ഗോമതി നദി കടലില്‍ ചേരുന്നതിന് സമീപമാണ് ദ്വാരകാധീശ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വസിഷ്ഠ മഹര്‍ഷിയുടെ പുത്രിയാണ് ഗോമതി എന്നാണ് വിശ്വാസം. ഗംഗയുടെ പോഷക നദിയായ ഈ പുണ്യസരിത്ത് 940 കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് ഗുജറാത്തില്‍ കടലില്‍ ചേരുന്നത്. ക്ഷേത്രത്തിലേയ്ക്കുള്ള വഴിയോരത്ത് പുജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിരനിരയായി കാണാന്‍ കഴിയും. പശുക്കളും ഭക്തജനങ്ങളും ഇടതിങ്ങി നടന്നു നീങ്ങുന്ന ഇടുങ്ങിയ വഴികളിലൂടെ ഞങ്ങള്‍ ക്ഷേത്രത്തിലേക്ക് നടന്നു. പത്തുവര്‍ഷം മുന്നേ കണ്ട ദ്വാരകാധീശ ക്ഷേത്രത്തിന്റെ പരിസരമല്ല എന്നെ അവിടെ വരവേറ്റത്. ക്ഷേത്രം പോലും കാണാന്‍ കഴിയാതെ ഉണ്ടാക്കി വച്ചിരുന്ന കെട്ടിട സമുച്ചയങ്ങള്‍ എല്ലാം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. വൃത്തിയും വെടിപ്പും ഉള്ള ക്ഷേത്രപരിസരം മുമ്പ് കണ്ടതില്‍ നിന്നും ഏറെ മനോഹരമായി തോന്നി. ശക്തമായ സുരക്ഷാ പരിശോധനകള്‍ ഉണ്ടായിരുന്നതിനാല്‍ ക്യാമറ അടക്കമുള്ള എല്ലാ വസ്തുക്കളും കൗണ്ടറില്‍ സൂക്ഷിക്കേണ്ടി വന്നു.
സൂര്യന്‍ തലയ്ക്കുമുകളില്‍ കത്തിനില്‍ക്കുന്ന നട്ടു ഉച്ചയിലാണ് ഞങ്ങള്‍ ദര്‍ശനത്തിനുള്ള ക്യൂവില്‍ പ്രവേശിച്ചത്. മധ്യാഹ്ന പൂജകള്‍ക്കായി അരമണിക്കൂറിനുള്ളില്‍ നട അടയ്ക്കും എന്ന അറിയിപ്പ് ഇതിനിടയില്‍ കിട്ടി. മധ്യാഹ്ന പൂജ കഴിഞ്ഞ് അല്പസമയം കൂടി ദര്‍ശനം ഉണ്ടാവും. ഒരു മണിക്ക് നട അടച്ചാല്‍ പിന്നീട് വൈകീട്ട് അഞ്ച് മണിക്കേ നട തുറക്കൂ. ദ്വാരകാധീശന്റെ ദര്‍ശനം ലഭിക്കാതെ പോകുമോ എന്ന ആശങ്ക ഉണ്ടാകാതിരുന്നില്ല. ഭാഗ്യമെന്നു പറയട്ടെ ഭക്തജനങ്ങളുടെ വരി അതിവേഗം നീങ്ങിതുടങ്ങി. കൃത്യം 12.30ന് ശ്രീലകത്തിന് മുന്നില്‍ ഞങ്ങള്‍ എത്തിപ്പെട്ടു. ദ്വാരകാധീശനായ ഭഗവാന്‍ കൃഷ്ണന്റെ ഒന്നര അടിയില്‍ കൂടുതല്‍ ഉയരമില്ലാത്ത കൃഷ്ണശിലാ നിര്‍മ്മിതമായ മനോഹര വിഗ്രഹം ഞങ്ങള്‍ കണ്‍നിറയെ കോരിക്കുടിച്ചു. വെള്ളികൊണ്ട് നിര്‍മ്മിച്ച അലങ്കാര മന്ദിരത്തിനുള്ളിലാണ് വിഗ്രഹം പ്രതിഷ്ഠ കൊണ്ടിരുന്നത്. വിഷ്ണുവിന്റെ ത്രിവിക്രമ ഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠാ സങ്കല്‍പം. ചതുര്‍ബാഹുവായ വിഷ്ണുവിഗ്രഹത്തിന്റെ സമീപത്തു തന്നെ ബലരാമ പ്രതിഷ്ഠയുണ്ട്. വലിയ ബഹളങ്ങള്‍ ഇല്ലാതെ ശാന്തമായ ദര്‍ശനം ലഭിച്ച ഞങ്ങള്‍ ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കാന്‍ ആരംഭിച്ചു. മനോഹരമായ കൊത്തുപണികള്‍ ചെയ്ത സാന്റ് സ്റ്റോണുകള്‍ ഉപയോഗിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിറം കൊണ്ട് കറുപ്പാണെങ്കിലും ദക്ഷിണഭാരതത്തിലെ ക്ഷേത്രനിര്‍മ്മിതിക്ക് ഉപയോഗിക്കുന്ന കൃഷ്ണ ശിലയുടെ ഉറപ്പ് ഇതിന് ഉണ്ടെന്ന് തോന്നുന്നില്ല. എഴുപത്തിരണ്ട് തൂണുകളില്‍ 5 നിലകളിലായി മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ദ്വാരകാധീശ മന്ദിര്‍ പിരമിഡുകളുടെ വാസ്തു സമ്പ്രദായത്തെ അനുസ്മരിപ്പിക്കുന്നു. ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് രേഖപ്പെടുത്തിയത് അനുസരിച്ച് 2200 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ പൗത്രനായ വജ്രനാഭനാണത്രേ ആദ്യം ക്ഷേത്രം ഉണ്ടാക്കിയത്. ജഗത് മന്ദിര്‍ എന്നും ഹരിഗൃഹം എന്നും ഒക്കെ അറിയപ്പെടുന്ന ദ്വാരകാധീശ മന്ദിരം വാസ്തു നിര്‍മ്മിതിയിലെ ഒരത്ഭുതമായി തോന്നി. ഉത്തരഭാരതത്തിലെ മിക്ക ക്ഷേത്രങ്ങളും മുസ്ലീം അക്രമികള്‍ തകര്‍ത്ത് നിലംപരിശാക്കികളഞ്ഞിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ ദ്വാരകാധീശ മന്ദിരം അതിന്റെ പഴമയും പ്രൗഢിയും വിളിച്ചോതി കാലത്തെ ജയിച്ച് തലയെടുപ്പോടു കൂടി ഇന്നും നിലകൊള്ളുന്നു. 15-16 നൂറ്റാണ്ടുകളില്‍ ക്ഷേത്രസമുച്ചയത്തില്‍ വിപുലീകരണം ഉണ്ടായിയെന്നാണ് രേഖകള്‍ പറയുന്നത്. എ.ഡി. 1472ല്‍ ക്ഷേത്രം ആക്രമിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തു എങ്കിലും രാജ ജഗത് സിംഗ് റാത്തോര്‍ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു. കിഴക്കോട്ടു ദര്‍ശനമായുള്ള ഇപ്പോഴത്തെ ക്ഷേത്രം 16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നാണ് അനുമാനിക്കുന്നത്. ക്ഷേത്ര വാസ്തു ശൈലി പരിശോധിക്കുമ്പോള്‍ ചാലൂക്യ നിര്‍മ്മിതിയെയാണ് പിന്‍പറ്റുന്നത് എന്ന് കാണാന്‍ കഴിയും.
വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിന്റെ കാലത്താവണം ഈ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം നടന്നതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ ചിട്ടപ്പെടുത്തിയത് വല്ലഭാചാര്യനാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ദ്വാരകാധീശ മന്ദിറിന് പ്രധാനമായി രണ്ട് പ്രവേശന കവാടങ്ങളാണ് ഉള്ളത്. വടക്കു ഭാഗത്തുള്ളതിനെ മോക്ഷദ്വാരമെന്നും തെക്ക് ഭാഗത്ത് ഉള്ളതിനെ സ്വര്‍ഗ്ഗദ്വാരം എന്നും വിളിക്കുന്നു. തെക്ക് ഭാഗത്തുള്ള കവാടം ഗോമതീ നദീതീരത്തേയ്ക്കാണ് തുറക്കുന്നത്. രാവിലെ 6 മണിക്ക് നടതുറന്നാല്‍ ഉച്ചക്ക് ഒരു മണിവരെയും വൈകീട്ട് 5 മണിക്ക് നടതുറന്നാല്‍ രാത്രി 9 മണി വരെയും ആണ് ഇവിടെ ദര്‍ശന സമയം. ക്ഷേത്ര അനുഷ്ഠാനങ്ങളില്‍ മറ്റെങ്ങുമില്ലാത്ത ഒരു സവിശേഷത ക്ഷേത്ര ശ്രീകോവിലിന്റെ മട്ടുപ്പാവില്‍ പാറികളിക്കുന്ന പടുകൂറ്റന്‍ കൊടിക്കൂറയാണ്. 15 മീറ്റര്‍ നീളമുള്ള, സൂര്യചന്ദ്രന്‍മാരെ ആലേഖനം ചെയ്ത ഈ കൊടിക്കൂറ ദിവസം 5 തവണ മാറുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ അനുഷ്ഠാനം. കൊടിക്കൂറ ഭക്തജനങ്ങള്‍ വഴിപാടായിട്ടാണ് നല്‍കുന്നത്. കൊടിക്കൂറ സമര്‍പ്പിക്കുവാനുള്ള വഴിപാട് വര്‍ഷങ്ങളോളം ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ശബരിമലയിലെ പടിപൂജ പോലെയോ കാടാമ്പുഴയിലെ പൂമൂടല്‍ പോലെയോ ഭക്തന് ഏറെ കാത്തിരുന്നാല്‍ മാത്രം ലഭിക്കുന്ന ഒരു വഴിപാടാണ് ദ്വാരകാധീശ മന്ദിറിലെ കൊടിമാറ്റം.

ശ്രീകൃഷ്ണ ഭക്തയായ മീരാഭായ് തന്റെ രാജകീയ സുഖഭോഗങ്ങള്‍ പരിത്യജിച്ച് മഥുരയിലും വൃന്ദാവനത്തിലും ഒക്കെ ഏറെക്കാലം കൃഷ്ണനാമം ജപിച്ച് കഴിഞ്ഞതായി അറിയാം. എന്നാല്‍ മീര ജീവിതാവസാനം ചെലവഴിച്ചത് ദ്വാരകയിലായിരുന്നുവത്രേ. കൃഷ്ണ സ്തുതികളുമായി ദ്വാരകാധീശ മന്ദിരത്തില്‍ കഴിഞ്ഞ മീരാഭായ് ഒടുക്കം ഇവിടെയുള്ള കൃഷ്ണവിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നു എന്നതാണ് ഭക്തജനങ്ങളുടെ വിശ്വാസം. ദ്വാരകാധീശ മന്ദിരത്തിന്റെ ദക്ഷിണ കവാടം ഗോമതി നദീതീരത്തേക്ക് തുറക്കുന്നു എന്നു പറഞ്ഞല്ലോ. ഇത് സ്വര്‍ഗ്ഗ ദ്വാരമെന്നാണ് ഭക്തജനവിശ്വാസം. ഗോമതീ നദീദര്‍ശനത്തിനും കടലോര കാഴ്ചകള്‍ക്കുമായി ഞങ്ങള്‍ സ്വര്‍ഗ്ഗദ്വാരം കടന്ന് പുറത്തേയ്ക്കിറങ്ങി. ഗോമതി നദിക്ക് പുതിയതായി നിര്‍മ്മിച്ച ഒരു തൂക്കുപാലം ഉണ്ട്. ഇത് കടല്‍ക്കരയിലേക്ക് എത്താനുള്ള എളുപ്പ വഴിയാണ്. തൂക്കുപാലത്തില്‍ നിന്ന് നോക്കുമ്പോള്‍ ആകാശം തൊട്ടുനില്‍ക്കുന്ന ദ്വാരകാധീശ മന്ദിരത്തിന്റെ കാഴ്ച അതിമനോഹരമാണ്. സ്ഫടികസമാനമായ ഗോമതീ നദിയിലെ ജലം പടിഞ്ഞാറന്‍ കടലിലേയ്ക്ക് ഒഴുകി ചേരുന്ന ഈ സംഗമഭൂമി ഒരു പുണ്യ തീര്‍ത്ഥമായതില്‍ അത്ഭുതത്തിന് അവകാശമില്ല. വിശാലമായ കടല്‍ക്കര മരുഭൂമിപോലെ പരന്നു കിടന്നിരുന്നു. ഒട്ടകപ്പുറത്തേറി ഈ കടല്‍ തീരത്ത് ഭക്തജനങ്ങള്‍ സവാരി ചെയ്യുന്നുണ്ടായിരുന്നു. ഒട്ടകപ്പുറം ഏറിയുള്ള സഞ്ചാരത്തിനായി ഞങ്ങളെ പ്രലോഭിപ്പിച്ചുകൊണ്ട് ചിലര്‍ പിന്നാലെ കൂടി. എനിക്ക് ഒട്ടകയാത്രയില്‍ തീരെ കൗതുകം തോന്നിയില്ല. മരുഭൂമിയില്‍ ഒട്ടകയാത്ര നടത്തിയ അനുഭവം മുന്നേ ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ അവരുടെ പ്രലോഭനങ്ങളില്‍ വീണില്ല. എന്നാല്‍ എന്റെ കൂടെ ഉണ്ടായിരുന്ന അഭിലാഷിനും നീലഗിരി ഉണ്ണിക്കും ഒട്ടകയാത്ര കൗതുകമായി തോന്നി. അവര്‍ ഒട്ടകപ്പുറത്തേറി യാത്ര തുടങ്ങിയപ്പോള്‍ ഞാന്‍ ക്യാമറയുമായി ഗോമതീ നദീതീരത്തേക്ക് പോയി. അവിടെ ഉയര്‍ന്ന കല്‍കെട്ടുകളില്‍ നിന്ന് ദ്വാരകാധീശ മന്ദിരത്തിന്റെ നിരവധി ചിത്രങ്ങള്‍ പകര്‍ത്താന്‍ എനിക്കു കഴിഞ്ഞു.
ഒട്ടകയാത്ര കഴിഞ്ഞ് എന്റെ സുഹൃത്തുക്കള്‍ മടങ്ങിയെത്തിയതോടെ എന്തെങ്കിലും ആഹാരം കഴിക്കുന്നതിനെ കുറിച്ചായി ഞങ്ങളുടെ ചിന്ത. അടുത്തുതന്നെ കണ്ട ഒരു ചെറിയ ഹോട്ടലില്‍ കയറി ഞങ്ങള്‍ ഉത്തരേന്ത്യന്‍ ഉച്ചഭക്ഷണം കഴിച്ചു. മുറിയില്‍ മടങ്ങി എത്തുമ്പോള്‍ രണ്ടു മണി ആയിരുന്നു. ഇനിയും നിരവധി കാഴ്ചകള്‍ ബാക്കിയാണ്. ലോഡ്ജിന്റെ മാനേജര്‍ ഏര്‍പ്പെടുത്തിത്തന്ന കാറില്‍ ബാക്കി കാഴ്ചകള്‍ കാണാന്‍ വേണ്ടി ഞങ്ങള്‍ യാത്ര തിരിച്ചു. രാത്രി വണ്ടിക്ക് ഞങ്ങള്‍ക്ക് സോമനാഥിലേയ്ക്ക് പോകേണ്ടതാണ്. അതുകൊണ്ട് ബാഗുകള്‍ എടുത്ത് വണ്ടിയില്‍ വച്ചാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. 1200 രൂപ നല്‍കിയാല്‍ ഇനിയുള്ള എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ച് 7 മണിയോടെ വേരാവല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാമെന്നതാണ് വണ്ടിക്കാരനുമായുള്ള ധാരണ.
ആത്മ മോക്ഷത്തിന്റെ കവാടം എന്ന് അര്‍ത്ഥം വരുന്ന ദ്വാരക ഭഗവാന്‍ ശ്രീകൃഷ്ണന്റെ മോക്ഷ സ്ഥലികൂടിയാണ്. കൃഷ്ണനുമായി ബന്ധപ്പെട്ട നിരവധി തീര്‍ത്ഥ സ്ഥലങ്ങള്‍ ദ്വാരകയിലും പരിസര പ്രദേശങ്ങളിലുമുണ്ട്. അതിലൊന്നാണ് ‘ബേട്ടുദ്വാരക.’ ബേട്ടു ദ്വാരകയിലായിരുന്നു ശ്രീകൃഷ്ണന്റെ രാജധാനി ഉണ്ടായിരുന്നത്. അതു ഞങ്ങള്‍ ഏറ്റവും ഒടുവില്‍ കാണാം എന്നു തീരുമാനിച്ചു.

