ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളുടെ സൈന്യങ്ങള്‍, അതും ആണവശക്തികളായ രണ്ട് രാഷ്ട്രങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ കല്ലും വടിയും മുള്ളുകമ്പിയും ആയുധങ്ങളാക്കുക, അനിഷ്ടസംഭവങ്ങളില്‍ ഇരുഭാഗത്തുമായി 75 ഓളം സൈനികര്‍ക്ക് ജീവനാശം ഉണ്ടാകുക. ഒരു പക്ഷെ മദ്ധ്യകാലത്തെ യുദ്ധചരിത്രങ്ങളില്‍ പോലും സങ്കല്‍പ്പിക്കാനാകാത്ത തരത്തിലുള്ള സംഭവവികാസങ്ങളാണ് ലഡാക്ക് മേഖലയിലെ ഗല്‍വാന്‍ തടാക തീരത്തും താഴ്‌വരയിലും കഴിഞ്ഞയാഴ്ച നടന്നത്.
ഒരുവശത്ത്, കൃത്യമായ ഒരു പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഭാരതത്തിന്റെ ഭൂപ്രദേശത്ത് ഇടിച്ചുകയറി നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനീസ് പട്ടാളം. മറുവശത്ത്, 1962 മുതലുള്ള നഷ്ടങ്ങള്‍ നെഞ്ചിലെ തീയായി സൂക്ഷിക്കുന്നതുകൊണ്ട് ഒരിഞ്ചു പോലും വിട്ടുകൊടുക്കില്ലെന്ന പ്രതിജ്ഞയുമായി നില്‍ക്കുന്ന ഇന്ത്യന്‍ സൈനികരും. മാസങ്ങളായി നീറിപ്പുകയുന്ന ഈ സംഘര്‍ഷത്തിനൊടുവില്‍ ഉണ്ടായ സംഭവവികാസങ്ങള്‍, രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ ഭാരതീയന്റെയും മനസ്സില്‍ ആഴത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇരുട്ടിന്റെ മറവില്‍ ചതിക്കുന്ന ചൈനയെ വിറപ്പിക്കുന്ന രീതിയില്‍ തന്നെ തിരിച്ചടി നല്‍കാന്‍ നമ്മുടെ ധീരയോദ്ധാക്കള്‍ക്ക് സാധിച്ചു എന്നത് ദു:ഖത്തിനും അമര്‍ഷത്തിനുമിടയിലെ ആശ്വാസം തന്നെയാണ്.
ഗാല്‍വാനില്‍ ജൂണ്‍ 15 നു രാത്രിയുണ്ടായ ഏറ്റുമുട്ടല്‍ ചൈനീസ് പട്ടാളം തയ്യാറാക്കിയ വിപുലമായ ഒരു പദ്ധതിയുടെ ഭാഗമായിരുന്നു എന്നത് വ്യക്തമാണ്. 1967 ല്‍ നാഥുല പാസ്സിലെ സംഘട്ടനത്തില്‍ എന്നപോലെ ഇവിടെയും പ്രകോപനമുണ്ടാക്കിയതും കൂടുതല്‍ ആള്‍നാശം ഉണ്ടായതും ചൈനക്കാണ്. നാഥുലായില്‍ 80 ഭാരതീയ സൈനികര്‍ ആണ് ചൈനീസ് കടന്നുകയറ്റം തടയാന്‍ ശ്രമിച്ച് വീരസ്വര്‍ഗ്ഗം പ്രാപിച്ചത്. പക്ഷെ അവര്‍ 300 ഓളം ശത്രുക്കളെ വകവരുത്തി. ഗാല്‍വാനിലാകട്ടെ, നഷ്ടപ്പെട്ടതിന്റെ ഇരട്ടി ശത്രുനാശമുണ്ടാക്കാന്‍ ഇന്ത്യയുടെ ധീരസൈനികര്‍ക്കു സാധിച്ചു.
എന്തായിരുന്നു ഗല്‍വാനില്‍ അന്ന് സംഭവിച്ചത്?
ജൂണ്‍ ആറാം തീയതി ലഫ്റ്റന്റ്റ്ജനറല്‍തല ചര്‍ച്ചകള്‍ക്ക് ശേഷം ഗാല്‍വാനിലെ തര്‍ക്ക പ്രദേശമായ പട്രോള്‍ പോയിന്റ് 14 ല്‍ നിന്നും പിന്‍മാറാന്‍ ഇരുകൂട്ടരും ധാരണയായിരുന്നു. മാത്രമല്ല, ഗാല്‍വാന്‍ നദിയുടെ തിരിവിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് ചൈനീസ് പട്ടാളം നിര്‍മ്മിച്ച നിരീക്ഷണ ക്യാമ്പ് ഇന്ത്യന്‍ പ്രദേശത്താണെന്ന് ചര്‍ച്ചയില്‍ തെളിഞ്ഞിരുന്നു. ഉഭയകക്ഷി ധാരണ പ്രകാരം ക്യാമ്പ് ചൈനീസ് പട്ടാളം പൊളിച്ചുമാറ്റുകയും ചെയ്തു.
അതിനുമുന്‍പ് ആ പ്രദേശത്തെ ഇന്ത്യയുടെ 16 ബീഹാര്‍ ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസറായ കേണല്‍ സന്തോഷ് ബാബുവുമായി ചൈനീസ് പട്ടാള കമാന്‍ഡര്‍ ചര്‍ച്ച നടത്തുകയും സൗഹൃദത്തില്‍ പിരിയുകയും ചെയ്തു. എന്നാല്‍ പൊളിച്ച ക്യാമ്പ് ജൂണ്‍ 14 നു അതേ സ്ഥലത്ത് പുന:സ്ഥാപിക്കപ്പെട്ടു. ഇവിടെയാണ് ചൈനീസ് ചതിയുടെ തുടക്കം.
