‘എല്ലാരും പാടത്ത് സ്വര്‍ണ്ണം വിതച്ചു. ഏനെന്റെ പാടത്തു സ്വപ്‌നം വിതച്ചു. സ്വര്‍ണ്ണം വിളഞ്ഞത് നൂറു മേനി സ്വപ്‌നം വിളഞ്ഞതും നൂറുമേനി’! സ്വപ്‌ന കൂടെയുണ്ടെങ്കില്‍ സ്വര്‍ണ്ണക്കൃഷിക്കിറങ്ങിയാല്‍ നൂറല്ല, ആയിരം മേനി വിളവെടുക്കാം എന്നു കരുതിയവര്‍ ഇന്ന് കടിച്ചതും പിടിച്ചതുമില്ലാത്ത അവസ്ഥയിലായി. കമ്മ്യൂണിസ്റ്റു കള്ളക്കടത്തുകാരും ‘മതേതര’തീവ്രവാദികളും സ്വപ്‌നം കണ്ട സ്വര്‍ണ്ണസാമ്രാജ്യം പൊളിച്ചടുക്കുവാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ.) എടുക്കുന്ന ഒരോ കാല്‍വെപ്പുകളും കേരളം ആവേശപൂര്‍വ്വം പിന്തുടരുകയാണ്. ഇസ്ലാമിക തീവ്രവാദികളോടു കൂട്ടു ചേര്‍ന്ന് കള്ളക്കടത്തില്‍ പങ്കാളികളാകുന്നതിനും പങ്കുപറ്റുന്നതിനും ഉതകും വിധം ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യവസ്ഥയില്‍ കടന്നുകയറി തരപ്പെടുത്തിയ വിജയന്റെ മുഖ്യമന്ത്രി പദത്തിന്റെ പത്രാസ്സും ഓഫീസ്സും ഇനി എത്രകാലം എന്നേ അറിയാനുള്ളൂ.
ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുമെന്ന പ്രത്യയശാസ്ത്രപരമായ കമ്മ്യൂണിസ്റ്റു വിശദീകരണം കേട്ട് ചിരിക്കാനുള്ള അവസരവും പ്രതീക്ഷിക്കാം. ഹിന്ദുവിനെ ഇല്ലാത്ത പല്ലും ഉള്ള നഖവും ഉപയോഗിച്ചാണെങ്കിലും എതിര്‍ക്കണമെന്നും ഇസ്ലാമികരാഷ്ട്രീയം ഉയര്‍ത്തുന്ന പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളോട് ചേര്‍ന്നുനിന്നു പൊരുതണമെന്നും ഉദ്‌ബോധിപ്പിക്കുന്ന വാഗ്‌ധോരണി മുഴക്കിയ ഇളയ ഇടത്തു നിന്നോ മൂത്ത ഇടത്തു നിന്നോ തന്നെ അതൊക്കെ കേള്‍ക്കാനാകും മലയാളികളുടെ യോഗം! അതൊക്കെ പ്രതീക്ഷിക്കുമ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റു കള്ളക്കടത്തും ‘മതേതര’ തീവ്രവാദവും തമ്മിലുള്ള ഇഴയടുപ്പം ജനാധിപത്യ പൊതു സമൂഹം ചര്‍ച്ച ചെയ്തു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
ഒരുപക്ഷേ ചരിത്രപരമായ യാദൃച്ഛികയതാകാം! 1960 കളിലാണ് കമ്മ്യൂണിസം ഭാരതത്തിന്റെ രാജ്യസുരക്ഷയേയും കള്ളക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയേയും തകര്‍ക്കുന്ന സാന്നിദ്ധ്യമായി അപകട അടയാളങ്ങള്‍ പ്രകടമാക്കിത്തുടങ്ങിയത്. 1962ലെ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്വ ഫാസിസ്റ്റു ചൈനയുടെ കടന്നാക്രമണത്തിന് ഭാരതത്തിനുള്ളില്‍ നിന്നുള്ള ഒളിസേവ ചെയ്താണ് നാടന്‍ സഖാക്കള്‍ നാശം വിതയ്ക്കാനുള്ള സാമര്‍ത്ഥ്യം പ്രകടമാക്കിയത്. ചൈനച്ചാരന്മാരെ കല്‍തുറുങ്കിലടച്ച് അവരുടെ തോഴനായിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു തന്നെ രാജ്യവിരുദ്ധരുടെ പ്രഹരശേഷി ഇല്ലാതാക്കിത്തുടങ്ങുകയും ചെയ്തു. പിന്നീടാണ് പൊതുജനം അവരെ തിരിച്ചറിഞ്ഞ് ഭാരതീയ ജനാധിപത്യ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്നു പുറത്താക്കിയത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ചൈനാപക്ഷ നിലപാടുകളെയും രാഷ്ട്രവിരുദ്ധ നടപടികളെയും കേവലം മാധ്യമ-ബൗദ്ധിക മേഖലകളുടെ മൂലകളിലെ അലോരസ സാന്നിദ്ധ്യം മാത്രമായി ചവിട്ടിഒതുക്കപ്പെട്ടതും ചരിത്രം. നെഹ്രുവിന്റെ ചങ്ങാതികള്‍ ചതിയന്മാരായിരുന്നു എന്നതിന് ചരിത്രം വേറെയും അനുഭവങ്ങള്‍ പങ്കുവെക്കുന്നു. 1920കളില്‍ തുടങ്ങി തോഴനായിരുന്ന ഷേക്ക് അബ്ദുള്ളയുടെ തനിനിറം തിരിച്ചറിഞ്ഞപ്പോള്‍ 1950കളില്‍ തടവിലാക്കി രാജ്യം രക്ഷിക്കേണ്ട അവസ്ഥ നെഹ്രുവിനുണ്ടായി. രാജ്യ താത്പര്യത്തിന് എതിരുനില്‍ക്കുന്നവരോട് ചങ്ങാത്തം കൂടുക, പിന്നീട് അവരെ പിടിച്ച് കാരാഗൃഹത്തിലിട്ട് രാജ്യം രക്ഷിക്കേണ്ട ഗതിയുണ്ടാകുക! ആ ചങ്ങാത്തത്തിന്റെ പ്രഹരമേല്‍ക്കാനുമുള്ള ബാദ്ധ്യതയും പരിഹരിക്കാനുള്ള ചുമതലയും വരുംതലമുറകുള്‍ക്ക് ബാക്കിവെക്കുക! അതുമൊരു നെഹ്രുവിയന്‍ രീതിയായിരുന്നു!
