സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കിഫ്ബി വഴി 50,000 കോടിയുടെ വിദേശനിക്ഷേപം കൊണ്ടുവരുമെന്നാണ് കഴിഞ്ഞ രണ്ടുതവണയും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. ഇതുവരെ 4000 കോടി രൂപയേ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അതിനിടെ മസാല ബോണ്ട് വഴി ധനസമാഹരണത്തിനുള്ള ശ്രമവും ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ലിസ്റ്റിംഗും ഒക്കെ നടന്നു. 50,000 കോടി രൂപ സമാഹരിച്ചാല്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ പലിശയടക്കം ഒരുലക്ഷം കോടി രൂപ മടക്കിനല്‍കണം. ഇതിനുവേണ്ടി എന്ത് മുന്നൊരുക്കം അല്ലെങ്കില്‍ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളതെന്ന് ചോദിച്ചാല്‍ മറുപടിയില്ല. ഇതിന് വ്യക്തമായ ആസൂത്രണം വേണ്ടേ? ഘട്ടം ഘട്ടമായി പണം മടക്കിനല്‍കണ്ടേ? ഇതിന് എന്ത് സംവിധാനമാണ് സര്‍ക്കാരിന് ഉള്ളത്? യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും പദ്ധതിയുടെ തുടര്‍ച്ചയ്ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ നിര്‍ബ്ബന്ധിതരായി. പക്ഷേ, ഉന്നയിച്ച ആരോപണങ്ങള്‍ തിരിച്ചടിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് വിടേണ്ട സാഹചര്യം ഉയര്‍ന്നപ്പോള്‍ ആയിരം ദിവസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം പാലിക്കാനായില്ല. ടീ കോമിന്റെ പങ്കാളിത്തത്തോടെ സ്മാര്‍ട് സിറ്റി പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ പദ്ധതി ഉപേക്ഷിച്ച നിലയിലാണ്. ഇനി ഈ പദ്ധതി പുനരാരംഭിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളാണ് ഇന്ന് ഇടതുമുന്നണി സര്‍ക്കാര്‍ പിടിച്ചുനില്‍ക്കാന്‍ ഉപയോഗിക്കുന്നത്. പല കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും പേര് മാറ്റി സ്വന്തം പേരില്‍ കേരളം നടപ്പിലാക്കുകയാണ്. 27 കേന്ദ്രാവിഷ്‌കൃത പദ്ധതികളാണ് നിലവില്‍ കേരളത്തിലും നടപ്പിലാക്കിയിട്ടുള്ളത്. സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതിക്കും ആയിരക്കണക്കിന് കോടി രൂപയാണ് കേരളത്തിന് നല്‍കിയിട്ടുള്ളത്. തൊഴിലുറപ്പാണ് മറ്റൊരു ശ്രദ്ധേയമായ പദ്ധതി. ആയിരം കോടിയിലേറെ രൂപയാണ് ഇതിനായി കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്നത്. 90 ശതമാനം തുകയും കേന്ദ്രം വഹിക്കുകയും പത്തുശതമാനം സംസ്ഥാനസര്‍ക്കാര്‍ വഹിക്കുകയുമാണ് ചെയ്യുന്നത്. ഇന്ദിരാ ആവാസ് യോജനയെന്ന ഭവന നിര്‍മ്മാണ പദ്ധതിയാണ് മറ്റൊന്ന്. ഭവനരഹിതര്‍ക്ക് വീടുവച്ച് കൊടുക്കാനുള്ള ഈ പദ്ധതിയിലും കേരളത്തിന്റെ ഉപയോഗം തീരെ കുറവാണ്. പദ്ധതിയ്ക്കുവേണ്ടി തുക ചെലവഴിച്ചശേഷം അക്കൗണ്ടന്റ് ജനറല്‍ തുക ചെലവഴിച്ചതായി സാക്ഷ്യപത്രം നല്‍കിയാല്‍ മാത്രമേ പദ്ധതിയില്‍ തുക ചെലവിട്ടതായി കണക്കാക്കൂ. അതുകൊണ്ടുതന്നെയാണ് കേരളം ഈ രംഗത്ത് പിന്നാക്കം പോകുന്നത്. പ്രധാനമന്ത്രിയുടെ അഭിമാനനേട്ടം എന്ന നിലയില്‍ നടപ്പാക്കുന്ന മോദി കെയര്‍ അഥവാ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉദ്ഘാടന തീയതി വരെ ചേരാത്ത ഏക സംസ്ഥാനം കേരളമായിരുന്നു. വ്യാപകമായ ജനരോഷം ഉയര്‍ന്നപ്പോള്‍ ഇതില്‍ ചേരാന്‍ സംസ്ഥാനം നിര്‍ബ്ബന്ധിതരായി.
