”തണലോ അഭയമോ നല്‍കാത്ത മണല്‍പ്പരപ്പിന്റേയും സ്ഥിരതയില്ലാത്ത മണ്‍കുന്നുകളുടേയും നാടാണ് അറേബ്യ. ചുഴലിക്കാറ്റുകള്‍ക്കൊത്ത് ഉയരുകയും നീങ്ങുകയും പതിക്കുകയും ചെയ്യുന്ന മണല്‍ക്കുന്നുകളില്‍ കാരവനുകളും, മുഴുവന്‍ സൈന്യങ്ങള്‍ തന്നെയും കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്. സ്വപ്‌നംപോലെ വിലപ്പെട്ടതും പൊരുതി നേടേണ്ടതുമായ വസ്തുവാണ് വെള്ളം.” (ജൈവ മനുഷ്യന്‍ പുറം 79)
സെമറ്റിക് മതങ്ങളുടെ ഉദയം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ നോവലിസ്റ്റും ചിന്തകനുമായ ആനന്ദ് നടത്തിയ നിരീക്ഷണമാണിത്. റോമാ സാമ്രാജ്യം തകരുകയും, അതിന്റെ സ്ഥാനത്ത് ദേശീയ രാഷ്ട്രങ്ങള്‍ ഉദയം കൊള്ളാന്‍ തുടങ്ങുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഇസ്ലാം മതം പ്രത്യക്ഷപ്പെട്ടത്. ക്രിസ്തുവിന്റെ ലോകംപോലെ മുഹമ്മദ് നബിയുടെ ലോകവും അശാന്തി നിറഞ്ഞതായിരുന്നു. ദുഃഖിതര്‍ക്കും പീഡിതര്‍ക്കും അഭയം നല്‍കിയ ക്രിസ്തുമതം പിന്നീട് യുദ്ധം നയിക്കുകയും, ഭരണം പിടിച്ചടക്കുകയും ചെയ്യുന്നവരുടെ കൂടെ ചേര്‍ന്നപ്പോള്‍ ജനങ്ങള്‍ ഇസ്‌ലാം മതത്തെ ഒരു സങ്കേതമായിക്കണ്ടു. ഇസ്ലാം എന്ന പദത്തിന് ‘മുഴുവനായും ദൈവത്തിന് കീഴടങ്ങുക’ എന്നാണ് അര്‍ത്ഥം. ”താന്‍ പറയുന്നത് വെളിപാടുകളുടെ രൂപത്തില്‍ കിട്ടിയ ദൈവിക സന്ദേശങ്ങളാണെ”ന്ന് മുഹമ്മദ് നബി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു. ”ഞാന്‍ വെറും സന്ദേശവാഹകന്‍ മാത്രമാണെന്നും നബി പറഞ്ഞപ്പോള്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇസ്ലാമില്‍ അഭയം കണ്ടെത്തി.”
”മറ്റ് പ്രവാചകന്മാരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും ലോകാചാര്യന്മാരും പറഞ്ഞത് ആവര്‍ത്തിക്കുകയാണ് ഞാന്‍ ചെയ്യുന്നതെന്ന നബിയുടെ പ്രബോധനവും ജനങ്ങളെ വശീകരിച്ചു. അബ്രഹാമും, യേശുവും മറ്റ് വിശ്വവിഖ്യാത യോഗിവര്യന്മാരും നബിയുടെ പ്രചാരണങ്ങളില്‍ കടന്നുവന്നു. യേശുവിനേയും മേരിയേയും പ്രതിമകള്‍ വെച്ച് ആരാധിക്കുന്നതിനെ മുഹമ്മദ് നബി എതിര്‍ത്തു.
