മാധവന് വല്യച്ഛനു നല്ല സുഖമില്ല…കിടപ്പിലാണ് എന്നറിഞ്ഞിരുന്നു…തിരക്കിനിടയില്‍ അധികം അന്വേഷിക്കാനും പറ്റിയില്ല… ഇതിനിടയില്‍ വല്യമ്മ പലപ്രാവശ്യം വിളിച്ചിരുന്നു എന്ന് പ്രവീണ്‍ പറഞ്ഞു… എന്തിനാണാവോ വല്യമ്മ ഇപ്പോള്‍ വിളിക്കുന്നത്…. അറിയാം എന്നല്ലാതെ വലിയ അടുപ്പമില്ല… വല്ലപ്പോഴും കല്യാണങ്ങള്‍ക്ക് കാണും… ചിരിക്കും.. വര്‍ത്തമാനം പറയും… അത്രേയുള്ളൂ… എങ്കിലും വല്യച്ഛനുമായി നല്ല ബന്ധമുണ്ട്. അങ്ങനെ വിളിക്കാറൊന്നുമില്ലങ്കിലും കാണുമ്പൊള്‍ വലിയ സ്‌നേഹമാണ്.. വല്യഛനു രണ്ടാണ്‍മക്കളാണ്.. അതുകൊണ്ട് എന്നെ വലിയ ഇഷ്ടമാണ്… പക്ഷേ ഇപ്പോള്‍ കണ്ടിട്ട് വര്‍ഷങ്ങളായി. വല്യഛന്‍ റിട്ടയര്‍ ചെയ്ത് ബാംഗ്ലൂരില്‍ സുഖമായി കഴിയുന്നു.. ഞാനിവിടെ ദുബായിലും.. നാട്ടില്‍ പോകുമ്പോള്‍ ആകെ തിരക്കാണ്.. എങ്ങും ഓടിയെത്താന്‍ കഴിയാറില്ല.. അതുമല്ല പ്രവീണിനും എനിക്കും ഒരുമിച്ചു ലീവ് കിട്ടാറില്ല.. അതുകൊണ്ട് നാട്ടില്‍ പോക്ക് മിക്കവാറും ഒറ്റക്കാണ്…
തിരക്കിനിടയില്‍ സൗകര്യപൂര്‍വ്വം മാറ്റിവെക്കാന്‍ കഴിയുന്നത് ബന്ധങ്ങളെ മാത്രമാണല്ലോ…
അങ്ങനെ നാട്ടില്‍ പോയി മടങ്ങിവന്നപ്പോഴാണ് പ്രവീണ്‍ പറയുന്നത് വല്യമ്മ പലപ്രാവശ്യം വിളിച്ചിരുന്നു … എന്നോട് സംസാരിക്കണം എന്ന്… നാട്ടിലെ നമ്പര്‍ കൊടുത്തെങ്കിലും വല്യമ്മ അങ്ങോട്ട് വിളിച്ചില്ല.. എന്താണാവോ…
ഇനി വിളിക്കട്ടെ എന്ന് വിചാരിച്ചു… പിന്നെപ്പിന്നെ ഞാനുമതങ്ങു മറന്നു…
വല്യഛനെപോലെ ഇത്ര സ്വസ്ഥമായ റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന ആള്‍ക്കാരെ കണ്ടിട്ടില്ല…വിദേശകാര്യവകുപ്പിലായിരുന്നു… വല്യഛന്‍ ജോലിചെയ്യാത്ത രാജ്യങ്ങള്‍ കുറവാണ്…ഫിജി മുതല്‍ അമേരിക്ക വരെ… കണ്ടിട്ടില്ലാത്ത ലോകനേതാക്കളും വിരളം…. ലോകത്തെ കീഴ്‌മേല്‍ മറിച്ച അന്താരാഷ്ട്ര കരാറുകള്‍ ഒപ്പിടുന്ന വേളയില്‍ പ്രധാനമന്ത്രിയുടെ തൊട്ടുപിന്നില്‍ നിന്ന ടൈ കെട്ടിയ സുമുഖനെ ആല്‍ബത്തില്‍ കാട്ടിത്തരുമ്പോള്‍ വല്യമ്മയുടെ മുഖത്തെ അഭിമാനം… രണ്ട് ആണ്‍ മക്കളും പഠിച്ചത് ലോകത്തെ പലയിടങ്ങളില്‍…
