രണ്ടു ദശകങ്ങളായി ഭാരതത്തില്‍ വിവിധ സമുദായങ്ങള്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സംവരണത്തിനുവേണ്ടി മുറവിളി കൂട്ടുകയാണ്. ഏറ്റവും ഒടുവിലത്തേതാണ് മറാഠാ പ്രക്ഷോഭം. വി.പി.സിംഗ് തുറന്നുവിട്ടതാണ് ഈ ഭൂതം. ഇന്നിത് നമ്മുടെ രാഷ്ട്രീയ അസ്തിത്വത്തിനുതന്നെ ഭീഷണിയാണ്. 1897 ആഗസ്റ്റി ലെ മദ്രാസ് ഗസറ്റ് എന്ന ത്രൈമാസികയില്‍, ബ്രിട്ടീഷ് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഹിന്ദു-മുസ്ലീം കലാപങ്ങളുടെ കാരണങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. ലേഖകന്‍ ചൂണ്ടിക്കാണിച്ച ഒരു വസ്തുത ഏവരേയും അമ്പരപ്പിക്കുന്നതാണ്. അതായത്, ബ്രിട്ടീഷുകാര്‍ ഭരണം കയ്യാളുന്നതിനു മുന്നേ ഇന്ത്യയിലെവിടേയും വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായതായ രേഖകളില്ല. മാത്രമല്ല, നാട്ടുരാജാക്കന്മാരുടെ അധികാരപരിധിയില്‍ തത്സമയത്തും വര്‍ഗ്ഗീയകലാപങ്ങളില്ലായിരുന്നു. നാട്ടുരാജാക്കന്മാരുടെ ഭരണത്തിനുനേരെ അസംതൃപ്തി ഉണ്ടായിരുന്നുവെങ്കിലും, അതുമൂലം പൊതുജനം ചേരിതിരിഞ്ഞ് പരസ്പരം പോരടിക്കില്ലായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ അന്ന് തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരുന്ന കലാപങ്ങള്‍ക്കു പ്രധാന കാരണം, ഭരണാധികാരികള്‍ സര്‍ക്കാര്‍ നിയമനങ്ങളില്‍ മുഹമ്മദീയര്‍ക്ക് അനുവദിക്കുന്ന പ്രത്യേക ഇളവുകളാണെന്നാണ് ലേഖകന്റെ അഭിപ്രായം. വിദ്യാഭ്യാസപരമായി മുഹമ്മദീയര്‍ പിന്നോക്കാവസ്ഥയിലാണെന്നും അതുകൊണ്ട് തങ്ങളോടു മത്സരിക്കുവാന്‍ അവര്‍ അശക്തരാണെന്നുമുള്ള വസ്തുത ശരാശരി ഹിന്ദുവിന് അറിയാതെ പോയതാണ് ഈ വൈരാഗ്യബുദ്ധിക്കു കാരണമെന്നു ലേഖകന്‍ സമര്‍ത്ഥിക്കുന്നു. അന്ന് അജ്ഞതയാണ് കാരണമെങ്കില്‍, ഇന്ന് പൊതുജനത്തിന്റെ വികാരം വകവെക്കാതെ തിരഞ്ഞെടുപ്പു രാഷ്ട്രീയനയങ്ങളുടെ പരിണതഫലമാണെന്നൊരു വ്യത്യാസം മാത്രമുണ്ട്. ഉണ്ടവന് പായ കിട്ടാതേയും ഉണ്ണാത്തവന് ഇല കിട്ടാതേയും ലഹളകൂട്ടുന്നതുപോലെ, ആനുകൂല്യം കിട്ടിയവര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കും, ഒന്നും കിട്ടാത്തവര്‍ എന്തെങ്കിലും ഒരു ആനുകൂല്യത്തിനും സമരം ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്.
