ന്യൂദല്‍ഹി: ചില സംസ്ഥാനങ്ങള്‍ പാസ്സാക്കിയ തൊഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. മെയ് 13ന് നടന്ന ദേശീയ ഭാരവാഹികളുടെ വെബ് മീറ്റിങ്ങിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ തൊഴിലാളികളുടെ ജോലി സമയം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ ഓര്‍ഡിനന്‍സ് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും മറ്റ് തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് ബിഎംഎസ് ദേശീയ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഈ സംസ്ഥാനങ്ങളെ പിന്തുടര്‍ന്ന് രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡീസ, ഗോവ എന്നീ സംസ്ഥാനങ്ങളും തൊഴിലാളികളുടെ ജോലി സമയം കൂട്ടുന്നതിനുള്ള നിയമനിര്‍മ്മാണത്തിന്റെ ആലോചനയിലാണ്. 8 മണിക്കൂര്‍ എന്നത് 12 മണിക്കൂര്‍ വരെ ആക്കാനാണ് ആലോചിക്കുന്നത്. ഇത് നടപ്പിലായാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതേ നയം പിന്തുടരും. ബിഎംഎസ് സംസ്ഥാന യൂണിറ്റുകള്‍ അതത് സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് ഇതിനെതിരെ കത്തെഴുതിയിട്ടുണ്ട്.
കുടിയേറ്റത്തൊഴിലാളി പ്രശ്‌നം വഷളാവാനുള്ള ഒരു പ്രധാന കാരണം കുടിയേറ്റത്തൊഴിലാളി നിയമത്തിന്റെ ലംഘനമാണെന്നും ഇതിന് പ്രക്ഷോഭമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നും ദേശീയ ഭാരവാഹി യോഗം വിലയിരുത്തി. വ്യത്യസ്ത രംഗങ്ങളിലെ തൊഴില്‍ മേഖലയെ കോവിഡ്- 19 ഉം തുടര്‍ന്നുള്ള ലോക് ഡൗണും എങ്ങനെയൊക്കെ ബാധിച്ചു എന്നും യോഗം വിശദമായി ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് സ്വാഗതാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ലോക് ഡൗണ്‍ കാലഘട്ടത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ശമ്പളം വാങ്ങിക്കൊടുക്കാന്‍ ക്രിയാത്മകമായി ഇടപെട്ട താഴേത്തട്ടിലുള്ള ബിഎംഎസ് ഭാരവാഹികളെ യോഗം അഭിനന്ദിച്ചു.
പ്രതിഷേധ സമരത്തിന്റെ ഭാഗമായി മെയ് 16,17,18 തീയതികളില്‍ പ്രാദേശിക തൊഴില്‍ പ്രശ്‌നങ്ങളും തൊഴിലാളി പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ട് ജില്ലാ അധികാരികള്‍ക്ക് പ്രാദേശിക ബിഎംഎസ് ഭാരവാഹികള്‍ കത്തുകള്‍ അയക്കും. മെയ് 20ന് ജില്ലാ – താലൂക്ക് കേന്ദ്രങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ദേശീയ തലത്തില്‍ സമരം നടത്തും. മെയ് 30, 31 തീയതികളില്‍ തൊഴില്‍ നിയമം മരവിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന കേന്ദ്രങ്ങളിലും വ്യവസായ – കമ്പനി ആസ്ഥാനങ്ങള്‍ക്കു മുന്നിലും സമരം നടത്തും.