1663ല്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ കൊച്ചിയില്‍ വെച്ചുണ്ടായ യുദ്ധത്തില്‍ പരാജയപ്പെടുത്തുന്നതോട് കൂടിയാണ് പ്രോട്ടസ്റ്റന്റ് സഭ ഔദ്യോഗികമായി ഇന്ത്യയിലെത്തുന്നത്. കാരണം ഡച്ച് ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസ രാജ്യമായിരുന്നു. പതിനാറാം നൂറ്റാണ്ട് മുതല്‍ മറ്റൊരു പ്രൊട്ടസ്റ്റന്റ് രാജ്യമായ ബ്രിട്ടനും ഇന്ത്യയില്‍ വരുവാന്‍ തുടങ്ങിയിരുന്നു. 1609ല്‍ പുലിക്കാടും 1647 ല്‍ മദ്രാസിലും 1660 ല്‍ നാഗപട്ടണത്തും ഡച്ച് കോട്ടകള്‍ ഉയര്‍ന്നു. 1622 ല്‍ മസ്സിലിപട്ടണത്തും 1639 ല്‍ മദ്രാസിലും 1683ല്‍ ഗൂഡല്ലൂരിലും ഇംഗ്ലീഷ് കോട്ടകള്‍ ഉയര്‍ന്നു. വിദേശത്തേക്ക് കയറ്റുമതി ചെയ്യേണ്ട സാധനങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ട സാധനങ്ങളും സംഭരിക്കുവാനും സൂക്ഷിക്കുവാനുമുള്ള വലിയ സംഭരണ കേന്ദ്രങ്ങളായി തുടങ്ങുകയും പിന്നീട് ഇവരുടെ പട്ടാളക്കാരുടെ കൂടി ക്യാമ്പുകളായി മാറുകയും ചെയ്ത സംഭരണ കേന്ദ്രങ്ങളായിരുന്നു കോട്ടകളില്‍ പലതും. പായ് കപ്പല്‍ ഗതാഗത മാര്‍ഗ്ഗമുള്ള തീരങ്ങളിലായിരുന്നു കോട്ടകളില്‍ ഭൂരിഭാഗവും.
പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ വന്ന് ഇവിടെയുള്ള സകലമാന ആളുകളെയും മതം മാറ്റി റോമന്‍ കത്തോലിക്കരാക്കിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത അക്കാലത്ത് യൂറോപ്പിലാകെ പ്രചരിച്ചിരുന്നു. കൂടാതെ കൊള്ളയടിച്ചാല്‍ ഇഷ്ടം പോലെ പണവും. എങ്കില്‍ തങ്ങള്‍ക്കും എന്തുകൊണ്ടതായിക്കൂടാ എന്നൊരു ധാരണ മറ്റുള്ളവരിലും ഉണ്ടായി. യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്കുള്ള പ്രധാന ഒഴുക്കിന് കാരണം ഇതായിരുന്നു. ഡച്ചിലെ രാജാവായിരുന്ന ഫെഡറിക് നാലാമന്‍ ഇത്തരത്തില്‍ ചിന്തിച്ച രാജാവായിരുന്നു. ഇന്ത്യയിലെത്തി പ്രൊട്ടസ്റ്റന്റ് പ്രചരണം നടത്താന്‍ പറ്റിയ ആളുകളെ രാജാവ് അന്വേഷിക്കുവാന്‍ തുടങ്ങി. പ്രൊട്ടസ്റ്റന്റ് സഭയുടെ ജന്മസ്ഥലമായ ജര്‍മനിയില്‍ നിന്ന് തന്നെ 2 പേരെ ഡച്ച് രാജാവിന് കിട്ടി. ബര്‍ത്തലോമിയോ ഡി ഗാര്‍ബാഗ്, ഹെന്‍ട്രിപ്ലുട്ടാര്‍ക്ക് എന്നിവരായിരുന്നു അവര്‍. 1706 ല്‍ അവര്‍ തമിഴ്‌നാട്ടിലെ തരംഗമ്പാടിയിലെത്തി മത പ്രചരണ കേന്ദ്രം ആരംഭിച്ചു.
