ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊറോണാ മഹാമാരി അടുത്തകാലംവരെ നമുക്കൊരു വാര്‍ത്താവിഭവം മാത്രമായിരുന്നു. പല രാജ്യങ്ങളിലും ലക്ഷക്കണക്കിന് ആളുകള്‍ക്ക് രോഗം ബാധിക്കുകയും പതിനായിരങ്ങള്‍ മരിച്ചുവീഴുകയും ചെയ്തപ്പോഴും കേരളത്തിനകത്തു ജീവിക്കുന്ന മലയാളികള്‍ ഇതൊന്നും നമ്മെ ബാധിക്കില്ല എന്നു വിശ്വസിച്ചു. അഥവാ സായംസന്ധ്യകളില്‍ പതിവായി ചാനലുകളില്‍ മുഖം കാണിക്കാനെത്തിയ ചില ‘അവതാരങ്ങള്‍’ നമ്മളെ അങ്ങനെ വിശ്വസിപ്പിച്ചു. കേരളത്തിന്റെ ലോകോത്തര ആരോഗ്യമാതൃകയെക്കുറിച്ച് വാചാലരായവര്‍ വരാന്‍ പോകുന്ന വിപത്തിനെ മുന്‍കൂട്ടി കണ്ട് പരിഹാരം കണ്ടെത്താനുള്ള ദീര്‍ഘവീക്ഷണമില്ലാത്തവരാണെന്ന് വൈകിയാണ് ജനം തിരിച്ചറിഞ്ഞത്. ഭാരതത്തില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നുവന്ന തൃശ്ശൂരിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് രോഗം റിപ്പോര്‍ട്ടു ചെയ്തതു മുതല്‍ കേരളം കോവിഡിനൊപ്പമായിരുന്നു. നിത്യേന ആയിരങ്ങള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന ഒരു കാലത്തിലേക്കെത്താന്‍ മാസങ്ങളെടുത്തിട്ടും നമ്പര്‍ വണ്‍ കേരളത്തിന്റെ ആരോഗ്യരംഗവും എല്ലാ ‘കരുതലു’കള്‍ക്കും ‘ജാഗ്രത’കള്‍ക്കും ചുക്കാന്‍ പിടിക്കുന്ന സംസ്ഥാന സര്‍ക്കാരും യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ അന്തംവിട്ടിരിക്കുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്.
എവിടെയാണ് കേരളത്തിന് പിഴച്ചത്? രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ‘തള്ളിന്’ ആഗോള പ്രചാരം നല്‍കിയ ബി.ബി.സിക്കുപോലും കേരളത്തിലെ സ്ഥിതി ഇപ്പോള്‍ ആശങ്കാജനകമാണെന്നു റിപ്പോര്‍ട്ടു ചെയ്യേണ്ടിവന്നത് എന്തുകൊണ്ട്? ഉത്തരം ലളിതമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും പറഞ്ഞ വാക്കുകള്‍ പാലിക്കാത്ത അവസ്ഥയും. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ച ലോക്ഡൗണിന്റെ ആദ്യഘട്ടങ്ങളില്‍ കേരളം സുരക്ഷിതമായിരുന്നു എന്നത് ശരിയാണ്. ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. മെയ് 4-നാണ് വന്ദേഭാരത് ദൗത്യത്തിലൂടെയും മറ്റും വിദേശത്തുനിന്ന് മലയാളികളുടെ തിരിച്ചുവരവ് ആരംഭിച്ചത്. വന്‍തോതില്‍ സാമൂഹ്യവ്യാപനം സംഭവിച്ച രാജ്യങ്ങളിലെ മലയാളികള്‍ എത്രയും വേഗം സുരക്ഷിതമായ കേരളത്തിലെത്താന്‍ ആഗ്രഹിച്ചു എന്നത് ശരിയാണ്. അവര്‍ക്കുവേണ്ടി 2,39,642 കിടക്കകള്‍ സജ്ജീകരിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഈ പ്രഖ്യാപനം നടപ്പിലായില്ല. ക്വാറന്റൈന്‍ സൗകര്യം പരിമിതപ്പെടുത്തിയപ്പോള്‍ രോഗസാധ്യതയുള്ള വളരെയധികം ആളുകള്‍ നേരിട്ട് കുടുംബാംഗങ്ങളുടെ അടുത്തേക്ക് എത്തുകയാണ് ചെയ്തത്. നിലവില്‍ 3327 കേന്ദ്രങ്ങളിലായി 38,981 പേരാണ് ക്വാറന്റൈനിലുള്ളത്. എന്നാല്‍ വിദേശത്തു നിന്നു വന്നവരാകട്ടെ 2,56,570 പേരും.
രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും വിദേശത്തു നിന്നുവന്നവരോ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരോ ആയിരുന്നു എന്നതിനാല്‍ രോഗം അവരില്‍ ഒതുങ്ങി നില്‍ക്കുമെന്നു സര്‍ക്കാര്‍ കരുതി. എന്നാല്‍ അടുത്ത ഘട്ടത്തില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലുണ്ടായ ഭീമമായ വര്‍ദ്ധനവ് എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. പ്രത്യേകിച്ച് സര്‍ക്കാരിന്റെ മൂക്കിനു താഴെ തിരുവനന്തപുരത്തുണ്ടായ സാമൂഹ്യവ്യാപനം ആരെയും ഞെട്ടിക്കുന്നതായിരുന്നു. ഇതെഴുതുമ്പോള്‍ കേരളത്തിലെ ഏതാണ്ടെല്ലാ പ്രദേശങ്ങളിലും സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയും കോവിഡ് വന്ന നിരവധി രോഗികളുണ്ട്. ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിശോധന കുറവാണെന്നത് ഒരു പോരായ്മയാണ്. നിത്യേന അയ്യായിരം പേരുടെയെങ്കിലും പരിശോധന നടത്തണമെന്ന് വിദഗ്ദ്ധസമിതി മെയ് മാസത്തില്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും 1.23 ലക്ഷം പരിശോധന കിറ്റുകള്‍ കൈവശമുണ്ടായിട്ടും ഈ നിര്‍ദ്ദേശം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചത് കേരളത്തിലെ മിക്ക മെഡിക്കല്‍ കോളേജുകളുടെയും പ്രവര്‍ത്തനത്തെ അപകടത്തിലാക്കിയിരിക്കുകയാണ്. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഡോക്ടര്‍ മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരും രോഗത്തിന്റെ പിടിയിലാകുന്നത് ആശങ്കാജനകമായ സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത്.
കോവിഡ് പടരുന്നതിനിടെ എഞ്ചിനീയറിംഗ്, ഫാര്‍മസി (കീം) പ്രവേശനപരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച തിടുക്കം നിക്ഷിപ്ത താല്പര്യക്കാരെ സഹായിക്കാനാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദേശീയ പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ തുടങ്ങിയവ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സപ്തംബര്‍ മാസത്തിലേക്ക് മാറ്റിവെച്ചിട്ടും സംസ്ഥാനത്തെ പരീക്ഷകള്‍ യാതൊരു തയ്യാറെടുപ്പുമില്ലാതെ തിടുക്കപ്പെട്ട് നടത്തുകയായിരുന്നു. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും അതൊ ന്നും ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പരീക്ഷയെഴുതിയ ചില വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതിനകം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്തെ വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലും പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ 600 രക്ഷിതാക്കള്‍ക്കെതിരെ സാമൂഹ്യ അകലം പാലിക്കാത്തതിന് കേസെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സ്വന്തം തെറ്റുകള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാന്‍ നടത്തിയ ഈ ശ്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയുണ്ടായി.
ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആരോഗ്യകാര്യത്തില്‍ ഒരു ശുഷ്‌ക്കാന്തിയും കാണിക്കാതിരുന്ന സര്‍ക്കാര്‍ 140 എം.എല്‍.എമാര്‍ക്കുവേണ്ടി നിയമസഭയുടെ നിശ്ചയിക്കപ്പെട്ട സമ്മേളനം റദ്ദാക്കിയതിനു പിന്നില്‍ അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ഭയമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസുവരെ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തതെന്ന വസ്തുത സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. കോവിഡ് രോഗത്തിന്റെ കാര്യത്തില്‍ കേരളം നേരിടാനിരിക്കുന്നത് വലിയ സാമൂഹ്യവ്യാപനത്തിന്റെ നാളുകളാണ് എന്നു തിരിച്ചറിഞ്ഞ് കാര്യക്ഷമമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ ഒരു വിട്ടുവീഴ്ചയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല എന്നു മാത്രം പറയട്ടെ.