‘കാലഭൈരവന്റെ കടവ്’ എന്ന ഡോ.മധു മീനച്ചിലിന്റെ കവിത (കേസരി ജൂണ്‍ 5) വായിച്ചു. വളരെ മനോഹരമായ രചന. താളാത്മകമായി, ചടുലതയോടെ ചിട്ടപ്പെടുത്തിയ വരികള്‍ ആസ്വാദ്യകരമായി. വാരണാസിയില്‍ മൂന്നിലധികം തവണ ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. അവിടെ ഒട്ടനവധി ഘാട്ടുകളിലൂടെ (കടവുകള്‍) യാത്ര പോയിട്ടുണ്ട്. വാരാണഘട്ടിനും അസ്സിഘട്ടിനുമിടയിലായി ഗംഗാനദി തടത്തില്‍ സ്ഥിതിചെയ്യുന്ന നഗരമായ വാരണാസി, അവിടെ കാശി വിശ്വനാഥന്റെ പ്രശ സ്തമായ ക്ഷേത്രം. അതിനടുത്ത പ്രദേശത്ത് തന്നെയാണ് കാലഭൈരവ ക്ഷേത്രവും, ഈ ഘാട്ടുകള്‍ക്കിടയില്‍ മനുഷ്യ ജീവിതത്തിന്റെ സത്യം വിളി ച്ചോതുന്ന ആത്മവിദ്യാലയമായ മണികര്‍ണ്ണികാ ഘട്ട്. അവിടെ മനുഷ്യ ശരീരങ്ങള്‍ അഗ്നിനാളങ്ങള്‍ ആവാഹിച്ചെടുക്കുന്നത് നിര്‍നിമേഷനായി നോക്കി നിന്നിട്ടുള്ളത് ഈ കവിത വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടി മനസ്സില്‍ ഓടിയെത്തി. ഡോ. മധു മീനച്ചിലിനും കേസരി വാരികയ്ക്കും അഭിനന്ദനങ്ങള്‍. 1955ല്‍ റിലീസ് ചെയ്ത രാജാ ഹരിശ്ചന്ദ്ര എന്ന സിനിമയിലെ ഗാനത്തിന്റെ വരികള്‍ ‘ആത്മവിദ്യാലയമേ, ആത്മവിദ്യാലയമേ അവനിയില്‍ ആത്മവിദ്യാലയമേ’ മനസ്സില്‍ ഓര്‍മ്മ വന്നു.