സംവരണം ചരിത്രത്തില്‍
ഭാരതത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സമുദായങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം സാമുദായികവും സാമ്പത്തികവുമായ അവശതകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. ജാതിവ്യവസ്ഥയും അയിത്താചാരവും ഇവരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. മഹാത്മാ ഫൂലെ, ഡോക്ടര്‍ അംബേദ്കര്‍ മുതലായവരുടെ പരിശ്രമംകൊണ്ട് അവര്‍ക്ക് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍, മുഹമ്മദീയര്‍ക്ക് അനുവദിച്ചതുപോലെ, ജനസംഖ്യാ അനുപാതത്തില്‍ 1932 മുതല്‍ സീറ്റുകള്‍ സംവരണം ചെയ്തു. ഈ പരിഷ്‌കാരം ചരിത്രത്തില്‍ കമ്മ്യൂണല്‍ അവാര്‍ഡ്(സാമുദായിക പരിഗണന) എന്നാണ് അറിയപ്പെട്ടത്. ഇതില്‍ മുഹമ്മദീയര്‍, ക്രിസ്ത്യാനികള്‍, ആംഗ്ലോ-ഇന്ത്യന്‍, യൂറോപ്യന്‍, സിഖ് എന്നിവര്‍ക്കൊക്കെ പ്രത്യേകം പ്രാതിനിധ്യം കൊടുത്തിരുന്നു. പട്ടികജാതിക്കാരെ ദളിതര്‍ എന്നു ലേബലൊട്ടിച്ച് അവരേയും ഹിന്ദുസമുദായത്തില്‍നിന്ന് വേര്‍പെടുത്തി, പ്രത്യേകം സീറ്റുകള്‍ സംവരണം ചെയ്യുകയായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് ദളിതരുടെ ഉന്നമനമായിരുന്നില്ല ലക്ഷ്യം. സംവരണത്തിന്റെ മറവില്‍ ഹിന്ദുസമാജത്തെ വിഭജിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. സാമുദായിക പ്രാതിനിധ്യം അനുവദിച്ച് മുഹമ്മദീയരെ വേര്‍പെടുത്തിയതുപോലെ, ഇവരേയും പ്രത്യേക വിഭാഗമാക്കി ദേശീയവാദത്തെ ദുര്‍ബലപ്പെടുത്താമെന്ന് അവര്‍ കരുതി. ഈ ഗൂഢലക്ഷ്യം മനസ്സിലാക്കിയ ഗാന്ധിജി, ദളിതരെ ഹിന്ദുസമുദായത്തിന്റെ ഭാഗമായി നിലനിര്‍ത്തുവാന്‍ തന്റെ ജീവിതംതന്നെ ബലികഴിക്കുമെന്ന ദൃഢനിശ്ചയത്തോടെ ഈ പദ്ധതിക്ക് എതിരായി നിരാഹാരസമരം ആരംഭിച്ചു. ആദ്യം ഗാന്ധിജിയെ എതിര്‍ത്തെങ്കിലും, അംബേദ്കര്‍ ഒടുവില്‍ വഴങ്ങി. 1932-ലെ പൂനാ ഉടമ്പടിപ്രകാരം മുഹമ്മദീയര്‍ക്ക് അനുവദിച്ചതല്ലാത്ത ജനറല്‍ സീറ്റുകളില്‍ പട്ടികജാതിക്ക് സംവരണം ചെയ്തു. ഈ സംവരണം ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ച സാമുദായിക പ്രാതിനിധ്യത്തേക്കാളും കൂടുതലായിരുന്നു. പക്ഷെ ഹൈന്ദവ ഐക്യം നിലനിന്നു. പട്ടികജാതിക്കാര്‍ പ്രത്യേകം വോട്ടറല്ലാത്തതു കാരണം അവരുടെ പിന്തുണയ്ക്കുവേണ്ടി ഉയര്‍ന്ന ജാതിക്കാര്‍ക്ക് അവരോട് അപേക്ഷിക്കണം. അതുപോലെ, സംവരണം ചെയ്യപ്പെട്ട സീറ്റില്‍ മത്സരിക്കുവാന്‍ പട്ടികജാതിക്കാര്‍ക്ക് ഉയര്‍ന്ന ജാതിക്കാരുടേയും പിന്തുണ വേണം. ഇത് സമുദായങ്ങളുടെ സഹകരണത്തിനും പരസ്പര സഹവര്‍ത്തിത്വത്തിനും പ്രയോജനപ്പെട്ടു. ഗാന്ധിജിയുടെ വാദത്തിലും കഴമ്പുണ്ടായിരുന്നു. ഏകദേശം രണ്ടു ശതാബ്ദത്തോളം ഭരണം കയ്യാളിയിട്ടും ദളിതരുടെ ഉന്നമനത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ ഒന്നും ചെയ്തിട്ടില്ല. അവര്‍ക്കുവേണ്ടി വാദിച്ച നവോത്ഥാന നായകന്മാര്‍, വിവേകാനന്ദസ്വാമികളടക്കം, ഹൈന്ദവ വിശ്വാസികള്‍ തന്നെയായിരുന്നു. ആ വസ്തുത നിരാകരിക്കുവാന്‍ ദളിതരുടെ സംഘടനകള്‍ക്കും സാധ്യമല്ലായിരുന്നു.
