കഴിഞ്ഞ ദിവസങ്ങളില്‍ ദല്‍ഹിയിലുണ്ടായ കലാപം ആസൂത്രിതവും അതേസമയം ചില ഇസ്ലാമിക ഭീകര വിധ്വംസക സംഘടനകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിയതുമാണ് എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവാനിടയില്ല. എത്ര പേര് അവിടെ കൊല്ലപ്പെട്ടു എന്നതിനപ്പുറം ആ പദ്ധതിയിലെ ദേശവിരുദ്ധതയാണ് രാഷ്ട്രം ശ്രദ്ധിക്കേണ്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രാജ്യം ആതിത്ഥ്യമരുളാന്‍ ഒരുങ്ങുമ്പോള്‍ കലാപമുണ്ടാക്കുക എന്നത് നിസ്സാരമായി കാണേണ്ട കാര്യമല്ല. വെറുമൊരു വര്‍ഗീയ കലാപമുണ്ടാക്കലല്ല; അത് വെറുമൊരു അക്രമവുമല്ല. പ്രസിഡന്റ് ട്രംപ് ഇന്ത്യയിലെത്തുന്ന വേളയില്‍ കലാപമുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നുവ്യക്തം. അതിലുപരി പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്ന പേരില്‍ തുടങ്ങിയ സമരവും മറ്റും സുപ്രീംകോടതി പരിശോധിച്ച് കൊണ്ടിരിക്കുന്ന വേളയിലാണ് പുതിയ ചില നീക്കങ്ങള്‍ അതേകൂട്ടര്‍ നടത്തിയത് എന്നതുമോര്‍ക്കുക. അതാണ് ഈ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. ഇതിനെ വെറുമൊരു സമരമായിട്ടല്ല മറിച്ച് ദേശവിരുദ്ധ നീക്കമായിട്ടേ കാണാനാവൂ. അതിന്റെ തുടര്‍ച്ചയെന്നവണ്ണമാണ് കലാപവും അരങ്ങേറിയത്. അതുകൊണ്ടുതന്നെ ഈ കലാപത്തെ, അതിനുപിന്നിലെ ശക്തികളെ, എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനും വ്യക്തതയുണ്ടാവേണ്ടതുണ്ട്. പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗത്തും നടന്ന സമരങ്ങള്‍ക്ക് ഒരു പൊതു സ്വഭാവമുണ്ടായിരുന്നുവല്ലോ. അതിന്റെ പിന്നിലെ ശക്തികള്‍ വെവ്വേറെയാണെങ്കിലും അത് ആസൂത്രണം ചെയ്തത് ഒരു കേന്ദ്രത്തില്‍ നിന്നാണ് എന്നതാണ് അത് കാണിക്കുന്നത്. ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്ത് അത് അസാധാരണമായ ഒരു സംഭവവികാസമാണ്, പ്രത്യേകിച്ചും ഇസ്ലാമിക മത വിഭാഗത്തില്‍. മുന്‍കാലങ്ങളില്‍ അത് നാം കണ്ടിട്ടില്ല; രാമജന്മഭൂമി പ്രശ്‌നം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍ പോലും. ഒരു ഭാഗത്ത് വ്യാപകമായ അക്രമങ്ങള്‍ നടന്നപ്പോള്‍ മറുഭാഗത്ത് സ്ത്രീകളെ തെരുവിലിറക്കി സമരങ്ങള്‍ സംഘടിപ്പിച്ചു. സ്ത്രീകളെ ഒരു തരത്തില്‍ സംരക്ഷണ കവചമാക്കുകയായിരുന്നു. അക്രമങ്ങള്‍ മുഴുവന്‍ ഹിന്ദു സമൂഹത്തെ ലക്ഷ്യമാക്കിയായിരുന്നുതാനും. അവരുടെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ ഒക്കെയും; ഹിന്ദു സ്ത്രീകള്‍ തെരുവില്‍ അപമാനിക്കപ്പെടുന്ന സ്ഥിതി വരെ ഉണ്ടാക്കുക ……… അതാണ് വടക്ക് മുതല്‍ ഇങ്ങ് തെക്ക് വരെയും കണ്ടത്. ഇപ്പോള്‍ ദല്‍ഹിയിലെന്താണ് ഉണ്ടായത് എന്നത് വിലയിരുത്തും മുന്‍പ് ഇതിന്റെ പശ്ചാത്തലം ഒന്ന് പരിശോധിക്കേണ്ടതുണ്ട്.
