ജാതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ക്രൈസ്തവ മിഷണറിമാര്‍ അതേ ജാതി വ്യവസ്ഥയുടെ വക്താക്കളും നായകരുമായതാണ് ഇന്ത്യയിലെ മിഷണറി ചരിത്രം. ജാതി ഉപേക്ഷിച്ച് ക്രിസ്ത്യാനിയാകുവാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ നിങ്ങള്‍ ആ ജാതിയോടുകൂടി തന്നെ ക്രിസ്ത്യാനിയായിക്കോളു. ഞങ്ങളുടെ കുരിശ് നിങ്ങളുടെ വീട്ടില്‍ വെക്കണം. ഹിന്ദു സമൂഹത്തില്‍ ഉണ്ടായിട്ടുള്ള ജാതികളെ അതേ പേരോടുകൂടി ജാതി ക്രിസ്ത്യാനിയായി പ്രഖ്യാപിക്കുന്ന അത്രയും പരിഹാസ്യമായ നിലയിലേക്ക് ഈ മിഷണറി മതം തരം താഴ്ന്നു. ഇന്ത്യന്‍ ജാതിവ്യവസ്ഥയോട് മാത്രമല്ല ഹിന്ദു മന്ത്രങ്ങളോട് മാത്രമല്ല ബിംബാരാധനയിലെ ബിംബങ്ങളോടുപോലും രൂപസാദൃശ്യത്തില്‍ അനുകരിച്ച് നിര്‍ലജ്ജം കീഴടങ്ങിയിട്ടാണ് ഇന്ന് മിഷണറി പ്രവര്‍ത്തനം. മതംമാറ്റാന്‍ ഏത് വേഷവും കെട്ടാന്‍ അവര്‍ തയ്യാര്‍. ഇതിന് അനുസരണമായ ചരിത്രങ്ങളും കഥകളും വിദേശ മിഷണറിമാര്‍ രൂപപ്പെടുത്തി. ഇതിനായി വ്യാജരേഖകള്‍ ചമക്കുന്നതില്‍ ബ്രിട്ടീഷ് പ്രൊട്ടസ്റ്റന്റ് സഭയായിരുന്നു മുമ്പില്‍.
ഇത്തരം വ്യാജ ചരിത്രരചനയ്ക്കും കോപ്പിയടിക്കും പ്രൊട്ടസ്റ്റന്റ് സഭ തുടക്കം കുറിക്കുന്നത് തെക്കന്‍ തിരുവിതാംകൂറിലെ നാടാര്‍ സമുദായത്തിലെ മിഷണറി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്. നാടാര്‍ സമുദായത്തെ വിഴുങ്ങി ക്രിസ്ത്യാനിയാക്കുവാന്‍ ചെന്ന പ്രൊട്ടസ്റ്റന്റ് സഭ നാടാര്‍ അസ്തിത്വത്തിന് മുമ്പില്‍ നിരുപാധികം കീഴടങ്ങി. നാടാര്‍ പൈതൃകത്തോടുകൂടി ക്രിസ്ത്യാനിയാകാമെന്നല്ലാതെ നാടാരെ കളഞ്ഞിട്ടൊരു മതത്തിലേക്കുതങ്ങളില്ലെന്ന് തിരുവിതാംകൂറിലെ ഒരു വിഭാഗം നാടാര്‍മാര്‍ പറഞ്ഞതോടെ അങ്ങിനെയെങ്കില്‍ അങ്ങിനെ എന്നായി സഭ. അങ്ങിനെ ക്രിസ്ത്യന്‍ നാടാര്‍ എന്ന അന്നേ വരെ ചരിത്രത്തില്‍ ഇല്ലാത്ത ഒരു സങ്കര ജാതി ദക്ഷിണേന്ത്യയില്‍ ജനനം കൊണ്ടു. ക്രിസ്ത്യന്‍ നാടാര്‍ എന്നത് ജാതിയാണോ മതമാണോ എന്ന കാര്യം ഇന്നും തര്‍ക്കത്തിലാണ്. മതംമാറ്റത്തിന്റെ ഇരുന്നൂറാം വാര്‍ഷികം ആഘോഷിച്ചിട്ടും ക്രിസ്തുവിന്റെ കുരിശുമരണത്തെക്കാളും ഉയര്‍ത്തെഴുന്നേല്‍പ്പിനേക്കാളും സങ്കരനാടാരെ ഇന്നും ആവേശം കൊള്ളിക്കുന്നത് നാടാര്‍ വംശാവലിയുടെ രാജകീയ പൈതൃകങ്ങളാണ്.