ഡച്ച് രാജാവിന്റെ സമ്പൂര്‍ണ സാമ്പത്തിക പിന്തുണയോടെയാണ് മതപരിവര്‍ത്തന കേന്ദ്രം സ്ഥാപിച്ചതെങ്കിലും ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് മതം മാറിയത്.തമിഴരുമായി ആശയവിനിമയം നടത്താനുള്ള ഭാഷാപരമായ ബുദ്ധിമുട്ടുകൊണ്ടാണ് ആളുകള്‍ മതം മാറാത്തതെന്ന് കരുതി ഇവര്‍ തമിഴ് പഠനം തുടങ്ങുകയും തമിഴില്‍ പ്രൊട്ടസ്റ്റന്റ് ബൈബിള്‍ അച്ചടിക്കുകയും ചെയ്തു. മതം മാറ്റാന്‍ പോകുന്ന രാജ്യങ്ങളിലെ ഭാഷ പഠിക്കുന്ന ഒരു സമ്പ്രദായം മിഷണറിമാര്‍ക്ക് ഇടയിലുണ്ട്. ഭാഷാ പഠനം തുടങ്ങിട്ടും സഭാപ്രവര്‍ത്തനം മുന്നോട്ട് നിങ്ങിയില്ല. 1712ല്‍ ഡച്ച് രാജാവിന്റെ ആഗ്രഹപ്രകാരം കൂടുതല്‍ ജര്‍മന്‍ മിഷണറിമാര്‍ തമിഴ്‌നാട്ടിലെത്തി. എങ്ങിനെയും ഇന്ത്യയെ പ്രൊട്ടസ്റ്റന്റ് രാജ്യമാക്കി തന്റെ സ്വാധീനം ഇവിടേക്കും വ്യാപിപ്പിക്കണമെന്ന ഡച്ച് രാജാവ് ഫെഡറിക് നാലാമന്റെ ആഗ്രഹമായിരുന്നു ഇതിന് പിന്നില്‍. ഇദ്ദേഹം തന്റെ രാജ്യത്ത് ഇന്ത്യയിലെ മിഷണറി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ വേണ്ടി ഒരു സംഘം മിഷന്‍ ബോര്‍ഡ് എന്ന പേരില്‍ രൂപീകരിക്കുകയും പ്രതിവര്‍ഷം 2000 ഡോളര്‍ ഇവിടേക്ക് ചിലവ് കാശ് പ്രഖ്യാപിക്കുകയും ചെയ്തു. പണവും സൗകര്യങ്ങളും ആയതോടെ മിഷന്‍ പ്രവര്‍ത്തനം ഊര്‍ജിതമാകുവാന്‍ തുടങ്ങി. പണം വാങ്ങി മതം മാറി പഠിച്ചവരും അവരുടെ പിന്‍തലമുറകളും ഡച്ചുകാരന്റെ പണത്തിന് പിന്നാലെയും പോകുവാന്‍ തുടങ്ങി. തരംഗമ്പാടിയിലും പരിസര പ്രദേശങ്ങളിലുമായി ഉണ്ടായിരുന്ന റോമന്‍ കത്തോലിക്കരില്‍ കുറെ പേര്‍ പ്രൊട്ടസ്റ്റന്റ് സഭയില്‍ ചേര്‍ന്നു. തരംഗമ്പാടി കേന്ദ്രീകരിച്ച് പ്രൊട്ടസ്റ്റന്റ് സഭ തമിഴ്‌നാട്ടില്‍ വളരുവാന്‍ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ട് വരെ ഡച്ചുകാരുടെ സഹായത്തോടെ പ്രവര്‍ത്തിച്ച ഈ സഭ പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ബ്രിട്ടീഷ് കമ്പനിയുടെ നിയന്ത്രണത്തിലായി. ഇവിടം മുതലാണ് ഗൃഹപാഠത്തോടെയുള്ള പ്രൊട്ടസ്റ്റന്റ് മതപരിവര്‍ത്തനം തുടങ്ങുന്നത്.
