മീനം കരിച്ച മരങ്ങള്‍ തന്‍ സ്വപ്നത്തെ
വാരിപ്പുണരുവാന്‍ വര്‍ഷബിന്ദുക്കളാല്‍
ദൂതുമായ് വന്നു കണിക്കൊന്നയില്‍ മഞ്ഞ-
ച്ചേലു പകര്‍ന്നൊരു മേടപ്പുലരിയില്‍,
വന്നു തേന്മാവിന്റെ കൊമ്പത്തിരുന്നൊരു
ചിത്തിരപ്പൈങ്കിളി ചോദിപ്പു കൈനീട്ടം.
പാടം പൊലിക്കാന്‍ ‘വിഷുച്ചാലുകീറുന്ന’
മേടത്തിരുദിനം പാടിപൊലിപ്പിക്കും
പുള്ളുവവീണതന്‍ തന്ത്രികളൊക്കെയും
നല്ല വിഷുവിന്റെ സങ്കീര്‍ത്തനങ്ങളായ്!!!
വിത്തും വിളവും കനക്കാന്‍ ജപിക്കുന്ന
സദ്ച്ചരിതങ്ങളില്‍ സൂര്യായനത്തിന്റെ
ശുദ്ധിയും നന്മയും കാത്തുസൂക്ഷിക്കുന്ന
കര്‍ഷകഹൃത്തിന്‍ സമൃദ്ധിയേ കാണ്‍മത്!!
മീന പ്രളയം കഴിഞ്ഞോരു രാശിയില്‍
സംക്രമപ്പിറ്റേന്നുദിക്കുന്ന സൂര്യന്റെ
സ്വര്‍ണ്ണമരീചികള്‍ കൊന്നകള്‍ തോറും
വന്നുമ്മവയ്ക്കുന്ന വിഷുവമേ വന്ദനം.
കനകനിലാവു കനിഞ്ഞു വന്നെത്തുന്ന
കണിവെള്ളരിക്കകള്‍ കാഴ്ചയായ് നല്‍കുന്ന
കമനീയ കാന്തിതന്‍ കന്ദളം വീശുന്ന
കരുതലിന്‍ നാളേ വിഷുവേ പൊലിക്കുക.
മണ്ണും മലരും കിളിപ്പാട്ടുമില്ലാതെ
എങ്ങനെ മര്‍ത്ത്യത വാണിടും ഭൂമിയില്‍?
‘വിത്തും കൈക്കോട്ടും’ വിളിച്ചു വന്നെത്തുന്ന
കൊച്ചു മേടക്കിളിപ്പെണ്ണിനു തിന്നുവാന്‍
ചക്കരമാമ്പഴം നീര്‍ത്തി മുറ്റത്തൊരു
മുത്തശ്ശിമാവു ചിരിച്ചു നില്‍ക്കുന്നിതാ
പൂത്തിരിതുണ്ടുപോല്‍ മാനത്തു പൂത്തൊരു
പൂത്താരകങ്ങളെ കണ്ടു നിറഞ്ഞൊരു
ഹൃത്തുമായ് പിറ്റേപ്പുലരിയില്‍ പൊന്‍കണി
മുത്തി നിന്നീടാന്‍ കൊതിക്കുന്ന ബാല്യവും
ഹൃത്തും നിറയ്ക്കും വിഷുവിന്നു സ്വാഗതം!!
എന്നും മനസ്സിന്റെ കോണില്‍ പൂത്തീടുന്ന
പൊന്‍ കണിക്കൊന്നയായ് നീ വിടര്‍ന്നീടുക
ഗ്രാമ സൗഭാഗ്യമായ് നേരിന്റെ പച്ചയായ്
ഓരോ മനസ്സിലും നീ കണിവയ്ക്കുക!!!