ഇങ്ങനെ നാടാര്‍ വംശാവലിയോടു കൂടിയുള്ള മതംമാറ്റത്തിന് മറ്റൊരു പ്രധാന കാരണവുമുണ്ടായിരുന്നു. പ്രൊട്ടസ്റ്റന്റ് സഭ അക്കാലത്ത് ഇവിടെ നിലവിലുണ്ടായിരുന്ന വിവിധ ക്രൈസ്തവ സഭകളെ മതപരിവര്‍ത്തനത്തിന്ശ്രമിച്ചെങ്കിലും കാര്യമായി വിജയിച്ചില്ല. പിന്നീട് അവര്‍ ഹിന്ദു സമൂഹത്തിലെ ജാതികളിലേക്ക് ശ്രദ്ധതിരിച്ചു. നാടാര്‍ സമുദായത്തെ പിടികൂടുന്ന അതേ സമയത്ത് തന്നെ മറ്റ് ജാതി വിഭാഗങ്ങളായ പുലയ, പറയ, വേട്ടുവ എന്നിങ്ങനെയുള്ള കീഴാള ജാതിക്കാരുടെ പുറകെയും മിഷണറിമാര്‍ ഉണ്ടായിരുന്നു.ഇവര്‍ ജാതിയില്‍ നാടാരെക്കാള്‍ താഴെയായിരുന്നു. ഇവരോടൊപ്പം മതംമാറി ഒറ്റ മത ഘടനയായി നില്‍ക്കുവാന്‍ നാടാര്‍ സ്വത്വത്തിനായില്ല. ജാതിവിവേചനത്തിന് ഇരകള്‍ എന്ന് പറയുന്നവര്‍ക്ക് ഇടയില്‍ തന്നെ തീവ്രമായ, പരസ്പരം അടുക്കുവാന്‍ കഴിയാത്ത ജാതി വിള്ളലുകള്‍ ഉണ്ടായിരുന്നു. ഇവര്‍ തമ്മിലും മേല്‍-കീഴ് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇത് പറഞ്ഞു തീര്‍ക്കുവാന്‍സാധ്യമല്ലെന്ന കാര്യം സായിപ്പിന് പിടി കിട്ടി. സായിപ്പ് ക്രിസ്തുവിന്റെ ദൈവസ്‌നേഹം പറഞ്ഞ് വിള്ളലുകള്‍ ഇല്ലാതാക്കൂവാനൊന്നും ശ്രമിച്ചില്ല. പകരം ഇവരെ പരസ്പരം അടുപ്പിക്കാതെ വിഘടിപ്പിച്ച് നിലനിര്‍ത്തിക്കൊണ്ട് തന്നെ സഭയുടെ ഭാഗമാക്കി. ഇഷ്ടം പോലെ പണവും മറ്റു സൗകര്യങ്ങളും ഇവര്‍ക്കായി ഒരുക്കിക്കൊടുത്തു. 1806 ലെ വേദമാണിക്യം എന്നയാളും 1854 ല്‍ ഹാബേല്‍ എന്നയാളും ദളിത് വിഭാഗത്തില്‍ നിന്ന് ക്രിസ്ത്യാനികളായി പരിവര്‍ത്തനക്കാരുടെ നായകരായി. എന്നാല്‍ ഇവരോടൊപ്പമോ ഇവരുടെ പിന്‍ഗാമികളായോ അറിയപ്പെടുവാന്‍ നാടാര്‍മാര്‍ ഇഷ്ടപ്പെട്ടില്ല. ഇവിടെ മതപരിവര്‍ത്തനത്തിന് സര്‍വ്വ സന്നാഹങ്ങളും ഒരുക്കിയ ചര്‍ച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്) സഭയാകട്ടെ ഇരുകൂട്ടരെയും പരസ്പരം തൊടുവിക്കാതെ മതപരിവര്‍ത്തനം എന്ന തങ്ങളുടെ ലക്ഷ്യവുമായി മുന്നോട്ട് പോകുകയും ചെയ്തു.തിരുവിതാംകൂര്‍ രാജ്യത്തെ ബ്രിട്ടീഷ് റസിഡന്റ് ആയിരുന്ന കേണല്‍ മണ്‍റോ ആയിരുന്നു മതപരിവര്‍ത്തന സംഘമായ സി.എം.എസ് സഭയുടെ ആജീവനാന്ത ഗവര്‍ണ്ണര്‍. ഇദ്ദേഹമായിരുന്നു തിരുവിതാംകൂറിലെ മതപരിവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത്. അക്കാലത്ത് പ്രതിവര്‍ഷം 8 ലക്ഷം രൂപ എന്ന വന്‍തുക രാജാവില്‍ നിന്ന് കപ്പം വാങ്ങി, ഈ പണം ഉപയോഗിച്ച് ആ രാജ്യത്തെ ജനങ്ങളെ തന്നെ മതം മാറ്റുക എന്നതായിരുന്നു രീതി.