1792 ല്‍ ബാപ്റ്റിസ്റ്റ് മിഷണറി സൊസൈറ്റിയും 1795 ല്‍ ലണ്ടന്‍ മിഷണറി സൊസൈറ്റിയും 1799 ല്‍ ചര്‍ച്ച് മിഷണറി സൊസൈറ്റിയും 1813 ല്‍ വെസ്‌റേറണ്‍ മെത്തഡിസ്റ്റ് സൊസൈറ്റിയും മതപരിവര്‍ത്തനം എന്ന ഏക ലക്ഷ്യവുമായി ഇന്ത്യയിലെത്തി-ഇംഗ്ലണ്ടും അമേരിക്കയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സഭകളെല്ലാം തന്നെ വന്‍ സമ്പത്തുള്ളവയായിരുന്നു. ഈ സമ്പത്തും കൂടാതെ ബ്രിട്ടീഷുകാര്‍ ഈ രാജ്യത്ത് കൊള്ളയടിച്ചുണ്ടാക്കുന്ന പണവുമെല്ലാം മതപരിവര്‍ത്തന മേഖലകളിലേക്ക് പതഞ്ഞൊഴുകി. തിരുവിതാംകൂര്‍ കേന്ദ്രീകരിച്ച് റിംഗിള്‍ ടോബി, ജെ.സി. കോള്‍ഹോഫ്,ചാള്‍സ് മീഡിയന്‍ എന്നീ മിഷണറിമാരുടെ നേതൃത്വത്തില്‍ തുടങ്ങിയ മതപരിവര്‍ത്തനത്തിന്റെ പ്രധാന ഇരകള്‍ ഒരു ഭാഗത്തെ നാടാന്മാരായിരുന്നു.
മതം മാറ്റാന്‍ വേണ്ടി നിരവധി സഭകള്‍ അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നെങ്കിലും തങ്ങളുടെ മേഖലകളില്‍ മറ്റു സഭക്കാരെ പ്രൊട്ടസ്റ്റന്റുകാര്‍ അനുവദിച്ചില്ല. മാത്രമല്ല ഒത്തുകിട്ടിയാല്‍ മറ്റു സഭക്കാരെ വിഴുങ്ങുവാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു. ഇത് എല്ലാ സഭകളുടെയും രീതിയാണ്. ബ്രിട്ടീഷ് കമ്പനിയുടെ തണലില്‍ ഇന്ത്യ മുഴുവനും ഒരേസമയം പ്രവര്‍ത്തിക്കുവാനും പ്രൊട്ടസ്റ്റന്റുകള്‍ക്ക് അവസരം കിട്ടി. ഇങ്ങനെയൊരു സാമൂഹ്യ പശ്ചാത്തലത്തിലായിരുന്നു തിരുവിതാംകൂറിന്റെ പതിനെട്ടാം നൂറ്റാണ്ടിലെ ഉദയാസ്തമനങ്ങളെല്ലാം.