”എല്ലാ പഴയ പ്രവാചകന്മാരും ആചാര്യന്മാരും സാധാരണ മനുഷ്യരായിരുന്നു. താന്‍ തന്നെ വെറും സാധാരണ മനുഷ്യനാണ്. എനിക്ക് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയില്ല. എനിക്ക് വെളിപാടുകളുടെ രൂപത്തില്‍ കിട്ടിയത് ഞാന്‍ പറയുന്നു. തീര്‍ത്തും നിരക്ഷരനായ എനിക്ക് ഈ കഴിവ് തന്നത് പ്രപഞ്ച സ്രഷ്ടാവാണ്, നിങ്ങള്‍ ആ സ്രഷ്ടാവിനെ ആരാധിക്കുക, മറ്റ് ആരാധനാ രീതികളെയും വിശ്വാസികളെയും നിന്ദിക്കരുത്.” (ഖുറാന്‍)
ആകാശവും ഭൂമിയും സ്വര്‍ഗ്ഗവും നരകവും ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച ദൈവം ഏകനാണ് എന്ന ചിന്ത പഠിപ്പിച്ച മുഹമ്മദ് നബിയെ ഏറെ ദുഃഖിപ്പിച്ചത് അറേബ്യയിലെ ഗോത്രവര്‍ഗ്ഗങ്ങളായിരുന്നു. നൂറ് കണക്കിന് ഗോത്രങ്ങളായി മാറിയ അറബി സമൂഹത്തില്‍ ഉയര്‍ന്ന ഗോത്രത്തില്‍ പെട്ടവര്‍ ദൈവതുല്യരായിരുന്നു. സുഖകരമായ കാലാവസ്ഥയും സമൃദ്ധമായ ഭൂമിയും പുറത്തുള്ളവര്‍ക്കും, ചൂടും മണലാരണ്യവും തങ്ങള്‍ക്കും എന്ന അവസ്ഥ ദൈവത്തിന്റെ സംഭാവനയാണെന്നും, ദൈവത്തെ വെല്ലുവിളിക്കാന്‍ പാടില്ല എന്നും പ്രവാചകന്‍ പഠിപ്പിച്ചു. പക്ഷേ ഗോത്രങ്ങളുടെ ഏകീകരണം നബിക്ക് മുഴുവനായി കഴിഞ്ഞില്ല. നബി തന്നെ ഏറ്റവും ഉയര്‍ന്ന ഗോത്രത്തില്‍പെട്ട വ്യക്തിയല്ലായിരുന്നു.
പരിതഃസ്ഥിതികള്‍ പ്രാകൃതാവസ്ഥയില്‍ നിര്‍ത്തിയ അറേബ്യയിലെ മനുഷ്യര്‍ക്കില്ലാതെപോയത് അറബികളെ പരിഷ്‌കൃതിയുടെ കവാടത്തിലേക്ക് നയിക്കുന്ന ഒരു ദര്‍ശനമായിരുന്നു. മുഹമ്മദ് നബിയുടെ ദര്‍ശനം ആ കാലഘട്ടത്തിലെ അറബികളെ ഔന്നത്യത്തിന്റെ പടവുകളിലേക്ക് നയിക്കാന്‍ വേണ്ടിയുള്ളതായിരുന്നു.
വിശ്വവിഖ്യാത ചിന്തകനും, പ്രഭാഷകനുമായ സ്വാമി വിവേകാനന്ദന്‍ സെമറ്റിക് മതങ്ങളുടെ കെട്ടുറപ്പിനെ പ്രശംസിക്കുകയും, ആശയപരമായ സങ്കുചിതത്വത്തെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് നബിയുടെ വാക്കുകളിതാ: ”എനിക്ക് ശേഷം ദൈവത്തില്‍ നിന്ന് വെളിപാടുകള്‍ (Revelations) ആര്‍ക്കും ഉണ്ടാകില്ല. ഞാന്‍ ദൈവത്തിന്റെ അവസാനത്തെ പ്രവാചകനാണ്.”
ഭാരതീയ ചിന്തയുടെ വിശാലമായ കണ്ണട വെച്ച് പ്രപഞ്ചത്തെ വീക്ഷിച്ചാല്‍ സെയിന്റുകളും യോഗീശ്വരന്മാരും നിരന്തരം ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ബൈബിള്‍ ഒരു ദൈവിക ഗ്രന്ഥമാണോ എന്ന ചോദ്യം ചോദിച്ചുകൊണ്ടാണ് വിശ്വവിഖ്യാത ചിന്തകനും, സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ ബര്‍ട്രാന്‍ ഡ് റസ്സല്‍ തന്റെ ”Why I am not a christian” ആരംഭിക്കുന്നത്. ”ഭൂമി പരന്നത് എന്ന തെറ്റായ ആശയം ദൈവത്തിന്റെ ഗ്രന്ഥത്തില്‍ എങ്ങിനെ വന്നു? എന്ന് ചോദിക്കാന്‍ റസ്സല്‍ കാണിച്ച ധൈഷണികത മറ്റ് സെമറ്റിക് മതങ്ങളുടെ പുരോഹിതന്മാര്‍ക്ക് കഴിയില്ല. ”Why I am not a communist” എന്ന ഗ്രന്ഥം റസ്സല്‍ എഴുതിയതും ഓര്‍മയിലെത്തുന്നു.