ദല്‍ഹിയില്‍ വര്‍ഗീയ കലാപം അത് തുടങ്ങിയത് ഇസ്ലാമിക വര്‍ഗീയ ശക്തികളാണ്. ഒരിടത്തെ കുത്തിയിരിപ്പ് സമരത്തിനൊപ്പം, അത് കോടതി പരിഗണിക്കവെ, മറ്റ് ചിലയിടത്തേക്ക് കൂടി വ്യാപിപ്പിക്കുന്നു; മെട്രോ സ്റ്റേഷനുകള്‍ സ്തംഭിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു. കുറേയാഴ്ചകളായി ക്ഷമിച്ചും കണ്ടില്ലെന്ന് നടിച്ചുമൊക്കെ ജനങ്ങള്‍ പോയി. ഇത് വ്യാപിക്കുന്നത് കണ്ടപ്പോള്‍ സ്വാഭാവികമായും ചില പ്രതികരണങ്ങള്‍ സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ തുടക്കം മുഹമ്മദ് ഷാരൂഖ് എന്ന യുവാവ് തോക്കുമായി തെരുവില്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തിയപ്പോഴാണ്. കലാപത്തിന്റെ തുടക്കം അവിടെനിന്നാണ് എന്നത് മറക്കരുത്. ഇത് പലരും മറക്കാന്‍ ശ്രമിക്കുന്നു, മറച്ചുപിടിക്കാന്‍ തയ്യാറാവുന്നു. അതിന് മുന്‍പുണ്ടായ ചില രാഷ്ട്രീയ പ്രതികരണങ്ങള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. അതൊക്കെ നിയമത്തിന്റെ വഴിയേ പോകട്ടെ. കോടതിയും അര്‍ദ്ധരാത്രിയില്‍ സടകുടഞ്ഞെഴുന്നേറ്റത് നാം കണ്ടുവല്ലോ. എല്ലാം നല്ലതിന് വേണ്ടിയാണ് എന്നല്ലേ ഒരു ജനാധിപത്യ വിശ്വാസിക്ക് കരുതാനാവൂ. പക്ഷെ അവിടെ കൊല്ലപ്പെട്ടത് ആരൊക്കെയാണ് എന്നത് കാണാതെ പോകരുത്. ഒരു ദല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍, ഒരു ഐബി ഉദ്യോഗസ്ഥന്‍….. പിന്നെ നാട്ടുകാരും. ഓരോ മരണവും ദുഃഖകരമാണ്. ഓരോ ജീവനും രാഷ്ട്രത്തിന് പ്രധാനമാണ്. എന്നാല്‍ കലാപകാരികളെ വെള്ളപൂശുന്ന സമീപനം നല്ലതിനാണോ എന്നത് എല്ലാവരും ശ്രദ്ധിക്കണം. കോടതിക്കും അക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട് എന്നത് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. ഇത്തരം സംഭവങ്ങളില്‍ കേട്ട പാതി കേള്‍ക്കാത്ത പാതി എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ആരെങ്കിലുമൊക്കെ അഭിപ്രായം പറയുന്നതും ശരിയാണെന്ന് തോന്നുന്നില്ല.
ട്രംപിന്റെ സന്ദര്‍ശനവും അസഹിഷ്ണുതയും
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ഒരു ചരിത്ര സംഭവമാവുന്നു എന്നത് മറ്റാരേക്കാളും നന്നായി മുന്‍കൂട്ടി തിരിച്ചറിഞ്ഞത് കോണ്‍ഗ്രസ്സുകാരാണ്; പിന്നെ കമ്മ്യുണിസ്റ്റുകാരും. സ്വാഭാവികമായ അമേരിക്കന്‍ വിരോധമാണ് സിപിഎമ്മിനെപോലുള്ളവരെ അലട്ടിയിരുന്നത് എങ്കില്‍ വെറും അസഹിഷ്ണുതയാണ് കോണ്‍ഗ്രസ്സുകാരെ, പ്രത്യേകിച്ചും സോണിയ – രാഹുല്‍മാരെ, വിഷമിപ്പിച്ചത്. നരേന്ദ്ര മോദിക്ക് വലിയ പ്രചാരണം കിട്ടുന്നു,അദ്ദേഹത്തിന്റെ ‘ഗ്ലോബല്‍ ഇമേജ്’ വര്‍ദ്ധിക്കുന്നു എന്നും മറ്റുമുള്ള അങ്കലാപ്പുകള്‍. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയപ്പെടുത്തിയിട്ടും യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ കഴിയാത്ത ഒരു കുടുംബത്തിന്റെ മനസ്സാണ് അവിടെ പ്രകടമാവുന്നത്. അതുകൊണ്ടൊക്കെയാണ് അവര്‍ കഴിയുന്നവിധത്തില്‍ ട്രംപിന്റെ സന്ദര്‍ശനത്തെക്കുറിച്ച് കുപ്രചാരണത്തിന് ആദ്യമേ തുടക്കമിട്ടത്. ഇന്ത്യയില്‍ ഒരു വിദേശ രാഷ്ട്രത്തലവന്‍ വരുന്ന വേളയില്‍ കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ നിലപാടുകള്‍ക്കനുസരിച്ച് പലതുമൊക്കെ പറയാറുണ്ട്. എന്നാല്‍ അതായിരുന്നില്ല മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ചെയ്യാറുള്ളത്. അവര്‍ ആ സന്ദര്‍ശനത്തിനൊപ്പം നില്‍ക്കും. അത് രാജ്യത്തിന്റെ പരിപാടിയാണ്, രാജ്യത്തിന്റെ അതിഥിയാണ് എന്നതൊക്കെ അവര്‍ മനസ്സില്‍ വെച്ചുകൊണ്ടാണ് പരിപാടികളില്‍ സംബന്ധിക്കാറുള്ളത്. ഇവിടെ കോണ്‍ഗ്രസ് അവരുടെ മാധ്യമ സുഹൃത്തുക്കളെയും ഇന്ത്യാ വിരുദ്ധ നിലപാടുകളുള്ളവരെയും കൂടെ നിര്‍ത്തി മുന്‍കൂട്ടി കുപ്രചരണം തുടങ്ങി. അത് ഏതറ്റം വരെ പോയി എന്നത് രാജ്യം കണ്ടതാണ്.അഹമ്മദാബാദില്‍ യുഎസ് പ്രസിഡന്റിനൊരുക്കിയ ‘നമസ്‌തേ ട്രംപ്’ എന്ന ലോക ചരിത്രത്തില്‍ ഇടം പിടിച്ച പരിപാടി, അദ്ദേഹത്തിന് അവിടെ ലഭിച്ച വരവേല്‍പ്പ് അതൊക്കെ ലോകം മുഴുവന്‍, നൂറിലേറെ രാജ്യങ്ങളില്‍, സംപ്രേഷണം ചെയ്തു. അത് ആഗോളതലത്തില്‍ അമേരിക്കക്കും ഇന്ത്യക്കുമുണ്ടാക്കിയ സല്‍പ്പേര് ചെറുതല്ലല്ലോ. അതിനൊപ്പം നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വര്‍ദ്ധിക്കുന്നതും കാണാതെ പോകാനാവില്ല. അത് മുന്‍കൂട്ടി കാണാന്‍ സോണിയ പ്രഭൃതികള്‍ക്കായിരുന്നു എന്നത് വസ്തുതയാണ്. അനുച്‌ഛേദം 370 എടുത്തുമാറ്റിയത്, പൗരത്വ നിയമ ഭേദഗതി, മത സ്വാതന്ത്ര്യത്തില്‍ മോദി സര്‍ക്കാര്‍ കത്തിവെക്കുന്നു എന്നുള്ള ആരോപണം എന്നിവയൊക്കെ ഇന്ത്യയില്‍ വന്ന് ട്രംപ് ഉന്നയിക്കുമെന്ന് വിളിച്ചുകൂവിയത് ആ കോണ്‍ഗ്രസ് മാധ്യമ പടയാണ്. അത് ഉറപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചത് ആരാവണം? ആ ആലോചനയുടെ ഭാഗമല്ലേ ദല്‍ഹിയിലെ കലാപം? അവിടെ ആദ്യമേ കലാപമുണ്ടാക്കിയത് ആരാണ്? പൊലീസിന് നേരെ തോക്കുമായി വന്നു വെടിയുതിര്‍ത്തത് ആരാണ്? അതില്‍നിന്നല്ലെ കാര്യങ്ങള്‍ കൈവിട്ടുപോയത്? ദൗര്‍ഭാഗ്യവശാല്‍ ഇതൊന്നും ആരും കണക്കിലെടുത്തില്ല; ആരും അതൊക്കെ കണ്ടതായി നടിച്ചില്ല. പകരം റോഡ് ബ്ലോക്കുകള്‍ തുടര്‍ന്നാല്‍ ഇനി ഞങ്ങള്‍ ഇടപെടുമെന്ന് പറഞ്ഞത് വലിയ പാതകമായിപ്പോയി എന്ന് ചിത്രീകരിച്ചു. അതൊരു സാധാരണ പ്രതികരണമായിട്ടേ ജനങ്ങള്‍ കണ്ടിരുന്നുള്ളൂ. പക്ഷെ, അതെന്തോ കലാപാഹ്വാനമാണ് എന്ന് ചില കോടതികള്‍ക്ക് തോന്നിയിട്ടുണ്ട്. അവരുടെ മുന്നിലെ തെളിവ് എന്തായാലും അവര്‍ പറയുന്നത് എന്തായാലും സത്യം പുറത്തുവന്നല്ലേ തീരൂ; രാത്രികളില്‍ ഉറക്കമൊഴിച്ചുകൊണ്ട് രാജ്യത്ത് സമാധാനമുണ്ടാക്കാനും ഭരണഘടന സംരക്ഷിക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനുമൊക്കെ തയ്യാറാവുന്ന ന്യായാധിപന്മാര്‍ക്ക് പക്ഷെ, കേസ്സിന്റെ യഥാര്‍ത്ഥ ചിത്രമറിയണമെങ്കില്‍ പോലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയല്ലേ തീരൂ. അത് തയ്യാറാക്കേണ്ട ഉത്തരവാദിത്വം പോലീസിനാണ് താനും. അവര്‍ അന്വേഷിക്കട്ടെ, അതിന്റെ മേല്‍ കോടതികള്‍ വിചാരണ നടത്തട്ടെ. അതാണ് നാട്ടിലെ നിയമ സംവിധാനം. എന്നാല്‍ കലാപങ്ങള്‍ ഒന്നിനും പരിഹാരമല്ല, കലാപഭൂമിയല്ല നമ്മുടെ നാട് എന്നതുകൂടി ഓരോരുത്തരും ഓര്‍ക്കേണ്ടതുണ്ട്.
