ശാസ്താംകോട്ട: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പരിഷ്കരിച്ച ശമ്പളത്തിന് അര്‍ഹത നേടി ഒരു വര്‍ഷം പിന്നിടുമ്പോഴും അത് നടപ്പാക്കാനുള്ള പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കാത്തത് സര്‍ക്കാര്‍ ജീവനക്കാരോട് ചെയ്യുന്ന വഞ്ചനയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ പറഞ്ഞു. എന്‍ടിയു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുന്നില്‍ സംഘടിപ്പിച്ച വഞ്ചനാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാരിന്റെ തൊഴിലാളി പ്രേമം വാക്കുകളില്‍ മാത്രമാണുള്ളത്. പത്താം ശമ്പളക്കമ്മീഷന് ശുപാര്‍ശപ്രകാരം പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ് സര്‍ക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലമാണ് ചാപിള്ളയായിപ്പോയത്. പ്രളയ ദുരിതബാധിതരെ സഹായിക്കാനെന്ന പേരില്‍ ജീവനക്കാരില്‍ നിന്നും സാലറിചാലഞ്ചിലൂടെ സമാഹരിച്ച തുക ഗുണഭോക്താക്കളിലെത്തിയില്ലെന്നു മാത്രമല്ല, ഭരണ കക്ഷിയുടെ പ്രാദേശിക നേതാക്കള്‍ തട്ടിയെടുക്കുകയും ചെയ്തിരിക്കുന്നു. സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പൊരുതുന്ന ആരോഗ്യ – പോലീസ് – റവന്യൂ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം ഓര്‍ഡിനന്‍സിലൂടെ പിടിച്ചുവച്ച സര്‍ക്കാര്‍ ഇഷ്ടര്ക്കാര്ക്കുവേണ്ടി പണം യഥേഷ്ടം ധൂര്‍ത്തടിക്കുകയാണെന്നും പി.എസ്. ഗോപകുമാര്‍ പറഞ്ഞു.
ഉപജില്ലാ പ്രസിഡന്റ് ആര്.ഹരികൃഷ്ണന് അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ആര്. ശിവന്‍പിള്ള, ബി.ജെ.പി ജില്ലാ സമിതിയംഗം മുതുവിലാങ്ങാട് രാജേന്ദ്രന്, ന്യൂനപക്ഷമോര്‍ച്ച മുന്‍ ജില്ലാ ജന.സെക്രട്ടറി ആല്‍ഫാ ജയിംസ്, ആര്.വൈ. രഞ്ജിത്ത്, അനൂപ് എന്നിവര്‍ സംസാരിച്ചു.