നിരീക്ഷണ പോസ്റ്റ് പുനഃസ്ഥാപിച്ചത് ഒരുപക്ഷെ തെറ്റിദ്ധാരണ കൊണ്ടാകാം എന്നു കരുതി കാര്യങ്ങള്‍ ചോദിച്ചറിയാനാണ് കേണല്‍ സന്തോഷ്ബാബുവും ചെറിയ സംഘവും അവിടെ ചെന്നത്. എന്നാല്‍ അവര്‍ക്ക് പരിചയമുള്ള ചൈനീസ് പട്ടാളക്കാര്‍ക്ക് പകരം മറുവശത്ത് ഉണ്ടായിരുന്നത് ആക്രമണോത്സുകരായി നില്‍ക്കുന്ന പുതിയ ഒരു സംഘം ആയിരുന്നു. (അവര്‍ ടിബറ്റിലെ പരിശീലനകേന്ദ്രത്തില്‍ നിന്ന് നേരിട്ട് ഇവിടേയ്ക്ക് വിന്യസിക്കപ്പെട്ടവര്‍ ആയിരുന്നു എന്നാണ് പിന്നീട് പുറത്തു വന്ന വിവരം.) തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങുന്നു എന്ന് തിരിച്ചറിഞ്ഞ കേണല്‍ സന്തോഷ്ബാബു പ്രശ്‌നം വഷളാകാതെ രണ്ട് മേജര്‍മാര്‍ ഉള്‍പ്പെടുന്ന സ്വന്തം സംഘത്തെ തണുപ്പിക്കാനാണ് ശ്രമിച്ചത്. നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ പരിശീലകന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്, പക്ഷെ പുതിയ ചൈനീസ് സംഘത്തിന്റെ വരവ് മുന്‍കൂട്ടിയുള്ള പദ്ധതിയുടെ ഭാഗമാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. പ്രകോപനവും സംഘട്ടനവും ലക്ഷ്യംവച്ചു നിന്ന ചൈനീസ് ഭടന്‍മാര്‍ കേണല്‍ സന്തോഷ് ബാബുവിനെ തന്നെ ലക്ഷ്യം വച്ചത് മനഃപൂര്‍വ്വമായിരുന്നു എന്നു വേണം കരുതാന്‍.കല്ലും കമ്പി വടിയും ഒക്കെയായിരുന്നു ഇരുട്ടിലെ ആയുധങ്ങള്‍. സ്വന്തം കമാന്‍ഡിങ് ഓഫീസറെ ആക്രമിക്കുന്നത് കണ്ട ഇന്ത്യന്‍ സംഘം ചൈനക്കാരെ കടന്നാക്രമിച്ചു. ചൈന കെട്ടിപ്പൊക്കിയ ക്യാമ്പ് തകര്‍ത്തു. നിരവധി ചൈനീസ് പട്ടാളക്കാരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍ സന്തോഷ്ബാബു സംശയിച്ചതുപോലെ കൂടുതല്‍ ചൈനീസ് പട്ടാളക്കാര്‍ രംഗത്തെത്തി.
രാത്രി 9 മണിയോടെയാണ് കേണല്‍ സന്തോഷിന്റെ തലക്ക് കല്ല് കൊണ്ട് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അതോടെ കാര്യങ്ങള്‍ കൈവിട്ടു. കേണല്‍ സന്തോഷിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഘാതക് കമാന്‍ഡോകള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സൈനികര്‍ തങ്ങളുടെ സി.ഒ.യുടെ നഷ്ടത്തിലെ ക്രോധം മുഴുവന്‍ ശത്രുവിന്റെ മേല്‍ തീര്‍ത്തു. 45 മിനിറ്റ് നീണ്ടുനിന്ന രണ്ടാമത്തെ സംഘര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ ചൈനീസ് പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 300 പേരാണ് ഇരുഭാഗത്തുമായി സംഘര്‍ഷത്തിലുണ്ടായിരുന്നത്. നിരവധി ചൈനീസ് പട്ടാളക്കാര്‍ കഴുത്തൊടിഞ്ഞ നിലയില്‍ മൈനസ് 6 ഡിഗ്രിയില്‍ തണുത്തുറഞ്ഞ ഗല്‍വാന്‍ നദിയിലേക്ക് വീണു.