ലോകത്തെ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള കൗതുകവസ്തുക്കള്‍ നിറഞ്ഞ ആ വീട്, എല്ലാ ഭാഷകളില്‍ നിന്നുമുള്ള പുസ്തകങ്ങള്‍, നാണയങ്ങള്‍, അതിന്റെ നടുവില്‍ നിറഞ്ഞിരിക്കുന്ന മാധവന്‍ വല്യച്ഛന്‍ ഞങ്ങള്‍ കുട്ടികളുടെ ഒരു ഹീറോ തന്നയായിരുന്നു… ആ വീട് ആലീസിന്റെ ഒരു അത്ഭുതലോകവും…. ഒരു സര്‍ക്കാര്‍ ക്ലര്‍ക്കിനപ്പുറമുള്ള ലോകം പരിചയമില്ലാത്ത മാതമംഗലത്തെ ആണുങ്ങള്‍ക്ക് വല്യഛനോടുള്ള അസൂയ പരസ്യമായ രഹസ്യവുമായിരുന്നു… പക്ഷേ വല്യഛനു എന്നോട് പ്രത്യേകമായൊരു വാത്സല്യമുണ്ടായിരുന്നു… ഏത് രാജ്യത്ത് പോയാലും, അവിടുത്തെ പെണ്‍കുട്ടികളുടെ തദ്ദേശീയ വേഷം എനിക്ക് വേണ്ടി വാങ്ങും… നാട്ടില്‍ വരുമ്പോള്‍, എന്നെ അതെല്ലാം അണിയിച്ച് ഫോട്ടോയെടുക്കും… അങ്ങനെ നൂറ്റിപ്പത്ത് രാജ്യങ്ങളിലെ വേഷത്തോടെ നില്‍ക്കുന്ന എന്റെ ഫോട്ടോകളുടെ ഒരു ആല്‍ബം തന്നെ വല്യച്ഛനുണ്ടായിരുന്നു.. കല്യാണത്തിന്, നിനക്കെന്താ വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടത് ആ ആല്‍ബമാണ്… വല്യച്ഛന്‍ നിധിപോലെ സൂക്ഷിച്ച ആ ആല്‍ബം എന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടു പോയി… അതിന്നുവരെ അറിഞ്ഞിട്ടില്ല… പറയാനുള്ള ധൈര്യം ഇല്ലായിരുന്നു…
ഒരു താലിയും ഇത്തിരി ജോലിത്തിരക്കും എത്ര പെട്ടന്നാണ് മനുഷ്യനെ വല്ലാതങ്ങ് മാറ്റിമറിക്കുന്നത്… എത്ര പെട്ടന്നാണ് വല്യച്ഛന്‍ എനിക്ക് ഒരുപാട് ബന്ധുക്കളില്‍ ഒരാള്‍ മാത്രമായത്….. ഓരോ അവധിക്കാലവും ഓടിയെത്താന്‍ വാശി പിടിച്ചിരുന്ന വീട്ടില്‍ പോകാന്‍ എനിക്കിപ്പോള്‍ തീരെ സമയമില്ല… ഒരാളെ ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മാന്യമായ വാക്കാണ് തിരക്ക് എന്നത് … എനിക്ക് സൗകര്യമില്ല എന്നതിന്റെ ശുദ്ധീകരിച്ച വാക്ക്… വല്യച്ഛന്റെ കാര്യത്തില്‍, അതിപ്പോള്‍ ഏറ്റവും ചേരുന്നത് എനിക്ക് തന്നെ…
എനിക്ക് സ്വയം വെറുപ്പ് തോന്നി…
വല്ലാത്ത കുറ്റബോധത്തോടെയാണ് വല്യമ്മയെ ഫോണ്‍ ചെയ്തത്…. പണ്ടും വല്യമ്മയോട് അധികം അടുപ്പമില്ലായിരുന്നു… നിശബ്ദമായി, വീട്ടിലെ ജോലികളും, വല്യച്ഛന്റെ സാധനങ്ങള്‍ അടുക്കിവെക്കുകയുമൊക്കെ ചെയ്ത്, ഇപ്പോഴും തിരക്കില്‍ കഴിയുന്ന, ഇങ്ങനെയൊരു സ്ത്രീ അവിടെയുണ്ടോ എന്ന് പോലും സംശയം തോന്നുമായിരുന്നു.. പക്ഷേ, വല്യച്ഛന്റെയും, ആ വീട്ടില്‍ വരുന്ന ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പെരുമാറാന്‍ അസാധാരണമായൊരു പാടവം തന്നെ വല്യമ്മക്ക് ഉണ്ടായിരുന്നു…
കുശലാന്വേഷണങ്ങള്‍ കഴിഞ്ഞു വല്യമ്മ ചോദിച്ച ചോദ്യം എന്നെ വല്ലാതങ്ങ് വേട്ടയാടി…
‘മോളേ… നിനക്കറിയാമോ…. ആരാ ഈ കൊച്ചങ്കി എന്ന്… തറവാടിന്റെ പഴയ കാര്യങ്ങളൊക്കെ നിനക്കാണല്ലോ പഴമക്കാരെക്കാള്‍ നന്നായി അറിയുക…’
‘എന്താ വല്യമ്മേ…. ഇതെന്താ ഇപ്പോള്‍….’
‘വല്യഛനു തീരെ സുഖമില്ല എന്നറിയാമല്ലോ… അല്‍ഷിമേഴ്‌സ് ആണ്… ഇപ്പോള്‍ ആരെയും മനസ്സിലാകുന്നില്ല… എന്നെപ്പോലും… ഇടക്കിടക്ക് ഇപ്പോള്‍ കൊച്ചങ്കി എന്ന് മാത്രം പറയുന്നുണ്ട്…. മാതമംഗലത്തെ പഴയ കാര്യങ്ങളൊക്കെ ഇടക്കിങ്ങനെ പറയുന്നു… അപ്പോഴാ തോന്നിയത്… അങ്ങനെ വേറെ ആരോടും ചോദിക്കാന്‍ ഇല്ലല്ലോ… അതാ നിന്നോട് ചോദിച്ചത്…’
അച്ചന്‍കോവിലാര്‍ വലിയൊരു പെരുമ്പാമ്പിനെപ്പോലെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കിടക്കുന്നിടത്ത്, ആഴമളക്കാന്‍ സാധിക്കാത്ത ചീങ്കണ്ണിക്കയത്തിന്റെ കരയിലാണ് മാതമംഗലം തറവാട്.. അച്ചന്‍കോവില്‍ പുഴയുടെ ഓരോ വളവും ഭീമന്‍ കയമാണ്… അതിലേറ്റവും വലുതാണ് ചീങ്കണ്ണിക്കയം… ചീങ്കണ്ണിക്കയത്തില്‍ താണുപോയാല്‍ ശരീരം കിട്ടില്ല… ആഴങ്ങളിലെവിടെയോ പതുങ്ങിയിരിക്കുന്ന ചീങ്കണ്ണികള്‍ ഒട്ടും ബാക്കിവെക്കാതെ വിഴുങ്ങും…. ആരുമിതുവരെ ചീങ്കണ്ണികളെ കണ്ടിട്ടില്ല… എന്നാല്‍ കയത്തില്‍ താഴ്ന്നുപോയവരെ കിട്ടിയിട്ടുമില്ല… എന്നാല്‍ മാതമംഗലത്തുകാര്‍ ഇതുവരെ അപകടത്തില്‍ പെട്ടിട്ടില്ല… അവരെ ചീങ്കണ്ണികള്‍ ഉപദ്രവിക്കില്ല…
അതുകൊണ്ടുതന്നെ മാതമംഗലത്തെ അംഗങ്ങള്‍ അല്ലാതെ ആരും ചീങ്കണ്ണിക്കടവില്‍ കുളിക്കാന്‍ ഇറങ്ങാറില്ല…
മാതമംഗലത്തെ കേളുനായരുടെ അനുജത്തിമാര്‍ ആയിരുന്നു അങ്കിയും, കൊച്ചങ്കിയും… അവരുടെ ശരിക്കുള്ള പേര് സരസ്വതി, രുഗ്മിണി എന്നായിരുന്നു എങ്കിലും അങ്കി, കൊച്ചങ്കി എന്ന് പറഞ്ഞാലേ ആള്‍ക്കാര്‍ക്ക് മനസ്സിലാകൂ…