ഷഹീന്‍ ബാഗ് മുതല്‍ കണ്ട സഹനശക്തി
ഷഹീന്‍ ബാഗ് സമരത്തെ വലിയ വിജയമായി പലരും കൊട്ടിഘോഷിച്ചിരുന്നു. രാവിലെ സ്ത്രീകളെ കൂട്ടത്തോടെ ആനയിക്കുന്നു. റോഡുകള്‍ ബ്ലോക്ക് ചെയ്യുന്നു. ആര്‍ക്കും നടക്കാന്‍ പോലും അനുവാദമില്ല. ദല്‍ഹിയിലെ മുസ്ലിം ആധിപത്യമുള്ള ഒരു പ്രദേശമാണ് അതിനായി അവര്‍ തിരഞ്ഞെടുത്തത്. അതുകൊണ്ട് സ്ത്രീകളെ അണിനിരത്തുക പ്രയാസകരമായിരുന്നില്ലായിരിക്കാം. അവിടേക്ക് പിന്നീട് രാഷ്ട്രീയക്കാരുടെ പ്രവാഹമാണ്. എല്ലാവരും വന്നു വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുന്നു. അവരില്‍ തന്നെ ചിലര്‍ പ്രസംഗിച്ചത് രാഷ്ട്രവിരുദ്ധമായിട്ടാണ്, കലാപമുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ്. ഇന്ത്യയെ വെട്ടിമുറിക്കാന്‍, ആസാമിനെ രണ്ടാക്കാന്‍, കാശ്മീരിനെ പാകിസ്ഥാന് കൈമാറാന്‍…….. അങ്ങിനെ പലതും. കൂട്ടത്തില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിക്കുന്ന വാചകപ്രയോഗങ്ങളും. എന്തൊക്കെ വെല്ലുവിളികളാണ് അവിടെ ഉയര്‍ന്നു കേട്ടത്. ഇന്ത്യയെ വെല്ലുവിളിക്കുകയിരുന്നു ഓരോ ദിവസവും. എന്നാല്‍ അത് കേട്ടവര്‍ സഹിച്ചു; ആരും പ്രകോപിതരായില്ല. മനസ്സില്‍ വേദനയുണ്ടായിരുന്നു, രാജ്യമെമ്പാടുമുള്ള രാജ്യസ്‌നേഹികള്‍ക്ക്. 1947 -ല്‍ വിലപേശി സ്വന്തം മതത്തിനുവേണ്ടി രാജ്യം പങ്കുവെച്ചു വാങ്ങിയവര്‍ വീണ്ടും മറ്റൊരു പാകിസ്ഥാനുണ്ടാക്കും എന്ന് പരസ്യമായി വെല്ലുവിളിച്ചാല്‍ വിഷമമുണ്ടാവാതിരിക്കുമോ? മോദിയെയും അമിത് ഷായെയും കടന്നാക്രമിച്ചാല്‍ മനസ്സില്‍ പ്രയാസമുണ്ടാവാതിരിക്കുമോ? മാത്രമല്ല ആ സമരം മൂലം മാസങ്ങളോളം റോഡുകള്‍ തടഞ്ഞപ്പോള്‍ ലക്ഷക്കണക്കായ ജനങ്ങള്‍ അനുഭവിച്ച വിഷമങ്ങളോ? ഇതൊക്കെ ജനങ്ങള്‍ സഹിച്ചു. സര്‍ക്കാരാണെങ്കില്‍ സമരത്തിനുള്ള അവകാശത്തെ നിഷേധിച്ചതുമില്ല. ഇതൊക്കെ നടന്നത് അവരുന്നയിച്ച വിഷയം സുപ്രീം കോടതിയുടെ മുന്നില്‍ നിലനില്‍ക്കുമ്പോഴാണ് എന്നതുമോര്‍ക്കാതെ വയ്യല്ലോ.
