(രാഷ്ട്രം ഭാരതരത്‌നം നല്‍കി ആദരിച്ച നാനാജി ദേശ്മുഖിനെക്കുറിച്ച്’രസിക്കാത്ത സത്യങ്ങള്‍’ എന്ന നോവലിന്റെ രചയിതാവും ആദ്യകാല ജനസംഘം പ്രവര്‍ത്തകനുമായ ലേഖകന്‍ അനുസ്മരിക്കുന്നു.)
സ്വര്‍ഗ്ഗീയ നാനാജി ദേശ്മുഖിന് ഭാരതരത്‌നം നല്കി രാജ്യം ആദരിച്ചപ്പോള്‍ ആ ആദരവിന് കേരളവും ഏറെ കടപ്പെട്ടിരിക്കുന്നു. രാജ്യത്തെ ഏറ്റവും പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം വൈകിയാണെങ്കിലും അദ്ദേഹത്തെ തേടി എത്തി എന്നത് അഭിമാനാര്‍ഹമാണ.് ജനസംഘത്തെ വളര്‍ത്തി വിപുലപ്പെടുത്തിയതില്‍ നാനാജിയുടെ പങ്ക് നിസ്തുലമാണ്. അദ്ദേഹത്തിന് ഭാരതരത്‌നം ലഭിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ എന്റെ ചിന്തകള്‍ 1967 ല്‍ കോഴിക്കോട് നടന്ന ജനസംഘം സമ്മേളനത്തിലേയ്ക്ക് കടന്നു പോയി, അതോടൊപ്പം ഞാനെഴുതി കേസരിയില്‍ പ്രസിദ്ധീകരിച്ച ‘രസിക്കാത്ത സത്യങ്ങള്‍’ എന്ന നോവലിന്റെ പിന്നില്‍ നാനാജി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലേയ്ക്കും.
അരനൂറ്റാണ്ട് മുമ്പാണ് ഞാനാ നോവല്‍ എഴുതുന്നത്. ഖണ്ഡശയായി കേസരിയില്‍ പ്രസിദ്ധീകരിക്കാമെന്ന് കേസരിയുടെ സാരഥികള്‍ സമ്മതിക്കുകയായിരുന്നു. അഭൂതപൂര്‍വ്വമായ ജനപ്രീതിയായിരുന്നു അതിനു ലഭിച്ചതെന്നത് അന്നും ഇന്നും ഏറെ സന്തോഷം തരുന്നു. അതിന്റെ ആറാം പതിപ്പിന്റെ അച്ചടി നടക്കുകയാണെന്ന് പ്രസാധകര്‍ ഈയിടെ അറിയിച്ചിരുന്നു. ആ നോവല്‍ രചനയില്‍ നാനാജിക്ക് വലിയൊരു പങ്കുണ്ട്.
ചണ്ഡികാദാസ് അമൃതറാവു ദേശ്മുഖ് എന്നാണ് നാനാജിയുടെ മുഴുവന്‍ പേര്. മഹാരാഷ്ട്രയിലെ പര്‍ദാനീ ജില്ലയിലെ കദോലി ഗ്രാമത്തില്‍ ജനിച്ച ഒരു ദരിദ്രബാലനാണ് രാജ്യസേവനത്തിന്റെ നിസ്തുല മാതൃകയായി പിന്നീട് പ്രകാശം പരത്തിയ നാനാജി ദേശ്മുഖ് ആയി ഉയര്‍ന്നത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലഘട്ടത്തില്‍ തന്നെ ജോലി ചെയ്തു പണമുണ്ടാക്കി ജീവിച്ച ഇദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉന്നത വിദ്യാഭ്യാസം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. ഉപരിപഠനം നടത്തിയില്ലെങ്കിലും, നാനാജി, ഒരു ‘സര്‍വ്വകലാശാല’ തന്നെയായിരുന്നു. അത്രമാത്രം ജീവിതാനുഭവങ്ങള്‍ക്ക് ഉടമയായിരുന്നു ആ മഹാനുഭാവന്‍.