മാതമംഗലം തറവാട് കത്തിനിന്ന അക്കാലത്താണ് പുരുഷോത്തമ കൈമള്‍ സരസ്വതിയുടെ രണ്ടാം ഭര്‍ത്താവായി എത്തുന്നത്.. സരസ്വതിയുടെ ആദ്യഭര്‍ത്താവ് രാമനുണ്ണിത്താന്റെ സുഹൃത്തായിരുന്നു കൈമള്‍… ഒരു ദിവസം എങ്ങുനിന്നെന്നില്ലാതെ രാമനുണ്ണിത്താന്‍ അപ്രത്യക്ഷനായി.. പതുക്കെ കൈമള്‍ ആ വീടിന്റെ നിയന്ത്രണം ഏറ്റെടുത്തു… കൈമളിന്റെ വരവ് ആ കുടുംബത്തിന്റെ രസതന്ത്രം ആകെ മാറ്റിമറിച്ചു എന്ന് തന്നെ പറയാം… അതിരുകളില്ലാതെ പരന്നു കിടന്ന ഭൂസ്വത്തുക്കളില്‍, വലിയ അല്ലലൊന്നും ഇല്ലാതെ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍… പലരും ഓഹരി വാങ്ങിയെങ്കിലും അവിടം വിട്ടുപോയിരുന്നില്ല. തങ്ങളുടെ ഓഹരിയില്‍ വീടുവെച്ച് സ്വതന്ത്രമായി താമസിക്കുമ്പോഴും തറവാടിന്റെ കണ്ണികള്‍ അറ്റുപോകാതെ എല്ലാവരും ശ്രദ്ധിച്ചിരുന്നു… എല്ലാ വീടുകളിലും കയറിയിറങ്ങി ആഘോഷമാക്കിയ ബാല്യകാലം എല്ലാ കുട്ടികള്‍ക്കും പ്രിയപ്പെട്ടതായിരുന്നു… പരസ്പരം അറിഞ്ഞും സഹായിച്ചും ജീവിച്ച കുടുംബങ്ങള്‍ മാതമംഗലം തറവാടിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ കാലത്താണ് പുരുഷോത്തമ കൈമളിന്റെ രംഗപ്രവേശം…
ആജാനുബാഹുവായ, ഒറ്റ നോട്ടത്തില്‍ തന്നെ ഭയപ്പെടുന്ന രൂപമായിരുന്നു കൈമളിനു… അതിനു ശേഷം കുട്ടികള്‍ ആ വീട്ടിലേക്ക് പോകാതായി… കൈമള്‍ വില്ലേജാപ്പീസില്‍ നിന്നും ആളെ വരുത്തി അതിരുകള്‍ കൃത്യമായി അളന്നു കല്ലിട്ടു വേലി കെട്ടി… പ്രമാണങ്ങളും മുന്നാധാരങ്ങളും കൂലങ്കഷമായി പഠിച്ച് മറ്റു ബന്ധുക്കളുടെ ഭൂമികളില്‍ അവകാശവാദം ഉന്നയിച്ചു… ഉന്നതങ്ങളില്‍ വലിയ പിടിപാടുണ്ടായിരുന്ന കൈമള്‍ പോലീസിനെയും സര്‍ക്കാരിനെയും സ്വാധീനിച്ച് കേസ് നടത്തി സരസ്വതിയുടെ വിഹിതത്തിലേക്ക് സ്വത്തുക്കള്‍ ചേര്‍ത്തുകൊണ്ടേയിരുന്നു… പല കുടുംബങ്ങളും എല്ലാം നഷ്ടപ്പെട്ടു പടിയിറങ്ങി… സ്വന്തമാക്കാനാഗ്രഹിച്ച സ്വത്തുക്കളിന്മേല്‍ ആഭിചാരം പ്രയോഗിച്ചു അവിടുത്തെ സ്വന്തക്കാരെ കുടിയിറക്കി എന്നും കേട്ടിട്ടുണ്ട്..