1962ലെ കമ്മ്യൂണിസ്റ്റ് ചൈനയുടെ കടന്നാക്രമണം തന്നെയാണ് പിന്നീട് സ്വര്‍ണ്ണകള്ളക്കടത്തിന് വഴി ഒരുക്കിയ നയസമീപനത്തിലേക്ക് അന്നത്തെ ഭാരത സര്‍ക്കാരിനെ നയിച്ചത്. യുദ്ധം വിദേശനാണ്യ കരുതല്‍ ശേഖരത്തെയും ബാധിച്ചപ്പോള്‍ തിരുത്തല്‍ നടപടിയായിട്ടാണ് സ്വര്‍ണ്ണ നിയന്ത്രണ നിയമം (Gold Control Act 1962) കൊണ്ടുവരുവാനും പ്രാവര്‍ത്തികമാക്കുവാനും നെഹ്രു സര്‍ക്കാര്‍ തയ്യാറായത്. സ്വര്‍ണ്ണം ഇറക്കുമതിക്കുവേണ്ടി ഉപയോഗിക്കേണ്ടിവരുന്ന വിദേശനാണ്യം പരിമിതപ്പെടുത്തി രാജ്യത്തിന്റെ വിദേശനാണയശേഖരം മെച്ചപ്പെടുത്താനും ഇന്ത്യന്‍ രൂപയുടെ മൂല്യം അന്താരാഷ്ട്ര വിപണിയില്‍ താഴോട്ടു പോകുന്നത് ഒഴിവാക്കി ആശാവഹമായ തലത്തില്‍ പിടിച്ചുനിര്‍ത്തുവാനുമുള്ള ഇടപെടലുകളുമാണ് തുടര്‍ന്നുണ്ടായത്. ബാങ്കുകളിലെ സ്വര്‍ണ്ണവായ്പ പിന്‍വലിക്കപ്പെട്ടു. സ്വര്‍ണ്ണത്തിന്റെ അവധിവ്യാപാരം നിരോധിച്ചു. 1965ല്‍ അനധികൃത സമ്പാദ്യങ്ങള്‍ക്ക് നികുതി മാപ്പ് നല്‍കിക്കൊണ്ടുള്ള സ്വര്‍ണ്ണ ബോണ്ടിറക്കി. അതൊന്നും നിശ്ചയിച്ച ലക്ഷ്യങ്ങളുടെ അടുത്തു പോലും എത്താതിരുന്നപ്പോള്‍ സ്വര്‍ണ്ണ നിയന്ത്രണ നിയമം 1968 (Gold Control Act 1968) എന്ന നിയമം ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാര്‍ കൊണ്ടുവന്നു. അതോടെ വ്യക്തികള്‍ ആഭരണങ്ങളായിട്ടല്ലാതെ സ്വര്‍ണ്ണ ബാറോ നാണയമോ സൂക്ഷിക്കുന്നതിനു വിലക്കു വീണു. സ്വര്‍ണ്ണവ്യാപാരികള്‍ക്ക് സൂക്ഷിക്കാവുന്ന അളവ് രണ്ടു കിലോ ആയി നിയന്ത്രിക്കപ്പെട്ടു. അങ്ങനെ 1962ലും 1968ലുമായി ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും സര്‍ക്കാരുകള്‍ സ്വര്‍ണ്ണ ഇറക്കുമതി കുറയ്ക്കുകയും വിദേശനാണയശേഖരം പുഷ്ടിപ്പെടുത്തുകയും ഇന്ത്യന്‍ രൂപയുടെ മൂല്യഭദ്രത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുള്ള ശക്തമായ നിയമനിര്‍മ്മാണങ്ങള്‍ പരീക്ഷിച്ചു നോക്കി. പക്ഷേ അതൊക്ക പരമ്പരാഗതമായുണ്ടായിരുന്ന തുറന്ന സ്വര്‍ണ്ണവിപണിയുടെ നടുവൊടിച്ചു എന്നല്ലാതെ പ്രഖ്യാപിക്കപ്പെട്ട ലക്ഷ്യത്തിലേക്ക് വിപണിയെ നയിച്ചില്ല. മറുഭാഗത്ത് നിയന്ത്രണങ്ങളെയും നിയമങ്ങളെയും അവഗണിച്ചുകൊണ്ട് കള്ളക്കടത്തിലൂടെ സ്വര്‍ണ്ണം കൊണ്ടുവന്ന് കരിഞ്ചന്തയില്‍ വിറ്റുകാശാക്കുന്ന അപകടകരമായ വഴിവിട്ട പോക്കിനാണ് ഭാരതം 1980കളുടെ അവസാനം വരെ സാക്ഷ്യംവഹിച്ചത്. 1990 ആയതോടെ സ്വര്‍ണ്ണ നിയന്ത്രണം പിന്‍വലിച്ച് വിപണിയെ സുതാര്യമാക്കുവാനുള്ള നടപടികള്‍ അനിവാര്യതയുടെ തലത്തിലെത്തി. ആ സാഹചര്യത്തിലാണ് വിശ്വനാഥ പ്രതാപ് സിംഗ് സര്‍ക്കാര്‍ സ്വര്‍ണ നിയന്ത്രണ നിയമം (Gold Control Act 1968) കാലഹരണപ്പെടുത്തിക്കൊണ്ട് 1990 ജൂണ്‍ 2ന് നിയമനിര്‍മ്മാണം നടത്തുകയും പത്തുഗ്രാം സ്വര്‍ണ്ണത്തിന് 250 രൂപ ഡ്യൂട്ടി അടച്ചുകൊണ്ട് സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചുകൊണ്ട് വിപണിയെ സ്വതന്ത്രമാക്കുകയും ചെയ്തത്.