ജൂതന്മാരെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഖുറാനിലുണ്ട്. പക്ഷേ ഇത് പ്രത്യേക സന്ദര്‍ഭത്തിലുള്ള വാക്യങ്ങളാണെന്നും, എപ്പോഴും ഇതിന് പ്രസക്തിയില്ല എന്നും വാദിക്കുന്ന പണ്ഡിതന്മാരും, ജൂതന്മാര്‍ (Jews) എന്നും ഇസ്ലാമിന്റെ ശത്രുവാണ് എന്ന് വാദിക്കുന്നവരും ഉണ്ട്. അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ മുഹമ്മദ്‌നബി ജൂതന്മാരെ കശക്കിയെറിയാന്‍ ശ്രമിച്ചു എന്ന് ”The Man kind and the Mother Earth”’ എന്ന വിഖ്യാത കൃതിയില്‍ ടോയന്‍ബി പറയുന്നുണ്ട്. ”ജൂതന്മാര്‍ മുഹമ്മദ് നബിയെ ആദ്യകാലത്ത് പീഡിപ്പിച്ചതിന് പകരം അധികാരം കൈവന്നപ്പോള്‍ തിരിച്ചു നല്‍കി”യെന്ന് എം.എന്‍. കാരശ്ശേരിയെപ്പോലുള്ളവരും പറയുന്നുണ്ട്. അധികാരം കയ്യാളിയ മുഹമ്മദ് നബിയെക്കാള്‍ എനിക്കിഷ്ടം തന്റെ ആദര്‍ശം പ്രചരിപ്പിച്ച മുഹമ്മദ് നബിയെ ആണെന്ന് അടുത്തകാലത്ത് ഒരു അഭിമുഖത്തില്‍ കാരശ്ശേരി പറഞ്ഞത് ഓര്‍മ്മയിലെത്തുന്നു. താഹ മാടായിയുടെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഇത്. മുഹമ്മദ് നബിയെ വിശ്വചരിത്രകാരന്മാര്‍ എങ്ങിനെ കാണുന്നു എന്ന് അറിയാത്തത് കൊണ്ട് താഹ ചോദ്യം നീട്ടിക്കൊണ്ടുപോയില്ല. മുഹമ്മദ് നബി ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വൈവാഹിക ബന്ധത്തെ ഇതിവൃത്തമാക്കി കവിത രചിച്ചത് തന്നെ പരിഹസിക്കാനാണെന്ന് മുഹമ്മദ് നബി തെറ്റിദ്ധരിച്ചതിന്റെ പേരില്‍ അസ്മ എന്ന കവയിത്രി കൊല്ലപ്പെട്ട കാര്യം ”The Age of faith” എന്ന ഗ്രന്ഥത്തില്‍ ചരിത്രകാരന്‍ വില്‍ഡൂറാന്റ് പറയുന്നുണ്ട്. ഇതേ കാര്യം ”ജൈവ മനുഷ്യന്‍” എന്ന കൃതിയില്‍ ആനന്ദം പറയുന്നുണ്ട് (പുറം 83)
ഇസ്ലാമിക് സ്റ്റേറ്റ്
പ്രശസ്ത എഴുത്തുകാരന്‍ ഹമീദ് ചേന്നമംഗലൂരിന്റെ ”ഇസ്ലാമിക് സ്റ്റേറ്റ് ആരുടെ സൃഷ്ടി”? എന്ന പുസ്തകം ശ്രദ്ധേയമാണ്. ഖുറാനിലുള്ള പല ഭാഗങ്ങളും(Extracts) അനേകം തലങ്ങളില്‍ വ്യാഖ്യാനിക്കാം, അതുപോലെ സാന്ദര്‍ഭികമായ വാക്യങ്ങള്‍ ഒരുപാടുണ്ട്. ഇവയില്‍ പലതും അവസരത്തിലും അനവസരത്തിലും ഉപയോഗിക്കുന്നതാണ് ഇന്നത്തെ മുസ്ലിം ലോകത്ത് തീവ്രവാദം പെരുകാന്‍ കാരണം. മറ്റേത് മതവും പോലെ അനേകം സെക്ടുകള്‍ ഇസ്ലാമിലുണ്ട്. ലോകത്തിലേറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് ലോകമഹായുദ്ധങ്ങളിലല്ല, സെമറ്റിക് മതങ്ങളിലെ സെക്റ്റുകളുടെ പരസ്പരം ഏറ്റുമുട്ടലിലൂടെയാണെന്ന് ”story of philosophy”യില്‍ വില്‍ഡൂറാന്റ് അടിവരയിടുന്നു. ക്രിസ്തുമതത്തില്‍ കാത്തലിക്, പ്രൊട്ടസ്റ്റന്‍ഡ്, കൂടാതെ അനേകം സെക്ടുകള്‍ ഉണ്ട്. ഇവര്‍ ഓരോ വിഭാഗവും തങ്ങളാണ് ജീസസിന്റെ യഥാര്‍ത്ഥ വക്താക്കള്‍ എന്ന് വാദിക്കുന്നു. മറ്റുള്ളവരെ ശത്രുക്കളായി കാണുന്നു. ഇസ്ലാം മതം മുഹമ്മദ് നബിയുടെ മരണം കഴിഞ്ഞ് 28 വര്‍ഷത്തിന് ശേഷം ഷിയാ-സുന്നി വിഭാഗങ്ങളായി പിളര്‍ന്ന് പരസ്പരം രക്തം ചിന്തി. ഈ രണ്ട് വിഭാഗങ്ങളിലും ധാരാളം ഉപവിഭാഗങ്ങള്‍ ഉണ്ട്. ജമാഅത്തെ ഇസ്ലാമി ഇസ്ലാം മതത്തിലെ ഒരു പ്രധാന സെക്ടാണ്. ഇസ്ലാമിക് രാജ്യം, ഇസ്ലാമിക് ഭരണം, ഇവയുടെ പ്രാധാന്യം എന്നിവ ജമാഅത്ത് ഇസ്ലാമി എടുത്തുപറയുന്നു. ജമാഅത്ത് ഇസ്ലാമിയുടെ സ്ഥാപകരില്‍ ഒരാളായ മൗദൂദി ഇസ്ലാമിക രാജ്യത്ത് മാത്രമേ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കപ്പെടുകയുള്ളൂ എന്ന് വാദിച്ചിരുന്നു. പാകിസ്ഥാനിയായ മൗദൂദി പിറന്ന് വീണ മണ്ണില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ പരസ്പരം വെട്ടിമരിക്കുന്നു. മൗദൂദിയുടെ ആശയം തീകൊണ്ടുള്ള കളിയാണെന്ന് നിരന്തരം വാദിച്ചുപോന്ന ഹമീദ് ചേന്ദമംഗല്ലൂര്‍ എഴുതിയ ‘ഇസ്ലാമിക് സ്റ്റേറ്റ് ആരുടെ സൃഷ്ടി’യില്‍ നിന്നുള്ള ഒരുഭാഗമിതാ: ”അക്ഷരാര്‍ത്ഥത്തില്‍ രക്തപ്പുഴകള്‍ നീന്തിക്കടന്നാണ് ബംഗ്ലാദേശ് പിറവികൊണ്ടത്. പശ്ചിമ പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള പൂര്‍വ്വ പാകിസ്ഥാന്റെ അഭിവാഞ്ഛ അതിന്റെ പാരമ്യത്തിലെത്തിയത് 1971 ആദ്യത്തിലായിരുന്നു. പാക്‌സൈന്യവും പാക് ഭരണക്കൂടവും അതിനെ ചോരയില്‍ മുക്കിക്കൊല്ലാന്‍ പുറപ്പെട്ടു. അവരോട് കൂട്ട് ചേര്‍ന്ന് സ്വതന്ത്ര്യസമര പോരാളികളെ അരിഞ്ഞുതള്ളാന്‍ പൂര്‍വ്വ പാകിസ്ഥാനിലെ ജമാഅത്തെ ഇസ്ലാമിക്കാരുമുണ്ടായിരുന്നു.” പുറം.33
ഹമീദിന്റെ വാക്കുകളിതാ
”മൗദൂദിയുടെ ഏകത, ഏകസംസ്‌കാരവാദമാണ് ബംഗ്ലാദേശില്‍ 1971ല്‍ ജമാഅത്തെ ഇസ്ലാമിയെ മതേതരവാദികള്‍ക്കും ന്യൂനപക്ഷ മതസ്ഥര്‍ക്കുമെതിരെ ശത്രുതാപരമായ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഒടുവില്‍ പറഞ്ഞ ന്യൂനപക്ഷവിഭാഗം ദുര്‍ബ്ബലരായാല്‍ മാത്രമേ ജമാഅത്തിന്റെ ഇസ്ലാമിസ്റ്റ് അജണ്ട വിജയിക്കുമായിരുന്നുള്ളൂ. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് ബംഗ്ലാദേശിലും പാകിസ്ഥാനിലും ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടു.” (പുറം 43)
കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയിലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ മറവില്‍ ന്യൂനപക്ഷ കക്ഷികളെ പിണക്കാതിരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒരു ഉദാഹരണം ഹമീദ് നല്‍കുന്നതിങ്ങനെയാണ്.
