദ്യാഭ്യാസം കൊണ്ട് ഹിന്ദുക്കള്‍ക്കുണ്ടാകുന്ന മാറ്റം ആശ്ചര്യകരമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ഒരു ഹിന്ദുവും സ്വന്തം മതത്തോട് ആത്മാര്‍ത്ഥമായ ആത്മീയ ബന്ധം വച്ചു പുലര്‍ത്തുന്നില്ല. ചിലര്‍ ഒരു നയമെന്ന നിലക്ക് മാത്രം വിശ്വാസം തുടരുന്നു. നല്ലൊരു വിഭാഗം ഈശ്വരവിശ്വാസികളായി തുടരുന്നു. ചിലരാകട്ടെ ക്രിസ്തുമതത്തില്‍ ചേരുന്നു. നമ്മുടെ വിദ്യാഭ്യാസ പദ്ധതികള്‍ വേണ്ടപോലെ പിന്തുടര്‍ന്നാല്‍ ബംഗാളില്‍ മുപ്പത് വര്‍ഷം കഴിഞ്ഞാല്‍ കുടുംബങ്ങളില്‍ ഒരൊറ്റ വിഗ്രഹാരാധകനും ഉണ്ടാകില്ലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഇത് മതപരിവര്‍ത്തന ശ്രമം അല്‍പം പോലുമില്ലാതെയുള്ള നേട്ടമാണ്.’
സുറിയാനി സഭ ഒരുഭാഗത്ത്, നാടാര്‍വിഭാഗം തൊട്ടടുത്ത്, പുലയ-പറയ-വേട്ടുവ തുടങ്ങിയവര്‍ അതിനടുത്ത്. കാണുന്നവരെയെല്ലാം കിട്ടുന്നിടത്ത് വെച്ച് മതം മാറ്റുക എന്നതായിരുന്നു പ്രൊട്ടസ്റ്റന്റ് രീതി. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേണല്‍ മണ്‍റോ ഇതിനായി നിരവധി തന്ത്രങ്ങള്‍ മെനഞ്ഞു. ഓരോ വിഭാഗങ്ങളെയും എങ്ങിനെയെങ്കിലും കയ്യിലെടുക്കുക.പിന്നാലെ അതിനുള്ളിലേക്ക് കയറിപ്പറ്റുക എന്നതായിരുന്നു രീതി.
(തുടരും)