1947ല്‍ ജവഹര്‍ലാല്‍ നെഹ്രുവിലാരംഭിച്ച് രാജീവ് ഗാന്ധിയെയും കടന്ന് 1990കളുടെ ആദ്യം നരസിഹ റാവുവിലെത്തിയപ്പോള്‍ വളര്‍ച്ച മുരടിച്ച, പ്രതിരോധ മേഖല പോലും ബൊഫോഴ്‌സ് അടക്കമുള്ള അഴിമതികള്‍ കൊണ്ട് തകര്‍ന്ന, വിദേശ നാണ്യശേഖരവും സര്‍ക്കാരിന്റെ സ്വര്‍ണ്ണശേഖരവും അപകടനിലയില്‍ വരെ താഴുകയും ചെയ്ത തലത്തിലേക്ക് ഭാരതം എത്തിച്ചേര്‍ന്നു. അതിനിടെ ഏതാനും മാസങ്ങളില്‍ പ്രധാനമന്ത്രിയായിരുന്ന വി.പി സിംഗ് നേരത്തെ സൂചിപ്പിച്ചതു പോലെ സ്വര്‍ണ്ണ വിപണി സ്വതന്ത്രമാക്കി തിരുത്തല്‍ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. പക്ഷേ 1947-1990 കാലഘട്ടം വരുത്തിവെച്ച ഗുരുതര വീഴ്ചകളുടെ ഫലമായി ഉടലെടുത്ത മേടിച്ചാല്‍ കൊടുക്കാന്‍ വിദേശനാണയം ഇല്ലാത്ത അവസ്ഥയുടെ ഭാരം ചുമക്കേണ്ടി വന്നത് തൊട്ടടുത്ത ചില മാസങ്ങളില്‍ മാത്രം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ചന്ദ്രശേഖറിനായിരുന്നു. ഭാരത സര്‍ക്കാരിന്റെ കരുതല്‍ ശേഖരത്തില്‍നിന്ന് നാല്‍പതു ടണ്‍ സ്വര്‍ണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണയം വെക്കേണ്ടിവന്നു! അങ്ങനെയൊരു സാഹചര്യത്തിലാണ് തുടര്‍ന്ന് അധികാരത്തിലെത്തിയ നരസിംഹറാവു സര്‍ക്കാര്‍ ഭാരതീയ സമ്പദ് വ്യവസ്ഥയില്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ആഗോളവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും കാലഘട്ടത്തില്‍ ലോകവിപണിയില്‍ ഭാരതത്തിനും ഇടംപിടിക്കാനുതകുന്ന സകാരാത്മക ഇടപെടലുകളാണ് അന്ന് തുടങ്ങിവെച്ചത്. കുറ്റമറ്റ വഴികളല്ല എല്ലാ തലത്തിലും സ്വീകരിച്ചതെന്നു പറയുമ്പോളും ആ നടപടികള്‍ വരുത്തിയ ഗുണപരമായ മാറ്റങ്ങള്‍ അവഗണിക്കാനാവില്ല. 1991ല്‍ വട്ടപൂജ്യത്തിനടുത്തെത്തിയ പ്രതിവര്‍ഷ സ്വര്‍ണ്ണ ഇറക്കുമതി 1992 ല്‍ 110 ടണ്ണായി വര്‍ദ്ധിച്ചതും ഇന്ന് 800 ടണ്ണും കടക്കുന്ന വളര്‍ച്ചയിലേക്ക് എത്തിയിരിക്കുന്നതും നേട്ടങ്ങളുടെ പട്ടികയില്‍ എടുത്തു പറയേണ്ടതാണ്.
പക്ഷേ നരസിംഹ റാവു സര്‍ക്കാര്‍ തുടക്കം കുറിച്ച പരിഷ്‌കാരങ്ങള്‍ക്ക് സമ്പദ്‌വ്യവസ്ഥയില്‍ വിള്ളല്‍ വരുത്തുന്ന ചില പാര്‍ശ്വ ഫലങ്ങളും ഉണ്ടായി. സാമ്പത്തിക വികസനത്തിനുവേണ്ടി വിപണിയുടെ ശക്തിയും ചലനാത്മകതയും വര്‍ദ്ധിപ്പിക്കുക ലക്ഷ്യം വെച്ചുള്ള ഭരണകൂട ഉദ്യമങ്ങളുടെ തണലില്‍ രാഷ്ട്രീയ അധികാരം കയ്യാളുന്നവരും സാമ്പത്തിക മേഖലയിലെ കൗശലമുള്ള ശക്തികളും തമ്മില്‍ സൗഹൃദ മുതലാളിത്തം (ക്രോണി ക്യാപ്പിറ്റലിസം) വളരെ വേഗം വളര്‍ന്നു വലുതായി. സമ്പദ് മേഖലയിലെ ഘടനാപരമായ മാറ്റങ്ങള്‍ക്കുള്‍പ്പടെയുള്ള രാഷ്ട്രീയ ഭരണകൂട ഇടപെടലുകളിലും ആ ബന്ധത്തിന്റെ കരിനിഴല്‍ ഏറെ വ്യാപ്തിയില്‍ പ്രകടമായി. അതിന്റെ തണലില്‍ നികുതി വെട്ടിപ്പ്, കള്ളക്കടത്ത്, കരിഞ്ചന്ത, കള്ളനോട്ട്, വ്യാജനിര്‍മ്മിതി എല്ലാം അടങ്ങുന്ന കറുത്തലോകം ഭാരതത്തിന്റെ സമ്പദ് ഘടനയെ വെല്ലുവിളിക്കുവാനും അടിത്തറ ഇളക്കുവാനും കെല്‍പ്പുള്ള തലത്തിലേക്ക് വളര്‍ന്നു.
കള്ളക്കടത്തും വ്യാജ വസ്തുക്കളുടെ വിപണനവും ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയുടെ മേല്‍ ഏല്‍പിക്കുന്ന ആഘാതം 2017-18ല്‍ 1.17 ലക്ഷം കോടി വരുമെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ((Federation of Indian Chambers of Commerce and Industry: Invisible Enemy: Impact of Smuggling on Indian Economy and Employment) കണക്കാക്കിയിട്ടുള്ളത്. അതേ കാലഘട്ടത്തില്‍ 16 ലക്ഷം തൊഴില്‍ സാദ്ധ്യതകളാണ് അക്കാരണത്താല്‍ ഇല്ലാതായതെന്നും ആ പഠനം കണക്കാക്കിയിരിക്കുന്നു. അതില്‍ വിശേഷ വിശകലനത്തിന് വിധേയമാകേണ്ടതാണ് സ്വതന്ത്ര വിപണിയിലേക്ക് കടക്കുന്നതിനു മുമ്പുള്ള മൂന്നു ദശകങ്ങളിലൂടെ (1960-1990) വളര്‍ച്ച പ്രാപിച്ച സ്വര്‍ണ്ണ കള്ളക്കടത്ത് സ്വതന്ത്രവിപണിയിലേക്ക് കടന്ന് മൂന്നു ദശകങ്ങള്‍ (1990-2020) കഴിയാറായീട്ടും കൂടുതല്‍ ശക്തമായി തുടരുന്നൂയെന്നുള്ളത്.