എന്തായാലും, കൂട്ടിമുട്ടിയാല്‍ പോലും മിണ്ടാന്‍ സാധിക്കാത്ത നിലയിലേക്ക് മാതമംഗലം കുടുംബാംഗങ്ങള്‍ മാറാന്‍ വലിയ താമസമുണ്ടായില്ല….
ആയിടക്കാണ് നാട്ടില്‍ കോളേജ് വരുന്നതും മാതമംഗലത്തു നിന്നും പണ്ടേക്ക് പണ്ടേ ഓഹരി വാങ്ങിപ്പോയ രാമചന്ദ്രന്‍ ഉണ്ണിത്താന്റെ രണ്ടാമത്തെ മകന്‍ മാധവന് അവിടെ ബിഎക്ക് പ്രവേശനം ലഭിക്കുന്നതും.. നാലുകെട്ടിനടുത്തുള്ള അമ്മാവന്റെ വീട്ടില്‍ താമസിച്ച് പഠിക്കാന്‍ അയാള്‍ എത്തുമ്പോഴേക്കും പുരുഷോത്തമ കൈമളിന്റെ ഉഗ്രസ്വഭാവത്തില്‍ മാതമംഗലം തറവാട് ഏതാണ്ട് ചിതറിക്കഴിഞ്ഞിരുന്നു….
വല്യമ്മ വീണ്ടും വിളിച്ചു…
‘മോളേ…. ഇന്നലെ സുരേഷ് വന്നിരുന്നു… വല്യഛന്‍ അവനെപ്പോലും തിരിച്ചറിയുന്നില്ല… ആറ്റുവക്കിലോന്നും പോകരുത്… സൂക്ഷിക്കണം… ചീങ്കണ്ണി എന്നൊക്കെ വെറുതേ പറയുന്നതാണ്… അതൊന്നും അയാളോളം അപകടകാരിയല്ല എന്നൊെക്കയാണ് പറയുന്നത്… എനിക്കൊന്നും മനസ്സിലാകുന്നില്ല മോളേ… നീ എന്തെങ്കിലും ഒന്ന് പറ…’
‘വല്യച്ഛന്‍ കുറേക്കാലം മാതമംഗലത്ത് ആയിരുന്നല്ലോ… അവിടുത്തെ എന്തെങ്കിലും ഓര്‍മ്മകള്‍ ആയിരിക്കും വല്യമ്മേ…’
‘നീ ഇനി എന്നാണു നാട്ടില്‍ വരുന്നത്… വല്യച്ഛനു ഇനി അധിക കാലം ഉണ്ടന്ന് തോന്നുന്നില്ല… ഞാനിതുവരെ നിന്നോടൊന്നും ചോദിച്ചിട്ടില്ലല്ലോ… ഒന്ന് അത്യാവശ്യമായി വരണം…’
വല്യച്ഛന്റെ കൈ തീരെ മെലിഞ്ഞു ശോഷിച്ചിരുന്നു… കൈയ്യില്‍ മുറുകെപ്പിടിക്കുമ്പോള്‍ എനിക്ക് നല്ല വേദനയുണ്ടായി… ഏറ്റവും അദ്ഭുതം അതല്ല…. മക്കളെ പോലും അറിയാന്‍ കഴിയാത്ത പോലെ മനസ്സില്‍ ഇരുള്‍ കയറിക്കഴിഞ്ഞിരുന്ന വല്യച്ഛന്‍ എന്നെ തിരിച്ചറിഞ്ഞു…