ആര്‍ എസ്.എസ്. സ്ഥാപകനായ പൂജനീയ ഡോക്ടര്‍ജിയുമായി ബന്ധപ്പെടുകയും സ്വയംസേവകനാവുകയും ഡോക്ടര്‍ജി തന്നെ നാനാജിയെ കൂടുതല്‍ വിദ്യാഭ്യാസം നേടാനായി പിലാനി എന്ന സ്ഥലത്തേക്ക് അയക്കുകയുമായിരുന്നു. നാനാജിയുടെ അനിതരസാധാരണമായ ഓര്‍മ്മശക്തി ഡോക്ടര്‍ജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രധാന കൈമുതലും അതായിരുന്നു. ഡോക്ടര്‍ജിയുടെ ദേഹവിയോഗത്തെ തുടര്‍ന്ന് അന്ന് 23 കാരനായ നാനാജി ഒരു ദൃഢനിശ്ചയം കൈക്കൊണ്ടു. തന്റെ ജീവിതം ഡോക്ടര്‍ജി കാട്ടിത്തന്ന മാര്‍ഗ്ഗത്തിലേക്ക് സമര്‍പ്പിക്കുമെന്ന്. തുടര്‍ന്ന് ആര്‍ എസ്.എസ്. പ്രാചാരകനായി. പിന്നീട് ശ്രീഗുരുജിയുടെ നിര്‍ദ്ദേശാനുസരണം നാനാജി ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിലേയ്ക്ക് മാറുകയായിരുന്നു. നാനാജിയിലെ രാഷ്ട്രീയ പ്രവര്‍ത്തകനെ കണ്ടെത്തിയ ദീനദയാല്‍ജി ഉത്തര്‍പ്രദേശില്‍ സംഘടന കെട്ടിപ്പടുക്കുന്നതിനായി നാനാജിയെ അവിടേയ്ക്ക് അയച്ചു. തുടര്‍ന്നങ്ങോട്ട് ജനസംഘം വളര്‍ച്ചയുടെ പടവുകള്‍ കയറുകയായി. ഒപ്പം നാനാജി ദേശീയ രാഷ്ടീയത്തിലെ അതികായകന്മാരില്‍ ഒരാളായി ഉയര്‍ന്നു. ജനസംഘത്തിന്റെ അഖിലേന്ത്യാ ജനറല്‍സെക്രട്ടറിയായി.
ഏത് ഉന്നത സ്ഥാനത്തിരിക്കുമ്പോഴും എളിമ അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ജനതാപാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ അദ്വിതീയ പങ്ക് വഹിച്ചിരുന്ന നാനാജി, എന്നാല്‍ മന്ത്രി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ഒന്നും സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു. അറുപത് വയസ്സ് തികഞ്ഞപ്പോള്‍ പിന്നീടങ്ങോട്ട് രാഷ്ട്രീയത്തില്‍ നിന്ന് സ്വയം പിന്മാറി, ഗ്രാമ പുനര്‍നിര്‍മ്മാണമെന്ന ലക്ഷ്യത്തിലേയ്ക്കായി ശ്രദ്ധ. അങ്ങിനെയാണ് യു.പി യിലെ ഗോണ്ട എന്ന ജില്ല ദത്തെടുക്കുകയും, ഏറ്റവും പിന്നാക്കമായിരുന്ന ആ ജില്ലയെ സമൃദ്ധിയുടെ പ്രതീകമാക്കി മാറ്റുകയും ചെയ്തത്. ജനങ്ങളുടെ പങ്കാളിത്തത്തോടും മുന്‍കൈയോടും കൂടി സമ്പൂര്‍ണ്ണ വികസനം സാധ്യമാകുമെന്നും അതു വഴി സമ്പൂര്‍ണ്ണ പരിവര്‍ത്തനം സാധ്യമാകുമെന്നും നാനാജി തന്റെ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചു. സാമൂഹ്യപ്രവര്‍ത്തനരംഗത്ത് ഒരു പുത്തന്‍ വിപ്ലവത്തിന് വിത്തുപാകിയ മനീഷിയായിരുന്നു നാനാജി.
കേരളത്തോട് എപ്പോഴും പ്രത്യേക പ്രതിപത്തി കാണിച്ചിരുന്നു നാനാജി. ജനസംഘം പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വരുമ്പോള്‍, പ്രത്യേകിച്ച് കോഴിക്കോട് എത്തുമ്പോള്‍ ഞങ്ങളെപ്പോലുള്ള പ്രവര്‍ത്തകരെ വിളിച്ച് പ്രോത്സാഹജനകമാംവിധം നിര്‍ദ്ദേശ ഉപദേശങ്ങള്‍ തരുമായിരുന്നു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നീട് ഒരിക്കലും മറക്കാനാവാത്ത, അമാനുഷിക വ്യക്തിത്വത്തിനുടമയായിരുന്നു നാനാജി. നാനാജിയുമായി കൂടുതല്‍ അടുക്കാന്‍ ഇടയായത് കോഴിക്കോട്ടെ ജനസംഘം അഖിലേന്ത്യാ സമ്മേളനമാണ്. എന്നെ എപ്പോഴും ഒരു ഇളയ സഹോദരനെപ്പോലെ കരുതിയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. വീട്ടില്‍ വന്നാല്‍ കേരളീയ രീതിയിലുള്ള ഭക്ഷണമായിരുന്നു ഏറെ ഇഷ്ടം. വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു; മറയില്ലാത്ത പെരുമാറ്റം.