സംവരണത്തിന്റെ തുടക്കം അങ്ങനെയായിരുന്നു. സംവരണം, സാമുദായിക പ്രാതിനിധ്യം പോലെ (കമ്മ്യൂണല്‍ റെപ്രസെന്റേഷന്‍) രാഷ്ട്രത്തെ വെട്ടിമുറിക്കുന്നില്ല. നിയമനിര്‍മ്മാണസഭകളില്‍ പ്രാതിനിധ്യം, സാമുദായിക പുരോഗതിക്കുവേണ്ടി നിയമനിര്‍മ്മാണത്തിലും ഭരണതലത്തിലും സ്വാധീനം ചെലുത്താനാകുമെന്നായിരുന്നു നമ്മുടെ പൂര്‍വികരുടെ നിഗമനം. അതു ശരിയാണുതാനും. ഭരണവര്‍ഗ്ഗത്തിന്റെ (ബ്രിട്ടീഷുകാരുടെ) പ്രതിബദ്ധതയെ ഗാന്ധിജി ചോദ്യം ചെയ്തത് യുക്തിയുക്തമായിട്ടായിരുന്നു.
നിലവിലെ സ്ഥിതി
സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനയുടെ 14ഉം 15ഉം വകുപ്പുകള്‍ തുല്യനീതി, സര്‍ക്കാര്‍ നിയമനങ്ങളിലടക്കം, ഉറപ്പുതരുന്നുണ്ട്. 15-ാം വകുപ്പ് 1951-ല്‍തന്നെ ഭേദഗതി ചെയ്തു. ഇത് പട്ടികജാതി-വര്‍ഗ്ഗ സമുദായങ്ങള്‍ക്കും മറ്റു സാമുദായികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണാനുകൂല്യം ഉറപ്പുവരുത്തുന്നതിനായിരുന്നു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന 29-ാം വകുപ്പുകൂടി മേല്‍പറഞ്ഞ ഭേദഗതിയില്‍ പരാമര്‍ശിക്കപ്പെടുന്നതുകൊണ്ട് സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനംകൂടി സംവരണാടിസ്ഥാനത്തിലായി. പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരും, അവശതയനുഭവിക്കുന്ന മറ്റു സമുദായങ്ങളും(ഒ.ബി.സി.) സംവരണത്തിനര്‍ഹരാകുന്നത് പുരോഗമനപരമായ ഒരു കാല്‍വെപ്പായതുകൊണ്ട് ആരും എതിര്‍ത്തില്ല. പക്ഷെ, വി.പി.സിംഗ് ഒ.ബി.സി.കള്‍ക്ക് 15-ാം വകുപ്പിന്റെ തണലില്‍ 27% സംവരണം അനുവദിച്ചതോടുകൂടി വിവാദങ്ങള്‍ തുടര്‍ക്കഥയായി. വിവാദം പരമോന്നത നീതിപീഠത്തിലെത്തിയപ്പോള്‍, ഇതിനു കടിഞ്ഞാണിട്ടു. സംവരണം അമ്പതു ശതമാനത്തിലധികമാകരുത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മൊത്തം ഒഴിവുകളുടെ പകുതിയെങ്കിലും സംവരണത്തിനര്‍ഹതയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ മത്സരത്തിന് അവകാശപ്പെട്ടതായിരിക്കണം. തമിഴ്‌നാട്ടില്‍ മാത്രം സംവരണം ഈ പരിധിക്കും അപ്പുറത്താണ്. കാരണം, അത് സ്വാതന്ത്ര്യത്തിനു മുന്നേതന്നെ നിലവിലുണ്ടായിരുന്നു. വി.പി.