ഹിന്ദു സമൂഹത്തിന്റെ അഭിവാജ്യഘടകമാണ് നാടാര്‍ സമൂഹം. തിരുവിതാംകൂറില്‍ പ്രൊട്ടസ്റ്റന്റ് സഭ മിഷണറി പ്രവര്‍ത്തനവുമായി വരുന്ന പതിനെട്ടാം നൂറ്റാണ്ടില്‍ ഈ സമുദായത്തിന്റെ സാമൂഹിക സാമ്പത്തികാവസ്ഥ ശരാശരിയിലായിരുന്നു. ഇന്നത്തെ നിലക്ക് പറഞ്ഞാല്‍ അടിസ്ഥാന സൗകര്യങ്ങളുടെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകളെ ദാരിദ്ര്യ രേഖക്ക് മുകളിലും അല്ലെങ്കില്‍ താഴെ അഥവാ ബി.പി.എല്ലില്‍പ്പെടുത്തുന്ന അവസ്ഥ. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി ഇത്രയേറെ കഴിഞ്ഞിട്ടും ലക്ഷക്കണക്കിനാളുകള്‍ ജാതി മതഭേദമെന്യേ ഇന്നും ദാരിദ്ര്യരേഖക്ക് താഴെയാണെന്നോര്‍ക്കണം. ദാരിദ്ര്യവും കഷ്ടപ്പാടുകളും ലോകത്തിലെമ്പാടും എന്നും ഏത് സമൂഹത്തിലും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ മാത്രമാണ് ദാരിദ്ര്യം ഉള്ളതെന്നും തങ്ങളുടെ വിശ്വാസങ്ങള്‍ സ്വീകരിച്ച് തങ്ങള്‍ പറയുന്ന പോലെ നടന്നാല്‍ ദാരിദ്ര്യം ഇല്ലാതാവുക മാത്രമല്ല സ്വര്‍ഗരാജ്യം വരെ ഉള്ളംകയ്യില്‍ കിട്ടുമെന്നുള്ള പ്രചരണമാണല്ലോ എക്കാലത്തേയും മിഷണറി പ്രവര്‍ത്തനം. തിരുവിതാംകൂറിലെ പ്രബല വിഭാഗമായ നാടാര്‍ക്ക് നേരെ ഇട്ടതും ഇതേ ചൂണ്ടയായിരുന്നു.
നാടാര്‍ സമുദായം എക്കാലത്തും ജാതി അഭിമാനികളായിരുന്നു. ആരോടും കിടപിടിക്കാവുന്ന ഒരു പൂര്‍വ്വകാല ചരിത്രവും രാജകീയ പാരമ്പര്യവും അവര്‍ക്കുണ്ടായിരുന്നു. അന്ന് തിരുവിതാംകൂറില്‍ നാടാര്‍ക്ക് മുകളില്‍ നിന്നിരുന്ന നായര്‍ക്കോ, പോറ്റിക്കോ, ബ്രാഹ്മണര്‍ക്കോ അവകാശപ്പെടുവാന്‍ കഴിയാത്ത അത്ര ഒരു രാജഭരണത്തിന്റെ ചരിത്രം നാടാര്‍ വിഭാഗത്തിന് ഉണ്ടായിരുന്നു. ഷാന്റ്റോര്‍, ചാന്റ്റോര്‍, നാടാഴ്വര്‍, ചാന്നാര്‍ എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെട്ടിരുന്നു ഇവര്‍. പാണ്ഡ്യന്മാര്‍ എന്ന പേരില്‍ മധുര ഭരിച്ചിരുന്ന രാജ ക്ഷത്രിയന്മാര്‍ നാടാര്‍ സമുദായമാണെന്ന് പല ചരിത്ര രേഖകളും ഉദ്ധരിച്ച് ഇവര്‍ പറയുന്നു. മദ്ധ്യകാലഘട്ടങ്ങളില്‍ ചേര, പാണ്ഡ്യരാജ്യങ്ങളില്‍ അധികാരസ്ഥാനങ്ങളില്‍ നാടാര്‍വിഭാഗം ഉണ്ടായിരുന്നു. ഇതുകൊണ്ടൊക്കെയാണ് ആഗോള ക്രിസ്തുമതം കടല്‍ കടന്നെത്തിയിട്ടും നാടാരെ ഇല്ലാതാക്കുവാന്‍ കഴിയാതെ പോയത്. ക്രൈസ്തവ, മുസ്ലിം അധിനിവേശത്തിലൂടെ ലോകത്തില്‍ നിരവധി സ്ഥലങ്ങളില്‍ നിരവധി ജാതികളും സാമൂഹ്യാവസ്ഥയും ഓര്‍മ്മയില്‍ പോലും ശേഷിക്കാത്ത രീതിയില്‍ ഇല്ലാതായിട്ടും നാടാര്‍ പിടിച്ചുനിന്നത്.