വേറൊന്ന് കൂടി ഇതിനിടയില്‍ നാമൊക്കെ കേട്ടു. ‘ഞങ്ങള്‍ 15 കോടി മുസ്‌ലിങ്ങള്‍ വിചാരിച്ചാല്‍ 100 കോടി ജനതയെ കീഴടക്കുമെന്ന്’. ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ചൊക്കെ ആണയിടുന്നവര്‍ അതൊന്നും കണ്ടതായി നടിച്ചില്ല; ആ ഭീകരമായ പ്രസ്താവനയെ അപലപിച്ചില്ല. എന്നാല്‍ 1947-ല്‍ പാകിസ്ഥാന്‍ രൂപീകൃതമായ സാഹചര്യവും അനുഭവങ്ങളും ഇപ്പോഴും മനസ്സില്‍ പേറുന്ന ജനത ഉള്ള വടക്കേ ഇന്ത്യയില്‍ അതുണ്ടാക്കിയ പ്രകോപനം എന്തായിരിക്കണം. നൂറുകോടി ഹിന്ദുക്കളെ, ഇന്ത്യക്കാരെ, ഞങ്ങള്‍ പതിനഞ്ചുകോടി ചേര്‍ന്ന് നിലക്ക് നിര്‍ത്തുമെന്നല്ലേ അവര്‍ പറഞ്ഞത്? ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുമെന്നല്ലേ അതിലൂടെ ലക്ഷ്യമിട്ടത്? എന്നിട്ടും ഇവിടെ ആരും പരസ്യമായി പ്രതികരിച്ചില്ല. അതാണ് ഹിന്ദുവിന്റെ ക്ഷമാശീലം; അതാണ് ഹിന്ദുവിന്റെ മനസ്സ്. ഇന്ത്യയില്‍ ഒരിടത്തും കലാപമുണ്ടാക്കിയ ചരിത്രം അവര്‍ക്കില്ലല്ലോ…….കലാപമുണ്ടായപ്പോള്‍ ചിലപ്പോഴൊക്കെ ചെറുത്തുനിന്നിട്ടുണ്ടാവും; അത്രമാത്രം.
ഇതിനൊക്കെ ശേഷം ഷഹീന്‍ ബാഗ് സമരം അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഇടപെടുന്നതാണ് നാം കണ്ടത്. സര്‍ക്കാരിനെതിരെ സമരം ചെയ്യാനുള്ള അവകാശത്തെയൊന്നും ആരും ചോദ്യം ചെയ്യുന്നില്ല. അടിയന്തരാവസ്ഥയുടെ അനുഭവങ്ങളുള്ള രാജ്യത്ത് സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യാനാവില്ല. പ്രതികരിക്കാനുള്ള അവകാശം ജന്മാവകാശമാണ്. എന്നാല്‍ എന്തിന് വേണ്ടിയാണ് സമരം എന്നത് പ്രധാനമല്ലേ. ഇവിടെ, പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണ് പ്രശ്‌നമാവുന്നത്. അതാവട്ടെ രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ ഒട്ടെല്ലാം ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് കൊണ്ടുവന്ന ഭേദഗതിയും. ആ പ്രക്ഷോഭത്തില്‍ ഒരു കാര്യവുമില്ല എന്നത് എല്ലാവര്‍ക്കുമറിയാം. സമര നായകര്‍ തന്നെ അത് തുറന്നുപറഞ്ഞിട്ടുണ്ട്, പലവട്ടം. എന്നാല്‍ രാഷ്ട്രീയമായി നരേന്ദ്ര മോദി സര്‍ക്കാരിനെ ആക്രമിക്കാന്‍ ലഭിച്ച ഏറ്റവും വലിയ അവസരം എന്ന നിലക്കാണ് അതിനെ പ്രതിപക്ഷവും കുറെ ഇസ്ലാമിക സംഘടനകളും കണ്ടത്. പറഞ്ഞുവന്നത്, ഇതൊരു തികച്ചും രാഷ്ട്രീയ സമരമാണ് എന്നതാണ്. എന്നിട്ടും അതില്‍ കോടതി ഇടപെട്ടു. അവരുടെ പ്രശ്‌നമെന്തെന്ന് പരിശോധിക്കാന്‍ അഭിഭാഷക സംഘത്തെ, കമ്മീഷനെ നിയോഗിച്ചു. അവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. അടുത്തദിവസം കോടതിയെ ധരിപ്പിക്കാന്‍ ഇരിക്കവെയാണ് ഷഹീന്‍ ബാഗിന് പുറമെ മറ്റ് ചിലയിടങ്ങളില്‍ കൂടി സമാനമായ സമരം തുടങ്ങുന്നത്. അതാണ് യഥാര്‍ത്ഥത്തില്‍ ഡല്‍ഹിയില്‍ പ്രകോപനം ഉണ്ടാക്കിയത്. ഷഹീന്‍ ബാഗിലേക്ക് ആരും പ്രതികരണവുമായി വന്നില്ലല്ലോ; നേരത്തെ സൂചിപ്പിച്ചത് പോലെ, ഷഹീന്‍ ബാഗ് പ്രശ്‌നം പരിഹരിക്കാന്‍ കോടതി തന്നെ ശ്രമിക്കവേ സമാന സമരരീതി വ്യാപിപ്പിച്ചാലോ? മെട്രോ സ്റ്റേഷനുകള്‍ കടന്നാക്രമിച്ചാലോ? അതും യുഎസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ തൊട്ടു മുന്‍പ്.
കോടതികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാവുന്നതാണ് എന്നതിലൊന്നും സംശയമില്ല. ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് കോടതികള്‍ക്ക് വളരെയേറെ ഉത്തരവാദിത്വങ്ങളുണ്ടല്ലോ. അതുകൊണ്ടുകൂടിയാവണം അര്‍ദ്ധരാത്രിയില്‍ ചിലര്‍ കോടതി കൂടാനും മറ്റും തയ്യാറായത്. മറ്റൊരു സംസ്ഥാനത്തെ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റത്തിന് വിധേയനായ ജഡ്ജിക്ക് പോലും ഇത്തരം കാര്യങ്ങളില്‍ വലിയ താല്പര്യമുണ്ടാവുന്നു എന്നതാണ് നമ്മുടെ ജുഡീഷ്യറിയുടെ മഹാ മനസ്‌കത. മാത്രമല്ല നേരത്തെ സൂചിപ്പിച്ചത് പോലെ, ഷഹീന്‍ ബാഗ് സമരം സുപ്രീം കോടതി പരിഗണിക്കുകയാണ്. പക്ഷെ, എന്താവണം ഈ ദല്‍ഹി കലാപത്തിന്റെ പ്രാധാന്യമെന്നത് ഈ ജഡ്ജിമാര്‍ക്ക് കാണാന്‍ കഴിയണമെന്നില്ല. പത്രവാര്‍ത്തകള്‍ അവര്‍ കണ്ടിരിക്കാമെങ്കിലും അതിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്ക് കോടതിയില്‍ ഉത്തരവിടാന്‍ കഴിയില്ലല്ലോ. തങ്ങളുടെ മുന്നിലെത്തുന്ന തെളിവുകളുടെ പശ്ചാത്തലത്തിലാണ് കോടതി വിധി പ്രസ്താവിക്കുക, നിലപാടുകളെടുക്കുക. ഇവിടെ ചില വീഡിയോ ക്ലിപ്പുകള്‍ കോടതി കണ്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി നാട്ടില്‍ പ്രചരിക്കുന്ന എത്രയോ ക്ലിപ്പുകളുണ്ട്. എന്തെല്ലാം പ്രകോപനമുണ്ടാക്കിയ വിഡിയോകളുണ്ട്. അതില്‍ പലതും ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. അതൊന്നും ആരും കണ്ടതായി നടിച്ചതുമില്ല. ഞാന്‍ നേരത്തെ ഓര്‍മ്മിപ്പിച്ചു, ’15 കോടി ഞങ്ങള്‍ വിചാരിച്ചാല്‍ നൂറു കോടി ജനതയെ കൈകാര്യം ചെയ്യനാവു’മെന്ന് പരസ്യമായി പറഞ്ഞതോ? ഇവിടെ വാക്കുകള്‍ ഇതാവണമെന്നില്ല. എന്നാല്‍ അതിന്റെ അര്‍ത്ഥം, സന്ദേശം അതായിരുന്നല്ലോ. പോലീസ് വന്നാല്‍ കയ്യും കാലും തല്ലിയൊടിക്കുമെന്ന് തുറന്നു പറഞ്ഞതോ? അതേകൂട്ടരാണ് ഇപ്പോള്‍ കിഴക്കന്‍ ദല്‍ഹിയില്‍ ‘രക്ഷിക്കാന്‍ പോലീസ് വന്നില്ലെന്ന്’ പറഞ്ഞുകൊണ്ട് കരയുന്നത് നാം കണ്ടത്. ഇത്രയേറെ പ്രകോപനമുണ്ടാക്കുന്നവരെ കാണാതിരിക്കുകയും മറ്റു ചിലത് പ്രധാനമാണ് എന്ന് കരുതുകയും ചെയ്താലോ? ഇതൊക്കെ ജനാധിപത്യ സമൂഹത്തില്‍ ഒരു സാധാരണക്കാരനായ വിശ്വാസിയുടെ മനസിനെ അലട്ടുന്ന ചോദ്യങ്ങളാണ്.
