അതിരാവിലെയുള്ള ബസ്സിനു തന്നെ അവിടെയിറങ്ങേണ്ടിയിരുന്നില്ല എന്ന് മുകുന്ദന് തോന്നി. കറുത്ത വെള്ളം കെട്ടിക്കിടക്കുന്ന ഓടയില്‍ നിന്ന് ചെമന്ന രണ്ട് വലിയ പെരുച്ചാഴിക്കണ്ണുകള്‍ മുകുന്ദനെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. അയാള്‍ ഒരപരാധിയെപ്പോലെ തല വെട്ടിച്ചുകളഞ്ഞു. നാട്ടില്‍ നിന്ന് പെട്ടെന്നുള്ള ഒരു തീരുമാനത്തില്‍ ഇറങ്ങിപ്പുറപ്പെട്ടതാണ്. ഈയൊരു നഗരം കേട്ടുകേള്‍വിക്കപ്പുറത്തേക്ക് എന്താണെന്ന് ഒട്ടും അറിയില്ല. കേട്ടറിഞ്ഞത് നേരാണെങ്കില്‍ ഇവിടം മുഴുവന്‍ ക്ഷേത്രങ്ങളാണ്, നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് രാജാക്കന്മാര്‍ പണിത അതിഗംഭീരമായ വാസ്തുശില്പങ്ങള്‍. അയാള്‍ ഒരു ടെലിവിഷന്‍ അവതാരകന്റെ ഭാഷ കടമെടുത്തുകൊണ്ട് ചിന്തിച്ചു. പക്ഷേ, വീണ്ടും പഴയ മുകുന്ദനായപ്പോള്‍ അയാളാലോചിച്ചു, രാജാക്കന്മാര്‍ക്ക് മാത്രം എങ്ങനെ ഇതൊക്കെ പണിയാന്‍ കഴിയും? അതിന് കല്ലാശാരി വേണ്ടേ? മറ്റ് പണിയെടുക്കുന്നവര്‍ വേണ്ടേ? അസംഖ്യം ആനകളും കഴുതകളും വേണ്ടേ? പണിയെടുത്ത് ക്ഷീണിച്ചവര്‍ക്ക് ലഹരി പകരുന്നവര്‍ വേണ്ടേ? പണിയെടുത്തവര്‍ക്ക് ആലസ്യം ചേര്‍ത്ത് മയങ്ങാന്‍ സുന്ദര പെണ്‍ശരീരങ്ങള്‍ വേണ്ടേ? അങ്ങിനെയൊക്കെയാണെങ്കില്‍ പണിയെടുത്തവര്‍ക്ക് പായ വിരിച്ചവരും അതില്‍ വിയര്‍പ്പും നിശ്വാസങ്ങളും ഇടകലര്‍ത്തി നല്‍കിയവരും എല്ലാം ഈ മഹാ വാസ്തുശില്‍പങ്ങളുടെ അവകാശികളാണ്.