പരിവര്‍ത്തിത സങ്കര നാടാര്‍ ക്രിസ്ത്യാനികളുടെ പേരില്‍ ഹിന്ദു സമൂഹം നാടാര്‍ സമൂഹത്തെ ദ്രോഹിച്ചതെന്ന പേരില്‍ നിരവധി പുസ്തകങ്ങള്‍ വിദേശ സഭകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാടാരില്‍ ഹിന്ദുക്കളോടുള്ള അകല്‍ച്ച വര്‍ദ്ധിപ്പിക്കുക, അതിലൂടെ ശേഷിക്കുന്നവരെ കൂടി സങ്കരനാടാരാക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീക്കരിക്കപ്പെട്ടിട്ടുള്ള ഈ പുസ്തകങ്ങളില്‍ യേശു ചരിത്രം ഇല്ലായെന്നുതന്നെ പറയാം. യേശുവിന്റെ മഹത്വത്തെ ഒഴിവാക്കി ജാതി പ്രശ്‌നങ്ങളുടെ പേരിലായിരുന്നു മതപരിവര്‍ത്തനങ്ങളെല്ലാം.
നായര്‍ സമുദായമാണ് നാടാരുടെ പ്രധാന ശ്രത്രു എന്ന രീതിയിലായിരുന്നു ക്രൈസ്തവ സഭക്കാരുടെ നാടാര്‍ ചരിത്രം മുഴുവനും. കാരണംനായര്‍ സമുദായം നാടാര്‍ക്കും തൊട്ടു മുകളിലായിരുന്നു. മാത്രമല്ല രാജഭരണകാലത്ത് നായര്‍ മിക്കവാറും ഭരണപക്ഷത്തായിരുന്നു. നാടാരെയും മറ്റു പല സമുദായങ്ങളെയും കെട്ടിമറച്ച് പള്ളിക്കുള്ളിലാക്കിയ പോലെ നായര്‍സമുദായത്തെ മൊത്തമായോ ചില്ലറയായോ കിട്ടിയില്ല. പട്ടാളത്തിന്റെ പണിയില്‍ തൊട്ട് രാജാവിന്റെ തൊട്ടടുത്ത സ്ഥാനങ്ങളില്‍ വരെ നായര്‍ സാമീപ്യമുണ്ടായിരുന്നു. മന്ത്രി സ്ഥാനം, നികുതി പിരിവ്, പോലീസ് പണി തുടങ്ങിയ സ്ഥാനങ്ങളില്‍ നായരുടെ അതിപ്രസരം ഉള്ളതായി കീഴ്ജാതിക്കാര്‍ക്ക് തോന്നിയിട്ടുള്ളതായി അക്കാലത്തെ പല ചരിത്ര പുസ്തകങ്ങളിലും കാണുവാന്‍ കഴിയും. ഹിന്ദു സമൂഹത്തിനു നേരെയുള്ള എല്ലാ സെമറ്റിക്ക് മത ആക്രമണങ്ങളും നായരെ ചേര്‍ത്തുവെച്ചു കൊണ്ടായിരുന്നു.