ഇന്ത്യന്‍ പട്ടാളക്കാരെ കൈകാര്യം ചെയ്യാന്‍ കൈ തരിച്ചുനിന്ന ചൈനീസ് സംഘത്തിന് ഞെട്ടല്‍ മാറും മുന്‍പ് രാത്രി 11 മണിക്ക് അടുത്ത സംഘട്ടനവും പൊട്ടിപുറപ്പെട്ടു. തങ്ങളുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ചൈന അയച്ച ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണിന്റെ സാന്നിദ്ധ്യമാണ് ധീരസൈനികരുടെ ശവശരീരങ്ങളും പരിക്കേറ്റ സഹപ്രവര്‍ത്തകരെയും നീക്കാനെത്തിയ ഇന്ത്യന്‍ പട്ടാളക്കാരെ പ്രകോപിപ്പിച്ചത്. വീണ്ടും പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം അര്‍ദ്ധരാത്രി കഴിയും വരെ നീണ്ടു നിന്നു. മൂന്നാമത്തെ സംഘട്ടനത്തിനു ശേഷം സംഘര്‍ഷ പ്രദേശത്ത് നിന്ന് അഞ്ച് ഓഫീസര്‍മാരുള്‍പ്പെടെ 16 ചൈനീസ് ശവശരീരങ്ങളാണ് അവരുടെ പട്ടാളം നീക്കിയത്. ചൈനീസ് ഭാഗത്തെ കമാന്‍ഡിങ് ഓഫീസറും ഈ മൂന്നാം സംഘട്ടനത്തില്‍ കൊല്ലപ്പെട്ടു. ഇരുഭാഗത്തും പെട്ടുപോയ പട്ടാളക്കാരെ അടുത്ത ദിവസങ്ങളില്‍ പരസ്പരം കൈമാറുകയും ചെയ്തു. ഇവര്‍ യുദ്ധ തടവുകാരായിരുന്നില്ല, മറിച്ച് ഇരുളിന്റെ മറവില്‍ നടന്ന ദ്വന്ദയുദ്ധത്തില്‍ മറുവശത്ത് പെട്ടുപോയവര്‍ ആയിരുന്നു. പരിക്കേറ്റ സൈനികര്‍ക്ക് ചികിത്സ നല്‍കാന്‍ ഇരു ഭാഗത്തും സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു എന്നാണ് അനൗദ്യോഗിക വിവരം.
ചൈനീസ് പ്രകോപനത്തിന്റെ പിന്നാമ്പുറം
ഒരു ചൈനീസ് വൈറസ് ലോകം മുഴുവന്‍ ജയിലറയാക്കി മാറ്റിയ ഈ കാലത്ത് എന്തുകൊണ്ടാണ് ചൈന ഇങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നത് എന്ന ചോദ്യം പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്. ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായ ഒരു കൈയബദ്ധമായി ഇതിനെ ലഘൂകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചൈനീസ് നിയന്ത്രണത്തിലും സ്വാധീനത്തിലുമുള്ള ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയാണ് അക്രമം തുടങ്ങിയതെന്ന പ്രചരണം പോലും നടത്തുന്നുണ്ട്.
എന്നാല്‍ ചൈനയെ സംബന്ധിച്ച് ഒരു ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ചെറുതും വലുതുമായ ഈ സംഘട്ടനങ്ങള്‍ ഓരോന്നും. 1967ല്‍ നാഥുലാ പാസ്സിലും 1987-ല്‍ സുമദോറോഗ് ചൂ താഴ്‌വരയിലും നടത്തിയ സാഹസങ്ങള്‍ക്ക് ലഭിച്ച തിരിച്ചടി ചൈനയെ പിന്തിരിപ്പിക്കാത്തതിന്റെ കാരണവും ഇതാണ്.
ടിബറ്റ് പൂര്‍ണ്ണമായും കീഴടക്കി, ലഡാക്കിന്റെ ഒരു ഭാഗവും കൈക്കലാക്കിക്കഴിഞ്ഞ ചൈന ഇനിയും സ്വപ്‌നം കാണുന്നത് പൂര്‍ണ്ണ ലഡാക്കും പിന്നെ സിക്കിമും അരുണാചല്‍ പ്രദേശും ഒക്കെയാണ്. പക്ഷെ ഒരു പൂര്‍ണ്ണ യുദ്ധത്തില്‍ ഈ പ്രദേശങ്ങള്‍ പിടിച്ചെടുക്കുക സാദ്ധ്യമല്ലെന്ന് അവര്‍ക്ക് പൂര്‍ണ്ണബോദ്ധ്യമുണ്ട്. പകരം ചെറിയ നീക്കങ്ങളിലൂടെ ഈ പ്രദേശങ്ങളില്‍ തന്ത്രപ്രധാനമായ ഉയര്‍ന്ന സ്ഥലങ്ങളും മലയിടുക്കുകളും താഴ്‌വരകളും സാവധാനം കൈയേറുകയാണ് ചൈന ചെയ്തുവന്നിരുന്നത്. രണ്ടടി മുന്നോട്ടു വയ്ക്കുക. തര്‍ക്കം ഉണ്ടാകുമ്പോള്‍ ഒരടി പിന്നിലേക്ക് മാറികൊടുക്കുക ശേഷിക്കുന്ന ഒരടി കൈക്കലാക്കുക എന്ന തന്ത്രം.
ഇതനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയുടെ എതിര്‍പ്പിനെ വകവക്കാതെതന്നെ ചൈനീസ് ഭാഗത്ത് നിര്‍ബാധം നടന്നു വന്നത്. എന്നാല്‍ അതിര്‍ത്തിക്കപ്പുറത്തെ ഭീഷണികളെക്കുറിച്ച് പൂര്‍ണ്ണ ബോദ്ധ്യമുണ്ടെങ്കിലും, ഇന്ത്യ അനുവര്‍ത്തിച്ചു വന്നത് പ്രതിരോധത്തിലൂന്നിയുള്ള നടപടികളും. പ്രത്യേകിച്ചും യു.പി.എ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണത്തില്‍. നെഹ്രുവിന്റെ തെറ്റുകളില്‍നിന്ന് കുറച്ചെങ്കിലും പാഠം പഠിച്ച ഇന്ദിരാഗാന്ധിയും, ഒരു പരിധി വരെ രാജീവ് ഗാന്ധിയും ചൈനീസ് അധിനിവേശ ടിബറ്റ് അതിര്‍ത്തിയില്‍ പുലര്‍ത്തിയ ജാഗ്രതയാണ് ഡോ. മന്‍മോഹന്‍സിംഗിന്റെ കാലത്ത് പൂര്‍ണ്ണമായും നഷ്ടമായത്. ചൈനയെ പ്രകോപിപ്പിക്കുന്ന ഒന്നും ചെയ്യില്ല എന്നു മാത്രമല്ല , ചൈനീസ് പ്രീണനവും കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി. (കേന്ദ്ര വിദേശമന്ത്രിയായിരുന്ന സല്‍മാന്‍ ഖുര്‍ഷിദ് ബീജിംഗില്‍ വച്ച് നടത്തിയ ചൈനീസ് അനുകൂല പ്രസ്താവനക്കെതിരെ അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി രംഗത്തുവന്നത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും.) എന്നാല്‍ ഈ നയങ്ങളും രീതികളുമെല്ലാം പെടുന്നനെ മാറിമറഞ്ഞത് 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്.
യുദ്ധമുണ്ടായാലും ഇല്ലെങ്കിലും 4056 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ -ചൈനീസ് അധിനിവേശ ടിബറ്റ് അതിര്‍ത്തിയില്‍ ഒരു പൂര്‍ണ്ണ യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് ശത്രു എന്നു മനസ്സിലാക്കിയ പുതിയ കേന്ദ്രസര്‍ക്കാര്‍ അതിനനുസരിച്ചുള്ള നടപടികള്‍ ആരംഭിച്ചു. അരുണാചല്‍ സെക്ടറിനെ അപേക്ഷിച്ച് ഇന്ത്യന്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് ലഡാക്ക് സെക്ടറിലാണെന്ന് തിരിച്ചറിവും കേന്ദ്രത്തിനുണ്ടായി.
തുടര്‍ന്ന് ഈ മേഖലയില്‍, പട്ടാള വാഹനങ്ങളുടെയും സാധനസാമഗ്രികളുടെയും നീക്കങ്ങള്‍ ത്വരിതപ്പെടുത്താന്‍ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഊര്‍ജിതപ്പെടുത്തിയത് 2014 നു ശേഷമാണ്. ഒരു കണക്കനുസരിച്ചു, കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ തന്ത്രപ്രധാനമായ 74 പാതകളാണ് ലഡാക്ക് സെക്ടറില്‍ ചൈനീസ് എതിര്‍പ്പ് വകവയ്ക്കാതെ ഇന്ത്യ നിര്‍മ്മിക്കുകയോ ഗതാഗത യോഗ്യമാക്കുകയോ ചെയ്യ്തത്. നാനൂറില്‍ പരം അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ആദ്യമായി ഇന്ത്യന്‍ സൈനിക വാഹനങ്ങള്‍ എത്തി. ഇതോടൊപ്പം ടാങ്കുകളും അത്യന്താധുനിക വെടിക്കോപ്പുകളും അതിര്‍ത്തി മേഖലയില്‍ വിന്യസിച്ചു. വാര്‍ത്താവിനിമയ സൗകര്യങ്ങളും ശക്തിപ്പെടുത്തി. ഗല്‍വനിലെ പാലം നിര്‍മ്മാണം ഇതിന്റെ അവസാന ഉദാഹരണം മാത്രമായിരുന്നു. തങ്ങളുടെ നീരസം കണക്കിലെടുക്കുന്നവരല്ല ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് എന്ന വ്യക്തമായ സന്ദേശം ചൈനക്ക് നല്‍കിക്കൊണ്ട് തന്നെ ഈ സംഘര്‍ഷത്തിടയിലും ആ പാലം നിര്‍മ്മാണവും ഇന്ത്യ പൂര്‍ത്തിയാക്കി.
ചൈനീസ് ചതിക്ക് വേറെയും കാരണങ്ങള്‍
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യയുടെ പ്രാധാന്യം ചൈനയെ വിറളിപിടിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ എന്ന ഒരു ഉപഗ്രഹരാജ്യത്തെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സമ്മര്‍ദ്ദശക്തിയാക്കി നിര്‍ത്തിയതുപോലെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ സാധിക്കുന്ന ഒരു രാജ്യമല്ല ഇന്ത്യ എന്ന ബോധ്യം ഇന്ന് ചൈനക്കുണ്ട്. റഷ്യയിലെ ഖനികളിലും മദ്ധ്യദേശത്തെ എണ്ണപ്പാടങ്ങളിലും സിലിക്കണ്‍ താഴ്‌വരയിലെ ഐ ടി കമ്പനികളിലും ആഗോള മാധ്യമസ്ഥാപനങ്ങളിലുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും നിക്ഷേപങ്ങളുള്ള ചൈനക്ക് ഇന്ന് അമേരിക്ക പോലും ഒരു സാമ്പത്തിക – സൈനികഭീഷണിയല്ല. പക്ഷെ ഭാരതത്തിന്റെ ആഗോള സ്വാധീനവും തിളങ്ങുന്ന പ്രതിച്ഛായയും സ്വീകാര്യതയും ചൈനക്ക് ദഹിക്കുന്നില്ല.
ജമ്മുകാശ്മീര്‍ പുനഃ സംഘടന
ചൈനയുടെ ദീര്‍ഘകാല അതിരു മാന്തല്‍ പദ്ധതിക്ക് തുരങ്കം വച്ച മറ്റൊരു സംഭവവികാസമായിരുന്നു ജമ്മുകാശ്മീര്‍ പുനഃസംഘടന. ഈ പുനഃസംഘടനക്ക് ശേഷം ലഡാക്കിലും കാശ്മീരിലും വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വ്യാപാര വാണിജ്യ ഇടപാടുകളും കൂടുതല്‍ ശക്തിപ്പെടും എന്നത് ഉറപ്പായിരുന്നു. അതിനെതിരെ തങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടതിന് സഖ്യരാജ്യമായ പാകിസ്ഥാനെ ഒപ്പം നിര്‍ത്തേണ്ടതും ചൈനക്ക് ആവശ്യമായിരുന്നു. അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കാന്‍ ഒരു കാരണം അതുമാകാം.
