കോവിഡ് 19 നെ പിടിച്ചുകെട്ടാന്‍ ലോകം മുഴുവന്‍ ഉപയോഗിച്ചുവരുന്ന അദ്ഭുതമരുന്ന് നിര്‍മ്മിക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് കേരളം. മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ക്ലോറോക്വിന് എന്ന മരുന്ന് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള അവസരമാണ് കേരളം നഷ്ടപ്പെടുത്തിയതെന്ന് ഔഷധ നിര്‍മാണരംഗത്തെ വിദഗ്ധന്‍ കൂടിയായ പ്രൊഫ. ഡി. അരവിന്ദാക്ഷന് പറയുന്നു.
ഈ മരുന്ന് നിര്‍മ്മിക്കുന്നത് ക്വിനൈന്‍ എന്ന രാസവസ്തുവില്‍ നിന്നാണ്. ഇതു ലഭിക്കുന്നതാകട്ടെ സിന്കോണാ എന്ന പേരില്‍ അറിയപ്പെടുന്ന ക്വയിനാ മരത്തിന്റെ സത്തില്‍ നിന്നാണ്. 1880 കളില്‍ കേരളത്തിന്റെ ഹൈറേഞ്ചുകളില്‍ പ്രത്യേകിച്ചും വയനാടന്‍ മലനിരകളിലും തമിഴ്നാട്ടിലെ ആനമലയിലും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ മരം വ്യാപകമായി നട്ടുവളര്‍ത്തിയിരുന്നു. അക്കാലത്ത് വര്‍ഷംതോറും 45,000 കിലോ ക്വിനൈനാണ് ഉത്പാദിപ്പിച്ചിരുന്നത്.
കഴിഞ്ഞ ഏതാനും ദശകങ്ങളായി ഈ മരങ്ങള്‍ മുഴുവനും നമ്മള് വെട്ടിനശിപ്പിച്ചു എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത. ക്ലോറോക്വിനൈന് വീര്യം കുറയ്ക്കാനായി ഹൈഡ്രോക്സി ക്ലോറോക്വിനൈനാക്കി മാറ്റും. ക്വിനൈനെക്കാളും വിലയും വീര്യവും കുറവായതിനാലും പാര്‍ശ്വഫലങ്ങള്‍ കുറവായതിനാലും മലേറിയ തുടങ്ങി രോഗങ്ങള്‍ക്ക് ഇത് വളരെ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു. ഇന്ന് കേരളത്തില്‍ ഇതു നിര്‍മ്മിക്കാനുള്ള ഫാക്ടറികള്‍ ഉണ്ടായിരുന്നെങ്കില്‍ കോവിഡ് 19നെതിരായ ചികിത്സ കൂടുതല്‍ ഫലവത്തായേനെയെന്ന് ആലപ്പുഴയിലെ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് മുന്‍ എംഡി ഡി. അരവിന്ദാക്ഷന് പറയുന്നു.