തങ്ങള്‍ക്ക് ഉണ്ടായിരുന്ന മുന്‍കാല രാജകീയ പ്രതാപത്തില്‍ നിന്ന് തങ്ങള്‍ വഞ്ചിക്കപ്പെട്ട് പുറത്തുപോകുകയും നായര്‍ അടക്കമുള്ള ഇതര ജാതികള്‍ തങ്ങളെ ഭരിക്കുകയും ചെയ്യുന്നുവെന്ന പരിേദവനം പള്ളി സാഹിത്യത്തിന്റെ ഭാഗമായി ഇറക്കിയിട്ടുള്ള മിക്കവാറും നാടാര്‍ പുസ്തകങ്ങളിലും ധാരാളമായി ഉണ്ട്. ഈ ഗണത്തില്‍പ്പെട്ട ‘നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങള്‍’ എന്ന പുസ്തകത്തില്‍ നാടാര്‍ സമൂഹത്തിന്റെ പൂര്‍വകാല സ്മൃതികള്‍ ഇങ്ങനെയാണ് വിവരിക്കുന്നത്: ചാന്നാന്‍ എന്ന പദത്തിന്റെ ശരിയായ രൂപം ചാന്റ്റോര്‍ എന്നാണ്. ഉത്തരേന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് കുടിയേറി പാര്‍ത്ത സാഹസികരായ ഒരു കൂട്ടം യുദ്ധവീരന്മാരാണ് ചാന്നാര്‍ എന്ന് അവരുടെ കുല പാരമ്പര്യത്തിലും തമിഴ് സാഹിത്യത്തിലും കാണാവുന്നതാണ്. ചരിത്രാതീതകാലങ്ങളില്‍ അവര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭരണാധികാരികളായി അധികാരം ഉറപ്പിച്ചതായും കാണുന്നു. അവര്‍ ഒരു ഭരണവര്‍ഗ്ഗമായിരുന്നുവെന്ന വസ്തുത അവരുടെ ആചാരാനുഷ്ഠാനങ്ങള്‍, മറ്റു സാഹചര്യങ്ങള്‍, നാടാര്‍, നാടാഴ്വര്‍ എന്നീ പദപ്രയോഗങ്ങള്‍ എന്നിവയില്‍ നിന്നും വ്യക്തമാകുന്നു. സംഘ സാഹിത്യത്തില്‍ ചാന്റ്റോര്‍ പദം അങ്ങോളമിങ്ങോളം നിറഞ്ഞു നില്‍ക്കുകയാണെന്ന് പറഞ്ഞുവല്ലോ. യോദ്ധാവെന്നും ക്ഷത്രിയരെന്നും (ചാതുര്‍വര്‍ണ്യത്തിലെ ക്ഷത്രിയനല്ല) ചാന്റ്റോറെ വിളിക്കുന്ന പരാമര്‍ശങ്ങളും പുരാണത്തിലുണ്ട്. ഇവര്‍ അറിവുള്ളവരും മാന്യന്മാരും ആയിരുന്നുവെന്നതിലും സംശയമില്ല. അതിനാല്‍ നിക്ഷിപ്ത താത്പര്യക്കാരായ ചരിത്രകാരന്മാരും സംഘകൃതികളുടെ ചില വ്യാഖ്യാതാക്കളും ചാന്റ്റോറെ ബോധപൂര്‍വം മാന്യനും യോദ്ധാവും എന്നാക്കി മഹത്വത്തിന്റെ പീഠത്തില്‍ പ്രതിഷ്ഠിക്കുന്നു. എന്നിട്ട് അവര്‍ ഒരു ജാതിയാണെന്നതിനെക്കുറിച്ച് സമ്പൂര്‍ണ നിശബ്ദത പാലിക്കുന്നു. മാത്രമല്ല ഉന്നത ജാതിക്കാരുടെ എല്ലാമഹത്വവും വ്യക്തമായി ഈ ജാതിയില്‍ ആരോപിച്ചിരിക്കുന്നതോടെചാന്റ്റോര്‍ ഒരു ജാതിയല്ല എന്ന് പറയുവാന്‍ സവര്‍ണ്ണരെ നിര്‍ബന്ധിതരാക്കുന്നു. പില്‍ക്കാലത്ത് ബ്രാഹ്മണ മേധാവിത്വം സ്ഥാപിതമായതോടെ ഉയര്‍ന്നുവന്ന് അവരുടെ വിനീതവിധേയരായി സായൂജ്യമടയുവാന്‍ കൊതിച്ചവര്‍ക്ക് ആ ഔന്നത്യങ്ങളില്‍ സ്വന്തംഅസ്തിത്വത്തിന്റെയും സംസ്‌കൃതിയുടെയും സിംഹാസനങ്ങളില്‍ ഇരുന്നിരുന്നവരെ സ്വാഭാവികമായി തള്ളിപ്പറയേണ്ടി വന്നു. മാത്രമല്ല അവരെ അവിടെ നിന്ന് കുടിയിറക്കേണ്ടതായി വരികയും ചെയ്തു. അതിനുവേണ്ടിയാണ് നിറഞ്ഞ പകയോടെ അസ്വസ്ഥരായി മര്‍ദ്ദനമുറകളുമായി അവര്‍ ഓടിനടന്നിരുന്നത്.തുടര്‍ന്നുണ്ടായത് ഉന്മൂലനമായിരുന്നു. ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും. അതുകൊണ്ടാണ് ചാന്റേറാര്‍ ഒരു ജാതിയല്ലെന്ന് പറയാതെ പറയുന്നതും പന്ത്രണ്ടാം നൂറ്റാണ്ട് വരെ ഇവിടെ നിറഞ്ഞു നിന്ന ചാന്റ്റോറെ കാണാനില്ലെന്ന് വിലപിക്കുന്നതും.