മുകുന്ദന്‍ ചുണ്ടോടടുപ്പിച്ച ചായയുടെ ചൂടിന്റെ ആവലാതിയില്‍ ചിന്തകളില്‍ നിന്ന് പെട്ടെന്ന് പുറത്തേക്ക് വന്നു. വെട്ടിയൊതുക്കിയ താടിയൊന്ന് കൈകൊണ്ട് തടവി, ‘രാജാക്കന്മാര്‍’ പണിത മഹാസൗധങ്ങളിലേക്ക് അലസമായും അസൂയയോടും കൂടി നോക്കി. ഇവിടെ ഈ നഗരത്തിലേക്കാണ് അവള്‍ കല്യാണം കഴിഞ്ഞു വന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മിനിഞ്ഞാന്നാണ് അവളുടെ ഒരു വാട്ട്‌സ് ആപ്പ് മെസേജ് കിട്ടിയത് ചേച്ചിക്ക് വാട്ട്‌സ് ആപ്പ് ഇല്ലാത്തതുകൊണ്ട് എന്റേതു കൊടുത്തതാണ്. അവളുടെ ഭര്‍ത്താവ് മരിച്ചിട്ട് അഞ്ച് ദിവസമായത്രെ. തൂങ്ങിമരിച്ചതാണുപോലും. എന്താ കാരണമെന്ന് അയാള്‍ അന്വേഷിക്കാന്‍ പോയില്ല. അവള്‍ ഒന്നിവിടംവരെ വരണമെന്ന് പറഞ്ഞതുമില്ല. പക്ഷേ എന്തുകൊണ്ടോ മുകുന്ദന്‍ തനിയെ ഇങ്ങോട്ടുവന്നു. അവള്‍, അയാളുടെ നാട്ടിലെ പരിചയക്കാരി മാത്രം. കാമുകിയോ വിവാഹം കഴിക്കാനോ ഒന്നും ചിന്തിച്ചിട്ടില്ലാത്ത അവളെപ്പറ്റി, ഇടയ്ക്ക് എപ്പോഴെങ്കിലും ഈ നഗരത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ഓര്‍ക്കും. അത്ര തന്നെ. എന്നിട്ടുമെന്തോ അവളെ ഒന്നു കാണണമെന്ന് തോന്നി. നാട്ടില്‍ വന്നിരുന്ന സെയില്‍സ്മാന്‍ മുരുഗദാസിന്റെ കൂടെ ഈയൊരു ക്ഷേത്രങ്ങളുടെ നഗരത്തിലേക്ക് അവള്‍ വിപ്ലവകരമായ ഒളിച്ചോട്ടം നടത്തിയിട്ട് ഇപ്പോ പതിമൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മുകുന്ദനത് കൃത്യമായി ഓര്‍ക്കുന്നതിനു കാരണം അവളുടെ ഒളിച്ചോട്ടത്തിന്റെ അന്നായിരുന്നു അയാളുടെ അച്ഛന്റെ മരണം. ഒരു കുഴപ്പവുമില്ലാതെ നടന്ന അച്ഛനും പെട്ടെന്ന് ജീവിതത്തില്‍ നിന്ന് ഒരു ഒളിച്ചോട്ടം നടത്തുകയായിരുന്നുവെന്ന് പിന്നീട് അയാള്‍ക്ക് മനസ്സിലായി. ആരും കാണാതെ അച്ഛന്റെ കട്ടിലിനടിയില്‍ നിന്നും കിട്ടിയ ചെറിയ കുപ്പി അയാള്‍ പൊട്ടിച്ച് ദേഷ്യത്തോടെ തൊടിയിലേക്ക് വലിച്ചെറിഞ്ഞത് ഇപ്പഴും ഓര്‍ക്കുന്നു. അച്ഛന്റെ മരണം ഇങ്ങനെയായിരുന്നുവെന്ന് അമ്മയോടു പോലും അയാളിതുവരെ പറഞ്ഞിട്ടില്ല.
മെസ്സേജ് വന്ന നമ്പറില്‍ മുകുന്ദന്‍ വിളിച്ചു. അവള്‍ പറഞ്ഞതുപോലെ ഒരു ഓട്ടോയില്‍ കയറി ഫോണ്‍ ചെയ്ത് ഡ്രൈവറുടെ കയ്യില്‍ കൊടുത്തു. അവള്‍ പറഞ്ഞുകൊടുത്ത വഴി ഡ്രൈവര്‍ക്കു കൃത്യമായി മനസ്സിലായെന്നു തോന്നുന്നു. കയറിയതു മുതല്‍ ഓരോ വാക്യത്തിനു മുന്നിലുമുള്ള ‘സാര്‍’ വിളി ചേര്‍ത്തുള്ള ഓട്ടോക്കാരന്റെ സംഭാഷണം അയാള്‍ക്ക് നന്നേ പിടിച്ചു. ഇതിനു മുമ്പ് കസ്റ്റമര്‍ കെയര്‍ സര്‍വ്വീസുകാരല്ലാതെ ഇത്രയും ‘സാര്‍’ വേറെയാരും വിളിച്ചിട്ടില്ലെന്ന് ഓര്‍ത്ത് അയാള്‍ തനിയെ ചിരിച്ചു. സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയ ഓട്ടോക്കാരന്‍ ഉറക്കെ തെറി വിളിക്കുന്നുണ്ട്. മുന്നിലൂടെ ഓടിപ്പോയ കുട്ടി നഗ്നനാണ്. അവന്‍ വഴിയോരത്തെ ഓടയില്‍ രാവിലത്തെ കാര്യം സാധിച്ചു തിരിച്ചോടുന്നതിനിടയിലാണ് ഓട്ടോയ്ക്ക് മുന്നില്‍ പെട്ടത്. ഓട്ടോക്കാരന്റെ ‘സാര്‍’ വിളിയിലെ മതിപ്പ് മുഴുവന്‍ അതോടെ ഇല്ലാതായി.