ഭരിക്കുവാനെന്ന പേരില്‍ ഇവിടെ വന്ന കേണല്‍ മെക്കാളെയുംകേണല്‍ മണ്‍ട്രോയും മാര്‍തോമ നസ്രാണികളെ ചാക്കിലാക്കി പ്രൊട്ടസ്റ്റന്റ് പാളയത്തിലെത്തിക്കാനുള്ള വിവിധ വലകളാണ് വിരിച്ചത്. ഇപ്പോഴത്തെ മലങ്കര നസ്രാണിയുടെയും സുറിയാനിക്കാരന്റെയുമെല്ലാം 17,18,19, നൂറ്റാണ്ടുകളിലെ ചരിത്രം മുഴുവന്‍ പ്രൊട്ടസ്റ്റന്റുകാരന്റെ കെണിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ അവര്‍ നിരന്തരമായി നടത്തിയ ത്യാഗങ്ങളാണ്. ഇന്ത്യയിലെ സുറിയാനി സഭാ ചരിത്രം എന്ന പുസ്തകത്തില്‍ നിന്ന്: ‘തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് റസിഡന്റ് കേണല്‍ മെക്കാളെ ആയിരുന്നു. മലബാറിലെ സഭയും അന്ത്യോഖ്യായിലെ സിംഹാസനവുമായുള്ള ബന്ധം വിചേ്ഛദിക്കുവാന്‍ (ഈ അന്ത്യോഖ്യബന്ധമാണ് സുറിയാനിക്കാരന്റെ വിശ്വാസത്തിന്നടിസ്ഥാനം) അയാള്‍ (കേണല്‍ മെക്കാളെ) ആലോചിച്ചു കൊണ്ടിരുന്നു. തന്റെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭ മലബാര്‍ സഭയെ നിയന്ത്രിക്കുന്നതിനുള്ള കരുക്കളെ ഒരുക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യമെന്നത് വ്യക്തം. സഭക്കുള്ളില്‍ ഒരു പിളര്‍പ്പ് സൃഷ്ടിച്ച് കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുകയെന്നതായിരുന്നു അയാളുടെ ലക്ഷ്യം. മെക്കാളെക്ക് പിന്‍ഗാമിയായി വന്ന കേണല്‍ ജോണ്‍ മണ്‍റോ തന്റെ മുന്‍ഗാമിയെക്കാള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. നവീകരണ (പ്രൊട്ടസ്റ്റന്റ്) മിഷണറിമാരെ സഭക്കള്ളില്‍ (സുറിയാനി സഭാ)പ്രവര്‍ത്തനം നടത്തി അവരുടെ നിഷിദ്ധ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുവാന്‍ അയാള്‍ അനുവദിച്ചു നാം പിന്നീട് കാണുംപോലെ സുറിയാനി സഭയില്‍ അനേകം വിപത്തുകള്‍ വിതക്കുന്നതിന് ഇത് കാരണഭൂതമായി തീര്‍ന്നു.’
ചുരുക്കത്തില്‍ ക്രൈസ്തവ സഭകള്‍ തമ്മില്‍ പരസ്പരം വിഴുങ്ങി വലുതാകുവാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഹിന്ദു സമൂഹത്തിന്റെ പിന്നാലെയും വലിയൊരു സംഘമുണ്ടായിരുന്നു.
പത്രപ്രവര്‍ത്തകനായ അരുണ്‍ ഷൂറി തന്റെ ‘ക്രൈസ്തവവല്‍ക്കരണം ഭാരതത്തില്‍’ എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു: ‘ഓരോ രാജ്യത്തിന്റെയും സാമൂഹിക സംസ്‌കാരത്തിന്റെ സംയോജന ബിന്ദു ആ രാജ്യത്തിലെ മതങ്ങളാണ്.ഈ മതങ്ങളെ ഇകഴ്ത്തുകയോ തകര്‍ക്കുകയോ ചെയ്‌തെങ്കില്‍ മാത്രമേ സാംസ്‌കാരിക ആധിപത്യവും രാഷ്ട്രീയാധിപത്യവും ഒരു ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാകു. ഇതിന് തങ്ങളുടെ മതവും ദേവനും ആ ദേശത്തെ മതങ്ങളെക്കാളും ദേവന്മാരെക്കാളും ശ്രേഷ്ഠമാണെന്ന് സ്ഥാപിക്കേണ്ടിയിരിക്കുന്നു. തദ്ദേശീയ മതങ്ങളെയും അവയിലെ ദൈവ പ്രതിഷ്ഠകളെയും തകര്‍ത്ത് തങ്ങളുടെ മതത്തെയും ദൈവത്തേയും പ്രതിഷ്ഠിക്കേണ്ടിയിരിക്കുന്നു. ബൈബിള്‍ പഴയ നിയമത്തില്‍ ഇത്തരം തകര്‍ക്കലുകള്‍ക്കായുള്ള ആഹ്വാനം കേള്‍ക്കാം. നിങ്ങള്‍ പുറംതള്ളാന്‍ പോകുന്ന ജനതകള്‍ അവരുടെ ദേവന്മാരെ സേവിച്ചിരുന്ന എല്ലാ സ്ഥലങ്ങളും ഉന്നത പര്‍വതങ്ങളും മലകളും എല്ലാ പച്ചമരങ്ങളും തീര്‍ച്ചയായും നശിപ്പിക്കണം. അവരുടെ ബലിപീഠങ്ങള്‍ നിങ്ങള്‍ തകര്‍ക്കണം. സ്തംഭങ്ങള്‍ ഇടിച്ചുനിരത്തണം. അവരുടെ പ്രതിഷ്ഠ തീയില്‍ ചുട്ടുകളയണം. അവരുടെ ദേവന്മാരുടെ കൊത്തുരുപങ്ങള്‍ വെട്ടിവീഴ്ത്തണം. അവരുടെ പേരുകള്‍ ആ സ്ഥലത്തു നിന്ന് നിര്‍മാര്‍ജനം ചെയ്യണം.’