‘മോള്‍ ഒരു കാര്യം ചെയ്യ്… മുറിയിലെ എന്റെ അലമാരയുടെ താഴത്തെ തട്ടില്‍ ഒരു ചെറിയ പെട്ടിയുണ്ട്.. അതിങ്ങെടുക്ക്…
ഞാനും വല്യമ്മയും കൂടിയാണ് അത് തെരഞ്ഞത്… വല്യമ്മക്ക് പോലും അറിയാത്ത വിധത്തില്‍, തുണികള്‍ക്കിടയില്‍ ഒരു ചെറിയ നെട്ടൂര്‍ പെട്ടി… അതവിടെ വെച്ചെക്കൂ എന്ന് പറഞ്ഞ് വല്യച്ഛന്‍ വീണ്ടും മയങ്ങി…
അടുത്തടുത്താണ് താമസമെങ്കിലും ബദ്ധവൈരികള്‍ ആയിക്കഴിഞ്ഞ മാതമംഗലം വീടുകളിലെ, രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ഓഹരിയില്‍ ബാക്കി കിടന്ന ആളൊഴിഞ്ഞ വീട്ടിലാണ് മാധവനുണ്ണിത്താന്‍ താമസിച്ചത്.. ഒറ്റക്ക് പാചകവും കോളേജില്‍ പോക്കുമെല്ലമായി നിശബ്ദമായി കടന്നുപോയ ദിനങ്ങളില്‍ ഒന്നിലെ ഒരു വെളുപ്പാന്‍ കാലത്താണ് മാസക്കുളിക്ക് കടവിലെത്തിയ കൊച്ചങ്കിയെ അയാള്‍ കാണുന്നത്… വീട്ടിലെ കുളിമുറി അടച്ചുറപ്പില്ലാത്തതിനാല്‍ കൊച്ചങ്കിയുടെ കുളി പിന്നീട് സ്ഥിരമായി ചീങ്കണ്ണിക്കയത്തില്‍ ആയി… ഭയം തുളുമ്പി നില്‍ക്കുന്ന ചീങ്കണ്ണിക്കയത്തില്‍ നീന്താന്‍ കൊച്ചങ്കിക്ക് ഒരു ഭയവുമുണ്ടായിരുന്നില്ല… കൊച്ചങ്കിയാണ് മാധവനെ കയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചത്… അതിരാവിലെയുള്ള ആ സമാഗമങ്ങള്‍ ആരും അറിഞ്ഞതുമില്ല…
അങ്ങനെയിരിക്കെ, കുറച്ചുദിവസം കൊച്ചങ്കിയെ പുഴയിലേക്ക് കണ്ടില്ല… നാലുകെട്ടിന്റെ പരിസരങ്ങളിലോക്കെ മാധവന്‍ കുറെയധികം നോക്കി… കണ്ടില്ല… ഒരു ദിവസം, വീടിനു പുറത്തെ മറപ്പുരയില്‍ നിന്നും ഭയന്നോടുന്ന കൊച്ചങ്കിയെ അയാള്‍ ഒരു നോട്ടം കണ്ടു.. പിന്നാലെ നടന്നു നീങ്ങുന്ന ആജാനബാഹുവായ പുരുഷോത്തമ കൈമളിനെ അന്നാദ്യമായാണ് മാധവന്‍ കാണുന്നത്… കൈമളിനെ പറ്റി കൊച്ചങ്കി പറഞ്ഞറിഞ്ഞതിലും ഭീകരമായ രൂപമാണ് മാധവന്‍ കണ്ടത്…