ആ വിഷയം ചര്‍ച്ച ചെയ്തു തുടങ്ങുമ്പോള്‍ തന്നെ പ്രകൃതിദത്തമായ സ്വര്‍ണ്ണശേഖരം കാര്യമായ തോതില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഭാരതത്തിലേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതിയുടെ തോതു കൂടുന്നതിനു കാരണം ചരിത്രപരമായി ജനങ്ങള്‍ക്ക് സ്വര്‍ണ്ണത്തോടുള്ള പ്രിയം തന്നെയാണെന്നത് കണക്കിലെടുക്കണം. അങ്ങനെ പ്രിയം തോന്നുന്നതിനുള്ള പല കാരണങ്ങളില്‍ പ്രധാനം ഭാവിയില്‍ രോഗം മൂലമോ അപകടങ്ങള്‍ മൂലമോ മറ്റോ ഉണ്ടാകാനിടയുള്ള സാമ്പത്തിക വെല്ലുവിളികള്‍ക്കുള്ള ഏറ്റവും ഫലപ്രദമായ കരുതല്‍ മൂലധനം എന്ന നിലയിലാണ്. ഭരണമോ സര്‍ക്കാരോ മാറുന്നതുള്‍പ്പടെയുള്ള സാഹചര്യങ്ങളില്‍ കറന്‍സിയുടെ മൂല്യങ്ങള്‍ ഇല്ലാതാകാം. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ വിപണിമൂല്യം കാലത്തെയും അതിജീവിക്കുമെന്നുള്ളതുകൊണ്ടാകാം വ്യക്തികളും കുടുംബങ്ങളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും യഥാശക്തി സ്വര്‍ണ്ണം കരുതല്‍ ധനമായി ശേഖരിച്ചുവെക്കാന്‍ തയ്യാറായത്. ആങ്ങനെയുള്ള സ്വര്‍ണ്ണശേഖരങ്ങളാകാം വിദേശാക്രമകാരികള്‍ക്ക് കടന്നുകയറുവാന്‍ പ്രേരണയായത്. മറു ഭാഗത്ത്, വെട്ടിപ്പിടിച്ചിട്ടും തട്ടിക്കൊണ്ടു പോയിട്ടും ബാക്കി വന്ന് അവശേഷിച്ചതിന്റെ ബലത്തിലാകാം ഭാരതം കാലകാലങ്ങളില്‍ ഉയര്‍ത്തെഴുനേറ്റതും. അങ്ങനെയുള്ള സ്വര്‍ണത്തിന്റെ കരുതല്‍ മൂല്യം പ്രത്യക്ഷമായും പരോക്ഷമായും തലമുറകള്‍ കൈമാറിയതിന്റെ ബാക്കിപത്രമാകാം ഇന്നും സ്വര്‍ണ്ണത്തോടുള്ള പ്രിയം ഭാരതീയനില്‍ മാറ്റു കുറയാതെ നില്‍ക്കുന്നത്. അടുത്ത കാലത്ത് സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംരംഭകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ തരപ്പെടുത്താന്‍ ഭരണകൂടം നടത്തിയ ഇടപെടലുകളുടെ ഭാഗമായി നിക്ഷേപങ്ങളുടെ പലിശനിരക്ക് പണപ്പെരുപ്പത്തിനെ പോലും മറികടക്കാത്ത അവസ്ഥയിലേക്ക് താഴ്ന്നതും സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതിനു പ്രേരണയായിട്ടുമുണ്ടാകാം. എന്തായാലും ഇന്നത്തെ ഭാരത വിപണിയില്‍ പ്രതിവര്‍ഷം 1000 ടണ്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യം എന്ന തോതിലേക്കാണ് ഉയര്‍ന്നു നില്‍ക്കുന്നത്. അതിലൊട്ട് ചിന്തയുണ്ടാകേണ്ട കാര്യവുമില്ല. പക്ഷേ വ്യവസ്ഥാപിത വഴിയേയുള്ള വാര്‍ഷിക സ്വര്‍ണ്ണ ഇറക്കുമതി ഭാരതത്തില്‍ 800നും 900നും ഇടയ്‌ക്കേയുള്ളൂവെന്നും 200 ടണ്ണോളം സ്വര്‍ണ്ണം കള്ളക്കടത്തായിട്ടാണ് എത്തിച്ചേരുന്നൂയെന്ന അവസ്ഥയാണ് ഗൗരവതരമായ സമസ്യയായി മാറുന്നത്.
കള്ളക്കടത്തിന്റെ രാഷ്ട്രീയകൂട്ടുകെട്ട്
കസ്റ്റംസ് വിഭാഗത്തിന്റെ ഔദ്യോഗിക സൂചന പ്രകാരം 2018-19ല്‍ 401 കിലോയും 2019-20ല്‍ 550 കിലോയുമാണ് കസ്റ്റംസും ഡി.ആര്‍.ഐയും (Directorate of Revenue Intelligence) ചേര്‍ന്ന് കേരളത്തില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണം. അത് പഠിക്കാന്‍ ശ്രമിക്കുമ്പോളാണ് ഇനി പറയുന്ന കാരണങ്ങള്‍ പ്രകടമാക്കുന്നത്: 1) ഇസ്ലാമിക തീവ്രവാദികള്‍ കള്ളക്കടത്തിലേക്ക് കടന്നപ്പോള്‍ കൂട്ടുപിടിച്ച കേരളത്തിലെ കള്ളക്കടത്തു സംഘങ്ങളില്‍ അവരോട് ആശയപരമായ യോജിപ്പുള്ളവരുടെ സംഖ്യാബാഹുല്യം. 2) വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പിന്നൊന്നും ഭയപ്പെടേണ്ടാത്ത വിധം സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കുന്ന അന്തരീക്ഷം. മാറിമാറി സംസ്ഥാന ഭരണം നിര്‍വ്വഹിക്കുന്ന കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ട് മുന്നണിക്കും കോണ്‍ഗ്രസ്സ് മുസ്ലീം ലീഗ് കൂട്ട്‌കെട്ടു മുന്നണിയ്ക്കും കള്ളക്കടത്തിലേര്‍പ്പെടുന്നവരോടുള്ള സാഹോദര്യം. എന്നും സംസ്ഥാന സര്‍ക്കാര്‍ സഹായം ഉറപ്പ്! ആ സഹായത്തിന്റെ തണലില്‍ കേരളത്തില്‍ എത്തിക്കഴിയുന്ന സ്വര്‍ണ്ണം വില്‍ക്കാനും വിതരണം ചെയ്യാനും പണമാക്കി മാറ്റുവാനൂമുള്ള സ്വതന്ത്ര സാഹചര്യം 3) ഗള്‍ഫില്‍ നിന്ന് കള്ളക്കടത്തു സ്വര്‍ണ്ണം ഇവിടെയെത്തിക്കാന്‍ കരിയര്‍മാരാകാനും കേരളത്തിലെത്തിയാല്‍ വിതരണത്തിനും വേണ്ട ചങ്ങലയില്‍ കണ്ണികളാകാനും തയ്യാറുള്ളവരുടെ വലിയ തോതിലുള്ള സംഖ്യ. അവരിലും വളര്‍ത്തിയെടുത്തിട്ടുള്ള ആശയ പരമായ പ്രതിബദ്ധത. 4) കമ്മ്യൂണിസ്റ്റ് പക്ഷവും ഇസ്ലാമിക വര്‍ഗ്ഗീയതയും കൃസ്ത്യന്‍ മതപരിവര്‍ത്തന ലോബിയും ഒരു പോലെ പ്രബലമായ മറ്റൊരു സംസ്ഥാനവുമില്ല. അതുകൊണ്ട് ആ മൂന്നു കൂട്ടര്‍ക്കുവേണ്ടിയും സേവനം ചെയ്യുന്ന കള്ളക്കടത്ത് സംഘത്തിന് വിവിധ മേഖലകളില്‍ സഹായം ഉറപ്പാണ്.
സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം കണക്കാക്കുന്ന രീതിയിലുണ്ടായ മാറ്റം മൂലവും നികുതി നിരക്കിലെ വര്‍ദ്ധനവുമാണ് കള്ളക്കടത്തിന്റെ തോതുകൂട്ടിയതെന്നതാണ് ചിലയിടങ്ങളിഅല്‍ നിന്ന് ഉണ്ടാകാറുള്ള ഒരു നിരീക്ഷണം. 2013ല്‍ നിലനിന്നിരുന്ന ഗ്രാമിന് ഇത്രയെന്ന രീതിയില്‍ Specific duty (ഉദാഹരണം: വിലയെന്തായാലും 10 ഗ്രാമിന് 250രൂപ) എന്നതു മാറ്റി സ്വര്‍ണ്ണ വിലയുടെ ഇത്ര ശതമാനം എന്ന advaloremരീതിയിലേക്ക് മാറ്റിയതും 2020-21 ഇറക്കുമതി ചുങ്കം പന്ത്രണ്ടര ശതമാനമായതുമാണ് കള്ളക്കടത്തുവര്‍ദ്ധനയുടെ കാരണം എന്നുമൊക്കെ പറയുന്നതില്‍ ശരിയില്ലായെന്നു പറയാന്‍ കഴിയില്ല. അതുപോലെ ഡ്യൂട്ടി നിരക്കു വര്‍ദ്ധനയോടെ ഒരു കിലോ സ്വര്‍ണ്ണം കള്ളക്കടത്തിലൂടെ കൊണ്ടുവന്നാല്‍ അഞ്ചുലക്ഷം രൂപ നേട്ടമുണ്ടാകുമെന്ന സാഹചര്യം കള്ളക്കടത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചൂവെന്ന് പറയുന്നതിലും ഒരളവ് വരെ ശരിയുണ്ടെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതോടൊപ്പംതന്നെ പൊതുവേ കസ്റ്റംസ് ഡ്യൂട്ടി നിരക്കുകള്‍ കണക്കിലെടുത്താല്‍ മറ്റ് ഉത്പന്നങ്ങളെയുമായി താരതമ്യം ചെയ്താല്‍ മറ്റ് ഉത്പന്നങ്ങളുടെ മേല്‍ നല്‍കേണ്ടി വരുന്നത് സ്വര്‍ണ്ണത്തിന്റെ നിരക്കിനേക്കാള്‍ വളരെയധികമാണെന്നും കാണാം. അതുകൊണ്ട് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം ഇനിയും കുറയ്ക്കാന്‍ പറയുന്നിടത്ത് സാമൂഹിക നീതിയുടെ നിഷേധം ഉയര്‍ന്നു വരാം. മറ്റൊന്ന് സ്വര്‍ണ്ണത്തേക്കാള്‍ പലമടങ്ങ് ഇറക്കുമതി ചുങ്കനിരക്കുള്ള വസ്തുക്കളുടെയും കള്ളക്കടത്തു നടക്കാറുണ്ടെങ്കിലും മൂല്യം കണക്കാക്കിയാല്‍ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ അടുത്തെങ്ങും വരുന്നില്ല. ആ സാഹചര്യത്തിലാണ് വിപണി സ്വാഭാവകിമായി ഇടവരുത്തുന്ന സാദ്ധ്യതകള്‍ക്കപ്പുറം കള്ളക്കടത്തിന്റെ തോതു വര്‍ദ്ധിക്കുന്നതിന്റെ മറ്റു കാരണങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ടി വരുന്നത്. അവയില്‍ പ്രധാനമായത്: 1) ദേശവിരുദ്ധ വിധ്വംസക പ്രവൃത്തികള്‍ക്ക് ധനം എത്തിക്കുവാനുള്ള ഏറ്റവും പറ്റിയ മാര്‍ഗം 2) നികുതി വെട്ടിച്ചോ മോഷണത്തിലൂടെയോ ചതിയിലൂടെയോ കുറ്റകൃത്യങ്ങളിലൂടെയോ കൈക്കൂലി വാങ്ങിയോ ഒക്കെ കുന്നു കൂടുന്ന കള്ളപ്പണമുള്ള വ്യക്തികള്‍ക്ക് അത് വിദേശത്ത് എത്തിച്ചശേഷം സ്വര്‍ണ്ണമായി തിരിച്ചെത്തിച്ചാല്‍ പൂഴ്ത്തി വെക്കുന്നതിനുള്ള സൗകര്യം കൂടുന്നു. 3) രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും അവയെ നിയന്ത്രിക്കുന്ന വിദേശത്തുള്ള ശക്തികളില്‍ നിന്ന് പണം സ്വീകരിക്കുന്നതിന് വളരെ രഹസ്യാത്മകമായ രീതി. ആ വിഷയങ്ങളിലേക്ക് ചര്‍ച്ച മാറിയാല്‍ 2013നു ശേഷം സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് ഡൂട്ടി വര്‍ദ്ധനവിനപ്പുറം എന്തൊക്കെയാണ് സ്വര്‍ണ്ണ കള്ളക്കടത്തിനെ ബാധിച്ച ഘടകങ്ങളെന്നു വ്യക്തമാകും. 2014 ലെ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയതിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യ മുന്നണി സര്‍ക്കാരാകും ഇനി വരാന്‍ പോകുന്നതെന്നത് വ്യക്തമായി കഴിഞ്ഞിരുന്നു. കള്ളപ്പണത്തിനോടും അഴിമതിയോടും വിട്ടുവീഴ്ച ചെയ്യില്ലാത്ത ഒരു ഭരണം വരാന്‍ പോകുന്നുയെന്ന സൂചന ലഭിച്ചതോടെ തന്നെ സാമ്പത്തിക കുറ്റവാളികളും അവരോട് ചങ്ങാത്തമുള്ള രാഷ്ട്രീയക്കാരും സമ്മര്‍ദ്ദത്തിലായി. പുതിയ ഭരണം അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ എടുത്ത നടപടികളും പ്രധാനമായും കള്ളനോട്ടിനെയും കള്ളപ്പണത്തിനെയും ലക്ഷ്യം വെച്ചു നടത്തിയ ഡീമോണിട്ടൈസേഷനും രാഷ്ട്രീയ നേതാക്കളുള്‍പ്പടെയുള്ളവരുടെ ഉറക്കം കെടുത്തി. അങ്ങനെ ഉറക്കം നഷ്ടപ്പെട്ട രാഷ്ട്രീയ ശക്തികളില്‍ പലതും ഭാരതം സ്വതന്ത്രമായതു മുതല്‍ തന്നെ ഈ രാജ്യത്തേക്ക് കടന്നുകയറാന്‍ ശ്രമിച്ച വിദേശ ശക്തികളുമായി തെളിയിക്കപ്പെട്ട അവിഹിത ബന്ധമുണ്ടായിരുന്നവരുമാണ്. വ്യത്യസ്ത ശക്തികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് നടത്തിയ ആ പരിശ്രമങ്ങള്‍ ലക്ഷ്യം കാണാതെ പോയതോടെ അവരുടെയിടയില്‍ വളര്‍ന്നു വന്ന അതിശക്തമായ ഒരു കൂട്ടായ്മയോടാണ് സാമ്പത്തിക മേഖലയിലുള്‍പ്പടെ നരേന്ദ്രമോദി സര്‍ക്കാര്‍ നേര്‍ക്കൂനേര്‍ പോരാട്ടത്തിന് തല ഉയര്‍ത്തി നില്‍ക്കുന്നതെന്നു മനസ്സിലാക്കുമ്പോളാണ് ആ കൂട്ടായ്മ ഉരുത്തിരിഞ്ഞു വന്ന ചരിത്ര പശ്ചാത്തലത്തിലേക്ക് പരിമിതമായ ഒരു അവലോകനം അനിവാര്യമായി മാറുന്നത്.