കൊറോണ വ്യാപനത്തോടെ തങ്ങള്‍ ഒറ്റപെടുമെന്നും ആ വിടവ് ആഗോളതലത്തില്‍ ഭാരതം പ്രയോജനപ്പെടുത്തുമെന്നമുള്ള ഭീതി ചൈനയെ അതിര്‍ത്തിയിലെ സാഹസത്തിനു പ്രേരിപ്പിച്ചിട്ടുണ്ടാകാം.
പൂര്‍ണ്ണയുദ്ധമുണ്ടാകുമോ?
ചൈനീസ് അധിനിവേശ ടിബറ്റ് അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം ഉണ്ടാക്കുന്ന ഏകപക്ഷീയമായ പ്രകോപനം ഒരു പൂര്‍ണ്ണയുദ്ധത്തിന്റെ മുന്നോടിയാണോ എന്ന ചോദ്യം ഇന്ന് ലോകമെമ്പാടും ഉയരുന്നുണ്ട്. രണ്ട് ആഗോള-ആണവ ശക്തികള്‍ തമ്മില്‍ യുദ്ധമുണ്ടായാല്‍ ലോകത്തിനുതന്നെ അത് വിനാശകരമാകുമെന്ന അറിവ് ഐക്യരാഷ്ട്രസഭയേയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
എന്നാല്‍ രാഷ്ട്രതന്ത്രജ്ഞന്മാരും ചൈനവിദഗ്ദ്ധരും കരുതുന്നത് ഒരു പൂര്‍ണ്ണയുദ്ധം ഉണ്ടാകില്ലെന്നുതന്നെയാണ്. അങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചാല്‍ അത് ചൈനക്ക് സാമ്പത്തികമായും നയതന്ത്രപരമായും വലിയ തിരിച്ചടിയില്‍ കലാശിക്കും എന്ന് കമ്മ്യൂണിസ്‌ററ് ഭരണകൂടത്തിനുമറിയാം. ഭാരതത്തിന്റെ സുസജ്ജമായ സേനയും അവരുടെ തയ്യാറെടുപ്പുകളുമാണ് സാഹസത്തില്‍ നിന്ന് ചൈനയെ പിന്തിരിപ്പിക്കുന്ന മറ്റൊരു ഘടകം. ഗല്‌വാന്‍ സംഭവത്തിനുശേഷം അതിര്‍ത്തിയില്‍ വേണ്ട തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സേനയ്ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള കേന്ദ്ര നിര്‍ദ്ദേശവും ചൈനക്ക് നല്കിയത് ശക്തമായ താക്കീതാണ്. ഗല്‍വാന്‍ തിരിച്ചടിക്ക് ശേഷം, 1962ലെ ഇന്ത്യയല്ല അതിര്‍ത്തിക്കപ്പുറം നെഞ്ചുവിരിച്ച് നില്ക്കുന്നതെന്ന് ചൈനയെ ഇനിയാരും പ്രത്യേകം പഠിപ്പിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
ഇതൊക്കെയാണെങ്കിലും, ചൈന ഒരു സാഹസത്തിന് മുതിര്‍ന്നാല്‍ എന്താകും സ്ഥിതി എന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും. ആണവായുധങ്ങള്‍ ഉപയോഗിക്കാതെയുള്ള യുദ്ധത്തിന്റെ കാര്യങ്ങള്‍ മാത്രമേ ഇവിടെ വിഭാവനം ചെയ്യാന്‍ സാധിക്കൂ എന്നുകൂടി എടുത്തു പറയട്ടെ.
കണക്കിലെടുക്കേണ്ട ആദ്യ ഘടകം സൈന്യബലം തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ സൈന്യമായ ചൈനയുടെ ആള്‍ബലം തീര്‍ച്ചയായും കൂടുതലാണ്. 16 ലക്ഷം സൈനികര്‍ ചൈനക്കുണ്ട്. ഇന്ത്യയ്ക്ക് 12 ലക്ഷവും. ഭാരതത്തിന്റെ ഏതാണ്ട് രണ്ടര ലക്ഷത്തോളം സൈനികരാണ് ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിക്കപ്പെട്ടിട്ടുള്ളത്. മൂന്നു മേഖലകളിലായിട്ടാണ് (കിഴക്കന്‍, മധ്യ, വടക്കന്‍) ഈ വിന്യാസം. ചൈനയുടെ സേനാബലവും ഇതിന് തുല്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പക്ഷെ യുദ്ധപരിചയത്തില്‍ ഇരുസേനകളും തമ്മിലുള്ള അന്തരം പ്രകടമാണ്. 1962ലെ യുദ്ധത്തിനു ശേഷം ചൈന ആകെ ചെയ്ത ഒരു യുദ്ധം, 1979ല്‍ വിയറ്റ്‌നാമിലാണ്. അമേരിക്കക്കാരോട് ഏറ്റുമുട്ടി യുദ്ധവീര്യം നിറഞ്ഞുനിന്ന വിയറ്റ്‌നാം സൈന്യത്തില്‍ നിന്നും ചൈനയ്ക്ക്അന്നുണ്ടായത് വലിയ തിരിച്ചടിയാണ്.