കൈമള്‍ എവിടെക്കോ യാത്ര പോയ ഒരു ദിവസം കൊച്ചങ്കി വീണ്ടും കുളിക്കടവിലെത്തി… തന്റെ ഓഹരി മുഴുവന്‍ കൈമള്‍ എഴുതിവാങ്ങിയതും, ഇപ്പോള്‍ തന്നെ കീഴ്‌പ്പെടുത്തി വെക്കാന്‍ ശ്രമിക്കുന്നതുമായ എല്ലാം കൊച്ചങ്കി മാധവനോട് തുറന്നു പറഞ്ഞു…
വീട്ടില്‍ നിന്ന് അയച്ചു തന്നതില്‍ നിന്ന് മിച്ചം പിടിച്ചും, ട്യൂഷന്‍ എടുത്ത് സമ്പാദിച്ചതും, കടം വാങ്ങിയതുമെല്ലാം ചേര്‍ത്ത് മാധവന്‍ അന്നൊരു നേര്യതും ഇളക്കത്താലിയും വാങ്ങി… രണ്ടു ദിവസം കഴിഞ്ഞു ഒരു വൈകുന്നേരം മാതമംഗലം നാലുകെട്ടിലെക്ക് നെഞ്ചു വിരിച്ചു കടന്നു ചെന്ന അയാള്‍ ചാരുകസേരയില്‍ മയങ്ങിക്കിടന്ന കൈമളിനെ വിളിച്ചുണര്‍ത്തി..
‘സരസ്വതിയെ, കൊച്ചങ്കിയെ ഞാന്‍ പുടവ കൊടുക്കാന്‍ പോകുന്നു… അന്തസ്സായി നടത്തി തന്നാല്‍ എല്ലാവര്‍ക്കും നല്ലത്… അല്ലങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയാം…’
പുരുഷോത്തമ കൈമളിന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല… ആകെ പകച്ചിരുന്നുപോയ അയാളുടെ മുമ്പിലൂടെ മാധവന്‍ ചവിട്ടി മെതിച്ചു കടന്നുപോയപ്പോള്‍ പ്രകൃതി പോലും ഭയന്ന് പോയി… ആ കൊടും വേനലില്‍ ഇടിവെട്ടി മഴ പെയ്തു…
തകര്‍ത്തൊഴുകിയ മലവെള്ളം അച്ചന്‍കൊവിലാറ്റില്‍ ഇരമ്പിപ്പാഞ്ഞു… ചീങ്കണ്ണിക്കയത്തിനു മുകളില്‍ വന്‍ ചുഴികള്‍ വട്ടം കറങ്ങി… ചീങ്കണ്ണിക്കയത്തിന്റെ ആഴങ്ങളെ ഒരിക്കലും ഭയപ്പെട്ടിട്ടില്ലാത്ത കൊച്ചങ്കി പിന്നീടവിടെനിന്നും മടങ്ങിവന്നില്ല….