രണ്ടാം ലോകമഹായുദ്ധ വിജയത്തിനു ശേഷം വിജയികളായ അമേരിക്കയും സോവിയറ്റ് യൂണിയനും ലോകം വീതിച്ചെടുക്കാനുള്ള തത്രപ്പാടിലായി. അതിനിടെ ഭാരതം സ്വതന്ത്രമായി. അതോടെ അക്കാലത്തെ രണ്ട് ആഗോള ചേരികളായിരുന്ന അമേരിക്കന്‍ ഐക്യനാടുകളുടെയും സോവിയറ്റു യൂണിയന്റെയും മത്സരഭൂമിയായി ഭാരതം മാറി. ഇന്ദിരാഗാന്ധി രണ്ടു കൂട്ടരെയും പരീക്ഷിച്ചു നോക്കി! 1957ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ അമേരിക്കയില്‍ നിന്നും പണം സ്വീകരിച്ചു. (അവലംബം: മുന്‍ അമേരിക്കന്‍ അംബാസിഡര്‍ ഡാനിയേല്‍ പാട്രിക്ക് മൊയ്‌നിഹാന്‍). പക്ഷേ 1960കളുടെ അവസാനത്തോടെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇന്‍ഡോ-സോവിയറ്റ് ഉടമ്പടിയില്‍ ഒപ്പുവെച്ച് സോവിയറ്റ് പക്ഷത്തായി. തിരഞ്ഞെടുപ്പിനുള്‍പ്പടെ വേണ്ടത്ര തുക ഇന്ദിര സോവിയറ്റ് യൂണിയനില്‍ നിന്നും വാങ്ങിയതും മറ്റും സോവിയറ്റ് ചാരപ്രവര്‍ത്തന ചരിത്രം പറയുന്ന മിത്രോഖിന്‍ രേഖകളില്‍ നിന്നും ഇന്ന് ലഭ്യവുമാണ്. എന്തായാലും ഇന്ദിരാ ഗാന്ധിയുടെ കാലത്തോടെ സോവിയറ്റ് പക്ഷം വിലക്കെടുത്ത ഭാരതം മൊറാര്‍ജി ദേശായിയുടെ ഇടക്കാല തടസ്സം മാറി വീണ്ടും ഇന്ദിരയുടെയും രാജീവിന്റെയും ഭരണം തുടര്‍ന്നതോടെ സോവിയറ്റ് പക്ഷത്തുതന്നെ നിലയുറപ്പിച്ചു. (സോണിയയുടെ കെജിബി ബന്ധം അവിടെ പ്രയോജനപ്പെടുത്തിയിട്ടുമുണ്ടാകണം). പക്ഷേ സോവിയറ്റ് യൂണിയന്‍ ശിഥിലമാവുകയും ഭാരതത്തില്‍ ഏക കക്ഷി ഭരണം അവസാനിക്കയും ചെയ്തതോടെ അമേരിക്കയ്ക്കാണെങ്കിലും ചൈനക്കാണെങ്കിലും പാകിസ്ഥാനാണെങ്കിലും തങ്ങളുടെ സ്വാധീനം ഉറപ്പിക്കുവാന്‍ വീണ്ടും ശ്രമിച്ചുനോക്കാവുന്ന ഘട്ടം തുറന്നു. അമേരിക്കയും പാശ്ചാത്യ ശക്തികളും കൃസ്ത്യന്‍ മതപരിവര്‍ത്തന ലോബികളും സോണിയാ ഗാന്ധിയെ മുന്‍നിര്‍ത്തി ഭാരതീയ ജനാധിപത്യത്തില്‍ തങ്ങളുടെ പോര്‍മുഖം തുടങ്ങി. ഇസ്ലാമിക റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാന്‍ ഭാരതത്തിനുള്ളിലുള്ള ഇസ്ലാം ഭീകരവാദികളെയും വര്‍ഗ്ഗീയവാദികളെയും കൂട്ടുപിടിച്ചു. ചൈന സിപിഐ, സിപിഎം, അര്‍ബന്‍ നക്‌സലുകള്‍, കാടന്‍ നക്‌സലുകള്‍ തുടങ്ങിയവര്‍ വഴി തങ്ങളുടെ സാമ്രാജ്യവികസന പദ്ധതികള്‍ക്ക് അവസരങ്ങള്‍ തേടി. മൂന്നു കൂട്ടരുടെയും മോഹങ്ങള്‍ക്ക് ചെറുത്തുനില്‍പ്പ് ഉയര്‍ന്നത് ആദ്യം അടല്‍ ബിഹാരി വാജ്‌പേയിയും പിന്നീട് നരേന്ദ്ര മോദിയും അധികാരത്തിലെത്തിയതോടെയാണ്. ഭാരതീയ ദേശീയതയുടെ രാഷ്ട്രീയ ശക്തികള്‍ അധികാരത്തിലെത്തി വൈദേശിക ശക്തികളുടെ മേല്‍ വിജയം വരിച്ച് ചരിത്രം തിരുത്തുന്ന കാഴ്ചയ്ക്കാണ് പിന്നീട് കാലം സാക്ഷ്യം വഹിച്ചത്. പക്ഷേ ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥിതി ദുരുപയോഗം ചെയ്തും തീവ്രവാദ പ്രവൃത്തികളിലൂടെയും അട്ടിമറിക്കു ശ്രമിക്കുന്നവര്‍ പരസ്പര വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ഭാരതം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തില്‍ പരസ്പരം സഹായിച്ച് ഒന്നിച്ചുനില്‍ക്കുന്ന രണതന്ത്രമാണ് ഇന്ന് സ്വീകരിച്ചിട്ടുള്ളത്. ദശാബ്ദങ്ങളായി അവര്‍ മൂന്നു കൂട്ടരും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടത്ര സാമ്പത്തിക സഹായങ്ങളും ഒഴുക്കുന്നുണ്ടായിരുന്നു. ആ പണമൊഴുക്കിനെ പുറത്തുകൊണ്ടുവരാനും തടസ്സപ്പെടുത്തുവാനുമുള്ള നടപടികളുമായി ഭാരതം കൂടുതല്‍ പിടിമുറുക്കിയപ്പോള്‍ ഇസഌമിക തീവ്രവാദികള്‍ മുഖാന്തിരം സജീവമാക്കിയ സ്വര്‍ണ്ണ കള്ളക്കടത്തു മാര്‍ഗ്ഗം ഉപയോഗിക്കാന്‍ അവര്‍ മൂന്നു കൂട്ടരും നിര്‍ബന്ധിതരാവുകയാണ്.