അരുണ്‍ ഷൂരി തുടരുന്നു: അധീശ സംസ്‌കാരം ആദ്യം കടപുഴക്കുന്നത് അധീനരുടെ മതത്തെയും സംസ്‌കാരത്തെയുമാണ്. ഇതിനായി അവര്‍ അധീന ജനങ്ങളുടെ സംസ്‌കാരത്തെക്കുറിച്ചും മതത്തെക്കുറിച്ചും പഠിക്കുകയും വേരുകള്‍ മുറിക്കുകയും ചെയ്യുന്നു. ആ സമൂഹത്തില്‍ കാലം അടിച്ചേല്‍പ്പിച്ച വ്യവസ്ഥിതിയുടെ വികലത ചൂണ്ടിക്കാട്ടിയും പെരുപ്പിച്ചും സാംസ്‌കാരികാക്രമണം ആരംഭിക്കുന്നു. ഇന്ത്യയിലെത്തിയ പാശ്ചാത്യ മിഷനറിമാരും എഴുത്തുകാരും ഭാരതത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ മനുഷ്യത്വമില്ലായ്മയെ പെരുപ്പിച്ചുകാണിച്ചു. ഇന്നും ജാതി വ്യവസ്ഥയുടെ ക്രൂരതകള്‍ പെരുപ്പിച്ചുകാണിക്കാന്‍ വിദേശീയര്‍ തല്‍പ്പരരാണ്. എന്നാല്‍ പാശ്ചാത്യ സമൂഹത്തില്‍ ഭാരതത്തിലെ ജാതി വ്യവസ്ഥയെപ്പോലെ തന്നെ ക്രൂരമായ ഒരു കാര്‍ഷിക വ്യവസ്ഥ – മനോറിയല്‍ സിസ്റ്റം – നിലനിന്നിരുന്നു എന്ന വസ്തുത അവര്‍ മറച്ചു പിടിച്ചു. ജാതി വ്യവസ്ഥയുടെ ക്രൂരതകള്‍ പെരുപ്പിച്ചുകാണിച്ചുകൊണ്ട് തങ്ങളുടെ സംസ്‌കാരത്തിന്റെ ഔന്നത്യം സ്ഥാപിച്ചെടുക്കുവാന്‍ പരിശ്രമിച്ച വെള്ളക്കാരുടെ മറ്റൊരു വിഭാഗമാണ് ആഫ്രിക്കയിലെ നീഗ്രോയെ പിടിച്ച് അമേരിക്കയില്‍ അടിമയാക്കിയതെന്ന് ഓര്‍ക്കുക. സാംസ്‌കാരിക രംഗത്ത് അധീശ ജനതയുടെ സംസ്‌കാരത്തെ പുകഴ്ത്തുകയും അധീന ജനതയുടെ സംസ്‌കാരത്തെ ഇകഴ്ത്തുകയും ചെയ്തു കൊണ്ടുള്ള രാഷ്ട്രീയവും മതപരവുമായ ഒരു ആക്രമണമാണ് പാശ്ചാത്യ കൊളോണിയല്‍ ആധിപത്യം ലോകമെമ്പാടും നടത്തിയത്.
(തുടരും)