മുത്തശ്ശാ, നോക്കൂ. കടുവ ഒരാളുടെ കാലില്‍ നക്കുന്നത്. കണ്ണന്‍ അതിശയ ഭാവത്തില്‍ പത്രത്തില്‍ വന്ന ചിത്രം എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
‘കിംവോള്‍ഹുട്ടര്‍’ എന്ന പ്രശസ്തനായ വന്യജീവി ഫോട്ടോഗ്രാഫറുടെ ചിത്രമാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലായി. ദക്ഷിണാഫ്രിക്കയിലെ കൊടും കാട്ടില്‍ (ക്രൂഗര്‍ വന്യമൃഗ സങ്കേതത്തില്‍) ജീവന്‍ പണയപ്പെടുത്തി വളരെക്കാലം ജീവിച്ച് വന്യജീവികളുടെ ചിത്രങ്ങളെടുത്ത കിം വോള്‍ഹുട്ടറെക്കുറിച്ച് ഡിസ്‌ക്കവറി ചാനലില്‍ പണ്ടെങ്ങോ കണ്ടത് ഓര്‍മ്മ വന്നു. ചെമ്പുലിമാന്ത്രികന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ചെമ്പുലികളുമായി സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങളാണ് അന്ന് കണ്ടത്.
ഇത് ശരിക്കുള്ളതാ….? മനുഷ്യനെ കണ്ടാല്‍ പുലി കടിച്ചുകൊല്ലില്ലേ..? കണ്ണെടുക്കാതെ ചിത്രത്തിലേയ്ക്കു നോക്കി കണ്ണന്‍ ചോദിച്ചു.
കിംവോള്‍ഹുട്ടറിന്റെ നേരെ സിംഹം പാഞ്ഞുവന്നിട്ടും പരിഭ്രമിക്കാതെ കൈകൂപ്പി നിന്നുവെന്നും അടുത്തുവന്ന് മണംപിടിച്ച് ആക്രമിക്കാതെ കടന്നുപോയെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. ചിത്രത്തില്‍നോക്കി ഞാന്‍ പറഞ്ഞു.
ശരിക്കും…?’’മുത്തശ്ശന്‍ പറഞ്ഞത് കണ്ണന് വിശ്വാസമായില്ല.
സ്‌നേഹവും, നന്മയും മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് പൂര്‍ണ്ണമനസ്സോടെ സ്‌നേഹിക്കുമ്പോള്‍ ഭയക്കണ്ട ആവശ്യമില്ല. ഭയം ഇരുട്ടാണ്. സ്‌നേഹവും നന്മയും വെളിച്ചമാണ്. വെളിച്ചമുള്ളപ്പോള്‍ ഇരുട്ട് ഉണ്ടാവില്ലല്ലോ. ശാന്തനും നിഷ്‌ക്കളങ്കനുമായ ഒരാളെ, ക്രൂരമൃഗംപോലും ആക്രമിക്കുകയുമില്ല എന്ന് ഋഷിമാര്‍ തെളിയിച്ചിട്ടുണ്ട്. അവര്‍ കൊടും കാട്ടില്‍ കഴിഞ്ഞത് അതിന് തെളിവല്ലേ? ‘’
അപ്പോ, ഇത് ശരിക്കും ഉള്ളതാവും. കണ്ണന്‍ മുത്തശ്ശന്റെ കയ്യില്‍നിന്നും ചിത്രം വാങ്ങിക്കൊണ്ടു പറഞ്ഞു. നമ്മുടെ ചിന്തകള്‍പോലും മനസ്സിലാക്കാനുള്ള കഴിവ് ജന്തുക്കള്‍ക്കുണ്ട്.’’
പശുക്കള്‍ക്ക് പാട്ട് ഇഷ്ടമുള്ളതുകൊണ്ട് ശ്രീകൃഷ്ണന്‍ പശുക്കളെ നിയന്ത്രിച്ചത് ഓടക്കുഴല്‍ കൊണ്ടാണെന്ന് പാട്ട് ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. മുത്തശ്ശന്‍ പറഞ്ഞത് അംഗീകരിച്ചുകൊണ്ട് കണ്ണന്‍ പറഞ്ഞു.
പശു എന്നല്ല, എല്ലാ ജീവജാലങ്ങള്‍ക്കും സംഗീതം ആസ്വദിക്കാനുള്ള കഴിവുണ്ട്. ഞാന്‍ പറഞ്ഞു.
പാമ്പിനെ കഴുത്തില്‍ചുറ്റിയ പാമ്പാട്ടിയെയും, പാട്ടുപാടി കാക്കയെ വരുത്തുന്ന സന്യാസിയെയും ടീച്ചര്‍ കണ്ടിട്ടുണ്ടെന്നും പറഞ്ഞു.’’
തന്റെ വീട് സ്‌നേഹം കൊണ്ടു പണിയാന്‍ ഈശ്വരന്‍ കാത്തിരിക്കുന്നു എന്ന് വിശ്വമഹാകവി ടാഗൂര്‍ പറഞ്ഞതിന്റെ അര്‍ത്ഥം, സ്‌നേഹമുള്ള വീടുകളിലാണ് ഈശ്വരന്‍ വസിക്കുന്നത് എന്നാണ്. നാലാം ക്ലാസ്സുകാരനായ പേരക്കുട്ടിയെ തലോടിക്കൊണ്ട് ഞാന്‍ പറഞ്ഞു.
ടാഗൂര്‍ പറഞ്ഞതിന്റെ പൊരുള്‍ എന്തെന്ന് കണ്ണന് മനസ്സിലായില്ല. എങ്കിലും ആരോടും ഒന്നിനോടും ദേഷ്യം തോന്നാതെ, എല്ലാവരോടും എന്തിനോടും സ്‌നേഹത്തോടെ സന്തോഷത്തോടെ പെരുമാറിയാല്‍ ഏതു ക്രൂരനില്‍നിന്നും സ്‌നേഹം തിരികെകിട്ടും എന്നാണ് മുത്തശ്ശന്‍ പറഞ്ഞതിന്റെ ചുരുക്കമെന്ന് കണ്ണന് മനസ്സിലായി.