പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അസാധാരണമായ സംഘടനാമികവ് തെളിയിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു രാ. വേണുഗോപാല്‍ എന്ന വേണുവേട്ടന്‍. കേരളത്തിലെ ആദ്യപ്രചാരകബാച്ചിലൊരാളായ വേണുവേട്ടന്‍ തന്റെ സുദീര്‍ഘമായ 74 വര്‍ഷത്തെ ജീവിതത്തിലുടനീളം ആദര്‍ശമയവും നിഷ്ഠാപൂര്‍വ്വവും അത്യന്തം ലാളിത്യമാര്‍ന്നതുമായ പ്രചാരകജീവിതത്തിന്റെ ഉത്തമമായ മാതൃക ലോകത്തിനു മുന്നില്‍ കാഴ്ചവെച്ചു.
സംഘപ്രചാരക മനോഭാവത്തോടുകൂടിയായിരുന്നു അദ്ദേഹം പാലക്കാട് വിക്‌ടോറിയാ കോളേജില്‍ ബിഎസ്‌സി പഠനത്തിനെത്തിയത്. ആ സന്ദര്‍ഭത്തില്‍ ആരംഭിച്ച രണ്ടു ശാഖകളായിരുന്നു പാലക്കാട് മൂത്താന്തറ ശാഖയും തരേക്കാട്ടെ വിദ്യാലയശാഖയും. മൂത്താന്തറ ശാഖയില്‍നിന്നും മറ്റു ഭാഗങ്ങളിലേയ്ക്ക് സംഘശാഖകള്‍ വ്യാപിച്ചതോടൊപ്പം ഇന്നും ആ ശാഖ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നത് വേണുവേട്ടന്റെ സംഘടനാസാമര്‍ത്ഥ്യം പ്രകടമാക്കുന്നു. പല ഭാഗങ്ങളില്‍നിന്നും വിക്‌ടോറിയാ കോളേജില്‍ പഠിക്കാനെത്തിച്ചേരുന്ന വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് തരേക്കാട്ട് ഗ്രാമത്തില്‍ ആരംഭിച്ച വിദ്യാലയശാഖയും വളരെ വര്‍ഷങ്ങളോളം വളരെ ഫലപ്രദമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം പ്രവര്‍ത്തിച്ച കണ്ണൂര്‍, ഒറ്റപ്പാലം, കോട്ടയം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെല്ലാം അക്കാലത്തെ പ്രചാരകജീവിതത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം കാഴ്ചവെച്ച ത്യാഗമയവും മാതൃകാപരവുമായ പ്രചാരകജീവിതത്തെക്കുറിച്ചും അനുസ്മരിക്കുന്ന മുതിര്‍ന്ന സ്വയംസേവകരെ ഇന്ന് കാണാന്‍ കഴിയും.
ഭാരതീയ ജനസംഘത്തിന്റെ ദക്ഷിണകേരളത്തിന്റെ സംഘടനാപ്രവര്‍ത്തനത്തിലും ഒന്നര വര്‍ഷത്തോളം അദ്ദേഹം പ്രവര്‍ത്തിച്ചു. 1967ല്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ചുമതല ഏറ്റെടുത്ത അദ്ദേഹം ക്രമേണ അതിന്റെ അഖിലഭാരതീയ ഉപാദ്ധ്യക്ഷ പദവിവരെയെത്തിച്ചേര്‍ന്നു. സ്വയംസേവകനായി ചേര്‍ന്ന സമയം മുതല്‍ ദത്തോപന്ത് ഠേംഗിഡിജിയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയെന്ന നിലയ്ക്ക് ഠേംഗിഡിജിയുടെ നേതൃത്വത്തിലുള്ള തൊഴിലാളിരംഗത്തെ മുന്നേറ്റത്തില്‍ കാര്യമായ സംഭാവന നല്‍കാന്‍ വേണുവേട്ടന് സാധിച്ചു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കുത്തകയെന്നു കരുതപ്പെട്ടിരുന്ന കേരളത്തിലെ തൊഴിലാളി രംഗത്ത് ശക്തമായ അടിത്തറയില്‍ ഭാരതീയ മസ്ദൂര്‍ സംഘത്തെ വളര്‍ത്തിയെടുക്കുവാന്‍ വേണുവേട്ടന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിന് കഴിഞ്ഞുവെന്നത് ഏവരും സമ്മതിക്കുന്ന കാര്യമാണ്.