പോപ്പുലര്‍ ഫ്രണ്ടും ഭീകരവാദവും
ആ സമരങ്ങള്‍ക്ക് ഒരു കേന്ദ്രബിന്ദു ഉണ്ടെന്ന് ആമുഖമായി പറയുമ്പോള്‍ തന്നെ അത് ഏതാണ്, ആരാണ് എന്നതും പരിശോധിക്കേണ്ടതുണ്ടല്ലോ. അതിനെക്കുറിച്ചൊക്കെ ആര്‍ക്കെങ്കിലും ഇനിയും സംശയമുണ്ടാവുമോ എന്നതറിയില്ല; കാരണം, ഉത്തര്‍ പ്രദേശ് പോലീസ് ഇക്കാര്യത്തില്‍ വേണ്ടതിലധികം മുന്നോട്ട് പോയിരുന്നു. അവിടെ അടുത്തിടെ നടത്തിയ കലാപങ്ങള്‍ക്ക് പിന്നിലെ ശക്തികളെ അവര്‍ കണ്ടെത്തി, പിടികൂടി. അതേ ശക്തികള്‍ തന്നെയാണ് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും എന്തിനേറെ ദല്‍ഹിയിലെ ജാമിയ മിലിയ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുഴപ്പമുണ്ടാക്കിയത് എന്നതും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടല്ലോ. അത് പോപ്പുലര്‍ ഫ്രണ്ട് ആണ്. പോപ്പുലര്‍ ഫ്രണ്ട് എന്നാല്‍ എസ്ഡിപിഐ, പഴയ എന്‍ഡിഎഫ്, പഴയ സിമി. എന്‍ഡിഎഫും സിമിയും ഇല്ലാതായത് എന്തുകൊണ്ടാണ് എന്നത് ചുരുങ്ങിയത് മലയാളികളെയെങ്കിലും പഠിപ്പിക്കേണ്ടതില്ല. അവര്‍ക്കുള്ള ആഗോള ഭീകരവാദ ബന്ധങ്ങള്‍ രാജ്യം പലവട്ടം ചര്‍ച്ചചെയ്തതാണ്. എത്രയോ വര്‍ഗീയ കലാപങ്ങളില്‍ അവര്‍ക്ക് പങ്കുണ്ടെന്നത് ഇതിനകം വ്യക്തമാണ്. സമാജത്തില്‍ ഭിന്നതയുണ്ടാക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് എത്രയോ വട്ടം നാം ചര്‍ച്ചചെയ്തു. ‘ലവ് ജിഹാദി’ന്റെയും മറ്റും ചരിത്രവും അതുമായി ബന്ധപ്പെട്ടിരിക്കുന്നുവല്ലോ.
ഇവിടെ നാം ഓര്‍ക്കേണ്ടുന്ന മറ്റൊരു കാര്യമുണ്ട്; ഇത്തരം ശക്തികള്‍ക്കുള്ള ഇസ്ലാമിക ഭീകരവാദ ബന്ധം. അത് കേന്ദ്ര ഏജന്‍സികള്‍ വളരെ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒന്ന്, സിമി നിരോധിക്കപ്പെട്ട സാഹചര്യം മാത്രം മതി പോപ്പുലര്‍ ഫ്രണ്ടിനെ നിയമപ്രകാരം കൈകാര്യം ചെയ്യാന്‍. ഭീകര പ്രസ്ഥാനമാണ് ‘സിമി’ എന്നത് ജുഡീഷ്യല്‍ പരിശോധനയിലും വ്യക്തമായതാണല്ലോ. അതിന്റെ കൊടിയും നിറവും മാറുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതിനൊപ്പം തമിഴ്‌നാട്ടിലെ എംഎന്‍പി, കര്‍ണാടകത്തിലെ കെഎഫ്ഡി, വടക്ക് -കിഴക്കന്‍ മേഖലയിലെ ചില സമാന സംഘടനകള്‍ ഒക്കെ ചേര്‍ന്നിട്ടുണ്ട് എന്നുമാത്രം. അടിസ്ഥാനപരമായി അത് ‘സിമി’ തന്നെയാണ്, നേതാക്കള്‍ അതൊക്കെയാണ്, കാഴ്ചപ്പാടും സമീപനവും അതുതന്നെയാണ്. പിഎഫ്‌ഐ പലപ്പോഴും തനിച്ചല്ല എന്നതാണ് ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം; മാവോയിസ്റ്റുകള്‍ അവര്‍ക്കൊപ്പമുണ്ട്. മാവോയിസ്റ്റ് പാതയിലൂടെ നീങ്ങുന്ന മറ്റു ചില സംഘങ്ങളുണ്ട്. ഇതിനൊക്കെയും മുന്‍പ് സൂചിപ്പിച്ചത് പോലെ, ഒരു ഏകീകൃത കേന്ദ്രമുണ്ട്. അത് രാജ്യത്തിനകത്തും പുറത്തുമുണ്ട്. അതൊക്കെ അറിയാത്തവരല്ല കേന്ദ്രത്തിലുള്ളത്.
ഇപ്പോള്‍ പിഎഫ്‌ഐക്കെതിരെ യുപി ഭരണകൂടം കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്; നിരോധിക്കണം എന്നതാണ് ആവശ്യം; കര്‍ണാടകവും അതാണ് ലക്ഷ്യമിട്ടത്. 2019 -ല്‍ തന്നെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അവരെ നിരോധിച്ചിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പോലും, അവരാണ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍, കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നത് എന്നത് തുറന്നുപറഞ്ഞതോര്‍ക്കുക. അതായത്, ഇക്കൂട്ടരുടെ കാര്യത്തില്‍ ഏറെക്കുറെ സമവായം രാജ്യത്ത് ഉണ്ടായിരിക്കുന്നു. ഒരു പക്ഷെ ഇക്കൂട്ടര്‍ക്കൊപ്പം അണിനിരക്കുന്നത് കോണ്‍ഗ്രസ്സുകാര്‍ മാത്രമാണ്.