”പശ്ചിമബംഗാളില്‍ ഇടതുപക്ഷം ഭരണത്തിലിരിക്കുന്ന ഘട്ടത്തില്‍ ബംഗ്ലാദേശിലെ മതഭ്രാന്തന്മാരാല്‍ വേട്ടയാടപ്പെട്ടതിനെതുടര്‍ന്ന് ഒന്നര ദശാബ്ദത്തോളം പലയിടങ്ങളില്‍ പ്രവാസജീവിതം നയിക്കേണ്ടിവന്ന തസ്‌ലീമ നസ്‌റിന്‍ ശിഷ്ടകാലം കൊല്‍ക്കത്തയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചു. സാംസ്‌കാരികാര്‍ത്ഥത്തില്‍ ബംഗാളിയായ അവര്‍ക്ക് കൊല്‍ക്കത്ത രണ്ടാം വീട് പോലെയാണ്. തന്റെ അഭിലാഷം അവര്‍ പരസ്യപ്പെടുത്തിയെങ്കിലും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അതിന് സമ്മതിച്ചില്ല.”
ഇടതുപക്ഷ ഗവണ്‍മെന്റ് സെമറ്റിക് മതങ്ങളുടെ പ്രശ്‌നം വരുമ്പോള്‍ വോട്ടിംഗ് ശതമാനത്തിന് കോട്ടം വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. സെമറ്റിക് മതങ്ങള്‍ സെക്‌ടേറിയനിസത്തിന്റെ പേരില്‍ ചോരചിന്തുന്നതുപോലെ കമ്മ്യൂണിസ്റ്റുകളും സെക്ടുകളായി മാറി പരസ്പരം വെട്ടിമരിക്കുന്നു. ഓരോ സെക്ടും തങ്ങളാണ് ശരിയായ കമ്മ്യൂണിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്നു. ആശയപരമായി വേറിട്ടു നില്‍ക്കുന്നവര്‍ ‘റെനഗേഡ്’ (കുലംകുത്തികള്‍) ആണ്. ഇസ്ലാം മതത്തില്‍ അഹമ്മദിയ്യാ വിഭാഗക്കാര്‍ കുലംകുത്തികളാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ സുഹൃത്തും നോവലിസ്റ്റുമായ പ്രകാശന്‍ ചുനങ്ങാട് എന്നെ തൃശ്ശൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് ക്ഷണിച്ചു. ഞങ്ങള്‍ ഒരുമിച്ച് മാര്‍ക്‌സിയന്‍ ചിന്തകനും, നിരൂപകനുമായ എം.ആര്‍. ചന്ദ്രശേഖരനെ കാണാന്‍ പോയി. സംസാരിച്ചത് ഏറെയും കമ്മ്യൂണിസ്റ്റുകളുടെ ഫാസിസ്റ്റ് തേര്‍വാഴ്ചയെ കുറിച്ചാണ്. സ്റ്റാലിനെക്കുറിച്ചും കംപൂച്ചിയയിലെ പോള്‍പോര്‍ട്ടിനെകുറിച്ചും അദ്ദേഹം അതിശക്തമായി വിമര്‍ശിച്ചു. ഒടുവില്‍ അദ്ദേഹം കമ്മ്യൂണിസത്തെ കുറിച്ചെഴുതിയ ചില പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് തന്നു. മാര്‍ക്‌സിന്റെ വിപ്ലവവും ലെനിന്റെ അതിവിപ്ലവവും, എന്ന പേരില്‍ എം.ആര്‍.സി എഴുതിയ പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗമിതാ; ”നേതാക്കന്മാരെ സ്റ്റാലിന്‍ ഓരോരുത്തരായി ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കി. മുമ്പ് പോയവരെയൊക്കെ തോക്കിന് മുമ്പിലേക്ക് അയക്കുന്നതില്‍, പിന്നീട് പോയവര്‍ സ്റ്റാലിന് കൂട്ടിരുന്നു. നേതാക്കന്മാരുടെ ദുരന്തത്തെപ്പറ്റി കേട്ട് ലോകം ഞെട്ടി. നേതാക്കന്മാരുടെ വിധിയേക്കാള്‍ കടുത്തതായിരുന്നു സാധാരണ ജനങ്ങളുടെ ദുര്‍വ്വിധി. നേതാക്കന്മാരെ സംബന്ധിച്ച് കുറ്റവിചാരണയും കോടിതിവിധിയും ഉണ്ടായി.