കേരളത്തില്‍ മുരടിപ്പില്ലത്ത രണ്ട് മേഖലകള്‍ വിനോദസഞ്ചാരവും ഐ ടിയുമായിരുന്നു. കൊറോണ വന്നതോടെ ഈ മേഖലയിലേക്കും തകര്‍ച്ചയെത്തി. 20 മുതല്‍ 40 ശതമാനം വരെയെങ്കിലും വരുമാന നഷ്ടവും തൊഴില്‍ നഷ്ടവും ഐ ടി മേഖലയില്‍ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ 20 ശതമാനത്തിനെങ്കിലും അടുത്ത ആറുമാസത്തിനുള്ളില്‍ പുനര്‍നിയമനം ലഭിച്ചേക്കുമെന്നാണ് ഐ ടി വിദഗ്ദ്ധനും ടെക്‌നോപാര്‍ക്ക് മുന്‍ സി ഇ ഒയുമായ ജി. വിജയരാഘവന്‍ പറയുന്നത്. ഐ ടി സോഫ്റ്റ്‌വെയറുകളുടെയും മറ്റും വിപണിയായ യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ സാമ്പത്തിക തകര്‍ച്ച അടുത്ത ഒന്നുരണ്ട് വര്‍ഷത്തേക്കെങ്കിലും സമ്പദ്‌മേഖലയെ ബാധിക്കുമെന്ന് ഉറപ്പാണ്. ഇതിനെ മറികടക്കാന്‍ പുതിയ വിപണികള്‍ കണ്ടെത്താനും സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനും ബദല്‍ സംവിധാനം ഒരുക്കാനും നമുക്ക് എത്രത്തോളം കഴിയും എന്നതു തന്നെയാണ് ഐ ടി മേഖലയില്‍ നിന്ന് ഉയരുന്ന ചോദ്യം. ഇവിടെയും എന്തെങ്കിലും പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് സര്‍ക്കാര്‍. പത്ത് ഐ ടി പാര്‍ക്കുകളിലായി രണ്ടുലക്ഷം പേരാണ് ഈ രംഗത്ത് തൊഴില്‍ തേടിയിട്ടുള്ളത്. 1970 കളില്‍ ഐ ടി മേഖല ആരംഭിക്കുമ്പോള്‍ തന്നെ ബംഗളൂരും ചെന്നൈയും ഹൈദരാബാദും ഈ രംഗത്ത് ശക്തി പ്രാപിച്ചു. അന്ന് ഐ ടി മേഖലയെ വികസിപ്പിക്കാന്‍ കേരളം കാര്യമായ ശ്രദ്ധ ചെലുത്തിയില്ല. ജി. വിജയരാഘവന്റെ നേതൃത്വത്തില്‍ ടെക്‌നോ പാര്‍ക്ക് ആരംഭിക്കാനും മറ്റും നടത്തിയ നീക്കങ്ങള്‍ വൈകിയ വേളയിലെങ്കിലും സാന്നിധ്യം പ്രകടമാക്കാന്‍ സഹായിച്ചു. 1998 ലാണ് കേരളത്തിന് ഒരു ഐ ടി നയം തന്നെ ഉണ്ടായത്. ഇവിടെയും ആരോഗ്യകരവും സുതാര്യവുമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇവിടെ നിന്നും കൊള്ളാവുന്ന ആളുകള്‍ മറ്റു സംസ്ഥാനങ്ങളിലെ ഇലക്‌ട്രോണിക് ഹബ്ബുകളിലേക്കും വിദേശങ്ങളിലേക്കും ചേക്കേറുന്ന അവസ്ഥ ഇല്ലാതാകണം.