എന്നാല്‍ ഭാരതത്തെ സംബന്ധിച്ചടത്തോളം, 1962നു ശേഷം നമ്മള്‍ പാകിസ്ഥാനോട് രണ്ടു യുദ്ധങ്ങള്‍ ചെയ്തു വിജയം വരിച്ചു എന്നുമാത്രമല്ല, പാകിസ്ഥാന്റെ കാര്‍ഗില്‍ ഉള്‍പ്പെടെയുള്ള നിഴല്‍യുദ്ധങ്ങളില്‍ നിരന്തരം പൊരുതി സദാ യുദ്ധസന്നദ്ധരായി നില്ക്കുകയാണ് ഇന്ത്യന്‍ ഭടന്മാര്‍. ഇവിടെ പക്ഷെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇന്ത്യയുടെ സൈനിക വിന്യാസം കൂടുതല്‍ വികേന്ദ്രീകൃതവും അതിര്‍ത്തിയോട് ചേര്‍ന്നുമാണ് എന്നതാണ്. ചൈനയുടെ അതിര്‍ത്തിയിലെ സൈന്യബലം ഇന്ത്യയെ അപേക്ഷിച്ച് കുറവാണ് എന്നര്‍ത്ഥം. ഈ ന്യുനത പരിഹരിക്കാനും ഒരു അത്യാവശ്യ ഘട്ടത്തില്‍ അതിര്‍ത്തിയില്‍ സൈനികരെ പെട്ടെന്ന് എത്തിക്കാനുമാണ് ചൈന അവിടെ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിപ്പോന്നത്.
ഇന്ത്യന്‍ ഭാഗത്താകട്ടെ, മലമുകളിലും പീഠഭൂമികളിലും താഴ്‌വരകളിലുമൊക്കെയായി വിന്യസിക്കപ്പെട്ട സേനാംഗങ്ങളള്‍ ആപത്ഘട്ടത്തില്‍ ഒറ്റപ്പെടാതിരിക്കാന്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഈ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. പക്ഷെ ചൈന നടത്തുന്ന നിര്‍മ്മാണങ്ങളുടെ പശ്ചാത്തലത്തില്‍ അതുപോരാ എന്ന തിരിച്ചറിവാണ് അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇപ്പോള്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. അതിര്‍ത്തിയിലെ തങ്ങളുടെ ഒരു പ്രധാന മേല്‍ക്കൈ ഇതോടെ നഷ്ടമാകുന്നു എന്നതും ചൈനയെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ മിസൈല്‍ ശേഖരം കൂടുതല്‍ പാക് അതിര്‍ത്തിയിലാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ചൈനയുടെ ഏത് ഭാഗത്തും ആക്രമണം നടത്താവുന്ന അഗ്‌നി മിസൈലുകള്‍ ടിബറ്റ് അതിര്‍ത്തിയില്‍ നമ്മള്‍ വിന്യസിച്ചിട്ടുണ്ട്. അതോടൊപ്പം വ്യോമസേനയുടെ തുലനത്തില്‍ ഭാരതത്തിന് കൃത്യമായ മേല്‍ക്കൈയുണ്ടെന്നു തന്നെയാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ചൈനയെ ലക്ഷ്യമാക്കി 270 യുദ്ധ വിമാനങ്ങള്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. കൂടാതെ കരയിലെ യുദ്ധത്തിന് സജ്ജമായ 68 വിമാനങ്ങളും. ഇതെല്ലം അതിര്‍ത്തിയോട് ചേര്‍ന്നുമാണ്. യുദ്ധവിമാനങ്ങളുടെ കണക്കെടുപ്പിനപ്പുറം ഇന്ത്യയുടെ സുഖോയ്-30, മിറാഷ് 2000 യുദ്ധവിമാനങ്ങളുടെ ഗുണമേന്മയും പ്രഹരശേഷിയും ഇന്ത്യന്‍ വ്യോമസേനക്ക് കൂടുതല്‍ മേല്‍ക്കൈ നല്‍കുന്നുമുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യയിലേക്ക് നടത്തിയ മിന്നല്‍ സന്ദര്‍ശനവും പ്രധാനമായും ഭാരതത്തിന്റെ വ്യോമപ്രതിരോധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു എന്നാണ് വിശ്വസനീയ വിവരം.
ഇതെല്ലാമാണെങ്കിലും,ഒരു യുദ്ധമുണ്ടായാല്‍ അത് കരയിലും ആകാശത്തും മാത്രമാകില്ല കടലിലും കൂടി വ്യാപിക്കും എന്നുറപ്പാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉപഭൂഖണ്ഡത്തിനു ചുറ്റും മാല തീര്‍ത്ത് ഭാരതത്തെ വരിഞ്ഞു മുറുക്കാനുള്ള പദ്ധതി ചൈന തുടങ്ങിയത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. പാകിസ്ഥാനിലും ശ്രീലങ്കയിലും തുറമുഖങ്ങള്‍ ഏറ്റെടുത്തും മഹാസമുദ്രത്തിലെ ചെറിയ ദ്വീപുകള്‍ പാട്ടത്തിനെടുത്തുമൊക്കെ ചൈന ആസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഈ നീക്കങ്ങളോട് തുടക്കത്തില്‍ പ്രതികരിക്കാനും അത് പ്രതിരോധിക്കാനും ഇന്ത്യയ്ക്ക് സാധിച്ചില്ല. ഭാരതീയ നാവികസേനക്ക് 140ഓളം യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും 300നോടടുപ്പിച്ച് വിമാനങ്ങളുമുണ്ട്. ചൈനയേക്കാള്‍ കുറവാണ് ഇതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നുമാത്രമല്ല, ഇപ്പോഴും ഭാരതത്തിന്റെ സമ്പൂര്‍ണ പ്രതിരോധ ബജറ്റില്‍ നേവിയുടെ വിഹിതം 20 ശതമാനത്തില്‍ താഴെ മാത്രമാണ്. ഇത് വരും നാളുകളില്‍ ഇന്ത്യ പരിഹരിക്കേണ്ട ഒരു കുറവാണ്.
