ഐസ്വാള്‍: രാജകുടുംബത്തില്‍ പിറന്ന്, ബിരുദം നേടിയശേഷം സംഘപ്രചാരകനായ ആര്‍.വേണുഗോപാല്‍ജിയുടെ കര്‍മ്മകാണ്ഡം സമൂഹത്തിന് പൊതുവിലും തൊഴിലാളികള്‍ക്ക് പ്രത്യേകിച്ചും സേവനമായി മാറിയ സമര്‍പ്പിതജീവിതമായിരുന്നുവെന്ന് മിസോറാം ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ത്യാഗനിര്‍ഭരവും മാതൃകാപരവുമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. വേണുഗോപാല്‍ജി രചിച്ച ‘ടി.എന്‍.ഭരതന്‍-മലബാര്‍ സിംഹം’ എന്ന പ്രൗഢഗംഭീരമായ പുസ്തകത്തിന് ഒരു വ്യാഴവട്ടം മുമ്പ് അവതാരിക എഴുതാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അദ്ദേഹവുമായി എനിക്ക് ഇഴപിരിയാത്ത അടുപ്പവും ആത്മബന്ധവുമാണ് ഉണ്ടായിരുന്നത്. അന്ത്യനിമിഷം വരെയും രാഷ്ട്രപുനര്‍നിര്‍മ്മിതിക്കായി ജീവിതം സ്വയം ഉഴിഞ്ഞുവെയ്ക്കുകയായിരുന്നു അദ്ദേഹം. ആ മഹാത്മാവിന്റെ നിര്യാണത്തില്‍ അനുശോചിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നതായും ശ്രീധരന്‍പിള്ള അറിയിച്ചു.