മനോഹരമായ കടല്‍ത്തീരങ്ങളും കായലുകളും വന-വിനോദസഞ്ചാര കേന്ദ്രങ്ങളും നല്ല കാലാവസ്ഥയും വിദ്യാസമ്പന്നരായ നാട്ടുകാരും കേരളത്തിന്റെ പ്രത്യേകതയാണ്. കഴിഞ്ഞവര്‍ഷം 14.67 ലക്ഷം നാട്ടുകാരായ സഞ്ചാരികളും 11 ലക്ഷം വിദേശസഞ്ചാരികളുമാണ് കേരളത്തിലെത്തിയത്. വിനോദസഞ്ചാരികള്‍ക്ക് സൗകര്യവും സുരക്ഷയും ഒരുക്കുന്നതില്‍ കേരളം വേണ്ടത്ര സുസജ്ജമായി എന്ന് പറയാനാവില്ല. വൃത്തിഹീനമായ സഞ്ചാരകേന്ദ്രങ്ങളും കേന്ദ്രീകൃതമല്ലാത്ത സഹായകേന്ദ്രങ്ങളും ഒക്കെയായി ഈ മേഖലയ്ക്ക് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല. പത്മനാഭസ്വാമി ക്ഷേത്രത്തെ ദേശീയ-അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടും അതിനെ ഉപയോഗപ്പെടുത്തുന്നതില്‍ കേരളം വേണ്ടത്ര വിജയിച്ചില്ല. തീര്‍ത്ഥാടന സഞ്ചാരവും മനോഹരമായ കായലും കടല്‍ത്തീരവും ഒക്കെ ഉപയോഗപ്പെടുത്തി ആരോഗ്യകരമായ വിനോദസഞ്ചാര നയം ഉണ്ടാക്കുന്നതിനു പകരം അതിന്റെ പേരില്‍ ബാര്‍ ഹോട്ടല്‍ തുറക്കാനും ബാറുടമകളുടെ കൈയില്‍ നിന്ന് കോഴപ്പണം പറ്റാനുമുള്ള ശ്രമമാണ് ഉണ്ടായത്. മറ്റു പല സംസ്ഥാനങ്ങളും ചെയ്തതുപോലെ ആസൂത്രിതമായ രീതിയില്‍ വിനോദസഞ്ചാര മേഖലയെ കരുപ്പിടിപ്പിക്കുന്നതില്‍ നമ്മള്‍ വിജയിച്ചോ? തിരുവനന്തപുരത്തെ വേളിയില്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത് അഞ്ചുമാസത്തിനകം മുങ്ങി.
ഇന്നത്തെ അവസ്ഥയില്‍ നിന്ന് കേരളത്തിന് രക്ഷപ്പെടണമെങ്കില്‍ ഇച്ഛാശക്തിയുള്ള, ആര്‍ജ്ജവമുള്ള ഒരു സര്‍ക്കാര്‍ സംസ്ഥാനത്ത് ഉണ്ടാകണം. രാഷ്ട്രീയത്തിന് ഉപരിയായി സംസ്ഥാനത്തിന്റെ താല്പര്യത്തിന് അനുസൃതമായി സര്‍ക്കാര്‍ സംവിധാനത്തെ ചലിപ്പിക്കാന്‍ കഴിയണം. കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും പൂര്‍ണ്ണമായും ഇല്ലാതാകണം. ഭരണനൈപുണ്യം കൂട്ടാന്‍ 2002-2003 ല്‍ 1200 കോടി രൂപ ചെലവഴിച്ചു. പക്ഷേ, ഒരു പ്രയോജനവും എവിടെയും പ്രതിഫലിക്കുന്നില്ല. സംസ്ഥാനത്ത് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന 20 ചെറുകിട വന്‍കിട ജലസേചന പദ്ധതികളുണ്ട്. ഇവ ഓരോന്നും രൂപകല്പന ചെയ്തിട്ട്, നിര്‍മ്മാണം തുടങ്ങിയിട്ട് 10 മുതല്‍ 40 വര്‍ഷം വരെ പിന്നിട്ടു. പക്ഷേ, ഇതുവരെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനോ കമ്മീഷന്‍ ചെയ്യാനോ കഴിഞ്ഞിട്ടില്ല. ഇതില്‍ നിക്ഷേപിച്ച പണം പ്രയോജനമില്ലാതെ കിടക്കുന്നു. 12-ാം പഞ്ചവത്സര പദ്ധതി അവസാനിക്കും വരെ കേരളത്തില്‍ ജലസേചനത്തിന് മാത്രം ചെലവഴിച്ചത് 10,000 കോടി രൂപയാണ്. 5.5 ലക്ഷം ഹെക്ടര്‍ മാത്രമേ ഈ പദ്ധതികള്‍ വഴി ജലസേചനം എത്തിക്കാന്‍ കഴിഞ്ഞുള്ളൂ. ഇതാകട്ടെ, സംസ്ഥാനത്തെ മൊത്തം കൃഷിസ്ഥലത്തിന്റെ 20 ശതമാനം പോലും വരുന്നില്ല. 2002 ലാണ് കേരളത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി തുടങ്ങിയത്. 1687 കോടി രൂപയായിരുന്നു അടങ്കല്‍ തുക. 2007 ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. 2020 ആയിട്ടും ജപ്പാന്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയായിട്ടില്ല. അടങ്കല്‍ തുക 2657 കോടി രൂപയായി പുതുക്കിയിരിക്കുന്നു. അതായത് ഏതാണ്ട് ഇരട്ടി തുക. ഇവയില്‍ ഏറെയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും അടങ്ങിയ ലോബി അല്ലെങ്കില്‍ കൂട്ടുകെട്ട് കൊള്ളയടിച്ചു എന്നതാണ് സത്യം. ഇത്തരം ലോബികള്‍ വര്‍ഷങ്ങളായി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിഴിഞ്ഞെടുക്കുകയാണ്. കല്ലട പദ്ധതിയും ഇടമലയാറും ബാണാസുര സാഗറും അടക്കമുള്ള പദ്ധതികളെല്ലാം ഇത്തരം കൂട്ടായ്മ നടത്തിയ കൊള്ളയുടെ നിത്യ സ്മാരകങ്ങളാണ്.