ഇക്കാര്യത്തിലെ എന്‍ഐഎ അന്വേഷണം കുറെ മുന്നോട്ട് പോയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പൗരത്വ പ്രശ്‌നത്തിലെ സമരത്തിനായി ചിലവിട്ട പണം, അത് വന്നത്, പോയത് ഒക്കെ അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിലെ വിദേശ ബന്ധവും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ചില മലയാള വ്യവസായികള്‍, ബിസിനസ്സുകാര്‍ പ്രത്യേകിച്ചും വിദേശത്തുള്ളവര്‍ അവര്‍ക്ക് കൊടുത്ത പണവും ഇക്കൂട്ടത്തിലുണ്ട്. അതായത് ഇന്ത്യയുടെ സ്വന്തമെന്ന് കരുതപ്പെട്ടിരുന്ന പലരും ഇത്തരം ശക്തികളെ വഴിവിട്ട് താലോലിക്കാന്‍ തയ്യാറായിട്ടുണ്ട് എന്നതിന് തെളിവ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചു എന്നര്‍ത്ഥം. അതൊക്കെ മാത്രമല്ല, ഈ സമരവുമായി അടുത്തു പ്രവര്‍ത്തിച്ച ഇസ്ലാമിക ഭീകര സംഘങ്ങളുടെ വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭ്യമായതായി കേള്‍ക്കുന്നു. അതൊക്കെ വരും നാളുകളില്‍ രാജ്യം ചര്‍ച്ച ചെയ്യാനിരിക്കുന്നു.
വേറൊന്ന്, പിഎഫ്‌ഐ – മാവോയിസ്റ്റ് സഖ്യത്തിന് ദേശീയ തലത്തില്‍ ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയാണ്. ഭീമ കൊരേഗാവ് കലാപത്തിന് പിന്നില്‍ ഉണ്ടായിരുന്നത് സമാനമായ ഒരു കൂട്ടുകെട്ടായിരുന്നല്ലോ. അവര്‍ക്കൊപ്പം കോണ്‍ഗ്രസും എന്‍സിപിയുമുണ്ടായിരുന്നു. ആ കേസ് അട്ടിമറിക്കാന്‍ ഇന്നിപ്പോള്‍ മഹാരാഷ്ട്രയില്‍ ശരദ് പവാര്‍ നടത്തുന്ന നീക്കങ്ങള്‍ നാം കണ്ടതല്ലേ. എന്‍ഐഎ ആ കേസ് ഏറ്റെടുത്തപ്പോള്‍ അതിനെതിരെ കലാപമുണ്ടാക്കിയത് എന്‍സിപിയാണ്, കോണ്‍ഗ്രസാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടത് ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍, തെളിവുകള്‍, ഇതോടനുബന്ധിച്ച് ലഭിച്ചിരുന്നു; അതില്‍ മാവോയിസ്റ്റുകള്‍ വഹിച്ച റോളും നാം കണ്ടതും കേട്ടതുമാണ്. കോണ്‍ഗ്രസ് എന്നും ഇക്കൂട്ടര്‍ക്കൊപ്പമായിരുന്നു. കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പിഎഫ്‌ഐയുമായി അവര്‍ ധാരണയിലെത്തിയതോര്‍ക്കുക. കേരളത്തില്‍ തൊടുപുഴയില്‍ ഒരു കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസ്, ഭീകര പരിശീലന ക്യാമ്പുകള്‍ എന്നിവയൊക്കെയും ഇക്കൂട്ടരുമായി ബന്ധപ്പെട്ടതാണല്ലോ. അതുപോലെ എത്രയോ സംഭവങ്ങള്‍. അടുത്തിടെ കേരള നിയമസഭയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ ബഹളമുണ്ടാക്കിയത് കോണ്‍ഗ്രസുകാരും മുസ്ലിം ലീഗുകാരുമാണ്. മാര്‍ക്‌സിസ്റ്റുകാരെ മാവോയിസ്റ്റുകളാക്കുന്നതില്‍ ഇസ്ലാമിക ഭീകരവാദ സംഘടനകള്‍ക്ക് റോളുണ്ട് എന്നത് സിപിഎം പറഞ്ഞതുമോര്‍ക്കുക. അങ്ങിനെ അനവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പക്ഷെ, സിപിഎം ഇന്നിപ്പോള്‍ ദല്‍ഹി കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് കാണാനാവുന്നു. അത് അവരുടെ രാഷ്ട്രീയ ഇരട്ടത്താപ്പ്.