ദ്വാരകയ്ക്ക് അടുത്ത് ഏതാണ്ട് 12 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ നാഗേശ്വര്‍നാഥ് ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്നു. ശിവപുരാണത്തില്‍ പരാമര്‍ശിക്കുന്ന ദാരുകവനത്തില്‍ ആയിരുന്നുവത്രേ നാഗേശ്വര്‍ നാഥ് ജ്യോതിര്‍ലിംഗം സ്ഥിതിചെയ്യുന്നത്. ശിവഭക്തനായിരുന്ന സുപ്രിയനെ ദാരുകന്‍ എന്ന നീചന്‍ ആക്രമിച്ചപ്പോള്‍ ഭക്ത വത്സലനായ ശിവന്‍ പ്രത്യക്ഷപ്പെട്ട് ദാരുകനെ നിഗ്രഹിച്ചു. ദാരുകന്‍ താമസിച്ചിരുന്ന വനത്തില്‍ വച്ചായിരുന്നു ഈ ഇതിവൃത്തം അരങ്ങേറിയത്. വിന്ധ്യപര്‍വ്വതത്തിന്റെ പ്രാന്തപ്രദേശത്തില്‍ സ്ഥിതിചെയ്യുന്ന ദാരുക വനത്തിലാണ് ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ നാഗേശ്വര്‍ നാഥ് ജ്യോതിര്‍ലിംഗം കൂടികൊള്ളുന്നത്. ശൈവഭക്തരെ സംബന്ധിച്ച് ഭാരതഭൂമിയില്‍ 12 ഇടങ്ങളിലായി സ്വയംഭൂവായി കുടികൊള്ളുന്ന ശിവലിംഗങ്ങളെയാണ് ദ്വാദശ ജ്യോതിര്‍ലിംഗങ്ങള്‍ എന്നു പറയുന്നത്. ഉത്തരാഖണ്ഡില്‍ അല്‍മോറിയിലുള്ള ശിവലിംഗവും നാഗേശ്വര്‍ നാഥ് ജ്യോതിര്‍ലിംഗം എന്നാണ് അറിയപ്പെടുന്നത്. ഇവിടെയുള്ള ക്ഷേത്രം അത്ര പഴക്കം തോന്നിക്കുന്ന ഒന്നല്ല. ഒരു പക്ഷേ പുരാതന ക്ഷേത്രം കാലാന്തരത്തില്‍ നശിച്ചപ്പോള്‍ പുതിയത് നിര്‍മ്മിച്ചത് ആവാനേ തരമുള്ളൂ. നാഗേശ്വര്‍ നാഥില്‍ ഞാനെത്തുന്നത് രണ്ടാം തവണയാണ്. ദാരുകാവനത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് എന്ന് പറയുമെങ്കിലും ഇപ്പോള്‍ ഇവിടെ വനം ഒന്നും കാണാന്‍ കഴിയില്ല. വിശാലമായ ഒരു സമതലത്തിലാണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്ത് വീതിയേറിയ ഒരു കുളം കാണാന്‍ കഴിയും.