സിംഗിനു ശേഷം മറ്റൊരു സിംഗ് ഒരു ഭേദഗതിയിലൂടെ സ്ഥിതി ഒന്നുകൂടി വഷളാക്കി. അര്‍ജ്ജുന്‍സിംഗ് മാനവ വിഭവശേഷി മന്ത്രിയായിരിക്കേ യാണ് ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥപാനങ്ങളെ സംവരണത്തിന്റെ ബാധ്യതയില്‍നിന്ന് ഒഴിവാക്കിയത്. ഭൂരിപക്ഷ സമുദായക്കാര്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥപനങ്ങള്‍, സ്വകാര്യ ഉദ്യമങ്ങളായിരുന്നാല്‍കൂടി സംവരണ നിയമങ്ങള്‍ പാലിക്കണം എന്നാണ് നിലവിലെ സ്ഥിതി. ഭരണഘടനയുടെ 14ഉം 15ഉം വകുപ്പുകള്‍ ഉറപ്പുതരുന്ന തുല്യനീതി, ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് സംവരണമെന്ന നിബന്ധനയോടെ മാത്രം ലഭിക്കുമ്പോള്‍, ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അതു പൂര്‍ണ്ണതയാ അനുഭവസിദ്ധമാണ്. ഭരണഘടനയുടെ സൃഷ്ടാക്കള്‍ ഉദ്ദേശിച്ചത് ന്യൂനപക്ഷങ്ങള്‍ക്ക് ഇഷ്ടാനുസരണം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശ സംരക്ഷണമായിരുന്നു. പക്ഷേ, ഒന്നിനു പിറകെ ഒന്നായി കൊണ്ടുവന്ന ഭേദഗതികള്‍, ഭൂരിപക്ഷത്തിനില്ലാത്ത അവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിക്കുന്നതായി പരിണമിച്ചു. ഇത്രയൊക്കെ ഭേദഗതികള്‍ (നൂറ്റിപ്പതിനഞ്ചിലധികം) കൊണ്ടുവന്നിട്ടും, മതപരമായോ ഭാഷാപരമായോ ന്യൂനപക്ഷമായി പരിഗണിക്കുവാനുള്ള മാനദണ്ഡമെന്തെന്നോ, എന്താണ് ന്യൂനപക്ഷമെന്നോ, ഭരണഘടനയില്‍ നിര്‍വചിക്കപ്പെടുന്നില്ല. അതുകൊണ്ട് വിവാദങ്ങളും തുടരുന്നു. ന്യൂനപക്ഷപദവിക്കുവേണ്ടി രാമകൃഷ്ണമിഷന്‍തന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യപരമ്പരയാണെങ്കിലും രാമകൃഷ്ണമിഷന് ന്യൂനപക്ഷപദവി സുപ്രീംകോടതി നിരസിക്കുകയാണുണ്ടായത്. ആ അനുഭവം മുന്നില്‍ കണ്ട് കര്‍ണ്ണാടകത്തില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍, ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി അംഗീകരിച്ച് പ്രമേയം കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുമ്പ് സമര്‍പ്പിച്ചു. തലയ്ക്കു പാകത്തില്‍ തൊപ്പി കിട്ടിയില്ലാ എങ്കില്‍ തൊപ്പിക്കു പാകത്തിന് തല എന്നാണ് ഇന്നത്തെ രാഷ്ട്രീയക്കാരുടെ നയം.
പട്ടിക നീളുന്നു
മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിച്ചപ്പോള്‍ രാജസ്ഥാനിലെ ജാട്ട് സമുദായമോ ഹരിയാനയിലെ യാദവ സമുദായമോ ഈ പട്ടികയില്‍ ഉല്‍പ്പെട്ടിരുന്നില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഈ രണ്ടു സമുദായങ്ങളേയും പിന്നോക്കജാതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. പട്ടിക വലുതായപ്പോള്‍ സംവരണ ശതമാനം ഉയര്‍ത്താനാകാത്തതുകൊണ്ട് അതിലുണ്ടായിരുന്നവരുടെ അവസരം കുറഞ്ഞു. അതുകൊണ്ട് ഒ.ബി.