കൊറോണക്കാലം പോലും പ്രതിച്ഛായ ഉയര്‍ത്താനുള്ള അവസരമാക്കുന്നവരെക്കുറിച്ച് എന്താണ് പറയേണ്ടത്? കേരള മുഖ്യന്‍ വിജയന്‍ സഖാവിന്റെ പ്രതിച്ഛായ ഇപ്പോള്‍ രാഷ്ട്രത്തലവന്‍മാര്‍ക്കൊപ്പമാണത്രെ! അമേരിക്ക കേരളത്തോട് ചോദിച്ചുവത്രെ ഈ മനുഷ്യനെ ഞങ്ങളുടെ പ്രസിഡന്റാക്കാന്‍ വിട്ടുതരുമോ എന്ന്. കുട്ടിസഖാക്കള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പുളകിതഗാത്രരായി എഴുതിയതാണ് ഇത്. ഇന്ന് പുറത്തിറങ്ങാനാവാതെ വീട്ടിലിരിക്കുന്ന മലയാളിക്കുള്ള ശിക്ഷ സന്ധ്യാവേളയില്‍ മുഖ്യന്റെ തിരുമുഖം ചാനലുകളില്‍ കാണുക എന്നതാണ്. പ്രസ് സെക്രട്ടറിമാരായി മഹാകവിയും മഹാത്മ പത്രക്കാരനും ഉണ്ടായിട്ടും സ്വകാര്യ ഏജന്‍സി തയ്യാറാക്കുന്ന വാര്‍ത്താക്കുറിപ്പു വായന എന്ന പ്രതിച്ഛായ മിനുക്കല്‍ മലയാളി സഹിക്കണം. ഏതായാലും അല്പം തിളങ്ങിയിരുന്ന ശൈലജ ടീച്ചര്‍ ഇപ്പോള്‍ സൈഡായി.
കൊറോണ വന്നപ്പോഴേ തുടങ്ങി മുഖ്യന്റെ ഈ മുഖംമിനുക്കല്‍ പരിപാടി. അതിന് ദേശീയ മാധ്യമ രംഗത്തെ വന്‍സ്രാവുകളെ തന്നെ വിലക്കെടുത്തു. മോദി വിരുദ്ധനും പരുഷവാക്കുകള്‍ കൊണ്ടു കുപ്രസിദ്ധനുമായ രാജ്ദീപ് സര്‍ദേശായിയെ തന്നെ കിട്ടി ഇതിന്. രാജ്ദീപിന്റെ വക ഒരു അഭിമുഖം മുഖ്യനുമായി. ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ തന്നെ മണി മണിയായി ഉത്തരം. അഭിമുഖം കണ്ട ആര്‍ക്കും മനസ്സിലാകും അത് മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന്. തത്സമയ പ്രക്ഷേപണം പോലെയാണ് അത് കൊടുത്തത്. അതിനിടെ രാജ്ദീപിന്റെ കമന്റ്: ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഭാരതം ചിന്തിക്കുന്നു. ഭാരത പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തലേന്നേ കേരളം ലോക്ഡൗണ്‍ പ്രഖ്യാപിച്ചു എന്നത് തെളിവ്. എന്നാല്‍ കൊറോണ ബാധിച്ച ജില്ലകള്‍ അടച്ചുപൂട്ടണമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം അവഗണിച്ചു എന്നത് മിണ്ടിയതേയില്ല. അത് കൊറോണാവ്യാപനത്തിന് ഇടയാക്കി എന്നതും മിണ്ടിയില്ല. മുഖ്യന്റെ പ്രതിച്ഛായ ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ അതു പറഞ്ഞാല്‍ പറ്റില്ലല്ലോ! മോദിക്കും ട്രമ്പിനും പുട്ടിനുമൊപ്പം കൊറോണെക്കെതിരെ പൊരുതുന്ന ആളായിട്ടാണ് ഒരു മലയാള പത്രം വിജയന്‍ സഖാവിനെ ചിത്രീകരിച്ചത്. ഇതോടെയാണ് അമേരിക്കയുടെ പ്രസിഡന്റാവാന്‍ ഓഫര്‍ വന്നത്. മഹാമാരിയെ പോലും സ്വന്തം പ്രതിച്ഛായക്ക് വളമാക്കുന്നവരെ പത്തു കയ്യും കൂട്ടി തൊഴണം.