ദര്‍ശനത്തിനായി വരിനില്‍ക്കുമ്പോള്‍ തന്നെ ശ്രീകോവിലില്‍ നടക്കുന്ന പൂജകള്‍ ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍.ഇ.ഡി സ്‌ക്രീനുകളിലൂടെ നമുക്ക് കാണാന്‍ കഴിയും. ചുവന്ന കല്ലുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയിരിക്കുന്ന ക്ഷേത്രത്തിന് എടുത്തു പറയത്തക്ക ശില്പചാതുര്യം ഒന്നും ഉണ്ടെന്ന് പറയാന്‍ കഴിയില്ല. ക്ഷേത്രമതിലിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ധ്യാനശിവന്റെ പടുകൂറ്റന്‍ കോണ്‍ക്രീറ്റ് ശില്പമാണ് എടുത്തുപറയാവുന്ന ഒരു കാഴ്ച. അഞ്ചുനില കെട്ടിടത്തിന്റെ എങ്കിലും ഉയരമുള്ള ഈ ശിവവിഗ്രഹത്തിനു മേലെയും പരിസരങ്ങളിലും ആയിരക്കണക്കിന് പ്രാവുകള്‍ പറന്നു കളിക്കുന്നത് ഏറെ കൗതുകമുള്ള ഒരു കാഴ്ചയാണ്. ഭക്തജനങ്ങള്‍ വഴിപാടുപോലെ ഇവിടെ പക്ഷികള്‍ക്ക് ധാന്യങ്ങള്‍ വാങ്ങിനല്‍കുന്നു. ബേട്ടുദ്വാരക കാണാനായി ഞങ്ങള്‍ മടങ്ങുന്ന വഴിയാണ് മറ്റൊരു തീര്‍ത്ഥ സ്ഥാനത്തെ കുറിച്ച് ഡ്രൈവര്‍ പറഞ്ഞത്. പ്ലസ്ടു വരെ മാത്രം വിദ്യാഭ്യാസമുള്ള യുവരാജ് എന്ന ഡ്രൈവര്‍ ഇതിനകം ഞങ്ങളോട് ഏറെ ഇണങ്ങി കഴിഞ്ഞിരുന്നു. അയാളുടെ നിര്‍ദ്ദേശം അനുസരിച്ച് ‘ഗോപികാ തലാബ്’ എന്ന തീര്‍ത്ഥ സ്ഥാനം കാണുവാനായി ഞങ്ങള്‍ പുറപ്പെട്ടു. തലാബ് എന്നാല്‍ തടാകം എന്നാണ് അര്‍ത്ഥം. കൃഷ്ണന്‍ ഗോപികമാരോടൊത്ത് കുളിച്ചു എന്നു വിശ്വസിക്കുന്ന തടാകമാണ് ‘ഗോപികാ തലാബ്.’ ഇതിന്റെ കരയില്‍ ഒന്ന് രണ്ട് ചെറിയ ക്ഷേത്രങ്ങള്‍ ഉണ്ട്. കേരളത്തിലെ ചില മാടന്‍നട പോലെയുള്ള കൊച്ചു ക്ഷേത്രങ്ങള്‍.


ഓരോ തീര്‍ത്ഥ സങ്കേതങ്ങളും ആ പ്രദേശത്തെ നിരവധി ആള്‍ക്കാരുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണ്. ഗോപികാ തലാബിന്റെ കരയില്‍ ഗോപീ ചന്ദനം വില്‍ക്കുന്ന പാവപ്പെട്ട കുറേ ഗ്രാമീണരെ കണ്ടു. കുളക്കരയില്‍ നിന്നും ശേഖരിക്കുന്ന ചെളിക്കട്ടകളാണ് ഗോപീചന്ദനം എന്ന പേരില്‍ വില്‍ക്കപ്പെടുന്നത്. ഭഗവാന്റെ പാദസ്പര്‍ശമേറ്റ ആ ചെളിമണ്ണ് ഭക്തജനങ്ങളെ സംബന്ധിച്ച് ഗോപീ ചന്ദനമായി മാറുന്നു. തടാകക്കരയില്‍ ഗോപീ ചന്ദനം വില്‍ക്കുന്ന ഒരു സാധു ഗ്രാമീണന്റെ ചിത്രം ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. അദ്ദേഹത്തിന് അത് വലിയ അംഗീകാരമായി തോന്നി എന്ന് മുഖഭാവം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി. 20 രൂപ ഒരു സന്തോഷത്തിനായി ഞാന്‍ വച്ചു നീട്ടിയപ്പോള്‍ അയാള്‍ ഒരു കൂടു നിറയെ ഗോപീ ചന്ദനം ഞങ്ങള്‍ക്ക് തന്നു. ഒരു കഷ്ണം മാത്രം എടുത്ത് ബാക്കി മടക്കി നല്‍കുമ്പോള്‍ ആ സാധുവിന് അത് വിശ്വസിക്കാനായില്ല. നിറഞ്ഞ ചിരിയോടെ ഞങ്ങള്‍ മടങ്ങുന്നതും നോക്കി അയാള്‍ തടാക കരയില്‍ നില്‍ക്കുന്നുണ്ടായിരുന്നു.
(തുടരും)