സാധാരണക്കാരെ സംബന്ധിച്ച് അങ്ങിനെയൊന്നുമുണ്ടായില്ല. അറവുമാടുകളോട് കാണിക്കുന്ന ദയപോലും റഷ്യയിലെ, കൂട്ടമായി അടിച്ച് തെളിച്ച് സൈബീരിയായിലേക്ക് അയക്കപ്പെട്ട സാധാരണക്കാരോട് ഭരണകൂടം കാണിച്ചില്ല.” ‘കുലാക്കുകള്‍’ എന്ന പേരില്‍ കൃഷിക്കാരെ, സ്വത്തെല്ലാം പിടിച്ചെടുത്തു, നാടുകടത്തി. ‘ജനശത്രുക്കള്‍’ എന്ന പേരിലാണ് പരസഹസ്രം പേരെ തുറുങ്കിലേക്കും, സൈബീരിയായിലേക്കും തള്ളിവിട്ടത്. ജനങ്ങള്‍ക്ക് നന്മയും ക്ഷേമവും ഉണ്ടാക്കാനാണെന്ന് പറഞ്ഞ് ആരംഭിച്ച പ്രസ്ഥാനത്തില്‍ അത്രയധികം നിഷ്ഠൂരത കടന്നുകൂടിയതെങ്ങിനെ? ഇടയന്‍ നായയെ കൊല്ലുന്നത് നായയ്ക്ക് സുഖം നല്‍കാനാണെന്ന് പറഞ്ഞ കഥയുണ്ടല്ലോ… തല്ല് നിര്‍ത്തുമ്പോള്‍ സുഖം! തല്ല് കൊല്ലലായാലോ? അതാണ് റഷ്യയിലുണ്ടായത് എന്നതിനെകുറിച്ച് ഇപ്പോള്‍ ആര്‍ക്കും സംശയമില്ല.” (പുറം 91)
എം.ആര്‍.സി.യുടെ പഠനത്തില്‍ സ്റ്റാലിന്‍ അധികം ക്രൂരത കാണിച്ചത് മൂന്ന് വിഭാഗങ്ങളോടാണ്. (1) കമ്മ്യൂണിസ്റ്റ് ബോള്‍ഷെവിക് പാര്‍ട്ടി അംഗങ്ങളോട്, നേതാക്കളോട്, (2) കൃഷിക്കാരോട്, (3) മഹായുദ്ധത്തിനിടക്ക് ശത്രുസേനകളാല്‍ വളഞ്ഞ് പിടിക്കപ്പെട്ട്, ശത്രുരാജ്യത്തിന്റെ തടങ്കലില്‍ കിടന്നവരോടും, അവരില്‍ രാജ്യത്തേക്ക് മടങ്ങിയെത്തിയവരോടും. ഇന്നും സ്റ്റാലിന്റെ പടം ഫ്രെയിം ചെയ്ത് സൂക്ഷിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യയിലുണ്ട്. അറിയാവുന്ന ചരിത്രം വെച്ച് നോക്കിയാല്‍ സ്റ്റാലിനോളം ക്രൂരനായ ഒരു നരാധമനെ ലോകം കണ്ടിരിക്കാനിടയില്ല. ഇന്ന് ലോകത്ത് കമ്മ്യൂണിസം മങ്ങിക്കത്തുന്ന ഒരു മണിവിളക്ക് പോലെയാണ്. അത് ഏത് സമയവും കെട്ടുപോകാം. ഇന്ത്യയിലും സെമറ്റിക് മതങ്ങള്‍ പോലെ അനേകം സെക്ടുകളായി പിരിഞ്ഞ് പരസ്പരം കൊന്ന് തീര്‍ക്കുന്നു.