അന്തര്‍ദേശീയ ലേബര്‍ ഓര്‍ഗനൈസേഷന്റെ സമ്മേളനത്തില്‍ ഭാരതത്തിന്റെ പ്രതിനിധിയായി എട്ടോ പത്തോ വര്‍ഷം അദ്ദേഹം പങ്കെടുത്തിരുന്നു. വികസിതമെന്ന് സ്വയം അവകാശപ്പെട്ട രാഷ്ട്രങ്ങള്‍ മറ്റ് വികസ്വരരാജ്യങ്ങളെ വരുതിയില്‍ നിര്‍ത്താനായി ബാലവേലയും പരിസ്ഥിതിപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി ചില നിബന്ധനകളും നിയമങ്ങളും ഉണ്ടാക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ സാമ്പത്തികകാര്യങ്ങളുപയോഗിച്ചുകൊണ്ട് മറ്റ് രാജ്യങ്ങളുടെ അധികാരങ്ങളിലേയ്ക്കുള്ള കടന്നുകയറ്റത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്താന്‍ വേണുവേട്ടന്‍ സന്നദ്ധനായി. സ്വാഭാവികമായും ഒട്ടനവധി രാജ്യങ്ങളുടെ പിന്തുണ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്കു നേടാന്‍ കഴിഞ്ഞു. ശക്തിശാലികളായ രാഷ്ട്രങ്ങള്‍ക്ക് അവരുടെ ശ്രമത്തില്‍നിന്ന് പിന്‍വാങ്ങേണ്ടിവന്നു. തിരിച്ചുവന്നപ്പോള്‍ ഠേംഗിഡിജി വേണുവേട്ടനോട് ”വളരെ മഹത്തരമായ കാര്യമാണ് താങ്കള്‍ അവിടെ ചെയ്തത്” എന്ന് അനുമോദിക്കുകയുണ്ടായി.
ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും എവിടെയായിരുന്നാലും നിത്യശാഖയില്‍ പങ്കെടുക്കുകയെന്ന നിഷ്ഠ അദ്ദേഹം ഒരിക്കലും കൈവിട്ടിരുന്നില്ല. മസ്ദൂര്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തിനായുള്ള യാത്രയ്ക്കിടയില്‍ വിവിധ കാര്യാലയങ്ങളില്‍ താമസിക്കുമ്പോള്‍ കാലത്ത് ഏകാത്മതാസ്‌തോത്രം കഴിഞ്ഞ ഉടനെ ട്രൗസര്‍ ധരിച്ച് പ്രഭാതശാഖയിലേയ്ക്ക് പോകാന്‍ തയ്യാറാകുന്ന വേണുവേട്ടന്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നു. മസ്ദൂര്‍ സംഘത്തിന്റെ ചുമതലയില്‍നിന്ന് വിട്ട് സംഘപ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചുവന്ന് എറണാകുളത്തെ പ്രാന്ത കാര്യാലയത്തില്‍ താമസിക്കുന്ന സമയത്തും പ്രത്യേക ചുമതലയൊന്നുമില്ലെങ്കിലും നാലഞ്ചു കിലോമീറ്റര്‍ ദൂരെ ടി. ഡി ശാഖയില്‍ പോയി, ഉത്സാഹമില്ലാതെ നടന്നിരുന്ന ശാഖ അദ്ദേഹം വീണ്ടും സജീവമാക്കി. എഴുന്നേറ്റ് നടക്കാന്‍ സാധിച്ചിരുന്നിടത്തോളം അതായത് ആറ് മാസങ്ങള്‍ക്ക് മുമ്പുവരെ അദ്ദേഹം കാലത്തെഴുന്നേറ്റ് കൃത്യം ആറ് മണിക്കു മുമ്പായി ഏകാത്മതാസ്‌തോത്രത്തില്‍ പങ്കെടുക്കാനായി യഥാസ്ഥാനത്ത് വന്നിരിക്കുമായിരുന്നു.
