അമ്മ രാമായണം വായിക്കുമ്പോള്‍
കര്‍ക്കിടകം കറുത്ത ചേലയുടുത്ത്
പടിവാതില്‍ക്കല്‍ വന്ന് നില്പുണ്ടാവും
വാ തോരാതെ മുറുക്കാന്‍ ചവച്ച്
ചുവന്ന ചുണ്ടുകളുമായി ഒരേ നില്പാണ് .
പോകെ, പോകെ അമ്മയും കര്‍ക്കിടകവും
പിരിയാന്‍ കഴിയാത്ത സുഹൃത്തുക്കളായി.
പഴംനുറുക്കും, അവിലും, മലരും
നല്‍കുമ്പോള്‍ വാ നിറയെ മുറുക്കാനാണേ
വെള്ളം തായോയെന്ന് വിളിച്ചു പറയും.
പഴംനുറുക്ക് ചവച്ച് പഞ്ഞകഥകള്‍
പറഞ്ഞ് കര്‍ക്കിടകം കരയും.
എല്ലാവര്‍ക്കും വെറുപ്പാണെന്ന് പറഞ്ഞ്
കണ്ണീര്‍ തുടയ്ക്കുമ്പോള്‍
അമ്മ ബാലകാണ്ഡം വായിച്ചു തുടങ്ങും.
കള്ളക്കര്‍ക്കിടകമെന്ന് പുലയാട്ടി,
മരണമാണെന്നധിക്ഷേപിച്ച്
പടിയിറക്കി വിടുന്നുവെന്ന് സങ്കടപ്പെടും
ഇക്കാണുന്ന മഴയെല്ലാം,
എന്റെ കരച്ചിലാണെന്ന് ചിരിക്കും.
ഇക്കാണുന്ന ഇരുട്ടെല്ലാം
എന്റെ ചേലയാണെന്ന് നനയും.
പകുതിയുറക്കത്തില്‍ ഞാന്‍
കര്‍ക്കിടകത്തോടൊപ്പം കരയുമ്പോള്‍
അമ്മ അയോദ്ധ്യാ കാണ്ഡം വായിച്ചുതുടങ്ങുന്നു.
മരിച്ചവര്‍ക്ക് തര്‍പ്പണം ചെയ്യുമ്പോള്‍
കര്‍ക്കിടകവാവേന്ന് പുണരും
അച്ഛനെ,അമ്മയെ,ആങ്ങളയെ
അപ്പച്ചിയെ, മുത്തച്ഛനെ, മുത്തശ്ശിയെ
ഓര്‍ക്കാന്‍ നീയേയുള്ളുവെന്ന് സ്‌നേഹപ്പെടും
രാമായണം തുഴഞ്ഞ്, തുഴഞ്ഞ് മറുകരയെത്താന്‍
പാഞ്ഞോടുമ്പോള്‍ കരിമ്പടം ചുറ്റിയ ഉടലുമായി
ഞാന്‍ പുറകെയുണ്ടെന്ന് ഭയപ്പെടും.
കര്‍ക്കിടകത്തോടൊപ്പം അമ്മയും കരയും
കരയുന്ന കര്‍ക്കിടകം കരയാതെ, കരയാതെയെന്ന്
അമ്മയെ ആശ്വസിപ്പിക്കും
കറുത്ത ചേല നീട്ടി കണ്ണീര്‍തുടയ്ക്കും.
പഴം നുറുക്ക് സ്‌നേഹത്തോടെ നീട്ടും.
ഏഴ് കാണ്ഡങ്ങളും കേട്ട് കര്‍ക്കിടകവും അമ്മയും
അലിഞ്ഞില്ലാതായത് എത്ര വേഗത്തിലെന്ന്
ഞാന്‍ ആശ്ചര്യപ്പെടും.
കറുത്തചേലയില്‍ ഒളിപ്പിച്ച് കടത്തിയ
അമ്മയെ തിരിയെ തായോയെന്ന് പായാരം പറയും.
ഉത്തരകാണ്ഡം വായിക്കുന്നതിന് മുന്‍പേ
ഞാന്‍ രാമായണം മടക്കും.