വിവിധ നിറങ്ങളില്‍ ചായം പൂശിയ പഴയ മരത്തൂണുകളില്‍ താങ്ങിനിര്‍ത്തിയ ഒരു പഴയ ഓടിട്ട വീട്. ഇത് ഒരുപക്ഷേ രാജാവിനുവേണ്ടി ക്ഷേത്രങ്ങള്‍ പണിത കല്ലാശാരിയോ അതിനുവേണ്ടി വെള്ളം കോരിയവനോ താമസിച്ച ഇടമാകാം, അയാള്‍ വെറുതെ ചിന്തിച്ചു. പ്രതീക്ഷിച്ചതുപോലെ ദുഃഖിതയൊന്നുമല്ല അവള്‍. നാട്ടില്‍ കണ്ട ഓര്‍മ്മകളില്‍നിന്നും തികച്ചും മാറിയിരിക്കുന്നു ഒത്തിരി തടിച്ച് ആകാരഭംഗികളൊന്നുമില്ലാതെ അങ്ങിനെ…. മുകുന്ദനെക്കണ്ടതും ഒന്നു വിതുമ്പിയതൊഴിച്ചാല്‍ അവള്‍ക്ക് പ്രത്യേകിച്ച് മനോവേദനകളൊന്നുമില്ലാന്ന് മനസ്സിലായി. ചിലപ്പോ ഒരു നാട്ടുനടപ്പിന് വിതുമ്പിയതായിരിക്കും. കുട്ടികള്‍ രണ്ടും സ്‌കൂളിലേക്ക് ഇറങ്ങി. മരണം കഴിഞ്ഞ് അഞ്ചു കഴിഞ്ഞിരിക്കുന്നു. നാളെ മുതല്‍ അവളും ജോലിക്ക് പോയിത്തുടങ്ങും. നഗരത്തില്‍ തന്നെയുള്ള ഓട്ടോറിക്ഷകള്‍ക്ക് ഗിയറുകള്‍ ഉണ്ടാക്കുന്ന കമ്പനിയിലെ പാക്കിങ്ങ് തൊഴിലാളിയാണവള്‍. പണ്ടൊക്കെ നാട്ടില്‍വെച്ച് മാറോട് ചേര്‍ത്ത് പിടിച്ച പുസ്തകങ്ങളുമായി രാവിലത്തെ ബസ്സിന് അവളെ ഇടയ്ക്ക് കാണാറുണ്ട്. കൊലുന്നനെ, കൊന്നപ്പൂ പോലെ ഒരു പെണ്‍കുട്ടി! അവസാനത്തെ ഇഡ്ഡലിയുടെ കഷ്ണവും വായ്ക്കകത്തേയ്ക്ക് തള്ളിക്കയറ്റി മുകുന്ദന്‍ ചെറുതായിട്ട് ഒന്ന് ‘പൈങ്കിളി’ യായി.
ഒരിടംവരെ പോകാമെന്നു പറഞ്ഞ് അവള്‍ പെട്ടെന്ന് സാരി മാറ്റി വന്നു. മുകുന്ദനെ സ്‌കൂട്ടറിനു പിറകില്‍ ഇരുത്തി അവള്‍ വാഹനങ്ങള്‍ക്കിടയിലൂടെ വിദഗ്ദ്ധമായി ഓടിച്ചുകൊണ്ടിരുന്നു. അയാള്‍ അവളോട് ചേര്‍ന്നിരുന്നു. അങ്ങനെയിരുന്നതുകൊണ്ടായിരിക്കാം എങ്ങോട്ടാണ് പോകുന്നതെന്നോ എന്തിനാണെന്നോ അന്വേഷിച്ചില്ല. സ്‌കൂട്ടര്‍ യാത്ര അവസാനിക്കാതിരുന്നാല്‍ മതിയെന്നു മാത്രം അയാള്‍ വിചാരിച്ചു. പിന്നെ പതിയെ അയാള്‍ അവളുടെ കാമുകനായി, സംരക്ഷകനായി, എല്ലാമായി. വഴിയില്‍ പൂക്കള്‍ വില്‍ക്കുന്നതു കണ്ടപ്പോള്‍ അവളോട് സ്‌കൂട്ടര്‍ നിര്‍ത്താന്‍ പറഞ്ഞ് ഓടിച്ചെന്ന് ഒരു മുഴം കനകാംബരം വാങ്ങി തിരിച്ച് വന്നു. അപ്പോഴാണ് അവള്‍ പറയുന്നത് ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ പൂക്കള്‍ ചൂടാന്‍ പാടില്ലാത്രെ. പിന്നെ വീണ്ടും സ്‌കൂട്ടറില്‍ കയറി അവര്‍ മുന്നോട്ടു പോയി. അയാള്‍ ഒന്നുകൂടെ അവളോടു ചേര്‍ന്നിരുന്നു. പെട്ടെന്ന് വണ്ടി ഓരം ചേര്‍ത്ത് നിര്‍ത്തി അവളിറങ്ങി, കൂടെ അയാളും. അവള്‍ ധൃതിയില്‍ നടന്നു കയറിയത് ഇടുങ്ങിയ ഒരു പഴയ തെരുവിലേക്കാണ്. ഇവിടെ മുളകുബജ്ജികള്‍ മാത്രം വില്‍ക്കുന്ന കട. വലിയ ഒരു തരം പച്ചമുളക് മാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുത്ത് പിന്നെ അത് ഉണക്കമുളകു കൊണ്ടുണ്ടാക്കിയ ചമ്മന്തിയില്‍ മുക്കി നനച്ച് നാവില്‍ പരത്തി കഴിക്കുമ്പോഴുള്ള എരിവ്. അതാണത്രെ ജീവിതത്തിലെ അവളുടെ ഏറ്റവും വലിയ സന്തോഷം!! രണ്ടാമതൊരു പ്ലേറ്റിനു കൂടി പറഞ്ഞിട്ട് മുകുന്ദന് തിരിച്ചുപോകാനുള്ള ബസ്സിന്റെ സമയം ചോദിക്കുകയും അനന്തരം ഒരു ഓട്ടോ വിളിച്ച് മുകുന്ദനെ അതില്‍ കയറ്റി ഓട്ടോ ഡ്രൈവറോട് ബസ് സ്റ്റാന്‍ഡില്‍ വിട്ടേക്കാനും പറഞ്ഞു. തിരിച്ച് നാട്ടിലേക്കുള്ള ബസ്സിന്റെ ജനലില്‍ ഭാരമേറിയതെന്തോ പോലെ തന്റെ മുഖം ചാരിവെച്ചുകൊണ്ട് മുകുന്ദനാലോചിച്ചു. മുളകുബജ്ജികള്‍ കൊരുത്തൊരു മാല ഞാനവള്‍ക്കു വര്‍ഷങ്ങള്‍ക്കു മുമ്പേ നല്‍കേണ്ടതായിരുന്നു. നരച്ച വെയിലില്‍ ബസ്സ് അയാളേയും കൊണ്ട് അവളില്‍ നിന്നും ദൂരം ദൂരം അകന്നുപോയിക്കൊണ്ടിരുന്നു. അവള്‍ക്ക് വേണ്ടി വാങ്ങിയ കനകാംബരങ്ങളെ അയാളെന്തിനെന്നറിയാതെ തന്നോടു ചേര്‍ത്തുപിടിച്ചു.