സി. പട്ടികയിലുണ്ടായിരുന്ന ഗുജര്‍ സമുദായം തങ്ങളെ പട്ടികവര്‍ഗ്ഗമായി പരിഗണിക്കുവാനായി കലാപം തുടങ്ങി. ഇതില്‍ രസകരമായ ഒരു വസ്തുതയുണ്ട്. ഉത്തരഭാരതത്തില്‍ ജാട്ടുകളോ യാദവരോ പാട്ടക്കുടിയാന്മാരായിരുന്നില്ല. അവര്‍ ഭൂവുടമകളായിരുന്നു. കൃഷിയും പശുപാലനവും തൊഴിലായിരുന്നു. ജാട്ടുകള്‍ രാജസ്ഥാനില്‍, കേരളത്തിനു തുല്യം ഭൂവിസ്തൃയുള്ള ഭരത്പൂര്‍ നാട്ടുരാജ്യത്തിന്റെ രാജാക്കന്മാരായിരുന്നു. പിന്നെ എങ്ങനെ ഇവര്‍ പിന്നോക്കവിഭാഗമായി എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇതുതന്നെയാണ് കര്‍ണ്ണാടകത്തിലെ ഗൗഡ എന്നറിയപ്പെടുന്ന വൊക്കലിഗ സമുദായത്തിന്റേയും സ്ഥിതി. കെപെ ഗൗഡ ബംഗ്ലൂരും പരിസരപ്രദേശങ്ങളും ഉള്‍പ്പെടുന്ന ഒരു ചെറിയ രാജ്യത്തിന്റെ ഭരണാധിപനായിരുന്നു. പക്ഷേ അവരും പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
ഗുജറാത്തിലെ പട്ടേല്‍ സമുദായം, കേരളത്തിലെ നായന്മാരെപ്പോലെ ഒരു പ്രബല സമുദായമാണ്. ഗുജറാത്തിലെതന്നെ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഇവര്‍ മുന്നില്‍ത്തന്നെ. പക്ഷേ കലാപം സൃഷ്ടിച്ച് രംഗം വഷളാക്കുവാന്‍ രാഷ്ട്രീയക്കാര്‍ തുനിഞ്ഞിറങ്ങി. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറു വാരിക്കുന്നതുപോലെ അവര്‍ കാര്യം നേടുവാന്‍ ഹാര്‍ദിക് പട്ടേല്‍ എന്ന ഒരു ചെറുപ്പക്കാരനെ മുന്നില്‍ നിര്‍ത്തി. അയാളുടെ കൈ പൊള്ളി. ഇപ്പോള്‍ ജയിലിലുമായി. ഇതിലും വിചിത്രമാണ് മറാഠകളുടെ ആവശ്യം. പെഷ്‌വാഭരണകാലത്ത് വടക്കുപടിഞ്ഞാറു ഝലം നദിവരേയും ഗംഗാ-യമുന സമതലംവരേയും മറാഠാ ആധിപത്യത്തിലായിരുന്നു. 1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധംവരെ ഈ മേധാവിത്വം നിലനിന്നു. പെഷ്‌വാഭരണം അവസാനിച്ചപ്പോള്‍ നാലു പ്രബല മറാഠാ നാട്ടുരാജ്യങ്ങള്‍ നിലവില്‍വന്നു. അവരുടെ ഭരണം വിന്ധ്യനു വടക്ക് ആരാവല്ലി പര്‍വതനിരകള്‍ വരെ വ്യാപിച്ചിരുന്നു. പിന്നെ ഇവരെങ്ങനെ പിന്നാക്കക്കാരാകും?
ഒരുകാലത്ത് വലിയ ഭൂവുടമകളായിരുന്നുവെങ്കിലും വിഭജിച്ചു വിഭജിച്ച് ആളോഹരി ഭൂവിസ്തൃതി കുറഞ്ഞുവെന്നും, അതുമൂലം സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്നു എന്നും അവര്‍ക്കുവേണ്ടി വാദിക്കാം. പക്ഷേ, സാമ്പത്തിക പിന്നാക്കാവസ്ഥ ഭരണഘടന അംഗീകരിക്കുന്നില്ല. ഭരണഘടന സാമുദായികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ മാത്രമേ അംഗീകരിക്കുന്നുള്ളു. കഴിഞ്ഞ നൂറ്റാണ്ടിലെ ഭരണകര്‍ത്താക്കള്‍ സാമുദായികമായി പിന്നാക്കം നില്‍ക്കുന്നവരല്ല എന്നുതന്നെ അനുമാനിക്കണം. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നു എന്നതിന് തെളിവൊന്നുമില്ല താനും.