വലിയ രാജകീയ പാരമ്പര്യവും മഹത്വവും ഉണ്ടായിരുന്ന നാടാര്‍ എന്ന ചാന്റ്റോര്‍ സമുദായത്തെ ബ്രാഹ്മണ മേധാവിത്വവും കൂടെയുള്ളവരും ചേര്‍ന്ന് ഉന്മൂലനം ചെയ്തുവെന്നാണ് മേല്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നത്. ഈ ശ്രേഷ്ഠ ജാതിയെ ജാതിയായി പോലും അംഗീകരിക്കുവാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരായ ചരിത്രകാരന്മാരും വ്യാഖ്യാതാക്കളും സവര്‍ണ്ണരും തയ്യാറായില്ല എന്നും പറഞ്ഞുവെക്കുന്നു.
ഓരോ ജാതിയേയും മറ്റു ജാതിക്കാര്‍ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയാണെന്നു പ്രചരിപ്പിച്ചു കൊണ്ടാണ് മതംമാറ്റ പ്രചരണങ്ങള്‍ നടന്നത്. ജാതികള്‍ തമ്മിലുള്ള വലുപ്പചെറുപ്പ വാദഗതികള്‍ക്കിടയില്‍ മിഷണറിമാര്‍ കയറി കളിക്കുകയും ഇവരെ രണ്ടാക്കി നിര്‍ത്തിക്കൊണ്ടു തന്നെ രണ്ട് കൂട്ടരെയും മതംമാറ്റുവാന്‍ ശ്രമിക്കുകയും ചെയ്തു. മഹത്തായ ജാതി സ്വത്വം ഉണ്ടായിരുന്ന നാടാരെ ബോധപൂര്‍വം ഇല്ലാതാക്കുവാന്‍ സവര്‍ണ്ണര്‍ ശ്രമിച്ചുവെന്നും അവര്‍ ഹിന്ദുക്കളായിരുന്നെന്നും വിദേശ പാതിരിമാരുടെ ഇടപെടല്‍ കൊണ്ടും കൃപാകടാക്ഷം കൊണ്ടും പരിവര്‍ത്തിത നാടാര്‍ അതില്‍ നിന്നൊക്കെ രക്ഷപ്പെട്ടുവെന്നുമൊക്കെയാണ് ഇത്തരം സാഹിത്യം പറഞ്ഞുവെക്കുന്നത്. ഈ നാട്ടിലെ ഭരണകൂടങ്ങളും സവര്‍ണരും തങ്ങളോട് കാട്ടിയ ക്രൂരതകള്‍ എന്ന പേരില്‍ അവര്‍ പ്രചരിപ്പിക്കുന്നതിന്റെ പൊള്ളത്തരങ്ങള്‍ മുലക്കരം കഥയിലും മലദ്വാരത്തിലൂടെ വാള്‍ കയറ്റി അണ്ണാക്കില്‍ എത്തിക്കുന്ന കഥകളിലുമൊക്കെ നാം കണ്ടു. ഇത്തരം രചനകളുടെ ഏക ലക്ഷ്യം എന്നുപറയുന്നത് ഹിന്ദു സമൂഹത്തിനു നേരെ മററുള്ളവര്‍ക്ക് ഇടയില്‍ പരമാവധി വെറുപ്പുണ്ടാക്കുക എന്നത് മാത്രമാണ്.
(തുടരും)