രസിക്കാത്ത സത്യങ്ങള്‍ എന്ന നോവലിന്റെ വിത്ത് മുളച്ചത് നാനാജിയുമായുള്ള ഇടപെടലില്‍ നിന്നായിരുന്നു. വിഭജനത്തിന്റെ ദുരന്തചിത്രം അദ്ദേഹം വിവരിച്ചുതരുമ്പോള്‍ അതെന്റെ മനസ്സിന്റെ ആഴങ്ങളില്‍ പതിഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞ പല സംഭവങ്ങളും ഞാന്‍ കടലാസ്സില്‍ കുറിച്ചിട്ടു. പിന്നീട് എന്റെ മനസ്സില്‍ ഇയൊരു രാഷ്ട്രദുരന്തം നോവലിന്റെ രൂപത്തിലേക്ക് പരിവര്‍ത്തനപ്പെട്ടു. പി.പരമേശ്വര്‍ജിയുടെയും കേസരിയുടെയും നിര്‍ല്ലോഭമായ സഹായ സഹകരണങ്ങളാല്‍ നോവല്‍ അച്ചടി രൂപം പൂണ്ടു. കോഴിക്കോട് എത്തുമ്പോള്‍ നാനാജി കൂടുതലായും താമസിച്ചിരുന്നത് ശ്രീറാം ഗൂര്‍ജ്ജറുടെ വീട്ടിലായിരുന്നു. ജനസംഘത്തിന്റെ ദേശീയസമ്മേളനത്തില്‍ ശോഭായാത്രയുടെ ചുമതലക്കാരില്‍ ഒരാള്‍ ഞാനായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ അണിനിരത്തേണ്ട കാര്യവും ശോഭായാത്ര ഭംഗിയാക്കേണ്ടതിന്റെ ആവശ്യകതയും നാനാജി ഞങ്ങളോട് സൂചിപ്പിക്കുകയുണ്ടായി. പരിപാടി കഴിഞ്ഞശേഷം അദ്ദേഹം എന്നെ അഭിനന്ദനമറിയിച്ച് ആലിംഗനം ചെയതത് ഇന്നും സമൃതിപഥത്തില്‍ മായാതെ നില്ക്കുന്നു. പ്രവര്‍ത്തകരോട് അത്രമാത്രം അടുപ്പവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്നു.
കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതക രാഷ്ട്രീയത്തില്‍ ഏറെ ഖിന്നനായിരുന്നു നാനാജി. ജനസംഘത്തിന്റെ ആദ്യകാല നേതാവും മുന്‍ പ്രചാരകനുമായിരുന്ന നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍ ഭരതന്റെ മകന്‍ ദുര്‍ഗ്ഗാദാസിനെ കിളിമാനൂര്‍ ആര്‍.എസ്.എസ്. പ്രചാരകനായിരിക്കെ നിലമേല്‍ എന്‍.എസ്.എസ് കോളേജില്‍ വച്ച് മാര്‍ക്‌സിസ്റ്റുകാര്‍ വെട്ടിക്കൊല്ലുകയുണ്ടായി. ഇതറിഞ്ഞ് നാനാജി നിലമ്പൂരിലെ വീട്ടിലെത്തി ഭരതേട്ടനെ ആശ്വസിപ്പിച്ച സന്ദര്‍ഭം ഒരു മുതിര്‍ന്ന കാരണവരുടെ രീതിയിലായിരുന്നു എന്നത് ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല.
രാജ്യത്തെ ജനസമൂഹത്തിനു ആത്മവീര്യവും ദേശാഭിമാനവും സേവന മനോഭാവവും പകര്‍ന്നുതന്ന നാനാജിക്ക് ഭാരതരത്‌നത്തില്‍ കുറഞ്ഞ ആദരവൊന്നും മതിയാവില്ല. വരുംതലമുറക്ക് ആദര്‍ശത്തിന്റെ അഗ്നി പകര്‍ന്ന, നിസ്വാര്‍ത്ഥസേവനത്തിന്റെ പ്രതീകമായ നാനാജിയോടൊപ്പം ചിലവഴിച്ച സമയങ്ങളാണ് എന്നിലെ എഴുത്തുകാരന് പ്രചോദനവും വഴികാട്ടിയുമായത്.