”അരിങ്ങോടരേ. ആയുധമില്ലാത്തവനോടങ്കം വെട്ടുന്നത് ആണുങ്ങള്‍ക്കു ചേര്‍ന്നതല്ല. ഞാനൊരു ചുരിക വാങ്ങട്ടെ”
ആ മൊഴികേട്ട് അരിങ്ങോടര്‍ ചീറ്റിക്കൊണ്ടടുത്തു. മിന്നല്‍വേഗത്തില്‍ ആരോമരുടെ നാഭിക്കുനേരെ ചുരിക നീട്ടി. ഒഴിഞ്ഞുമാറിയെന്നാലും ചുരികത്തലപ്പ് ആരോമരുടെ കച്ചത്തെരുപ്പില്‍ കൊണ്ടു. വരിനെല്ലിന്റെ ഓലകൊണ്ടുരഞ്ഞപോലെ എള്ളോളം മുറിവും പറ്റി.
ആരോമര്‍ അരിശംകൊണ്ടു വിറച്ചു.
”അരിങ്ങോടരേ ഞാനും ഒരു പന്തിപ്പഴുതു കാണുന്നു. തടുക്കാമെങ്കില്‍ തടുത്തേക്കിന്‍. അല്ലെങ്കില്‍ ആയുധംവെച്ചുകൊള്ളുക”
”ആയുധംവെച്ചു പോകാനോ? ഒരു നാളും നിനയ്‌ക്കേണ്ട”
പോത്തും കലയും പൊരുതുംപോലെ വീണ്ടും അങ്കം മുറുകി. ചുരികകൊണ്ടുള്ള
അരിങ്ങോടരുടെ വെട്ടുകള്‍ ആരോമര്‍ പരിചകൊണ്ടു തടുത്തു. മുറിച്ചുരികനീട്ടിക്കൊണ്ട് ആരോമര്‍ വെട്ടിക്കയറി.
അങ്കത്തില്‍ അരിങ്ങോടര്‍ വാടി മയങ്ങുന്നുണ്ടെന്ന് ആരോമര്‍ക്കു തോന്നലുണ്ടായി. മിന്നലിന്റെ വേഗത്തില്‍ ആരോമര്‍ മുറിച്ചുരിക മാറ്റാന്റെ നേര്‍ക്കെറിഞ്ഞു. കണ്ണിമ കൂട്ടുന്നതിനുമുമ്പേ, അരിങ്ങോടര്‍ക്ക് തടുക്കാനോ ഒഴിഞ്ഞുമാറാനോ
കഴിയുന്നതിനു മുമ്പേ, കരിഞ്ചേമ്പിന്‍തണ്ടറുത്തതുപോലെ അരിങ്ങോടരുടെ തല അങ്കത്തട്ടില്‍ വീണുരുണ്ടു. മാലോകര്‍ ആര്‍പ്പു വിളിച്ചു.
ആരോമര്‍ അങ്കത്തട്ടില്‍ തളര്‍ന്നിരുന്നു. ചന്തു ഊരഴിവാതില്‍ തള്ളിയടച്ചു. നനമുണ്ടുകൊണ്ട് ആരോമരെ വീശി. മച്ചുനിയന്റെ മടിയില്‍ തലവെച്ച് ആരോമര്‍ ആലസ്യത്തോടെ കണ്ണടച്ചു.
ആ തക്കം കണ്ട്, അങ്കത്തട്ടിന്റെ ഓരത്തിരിപ്പുണ്ടായിരുന്ന കുത്തുവിളക്ക് ചന്തു കൈനീട്ടിയെടുത്തു. കുത്തുവിളക്കിന്റെ തണ്ട് ആരോമരുടെ കച്ചത്തെരുപ്പിലെ മുറിവില്‍ കുത്തിയിറക്കി. ചന്തു എണീറ്റു മാറിനിന്നു.
മുറിവായിലേക്ക് കച്ചത്തെരുപ്പ് കയറ്റിവെച്ച് ആരോമര്‍ എഴുന്നേറ്റു. സംഭവം കണ്ടുനിന്ന മാലോകര്‍ അലയും മുറയും കൂട്ടി.
”വാളോ കുന്തമോ എന്തെങ്കിലും തരൂ വാഴുന്നോരേ” എന്ന് ആരോമര്‍ വിളിച്ചുപറഞ്ഞു. ബഹളത്തില്‍ ആരോമര്‍ പറഞ്ഞത് വാഴുന്നോരു കേട്ടില്ല.
ചന്തു അങ്കത്തട്ടില്‍നിന്നെടുത്തുചാടി മറുകൂട്ടത്തില്‍ ചേര്‍ന്നു. ആരുമറിയാതെ അവിടം വിട്ടുപോവുകയും ചെയ്തു.
മൂപ്പിളമത്തര്‍ക്കം തീര്‍ന്ന നില യ്ക്ക് ഉണിക്കോനാരെ വാഴുന്നോരായി അവരോധിക്കണം. നാടുവാഴിയുടെ കൈപിടിച്ച് ഉണിക്കോനാര്‍ പല്ലക്കില്‍ കയറി ഊരു വലംവെച്ചു. തിരികെ തൃപ്പംകോട്ടപ്പന്റെ നടയില്‍ വന്നു. നാടുവാഴി ഉണിക്കോനാര്‍ക്ക് അരിയിട്ടുവാഴ്ച നടത്തി.
ചടങ്ങുകളെല്ലാം അവസാനിച്ചു. ആരോമര്‍ക്ക് കഠിനമായ മുറിവുപറ്റിയിട്ടുണ്ടെന്ന് അപ്പോഴാണ് വാഴുന്നോരും നാടുവാഴിയും നേരായറിഞ്ഞത്.
പാരം തളര്‍ന്ന് ആരോമര്‍ ആല്‍ത്തറമേലിരുന്നു. ഓലയും എഴുത്താണിയും കൊണ്ടുവരാനാവശ്യപ്പെട്ടു. ഉണ്ടായ കാര്യങ്ങളെല്ലാം ഓലയിലെഴുതി. ഓലക്കെട്ട്
പട്ടുതുണിയില്‍ പൊതിഞ്ഞുകെട്ടി വാഴുന്നോരെ ഏല്‍പ്പിച്ചു.
”ഈ ഓലക്കെട്ട് നേര്‍പെങ്ങള്‍ ആര്‍ച്ചയുടെ പക്കല്‍മാത്രം കൊടുക്കണം”
”അങ്ങനെത്തന്നെ” എന്ന് വാഴുന്നോര്‍ വാക്കു പറഞ്ഞു. ചേകവരെ കീഴൂരിടത്തേക്കു കൊണ്ടുപോകാമെന്നായി കൊങ്കിയമ്മ.
”അതുവേണ്ടമ്മേ. ദേഹദണ്ഡം പാരമുണ്ടെനിക്ക്. എന്നെ എത്രയും വേഗം പുത്തൂരം വീട്ടിലെത്തിക്കണം. അമ്മയും അച്ഛനും മറ്റെല്ലാവരും എന്റെ വരവും കാത്തിരിപ്പുണ്ടാവും. വിധിയെത്തടുക്കാന്‍ കഴിയില്ലല്ലോ. ഈ മുറിവുകൊണ്ടാണ് എന്റെ അന്ത്യം. വേഗം പല്ലക്കു വരുത്തണം വാഴുന്നോരെ”
വാഴുന്നോര്‍ കനകപ്പല്ലക്കു വരുത്തി. ആരോമരെ കൈപിടിച്ച് പല്ലക്കിലിരുത്തി. പല്ലക്ക് തോളില്‍വെച്ച് അമാലന്മാര്‍ കറുത്തേനാര്‍ നാട്ടിലേക്കു കുതിച്ചു. വാഴുന്നോരും നായന്മാരും കൂടെപ്പോയി.
നഗരം നടയുമിടകടന്നു കീഴൂരിടത്തിലെ പടിക്കല്‍കൂടി
കോലോസ്ത്രീനാടും കടന്നവര്
ഉയര്‍ന്ന വരമ്പോടെ പുഞ്ചപ്പാടേ
താണവയലോടെ തോട്ടരികേ
വയല്‍ചുള്ളിയനെന്ന വനം കടന്നു
തളിരിട്ട മാവും ഇടകടന്നു
പുത്തൂരം പാടം കിഴക്കേയറ്റം
ചെന്നു നികന്നല്ലോ പല്ലക്കപ്പോള്‍.
(തുടരും)