എന്തായാലും ഒരു കാര്യം വളരെ വ്യക്തമാണ്. ചൈനയെ, നമ്മളെക്കാള്‍ വലിയ ശക്തിയായിട്ടല്ല, സമന്മാരായാണ് ഇന്ന് ഭാരതം കാണുന്നത്, ഒരു യുദ്ധമുണ്ടായാലും അത് തുല്യശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി തന്നെ കലാശിക്കുമെന്ന് അര്‍ത്ഥം. ഈ അവസരം മുതലെടുക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചാല്‍ അത് ആ രാജ്യത്തിന്റെ സര്‍വ്വനാശത്തില്‍ അവസാനിക്കും. പാക് അധിനിവേശ പ്രദേശങ്ങള്‍ ഇന്ത്യ പിടിച്ചെടുക്കുകയും ചെയ്യും.
ഒരു കാര്യം കൂടി ഇവിടെ പ്രവചനസ്വഭാവത്തോടെ കൂട്ടിച്ചേര്‍ക്കാനാകും. സമീപഭാവിയില്‍ ഒരു പൂര്‍ണ്ണയുദ്ധം ഉണ്ടായില്ലെങ്കിലും അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുക തന്നെ ചെയ്യും. കാരണം ദക്ഷിണേഷ്യയില്‍ ചുവടുറപ്പിച്ചുകൊണ്ടു ലോകം മുഴുവന്‍ കീഴടക്കാന്‍ വെമ്പുന്ന, ലോകത്ത് പൂര്‍ണ്ണ ആധിപത്യം ആഗ്രഹിക്കുന്ന ചൈനക്ക് യഥാര്‍ത്ഥ ഭീഷണി ഭാരതം തന്നെയാണ്.
ചൈനയുടെ നീരാളിപിടുത്തം
ചൈനയുടെ നിലവാരമില്ലാത്ത കളിപ്പാട്ടങ്ങളും ഫോണുകളുമൊക്കെ ഉപേക്ഷിച്ച് തകര്‍ക്കാനാകുന്നതല്ല ആ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ. കുട്ടികള്‍ ഉള്‍പ്പെടെ മനുഷ്യര്‍ അടിമകളെപ്പോലെ 12 -14 മണിക്കൂര്‍ ജോലി ചെയ്ത് നിര്‍മ്മിക്കുന്ന ഗുണനിലവാരം കുറഞ്ഞ സാധനസാമഗ്രികള്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ വിറ്റഴിച്ച ലാഭം കൊയ്യുകയാണ് ചൈന. യഥാര്‍ത്ഥത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് ഉണ്ടാക്കുന്ന ഈ ലാഭമാണ് ചൈനീസ് വ്യാപാരത്തിന്റെ അടിസ്ഥാനം തന്നെ. മറുവശത്ത്, ലോകം കൈപ്പിടിയില്‍ ഒതുക്കാന്‍ കൈവിട്ടകളികള്‍ക്കാണ് ഇന്ന് ചൈന മുതിരുന്നത് . കൊറോണ വൈറസ് ഉണ്ടാക്കിയ മോശം പ്രതിച്ഛായ നേരിടാന്‍ ചൈന ഉപയോഗിച്ചത് ലോകാരോഗ്യ സംഘടനയുടെ മേല്‍ തങ്ങള്‍ക്കുള്ള അനധികൃത സ്വാധീനമാണ്.
ലോകത്ത് സകലരംഗത്തും നീരാളിപ്പിടുത്തം നടത്തുകയാണ് ഇന്ന് ചൈന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഭീഷണിയെക്കുറിച്ച് ആവര്‍ത്തിച്ചു പറയുന്നത് വെറുതെയല്ല.പക്ഷേ, അമേരിക്കയില്‍ തന്നെ വലിയ നിക്ഷേപങ്ങളാണ് ചൈന നടത്തിയിരിക്കുന്നത്.അത് വാണിജ്യ മേഖലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന വിവരവും അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. മാധ്യമരംഗത്തും വിനോദ വ്യവസായ രംഗത്തും മാത്രമല്ല,അമേരിക്കയിലെ ഹാര്‍വാര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ പോലും വന്‍ ചൈനീസ് നിക്ഷേപം ഉണ്ടെന്ന വാര്‍ത്ത പുറത്തുവന്നത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്. ഇതെല്ലാം, സംഭാവനകളും, പ്രോജക്ട് ഫണ്ടിങ്ങുമായാണ് വകയിരുത്തപ്പെട്ടിരിക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം. പക്ഷെ ഒരു ആവശ്യമുണ്ടായാല്‍,അമേരിക്കയെ വരിഞ്ഞുമുറുക്കാനുള്ള തയ്യാറെടുപ്പാണിതെന്ന് ഇപ്പോഴും പലര്‍ക്കും പിടികിട്ടിയിട്ടില്ല. ഇന്ത്യയെ താറടിച്ചു കാണിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും തുടര്‍ച്ചയായി പ്രസിദ്ധികരിക്കുന്ന ചില അമേരിക്കന്‍ മാധ്യമഭീമന്മാരെയും ചൈന വിലയ്‌ക്കെടുത്തിട്ടുണ്ടെന്ന് വേണം കരുതാന്‍.