നേരം വെളുത്തപ്പോള്‍ കൊച്ചങ്കിയുടെ മാറാനുള്ള വസ്ത്രങ്ങളും, ഇഞ്ചയും, സോപ്പുപെട്ടിയും മാത്രം കല്‍പ്പടവില്‍ തിരിച്ചുവരാത്ത കൊച്ചങ്കിയെ പ്രതീക്ഷിച്ച് പ്രാചീനമായ ഒരു മൗനത്തോടെ വേരുറച്ചു…. പതിനാലു കിലോമീറ്റര്‍ അകലെ, വഴിവക്കില്‍ നിന്നും കൈകാലുകള്‍ തല്ലിയൊടിക്കപ്പെട്ട മാധവനെ ജീവന്‍ പോകുന്നതിനു മുമ്പ് ആരോ ആശുപത്രിയില്‍ എത്തിച്ചു… എങ്കിലും അപ്പോഴും അയാളുടെ കൈയ്യില്‍ തലേന്ന് വാങ്ങിയ നേര്യതും ഇളക്കത്താലിയും ഭദ്രമായി ഉണ്ടായിരുന്നു…
മാധവനുണ്ണിത്താന്‍ പിന്നീട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിഎയും എംഎയും എടുത്തു… ഫോറിന്‍ സര്‍വ്വീസില്‍ കയറിയ അയാള്‍ പിന്നീട് പ്രതാപിയായ ഉദ്യോഗസ്ഥനായി… അയാള്‍ പിന്നീടൊരിക്കലും മാതമംഗലത്ത് കാല്‍ കുത്തിയിട്ടില്ല…
കൊച്ചങ്കിയുടെ തിരോധാനത്തോടെ മാതമംഗലം തറവാട് ക്ഷയിച്ചു… പുരുഷോത്തമ കൈമളിനു കുഷ്ഠരോഗം വന്നതോടെ അന്നുവരെ അയാളെ ഭയത്തോടെ കണ്ടിരുന്നവര്‍ വെറുപ്പോടെ കാണാന്‍ തുടങ്ങി… പതുക്കെ അയാളുടെ ശരീരം വൃണങ്ങള്‍ കൊണ്ട് നിറഞ്ഞു… കൈകാലുകളിലെ വിരലുകള്‍ ഒന്നൊന്നായി ഇറുന്നു പോയി… ദിവസങ്ങളോളം ചക്രശ്വാസം വലിച്ചാണ് മരിച്ചത്… സ്വന്തം രക്തത്തിലും വിസര്‍ജ്യത്തിലും കിടന്നുരുണ്ടു കറങ്ങുമ്പോള്‍ അയാള്‍ കൊച്ചങ്കീ പൊറുക്കണേ എന്ന് വിളിച്ചിരുന്നു എന്ന് പറയുന്നു…
നശിച്ച് നിലം പൊത്തിയ നാലുകെട്ടും കുടുംബക്ഷേത്രവും പുനരുദ്ധരിക്കാന്‍ പുതിയ തലമുറ തീരുമാനിച്ചപ്പോള്‍ അഷ്ടമംഗല്യ പ്രശ്‌നം വെച്ച കൃഷ്ണക്കുറുപ്പ് ഗതികിട്ടാത്ത ഒരു ബ്രഹ്മരക്ഷസ്സിന്റെ ശാപം എടുത്തുപറഞ്ഞു… ദിവസങ്ങളോളം നീണ്ട ആവാഹനം ഫലം കണ്ടു.. കാഞ്ഞിരക്കുറ്റിയില്‍ ആവാഹിച്ച ആത്മാവിനെ എല്ലാ സംതൃപ്തിയോടെയും മോക്ഷം നല്‍കി… അന്ന് രാത്രി എല്ലാ കുടുംബാംഗങ്ങളും ഒരു സ്വപ്‌നം കണ്ടു… ചീങ്കണ്ണിക്കയതിന്റെ ആഴങ്ങളില്‍ നിന്നും കസവു നേര്യതിന്റെ മുലക്കച്ചയും ഇളക്കത്താലിയും അണിഞ്ഞ അതിസുന്ദരിയായ ഒരു യുവതി ഈറനോടെ കയറി വരുന്നതായിരുന്നു അത്…
രണ്ടു ദിവസത്തേക്കാണ് വന്നത്… ലീവില്ല… എങ്ങനെയെങ്കിലും പോയേ പറ്റൂ… വല്യച്ഛനോട് എങ്ങനെയും കാര്യം പറഞ്ഞേ മതിയാകൂ…
മുറിയില്‍, വല്യച്ഛന്‍ ശാന്തമായി ഉറങ്ങുകയായിരുന്നു… അരികില്‍ താഴെവെച്ചിരുന്ന നെട്ടൂര്‍ പെട്ടി തുറന്നു കിടക്കുന്നു… നെഞ്ചോട് ചേര്‍ത്ത് തണുത്ത് ഉറച്ചു കഴിഞ്ഞ വല്യച്ഛന്റെ കൈകളില്‍ ഒരു കസവു നേര്യതും ഇളക്കത്താലിയും പ്രാണന്‍ വെടിയാതെ വിറകൊണ്ടു…