സമ്പന്നവും രാജകീയവുമായ കുടുംബത്തിലാണ് ജനനമെങ്കിലും അത്യന്തം ലളിതമായ ജീവിതത്തിന്റെ മാതൃകയായിരുന്നു വേണുവേട്ടന്‍. വേഷത്തിലും യാത്രയിലുമെല്ലാം അദ്ദേഹത്തിന്റെ ജീവിതം മാതൃകയായിരുന്നു. എന്നാല്‍ തന്റെ ജീവിതം മുഴുവന്‍ അദ്ദേഹം പാവപ്പെട്ടവരുടേയും തൊഴിലാളികളുടേയും ഉന്നമനത്തിനായി സമര്‍പ്പിക്കുകയായിരുന്നു. വിദേശയാത്രകള്‍ കഴിഞ്ഞു തിരിച്ചെത്തിയാല്‍ ബാക്കിയുള്ള പണവും അവിടങ്ങളില്‍നിന്നു കിട്ടിയ വിലപിടിപ്പുള്ള പാരിതോഷികങ്ങളുമെല്ലാം അദ്ദേഹം കൃത്യമായി കാര്യാലയപ്രമുഖന്‍ വശം ഏല്പിക്കാറുണ്ടായിരുന്നു. ലഭ്യമായ കീ ചെയിന്‍, പേന തുടങ്ങിയ സാധനങ്ങള്‍ സ്വയം ഉപയോഗിക്കുന്നതിനു പകരം പ്രായക്കുറവുള്ള തന്റെ സഹപ്രവര്‍ത്തകര്‍ക്കും എത്തിപ്പെടുന്ന വീട്ടിലെ കുട്ടികള്‍ക്കും വിതരണം ചെയ്തിരുന്നു.
ബാലന്മാര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കന്മാര്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം വളരെ സഹജമായി അടുക്കാനും പെരുമാറുവാനും തോന്നുന്നവിധം ആത്മീയതയാര്‍ന്ന പെരുമാറ്റമായിരുന്നു വേണുവേട്ടന്റേത്. വിഷമതകള്‍ നിറഞ്ഞ ജീവിതാനുഭവങ്ങള്‍പോലും സരസമായി വിവരിക്കുന്ന അദ്ദേഹത്തോടൊപ്പമുള്ള അനൗപചാരികസംഭാഷണങ്ങള്‍ അവിസ്മരണീയങ്ങളാണ്.
വിവിധ രാഷ്ട്രീയപാര്‍ട്ടികളിലും തൊഴിലാളിസംഘടനകളിലും പെട്ടവരുമായി വേണുവേട്ടന് വളരെ അടുത്ത സൗഹൃദബന്ധമുണ്ടായിരുന്നു. മറ്റുള്ളവരെക്കുറിച്ച് പുകഴ്ത്തിപറയുന്ന സ്വഭാവം ഉന്നത നേതാക്കള്‍ക്ക് പൊതുവേ കുറവാണ്. ഒരിക്കല്‍ വയനാട്ടില്‍ വീരേന്ദ്രകുമാറിനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം വേണുവേട്ടനെക്കുറിച്ച് പറഞ്ഞ പ്രശംസകള്‍ കേട്ട് ഞങ്ങള്‍ക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ടായി.
ആദര്‍ശധീരനും നിഷ്ഠാവാനുമായ ഒരു മാതൃകാ സ്വയംസേവകനും പ്രചാരകനും പൊതുപ്രവര്‍ത്തകനും ആയിരുന്നു വേണുവേട്ടന്‍. കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷമായി അദ്ദേഹം പ്രായാധിക്യം കാരണമായി രോഗശയ്യയിലായിരുന്നു. ദീര്‍ഘവും ഭാവാത്മകവും മാതൃകാപരവുമായ ജീവിതം കാഴ്ചവെച്ചിട്ടാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. അദ്ദേഹത്തിന്റെ മഹത്തായ ജീവിതം നമുക്കേവര്‍ക്കും പ്രേരണയും കരുത്തും നല്‍കുമാറാകട്ടെ.