ആരോഗ്യരംഗത്ത് നമുക്ക് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മുകളിലേക്കുള്ള സ്ഥാപനങ്ങള്‍ നിരവധിയാണ്. പക്ഷേ, ഇവയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. ആശുപത്രിയിലെ സേവനങ്ങള്‍ക്കാകട്ടെ നിലവാരവുമില്ല. മാനദണ്ഡം അനുസരിച്ചുള്ള ജീവനക്കാരും ഈ ആശുപത്രികളില്‍ ഒന്നിലുമില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിക്കാന്‍ തയ്യാറാകാത്ത രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമുള്ള നമ്മുടെ നാട്ടില്‍ ആരോഗ്യമേഖലയില്‍ സ്വകാര്യമേഖലയെ വെല്ലുന്ന സംവിധാനം ഒരുക്കാന്‍ നമുക്ക് എന്ന് കഴിയുന്നുവോ, അന്നേ സാധാരണക്കാര്‍ക്ക് ഇതുകൊണ്ട് പ്രയോജനം ഉണ്ടാകൂ. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ ലഭിക്കുന്ന വൈവിദ്ധ്യമാര്‍ന്ന ആധുനിക കോഴ്‌സുകള്‍ കൊണ്ടുവരുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. കൂണുകള്‍ പോലെ പൊന്തിയ സ്വാശ്രയ എഞ്ചിനീയറിംഗ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഇറങ്ങിയവര്‍ക്ക് ഇന്ന് വീട്ടുപണിക്ക് വരുന്ന ബംഗാളികള്‍ക്ക് കിട്ടുന്ന കൂലി പോലും ശമ്പളമായി കിട്ടുന്നില്ല. കേളത്തിലെ പല സ്വകാര്യ ആശുപത്രികളിലും എം ബി ബി എസ് കഴിഞ്ഞ ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ പോലും ശമ്പളമില്ല.
ഇനിയും കൃഷി അധിഷ്ഠിതമായ ഒരു സമ്പദ്ഘടന വിഭാവന ചെയ്യാനോ അതിന്റെ അടിസ്ഥാനത്തിലുള്ള സുസ്ഥിര വികസനം സ്വപ്‌നം കാണാനോ നമുക്ക് കഴിയില്ല. കാര്‍ഷിക സര്‍വ്വകലാശാലയിലെ ഗവേഷണഫലങ്ങള്‍ പാടത്ത് എത്തുന്നില്ല. തെങ്ങിന്റെ കാററുവീഴ്ച ദശാബ്ദങ്ങളോളം ഗവേഷണം നടത്തിയിട്ടും പരിഹരിക്കാന്‍ അവര്‍ക്കായില്ല. കേരളത്തിന്റെ സ്ഥലത്തിനും ആവശ്യങ്ങള്‍ക്കും അനുസൃതമായ ഒരു ശാസ്ത്രീയ കാര്‍ഷിക സമ്പ്രദായത്തിലേക്ക് മടങ്ങിപ്പോകാന്‍ നമുക്ക് കഴിയണം. വിദ്യാഭ്യാസം തൊഴിലിനും വരുമാനത്തിനും ജീവിതവിന്യാസത്തിനും അനുസൃതമായതാക്കി മാറ്റണം. എല്ലാ മേഖലകളിലും ഉല്പാദനവും ഉല്പാദനക്ഷമതയും കൂടണം. നിക്ഷേപിച്ച മൂലധനത്തിന് അനുസൃതമായ വരുമാനം ഉണ്ടാകത്തക്ക രീതിയില്‍ സേവനമേഖലയിലും വ്യാവസായിക മേഖലയിലും ഉടച്ചുവാര്‍ക്കല്‍ ഉണ്ടായേ കഴിയൂ. റബ്ബറിന്റെയും ഏലത്തിന്റെയും കുരുമുളകിന്റെയും വിലയിടിഞ്ഞു. ഭക്ഷ്യസാധനങ്ങള്‍ ആവശ്യത്തിന്റെ പകുതി പോലും കേരളത്തിലില്ല. പരമ്പരാഗത വ്യവസായങ്ങളെ ശാസ്ത്രീയമായി പുനരുജ്ജീവിപ്പിച്ചേ മതിയാകൂ. രണ്ടുലക്ഷം പേരില്‍ നിന്ന് 10 ലക്ഷം കൂടുംബങ്ങള്‍ക്ക് തൊഴില്‍ കിട്ടുന്ന സൂക്ഷ്മ വ്യവസായ ഹബ്ബുകളാക്കി ഇതിനെ പരിവര്‍ത്തനം ചെയ്യണം. യു.പിയില്‍ യോഗി ആദിത്യനാഥ് ഈ കൊറോണ കാലത്ത് ചെയ്തത് അതാണ്. അഞ്ചുപേര്‍ക്ക് വീതം തൊഴില്‍ കിട്ടുന്ന ഒരുലക്ഷം വ്യവസായ യൂണിറ്റുകള്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ അവിടെ തുറന്നു. അതാണ് ഇന്ന് യു പിയുടെ മുഖച്ഛായ മാറ്റുന്നത്. ഇതേ രീതിയില്‍ കേരളത്തിലെ ഓരോ ജില്ലയുടെയും സാഹചര്യത്തിനനുസരിച്ച് സൂക്ഷ്മ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ ശൃംഖലക്ക് രൂപം നല്‍കണം. ചൈനയില്‍ നിന്ന് ആയിരത്തോളം ഫാക്ടറികളാണ് മറ്റു രാജ്യങ്ങളിലേക്ക് മാറുന്നത്. ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഫോണുകളില്‍ 67 ശതമാനവും ചൈനയില്‍ നിന്നാണ് എത്തുന്നത്. എന്തുകൊണ്ട് കേരളത്തിന് സ്വന്തം മൊബൈല്‍ ഫോണ്‍ കമ്പനികള്‍ തുടങ്ങിക്കൂടാ? അല്ലെങ്കില്‍ ചൈനയില്‍ നിന്ന് പുറത്തേക്ക് പോകുന്ന കമ്പനികളില്‍ ചിലതിനെയെങ്കിലും കേരളത്തിലേക്ക് കൊണ്ടുവന്നുകൂടാ?
ഇതേ രീതിയില്‍ തന്നെ വിനോദസഞ്ചാരമേഖലയിലും പുതിയ പരിവര്‍ത്തനം ഉണ്ടാകണം. മടങ്ങിവരുന്ന പ്രവാസികളെയും മറുനാടന്‍ മലയാളികളെയും ഇത്തരത്തില്‍ ഇലക്‌ട്രോണിക്-ഐ ടി- വിനോദസഞ്ചാര മേഖലകളില്‍ ഉപയോഗിക്കാനും കേരളത്തെ ഒരു ഇലക്‌ട്രോണിക് ഹബ്ബാക്കി മാറ്റാനുമുള്ള ആസൂത്രിതമായ ശ്രമം ഉണ്ടാകണം. മുരട്ടുരാഷ്ട്രീയത്തിനു പകരം എല്ലാവരെയും സമന്വയിപ്പിച്ച് കേരളത്തിന്റെ സമഗ്രമായ വികസനത്തിന് ഒന്നിച്ചു നില്‍ക്കാനും നീങ്ങാനും ഉള്ള ഇച്ഛാശക്തി സംസ്ഥാന ഭരണകൂടത്തിന് ഉണ്ടാകണം. കേന്ദ്രത്തിനോട് ഇടയുന്നതിന് പകരം കേന്ദ്ര സംവിധാനങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി കേരളത്തെ പരിവര്‍ത്തനത്തിന്റെ ദിശയിലേക്ക് നയിക്കുകയാണ് വേണ്ടത്. അതിന് പിണറായിക്ക് കഴിയുമോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.
(അവസാനിച്ചു)