ലോകം മുഴുവന്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴും ചുറ്റുപാടും ശത്രുക്കളും, തര്‍ക്കങ്ങളും ഉള്ള രാജ്യമാണ് ചൈന. അവര്‍ക്ക് സുഹൃത്തുക്കളില്ല, ആശ്രിതര്‍ മാത്രമേയുള്ളൂ. ആ ആശ്രിതരെ പോലും ചതിച്ച ചരിത്രമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനുള്ളത്. ചൈനയുമായി വ്യാപാര, വാണിജ്യ, നിര്‍മ്മാണ കരാറുകളില് ഏര്‍പ്പെട്ട പാകിസ്ഥാനും ശ്രീലങ്കയും ഒക്കെ ഇന്നതിന്റെ തിക്തഫലങ്ങള് അനുഭവിക്കുകയാണ്. ആ വഴിക്കാണ് ഇപ്പോള്‍ നേപ്പാളും നീങ്ങുന്നത്.
ചൈനയെ നേരിടാന്‍ വേണ്ടത് സമഗ്ര പദ്ധതി
നമ്മള്‍ ഇന്ന് നേരിടുന്ന ഭീഷണി യഥാര്‍ത്ഥത്തില്‍ ചൈനയില്‍ നിന്നോ അവിടുത്തെ ജനങ്ങളില്‍ നിന്നോ അല്ല. അവരെപ്പോലും അടിച്ചമര്‍ത്തി ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് യഥാര്‍ത്ഥ ഭീഷണി . കമ്മ്യൂണിസം സൃഷ്ടിച്ച ഇരുമ്പുമറക്കു പിന്നിലെ സുരക്ഷിത്വത്തില്‍ ഇരുന്നുകൊണ്ട് സ്വന്തം രാജ്യത്തെ അടിസ്ഥാന മൗലിക അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന, ചെറിയ വിമത ശബ്ദങ്ങള്‍ പോലും ശക്തമായി ഉന്‍മൂലനം ചെയ്യുന്ന ദന്തഗോപുരവാസികളായ ചൈനീസ് ഭരണാധികാരികള്‍ നയിക്കുന്ന ഭരണകൂടം.
ടിബറ്റില്‍ അധിനിവേശവും കൊലയും കൊള്ളിവെയ്പ്പും നടത്തുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം. സിംഗ്ജിയങ്ങിലും ഹോങ്കോങ്ങിലും പ്രതിഷേധിക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്തി തടവിലാക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം. പാകിസ്ഥാനെ കാശെറിഞ്ഞും നേപ്പാളിനെ കമ്മ്യൂണിസം പറഞ്ഞും ഇന്ത്യക്കെതിരെ ഉപയോഗിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം. ചുറ്റുമുള്ള ചെറിയ ഉപഗ്രഹ രാജ്യങ്ങളൊഴിച്ചു ബാക്കി സകലരുമായും തര്‍ക്കങ്ങളുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടം. കരയിലും കടലിലും ആകാശത്തും അധീശത്വം ഉറപ്പിച്ചു സാമ്പത്തിക രംഗവും കീഴടക്കി ദക്ഷിണേഷ്യയും ഏഷ്യയും കടന്നു ലോകം മുഴുവന്‍ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം.
സാമ്രാജ്യത്വ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ മാത്രം മുന്നോട്ടു നയിക്കുന്ന ആ കമ്മ്യൂണിസ്റ്റ് ഭരണകൂടം ആണ് നമ്മളുടെ ശത്രു. അവരെ തെറിവിളിച്ചിട്ടൊ കൊഞ്ഞനം കുത്തിയിട്ടോ കാര്യമില്ല. സമഗ്രമായ ഒരു പദ്ധതി ആണ് ആവശ്യം. സാമ്പത്തികരംഗത്തും പ്രതിരോധ രംഗത്തും മാത്രമല്ല, നയതന്ത്ര രംഗത്തും ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ഒറ്റപ്പെടുത്തുന്ന ഒരു പദ്ധതി.
അതാണ് 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അനുവര്‍ത്തിച്ചു വരുന്ന ഇന്ത്യയുടെ നയതന്ത്രത്തിന്റെ കാതലും. അതിന്റെ നേരെയുള്ള പൊട്ടലും ചീറ്റലുമാണ് ഇപ്പോള്‍ രാജ്യത്തിന് അകത്തും പുറത്തും കേള്‍ക്കുന്നത്. പക്ഷെ വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണയും, അന്തരാഷ്ട്ര സമൂഹത്തിന്റെ സഹകരണവും സൂചിപ്പിക്കുന്നത് ഭാരതം ശരിയായ ദിശയില്‍ തന്നെയാണ് സഞ്ചരിക്കുന്നത് എന്നാണ്. ഒരുപക്ഷെ വര്‍ഷങ്ങള്‍ മുന്‍പ് തന്നെ ഈ നയം സ്വീകരിച്ചിരുന്നെങ്കില്‍ സൈനികരുടെ വിലപ്പെട്ട ജീവനുകള്‍ മാത്രമല്ല, സ്വന്തം മണ്ണും ഭാരതത്തിനു നഷ്ടമാകില്ലായിരുന്നു.
(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ റോ ഉദ്യോഗസ്ഥനുമാണ് ലേഖകന്‍)