ന്യൂനപക്ഷങ്ങളുടെ ഇരട്ടത്താപ്പ്
ഇസ്ലാം ക്രിസ്ത്യന്‍ മതങ്ങളിലേക്ക് മാര്‍ഗ്ഗംകൂടിയ പട്ടികവര്‍ഗ്ഗക്കാരുടെ മുറവിളിയും നിലവിലുണ്ട്. ജാതിയുടേയോ മതത്തിന്റേയോ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ സ്രഷ്ടാക്കള്‍ സംവരണം വിഭാവനം ചെയ്തിട്ടില്ല. പട്ടികജാതിക്കാര്‍ക്ക് സംവരണം അനുവദിച്ചതിനു കാരണം, അയിത്താചാരം നിമിത്തം നൂറ്റാണ്ടുകളായി അവര്‍ അനുഭവിക്കുന്ന പരാധീനതകളാണ്. ഇസ്ലാമിലോ, ക്രിസ്തുമതത്തിലോ, ജാതിയും അയിത്താചാരവും ഇല്ലാത്തതുകാരണം അവരെ പട്ടികജാതിയിലുള്‍പ്പെടുത്തിയിട്ടില്ല. യു.പി.എ. സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. അതുകൂടി അനുവദിക്കുകയാണെങ്കില്‍ മതംമാറ്റം എന്ന പ്രക്രിയക്ക് ആക്കം കൂടിയേനെ. നിലവില്‍, മതം മാറി പള്ളിയില്‍ പോകുന്നുണ്ടെങ്കിലും, ഈ കൗശലക്കാര്‍ സര്‍ക്കാര്‍ രേഖകളില്‍ പട്ടികയിലുള്‍പ്പെടുന്ന ജാതിയില്‍പെട്ട ഹിന്ദുക്കളാണ്. സംവരണത്തിന്റെ ആനുകൂല്യം നേടിയ, വലിയ പദവികളിലെത്തിയവരുമുണ്ട് ഇക്കൂട്ടരില്‍. സഭകളുടെ ഔദാര്യത്തിലും, ന്യൂനപക്ഷ പരിഗണനയിലും, നല്ല വിദ്യാഭ്യാസം നേടിയ ഇവരോട് മത്സരിക്കുക എളുപ്പമല്ല. ആദ്യത്തെ അവസരത്തില്‍ വണ്ടിയില്‍ കയറിപ്പറ്റാനാകാത്തവരും അവരുടെ തലമുറകളും ഇന്നും പഴയ അവശതകള്‍ പേറുന്നു. ചുരുക്കത്തില്‍, നിലവിലുള്ള സംവരണം ചുരുക്കം ചിലര്‍ക്കും അവരുടെ തലമുറകള്‍ക്കും മാത്രമേ പ്രയോജനപ്പെടുന്നുള്ളു.
എന്തിനധികം പറയുന്നു, നിയമസഭകളിലും ലോക്‌സഭയിലും ക്രിസ്ത്യാനികള്‍ പട്ടികജാതിക്കാര്‍ക്കുവേണ്ടി സംവരണം ചെയ്ത മണ്ഡലങ്ങളില്‍ മത്സരിച്ച് കയറിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എന്ന എം.പി. പ്രതിഭാഗത്തുള്ള കേസിലെ ഹൈക്കോടതി വിധി നമുക്കറിയാവുന്നതാണല്ലൊ. അതിപ്പോള്‍ സുപ്രീം കോടതിയില്‍ ഊഴം കാത്തു കിടപ്പാണ്. ഇതിനിടയ്ക്ക് യു.പി.എ. സര്‍ക്കാര്‍ ദളിത്-ക്രിസ്ത്യന്‍, മുഹമ്മദീയരെ കൂടി പട്ടികജാതിയില്‍ ഉള്‍പ്പെടുത്താമോ എന്നു പരിശോധിക്കുവാന്‍ ജസ്റ്റീസ് രംഗനാഥമിശ്ര കമ്മീഷനെ ചുമതലപ്പെടുത്തി. മിശ്രാകമ്മീഷന്‍ ശുപാര്‍ശചെയ്തുവെങ്കിലും, ഒരു കമ്മീഷന്‍ അംഗം(ആശാദാസ്) വിയോജനക്കുറിപ്പെഴുതിയതുകൊണ്ട് മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും വിചാരിച്ചതുപോലെ കാര്യം നടന്നില്ല. ക്രിസ്ത്യന്‍ സഭകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിട്ട്‌പെറ്റീഷന്‍ (ണജ/ഇ/180/2004)കൂടി തീര്‍പ്പാകാതെ കിടക്കുകയാണ്. ഈ പ്രശ്‌നത്തില്‍ ഒരു കാര്യംകൂടി പരിഗണിക്കേണ്ടതുണ്ട്. ക്രിസ്ത്യാനിയായോ മുഹമ്മദീയനായോ മാര്‍ഗ്ഗംകൂടിയ ഒരു പൗരന് ന്യൂനപക്ഷ സമുദായക്കാരനെന്ന പരിഗണനയും സംരക്ഷണവും ഭരണഘടന നല്‍കുന്നുണ്ട്. അതുകൂടാതെ പട്ടികജാതിയുടെ ആനുകൂല്യംകൂടി വേണമെന്നു ശഠിക്കുന്നത് നീതിരഹിതമല്ലെ? മന്‍മോഹന്‍സിംഗിനോ സോണിയാഗാന്ധിക്കോ അറിയാത്തതല്ല ഈ വസ്തുത. ഇവര്‍ മനഃപൂര്‍വം തിരഞ്ഞെടുപ്പു രാഷ്ട്രീയം കളിക്കുകയാണ്. ഇവരുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ് എന്ന് അനുമാനിക്കാന്‍ വേറേയും കാരണമുണ്ട്. ഭാരതത്തിന്റെ സമ്പത്തില്‍ ആദ്യത്തെ അവകാശം മുഹമ്മദീയര്‍ക്കാണെന്ന് മന്‍മോഹന്‍സിംഗ് പറയുകയുണ്ടായി. ജനാധിപത്യത്തില്‍ ആദ്യത്തേയോ അവസാനത്തേയോ അവകാശമില്ല. തുല്യനീതിയാണുള്ളത്. ഭരണഘടനയിലും അങ്ങനെത്തന്നെയായിരുന്നു. അനുഭവസമ്പന്നനായ ഒരു പ്രധാനമന്ത്രി ഇങ്ങനെ വ്യാഖ്യാനിച്ചത് ദുരുദ്ദേശപരമല്ലെ?
ഭാവിയില്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍
സുപ്രീം കോടതിയുടെ തീരുമാനം (ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്), മൊത്തം സംവരണം 50 ശതമാനം കവിയരുത് എന്നാണ്. പുതിയ സമുദായങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടി വരുമ്പോള്‍, ഈ പരിധി മറികടക്കേണ്ടി വരും. അല്ലെങ്കില്‍ ഇപ്പോള്‍ ആനുകൂല്യം കിട്ടുന്നവരുടെ പങ്കു കുറയും. അതുകൊണ്ട് അതു മറികടക്കാനാണ് എല്ലാവരും മുറവിളി കൂട്ടുന്നത്. സംവരണം അമ്പതു ശതമാനത്തില്‍ കൂടുമ്പോള്‍, സംവരണമില്ലാത്ത സീറ്റുകള്‍ കുറയും. മത്സരം നാമമാത്രമാകും. അത് ബ്രിട്ടീഷു ഭരണകാലത്തെ സാമുദായിക പ്രാതിനിധ്യമായി മാറും. ഒരു സമുദായത്തിന്റേയും രാഷ്ട്രത്തിന്റേയും ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് വര്‍ഗ്ഗീയ സംവരണം പ്രയോജനപ്പെടില്ല.
ഈ പ്രശ്‌നം കക്ഷിരാഷ്ട്രീയത്തിനതീതമായി പരിഗണിച്ചു തീരുമാനമെടുക്കേണ്ടതാണ്. ഏഴുദശകങ്ങളിലധികമായി സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍വന്ന പരിവര്‍ത്തനങ്ങളും സാമ്പത്തിക പുരോഗതിയും വിവിധ സമുദായങ്ങളുടെ അവശതകളും വിലയിരുത്തി പുതിയ നയം രൂപപ്പെടുത്തേണ്ടതാണ്. അഹൈന്ദവര്‍(സിഖ്-ബുദ്ധ മതാനുയായികള്‍ ഒഴികെ) ഇതിനു മുറവിളികൂട്ടുമ്പോള്‍ അവരുടെ മേലാളന്മാര്‍തന്നെ ഉത്തരം കൊടുക്കണം. പാവപ്പെട്ട പട്ടികജാതിക്കാരെ, അവര്‍ ജാതിയുടെ പേരില്‍ അനുഭവിക്കുന്ന വിവേചനത്തില്‍നിന്ന് മോചനം എന്നു വാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ച് മതംമാറ്റിയതിനു ശേഷം, അവര്‍ക്ക് സഭ എന്തുകൊണ്ട് തുല്യനീതി ഉറപ്പാക്കുന്നില്ല? സഭകള്‍ക്ക് ഇവരുടെ കാര്യത്തില്‍ ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകുമോ?