കേരളത്തിന്റെ കിഴക്കനതിര്‍ത്തിയില്‍ മസ്തകമുയര്‍ത്തിനില്‍ക്കുന്ന സഹ്യപര്‍വ്വതമുള്ളതുകൊണ്ടു മാത്രമാണ് വര്‍ഷത്തില്‍ രണ്ട് മഴക്കാലവും വേനലും മഞ്ഞുമായി സുഖദസുന്ദര ഭൂമിയായി കേരളം നിലനില്‍ക്കുന്നത്. കേളത്തിന്റെ ജലസമൃദ്ധിക്ക് കാരണം മഴക്കാലം മാത്രമല്ല. ആ മഴക്കാലം കുടിച്ചുവളര്‍ന്ന നമ്മുടെ സമൃദ്ധവും ജൈവ സമ്പന്നവുമായ വനങ്ങളും അതിന് ഒരു മുഖ്യ കാരണമാണ്. എന്നാല്‍ കാടു വെട്ടി കൃഷി നിലങ്ങളും രമ്യഹര്‍മ്മ്യങ്ങളും പടുത്തുയര്‍ത്തിയപ്പോള്‍ ക്രമേണ കേരളത്തിന്റെ പാരിസ്ഥിതിക സംതുലനം തെറ്റുകയും കാലാവസ്ഥാവ്യതിയാനം സംഭവിക്കുകയുമുണ്ടായി. വികസനമെന്ന പേരിട്ട് പരിസ്ഥിതി മലിനീകരണവും നശീകരണവും നടത്തുവാന്‍ യാതൊരു മടിയുമില്ലാത്ത ‘ടെക്‌നോ ബ്യൂറോക്രാറ്റിക്ക്’ അച്ചുതണ്ടിനാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടങ്ങള്‍ നമ്മുടെ നദികളില്‍ കെട്ടിഉയര്‍ത്തിയ കോണ്‍ക്രീറ്റുകള്‍ നമ്മുടെ പരിസ്ഥിതിക്കുണ്ടാക്കിയ പരിക്കുകള്‍ ചെറുതല്ല.
നിലവിലെ അണക്കെട്ടുകള്‍ പലതും മണ്ണടിഞ്ഞ് വെറും കോണ്‍ക്രീറ്റ് മതിലുകള്‍ ആയിക്കഴിഞ്ഞിരിക്കുന്നു. അതിനുകാരണം നദിയുടെ വൃഷ്ടിപ്രദേശങ്ങളിലെ വനം മുഴുവന്‍ വെട്ടിവെളുപ്പിച്ചതാണ്. വന്‍ മരങ്ങളുടെ വേരുപടലങ്ങള്‍ പിടിച്ചുനിര്‍ത്തുന്ന മണ്ണ്, വന നശീകരണത്തോടെ കുത്തിയൊലിച്ച് ഡാമുകളില്‍ വന്നടിയുന്നു. അതോടെ ഡാമുളുടെ ജലസംഭരണശേഷി കുറയുന്നു. നാല് മഴ തുടര്‍ച്ചയായി കിട്ടുമ്പോഴേ ഡാമുകള്‍ നിറഞ്ഞുകവിയാനും വെള്ളം തുറന്നുവിടാനുമുള്ള കാരണമിതാണ്. ഈ സാഹചര്യത്തില്‍ ഏത് ജലവൈദ്യുത പദ്ധതിയും കുറഞ്ഞകാലംകൊണ്ട് പരാജയമായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനൊക്കെ പുറമെ നദികളില്‍ ഡാമുകള്‍ വരുന്നതോടെ നദികളുടെ സ്വാഭാവിക പ്രവാഹം നഷ്ടപ്പെടുന്നു. അത് ചുറ്റിനുമുള്ള ആവാസവ്യവസ്ഥയെ വീണ്ടെടുക്കാന്‍ വയ്യാത്തവിധം നശിപ്പിക്കുകയും ചെയ്യുന്നു.
കേരളത്തിന്റെ അത്യപൂര്‍വ്വമായ ജൈവ വൈവിദ്ധ്യങ്ങളെ നിഷ്‌ക്കരുണം മുച്ചൂടും മുടിച്ച മലയാളി ഇനിയും ദുരയടങ്ങാതെ ചാലക്കുടിപ്പുഴയേയും അതിന്റെ തീരത്തെ ആവാസ വ്യവസ്ഥയേയും നശിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ലോക പരിസ്ഥിതി ദിനത്തില്‍ ക്യാമറകള്‍ക്കു മുന്നില്‍ മരംനട്ട് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചെയ്തുപിരിഞ്ഞ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഏറ്റവും അടുത്ത ദിവസമെടുത്ത തീരുമാനം അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അംഗീകാരം കൊടുക്കാനുള്ളതായിരുന്നു. കാപട്യത്തിന്റെ പേരാണ് കമ്മ്യൂണിസം എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. വൈദ്യുതിയുടെ അഭാവത്തില്‍ വികസനവും പുരോഗതിയും അസാധ്യമാണെന്നു സമ്മതിക്കുമ്പോള്‍ തന്നെ, വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ വികസിത രാജ്യങ്ങളൊക്കെ കൈയൊഴിഞ്ഞ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളെ തന്നെ പിന്‍തുടരണമെന്ന കാര്യത്തില്‍ കേരളം മാത്രം എന്തുകൊണ്ട് ശാഠ്യം പിടിക്കുന്നു എന്നാണ് മനസ്സിലാകാത്തത്. 1982 ല്‍ അണിയറയില്‍ പ്രവര്‍ത്തനമാരംഭിച്ച അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പരിസ്ഥിതി സ്‌നേഹികളുടെ ചെറുത്തുനില്‍പ്പുകൊണ്ട് ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. കേരളത്തിലെ അവശേഷിക്കുന്ന കാട് കൂടി വെട്ടിവിറ്റിട്ടേ പടിയിറങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണെന്നു തോന്നുന്നു കമ്മ്യൂണിസ്റ്റ് ഭരണകൂടം.
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പശ്ചിമഘട്ട മേഖലയാണ് അതിരപ്പിള്ളിയിലേത്. അപൂര്‍വ്വ സസ്യ മൃഗ പക്ഷി മത്സ്യ സമ്പത്തുകളുടെ ആവാസഭൂമിയായ അതിരപ്പിള്ളി വാഴച്ചാല്‍ മേഖലയിലെ അറുനൂറില്‍ അധികം ഏക്കര്‍ നിബിഢ വനമേഖലയാണ് ജലവൈദ്യുത പദ്ധതി വന്നാല്‍ മുങ്ങിപ്പോകുക. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ജലഗോപുരം എന്ന് വിശേഷിപ്പിക്കുന്ന പശ്ചിമഘട്ട മലനിരകളില്‍ നിന്ന് ഉദ്ഭവിച്ച് തൃശ്ശൂര്‍ എറണാകുളം ജില്ലകളിലൂടെ 144 കിലോമീറ്റര്‍ താണ്ടി കടലില്‍ ചേരുന്ന ചാലക്കുടിപ്പുഴയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ സംഭവിക്കാന്‍ പോകുന്ന പരിസ്ഥിതി ദുരന്തത്തെക്കുറിച്ച് തെല്ലും ബോധമില്ലാത്തവര്‍ക്കു മാത്രമേ ഇത്തരമൊരു ജലവൈദ്യുതപദ്ധതിക്ക് അനുമതി കൊടുക്കാനാവു. കേരളത്തിന്റെ ഭാവി വികസന പ്രതീക്ഷകളായ വിനോദ സഞ്ചാര മേഖലയിലെ രണ്ട് പ്രകൃതി സുന്ദര ജലപാതങ്ങളാണ് ഈ പദ്ധതി വന്നാല്‍ എന്നന്നേക്കുമായി ജലസമാധി വരിക്കാന്‍ പോകുന്നത്. 260ല്‍ പരം അപൂര്‍വ്വ സസ്യ മൃഗ പക്ഷിജാലങ്ങളും ഭൂമുഖത്തു നിന്നു തന്നെ തുടച്ചുനീക്കപ്പെടാന്‍ ഇടയുണ്ട്. വാഴച്ചാല്‍ വനവാസിക്കോളനിയിലും പുകലപ്പാറ വനവാസിക്കോളനിയിലും നിവസിക്കുന്ന നൂറുകണക്കിന് വനവാസികളാണ് പദ്ധതിയുടെ മറവില്‍ കുടിയിറക്കപ്പെടാന്‍ പോകുന്നത്.
കോടികള്‍ മുടക്കി ആരംഭിക്കാന്‍ പോകുന്ന ഈ പദ്ധതി കൊണ്ട് ആദ്യം ലക്ഷ്യമിട്ട വിധം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല എന്നാണ് വിദഗ്ദ്ധന്മാരുടെ ഇപ്പോഴത്തെ അഭിപ്രായം. കാരണം വനനശീകരണം മൂലം ഇപ്പോള്‍ തന്നെ നദിയുടെ വൃഷ്ടിപ്രദേശത്തിന് കാര്യമായ ശോഷണം സംഭവിച്ചിട്ടുണ്ട്. 1998 മുതല്‍ നാളിതു വരെ 22 കോടി രൂപ മുതല്‍മുടക്കി പ്രവര്‍ത്തിച്ചുപോരുന്ന പദ്ധതിയുടെ ഓഫീസ് തന്നെ കേരളത്തിലെ വികല വികസനത്തിന്റെ ഒന്നാന്തരം രൂപമാതൃകയാണ്. ലോകത്തെ വികസിത രാജ്യങ്ങള്‍ പരിസ്ഥിതി സൗഹൃദവികസന സങ്കല്‍പ്പത്തിലേക്ക് വഴി മാറിയിട്ട് കാലങ്ങളായി. സൗരോര്‍ജ്ജം, തിരമാല, കാറ്റ്, പ്രകൃതിവാതകം എന്നിവയില്‍ നിന്നൊക്കെ വൈദ്യുതി ഉണ്ടാക്കാമെന്നിരിക്കെ ആ വഴിയൊന്നും പരീക്ഷിക്കാതെ പ്രകൃതി നശീകരണ അണക്കെട്ടുകളെ തന്നെ ആശ്രയിക്കുന്നതിന്റെ പിന്നില്‍ മറ്റ് പല കാരണങ്ങളുമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ചേര്‍ന്ന് കേരളക്കരയിലെ ശേഷിക്കുന്ന കാടുകള്‍ കൂടി വിലയിട്ടു വില്ക്കാനുള്ള ഗൂഢതന്ത്രമാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ രണ്ട് പ്രളയദുരന്തമുണ്ടായിട്ടും പാഠമൊന്നും പഠിക്കാത്ത മലയാളിയ്ക്കുവേണ്ടി ഭരണകൂടമൊരുക്കുന്ന ദുരന്തമാണ് അതിരപ്പിള്ളി പദ്ധതി എന്ന കാര്യത്തില്‍ സംശയം വേണ്ട.