മുട്ടനാടുകള്‍ തമ്മിലടിച്ച് ചോരതെറിക്കുമ്പോള്‍ അതു നക്കികുടിക്കാന്‍ നാക്കും നീട്ടിയിരിക്കുന്ന കുറുക്കന്റെ കഥ പഴയതല്ല, കേരളത്തില്‍ പച്ചയ്ക്ക് സംഭവിക്കുന്നതാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലടിച്ച് ചോര വീഴ്ത്തുന്നതുകാണാന്‍ കൊതിയോടെ കാത്തിരിക്കുന്ന കുറുക്കന്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയാണ്. മുട്ടനാടുകള്‍ തോളുരുമ്മി സൗഹൃദം പങ്കിടുമ്പോള്‍ കുറുക്കന് സഹിക്കുന്നില്ല. കുറ്റ്യാടിക്കാര്‍ ഇയ്യിടെ ഇത്തരം ഒരു കാഴ്ച കാണേണ്ടി വന്നു. സി.എ.എ. അനുകൂല പൊതുയോഗം നടന്നപ്പോള്‍ കടയടച്ച് ഹര്‍ത്താലാചരിച്ച കുറ്റ്യാടിയില്‍ സാമുദായിക സംഘര്‍ഷം നിലനിന്നിരുന്നു. അവിടെ ചെറിയകുമ്പളം ജുമമസ്ജിദില്‍ ഫെബ്രു. 21ന് വെള്ളിയാഴ്ച സൗഹൃദ ജുമുഅയും സ്‌നേഹസംഗമവും നടന്നു. പള്ളിയില്‍ നടക്കുന്നത് ഇതര മതസ്ഥര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനായിരുന്നു ഈ പരിപാടി. ജമാഅത്തെ ഇസ്ലാമി ഭാരവാഹികള്‍ ആര്‍.എസ്.എസ്. – ബി.ജെ.പി. പ്രദേശിക നേതാക്കളെ പള്ളിയിലേക്ക് ക്ഷണിച്ചു. വിശ്വാസികളായ മുസ്ലിങ്ങള്‍ക്ക് ഇതില്‍ ഒരു വിരോധവും തോന്നിയതുമില്ല.
എന്നാല്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയ്ക്ക് ഇതു സഹിച്ചില്ല. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്ലാമിക്കാരും സൗഹാര്‍ദ്ദം പങ്കുവെക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്കെങ്ങിനെ ഹിന്ദു-മുസ്ലീം ഭിന്നിപ്പുണ്ടാക്കാന്‍ കഴിയും? അതിനാല്‍ ഈ സൗഹൃദ സംഗമത്തിനെതിരെ പാര്‍ട്ടിക്കാര്‍ പാര്‍ട്ടിപത്രത്തിലൂടെ രോഷം പ്രകടിപ്പിക്കുകയാണ്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പരമാവധി തമ്മിലടിപ്പിക്കാന്‍ സി.എ.എയെ ഉപയോഗിച്ച് സി.പി.എം ശ്രമിക്കുമ്പോള്‍ നടക്കുന്ന സ്‌നേഹസംഗമം സഖാക്കള്‍ക്കെങ്ങിനെ സഹി ക്കും? ‘ഓര്‍ത്തുകളിച്ചോ, ഗുജറാത്ത് ആവര്‍ത്തിക്കും’ എന്ന് കൊലവിളി പ്രസംഗം നടത്തിയ ആര്‍.എസ്.എസ്. നേതാവിനെ പള്ളിയില്‍ കയറ്റി പ്രസംഗിപ്പിച്ചു എന്നതാണ് പാര്‍ട്ടി പത്രം കണ്ടെത്തിയ ഗുരുതരമായ കുറ്റം. കുറുക്കന്മാരെ തിരിച്ചറിയാന്‍ മുട്ടനാടുകള്‍ക്ക് കഴിഞ്ഞാല്‍ നമ്മുടെ നാട് കലാപ വിമുക്തമാകും എന്നതില്‍ സംശയമില്ല.