സര്‍ക്കാര്‍ നിയന്ത്രണങ്ങളെ മറികടന്ന് വിപണിയില്‍ ഉണ്ടാക്കിയെടുക്കുന്ന വളഞ്ഞ വഴികളിലൂടെ അമിതവരുമാനം അതിവേഗത്തില്‍ സ്വന്തമാക്കാന്‍ സ്വര്‍ണ്ണ കള്ളക്കടത്തിനു തുനിഞ്ഞിറങ്ങിയ ഒരു വിഭാഗം ഭാരത വിപണിയിലും ഉണ്ടായിരുന്നു. അവര്‍ വളര്‍ന്ന് പല അധോലോക കൂട്ടായ്മകളും വളര്‍ന്നു വന്നിട്ടുമുണ്ടായിരുന്നു. അങ്ങനെയുള്ളവര്‍ വളര്‍ത്തിയെടുത്തതായിരുന്നു ഏതാണ്ട് 1990കള്‍ വരെയുള്ള സ്വര്‍ണ്ണകള്ളക്കടത്തു രംഗം. അവിടേക്കാണ് ഇസ്ലാമിക് റിപ്പബഌക്ക് ഓഫ് പാകിസ്ഥാന്റെ അതിരു വളര്‍ത്തുവാനും ഭാരതത്തിന്റെ സാമ്പത്തിക മേഖലയയെ കടന്നു തകര്‍ക്കാനുമുള്ള കുബുദ്ധിയുടെ ഭാഗമായി ഇസ്ലാമിക തീവ്രവാദികള്‍ എത്തിച്ചേര്‍ന്നത്. തീവ്രവാദപ്രവര്‍ത്തകരിലേക്കും അവരുടെ കൂടെ നില്‍ക്കുന്നവരിലേക്കും ധനമെത്തിക്കുവാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം എന്ന നിലയിലാണ് അവര്‍ സ്വര്‍ണ്ണ കള്ളക്കടത്തിനെ തിരഞ്ഞെടുത്തത്. അതിനവര്‍ക്ക് അന്നുവരെ ഭാരതത്തില്‍ നിലനിന്നിരുന്ന കള്ളക്കടത്തു ശൃംഖലയെ തള്ളിയകറ്റേണ്ട കാര്യവുമില്ലായിരുന്നു. തങ്ങളൊരുക്കുന്ന പുതിയ ശൃംഖലയിലേക്ക് അവരെ കൂടി ഉള്‍ക്കൊള്ളിക്കുന്നതു കൊണ്ട് നഷ്ടപ്പെടാനൊന്നുമില്ലാത്തതും പുതിയവരും പഴയവരും ഒന്നിച്ചാല്‍ പ്രഹരശേഷി കൂടുന്നതുമായ അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. രണ്ടുകൂട്ടരും സ്വര്‍ണ്ണം സംഭരിച്ച് കള്ളക്കടത്ത് നടത്തുന്നതിനുള്ള പൊതുഇടമായി ഗള്‍ഫ് രാജ്യങ്ങള്‍. കടത്തിയ സ്വര്‍ണ്ണം എത്തിച്ചാല്‍ വിറ്റു പണമാക്കി മാറ്റാന്‍ സഹായം തേടാവുന്ന ഭാരതത്തിനുള്ളിലെ സ്വര്‍ണ്ണ വ്യവസായികളിലെ സഹായകേന്ദ്രങ്ങളും ഒന്നുതന്നെ. കള്ളക്കടത്തെന്ന ദൗത്യം കളിക്കളത്തില്‍ പ്രായോഗികമായി നിര്‍വ്വഹിക്കുന്നവരും രണ്ടു കൂട്ടര്‍ക്കും വേണ്ടപ്പെട്ടവര്‍. ചുരുക്കത്തില്‍ ഒന്നും ഒന്നും ചേര്‍ന്നാല്‍ രണ്ടെന്ന കണക്കിനെ പോലും അപ്രസക്തമാക്കി പതിനൊന്നാക്കുന്ന അവസ്ഥ!
ഭാരതത്തിന്റെ സമുദ്ര തീരത്തുള്ള അതിര്‍ത്തി സംസ്ഥനങ്ങളിലൂടെയും നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ അതിര്‍ത്തികളിലൂടെയും സ്വര്‍ണ്ണ കള്ളക്കടത്തു നടക്കുന്നുണ്ട്. ചൈനാ, തായ്‌വാന്‍, ഹോങ്കോങ്ങ് തുടങ്ങിയ രാജ്യങ്ങളും കള്ളക്കടത്തിന്റെ ഉറവിടങ്ങളാണ്. പക്ഷേ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കള്ളക്കടത്തിലൂടെ അക്കാര്യത്തിലും കേരളം ഒന്നാമതാകുന്നതിന്റെ കാരണങ്ങളിലേക്കാണ് ഇനി ശ്രദ്ധ പോകേണ്ടത്. ഭാരതത്തിലേക്കുള്ള സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പതിനഞ്ചു ശതമാനവും വന്നിറങ്ങുന്നത് കേരളത്തിലാണ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പും അസംബ്ലി തിരഞ്ഞെടുപ്പും അടുത്തു വരാനിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് കാലത്ത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചുക്കാന്‍ പിടിച്ച് നയതന്ത്ര പരിരക്ഷയെ പരിചയാക്കി നടന്ന ഒരു കള്ളക്കടത്തിന്റെ ചുരുളഴിയൂന്നത്. ആ വിഷയം ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം ഉയര്‍ത്തിക്കൊണ്ടു വന്നപ്പോള്‍ കള്ളക്കടത്തിലെ കമ്മ്യൂണിസ്റ്റ് ഇടപെടലിനെ വിമര്‍ശിച്ചുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വവും രംഗത്തെത്തി. പക്ഷേ കള്ളക്കടത്ത് കേസിന്റെ വലയില്‍ ദേശ വിരുദ്ധ ശക്തികളും പെട്ടുപോകാനിടയുണ്ടെന്ന് സൂചനകള്‍ ലഭിച്ചതോടെ സോണിയയും രാഹുലും പ്രിയങ്കയും എ.കെ.ആന്റണിയും ശശി തരൂരും ഒന്നും പ്രതികരിക്കുന്നേയില്ലെന്നുവരുമ്പോളാണ് അറിഞ്ഞതിനപ്പുറം പലതും അറിയാനുണ്ടെന്നു വരുന്നത്.
എന്തായാലും ദേശ സുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും തകര്‍ക്കാനൂദ്ദേശിച്ചുള്ള ഈ വക നീക്കങ്ങളെ നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ വരിഞ്ഞുമുറുക്കുമെന്നതില്‍ ഒരു സംശയവുമില്ല. ആ വിശ്വാസം അചഞ്ചലമായുള്ളപ്പോഴും ഭാരതസര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ട ചില നടപടികള്‍ സൂചിപ്പിക്കേണ്ടതുണ്ട്. കള്ളക്കടത്തുകാരും കള്ളപ്പണക്കാരും തീവ്രവാദികളും അവരോട് ചങ്ങാത്തം പുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും അടങ്ങുന്ന അപകടകരമായ വലയം ഭേദിക്കുവാനും ഭാരതത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുവാനും കസ്റ്റംസിനെ ശക്തമാക്കുന്നതിനുള്ള സകാരാത്മക ഇടപെടലുകളുണ്ടാകണം. മനൂഷ്യ ശക്തി വേണ്ടത്ര പ്രദാനം ചെയ്യണം. പരിമിതമായ മനുഷ്യ ശേഷി നല്‍കിയിട്ട് ഗൗരവമേറിയതും പ്രഭാവപൂര്‍വ്വവുമായ ഇടപെടലുകള്‍ പ്രതീക്ഷിച്ചിട്ടു കാര്യമേയില്ല. മാനേജ്‌മെന്റ് പരിജ്ഞാനം, ശാസ്ത്ര സാങ്കേതിക ജ്ഞാനം, വിപണി പരിചയം, കുറ്റാന്വേഷണമികവ്, സൗമ്യമായ ആശയവിനിമയ ശേഷി തുടങ്ങിയവയെല്ലാം സ്വയം നേടി വേണം താഴത്തെ ശ്രേണിയിലുള്ള ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് തന്റെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ മികവു പുലര്‍ത്തേണ്ടതെന്ന ഇന്ന് നിലനില്‍ക്കുന്ന അവസ്ഥ മാറണം. അവര്‍ക്ക് മികച്ച പരിശീലനത്തിന്റെ അവസരങ്ങള്‍ നല്‍കണം. അത്യന്താധുനിക ബാഗേജ് എക്‌സ്‌റെ സംവിധാനങ്ങളുണ്ടാകണം. നൂറു ശതമാനം യാത്രക്കാരും ബാഗേജുകളും പരിശോധനയ്ക്ക് വിധേയമാകുന്ന സാഹചര്യം പുന:സ്ഥാപിക്കണം. കസ്റ്റംസ് സംവിധാനത്തിലും പുഴുക്കുത്തുക്കളുണ്ടാകാം. അവിടെ തിരുത്തല്‍ ഇടപെടലുകള്‍ ശക്തമാക്കണം. പക്ഷേ അതിന്റെ പേരില്‍ കസ്റ്റംസ് സംവിധാനത്തിന്റെ ശക്തി കുറയ്ക്കരുത്. കള്ളക്കടത്തെന്ന സാമ്പത്തിക കുറ്റം ചെയ്ത് രാജ്യത്തിന്റെ സാമ്പത്തിക ശക്തിയേയും രാഷ്ട്ര സുരക്ഷയേയും വെല്ലുവിളിക്കുന്നവര്‍ക്ക് കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജീവപര്യന്തം കാരാഗൃഹവാസം ഉള്‍പ്പടെയുള്ള ശിക്ഷകള്‍ക്ക് വ്യവസ്ഥ ചെയ്യണം. സമാന്തരമായി ആത്മനിര്‍ഭരഭാരത സങ്കല്പത്തിലുള്ള വികസനം ഉറപ്പുവരുത്തി വിദേശത്തു നിന്നും കണ്ടതെല്ലാം വാരിക്കെട്ടി കൊണ്ടുവരുന്നത് മഠയത്തരമാകുമെന്ന സാഹചര്യവും സൃഷ്ടിക്കണം. അങ്ങനെ ഇറക്കുമതി കുറയ്ക്കാവുന്നത്ര കുറച്ചാല്‍ കസ്റ്റംസിന് പിടിക്കേണ്ടതൊക്കെ പിടിക്കാന്‍ കഴിയും.
അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ചു ട്രില്ല്യന്‍ യു.എസ് ഡോളര്‍ ലക്ഷ്യമാക്കിയുള്ള വളര്‍ച്ചയ്ക്ക് മാര്‍ഗരേഖ തയാറാക്കി കര്‍മ്മ മണ്ഡലത്തിലേക്ക് ഇറങ്ങാനൊരുമ്പെട്ട നരേന്ദ്ര മോദി സര്‍ക്കാരിന് സ്വര്‍ണ്ണ കള്ളക്കടത്ത് എന്ന വെല്ലു വിളിയെ നേരിടാന്‍ കഴിഞ്ഞാല്‍ ഭാരതീയ സമ്പദ് വ്യവസ്ഥയുടെ ഉദ്പാദന മേഖലയെയും വിതരണശൃംഖലയെയും ഉപഭോക്തൃസമൂഹത്തെയും സകാരാത്മകമായി സക്രിയമാക്കുന്നതിന്റെ വലിയൊരു കാല്‍വെപ്പിനാകും ഇടം ലഭിക്കുക.
ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒന്നാം നൂറ്റാണ്ടില്‍, റോമന്‍ ചിന്തകന്‍ പില്‍നി പരാതിപ്പെട്ടതോര്‍ക്കുക: ‘തുണികളും സുഗന്ധദ്രവ്യങ്ങളും നല്‍കിയിട്ട് ഭാരതം റോമാ സാമ്രാജ്യത്തിന്റെ മൊത്തം സ്വര്‍ണ്ണം ഊറ്റിയെടുക്കുകയാണ്.’India is draining all gold from- the empire in lieu of fine fabric- and spices. അഭിമാനകരമായ ചില സൂചനകളാണ് ആ വാക്കുകള്‍ നല്‍കുന്നത്. സ്വന്തം ഉത്പന്നങ്ങളുടെ മികവും കടല്‍കടന്നുള്ള വിപണികളില്‍ കാട്ടിയ ഇടപെടല്‍ മികവും താത്കാലിക ഉപയോഗത്തിനു മാത്രം ഉതകുന്ന ആഡംബരവസ്തുക്കളെ കയറ്റി അയച്ച് സുസ്ഥിരമൂല്യമുള്ള സ്വര്‍ണ്ണം തന്നെ പകരം വാങ്ങി നാട്ടു രാജ്യങ്ങളുടെ ഖജനാവും സമ്പദ് സ്ഥിതിയും ഭദ്രമാക്കുവാനുള്ള കഴിവ് ഭാരതത്തിലെ മുന്‍ തലമുറകള്‍ക്ക് അന്നേ ഉണ്ടായിരുന്നു. ‘ആത്മനിര്‍ഭര’ ഭാരതം കള്ളക്കടത്തുപോലുള്ള ചോര്‍ച്ചകളുടെ പഴുത് അടച്ച് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ച് ലോകസമ്പദ്‌വ്യവസ്ഥയെ മുന്നില്‍ നിന്ന് സമഗ്ര വികസനത്തിലേക്ക് നയിക്കണം. അങ്ങനെ സ്വപ്‌നം കണ്ടു വിതച്ചാല്‍ നൂറല്ല, ആയിരം മേനിയും കൊയ്യാം.
(ലേഖകന്‍ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്.)