ചങ്ങനാശ്ശേരി : മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും ചേര്‍ന്ന് രൂപം നല്‍കിയ ഹിന്ദു മഹാമണ്ഡലം ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചതിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന സ്്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുമഹാമണ്ഡലം ഇപ്പോഴില്ലെങ്കിലും ഹൈന്ദവ ഐക്യം തകര്‍ന്നിട്ടില്ല. അതിന്റെ ഹൃദത്തുടിപ്പുകള്‍ നിലച്ചിട്ടില്ല. ഒരു നദി പോലെ ഒഴുകുകയാണ്. എന്നാല്‍ ഈ ഐക്യത്തിന്റെ മതിലുകള്‍ തകര്‍ക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. മന്നവും ആര്‍.ശങ്കറും പ്രവര്‍ത്തിച്ചത് നട്ടെല്ലുള്ള ഹൈന്ദവ സമൂഹത്തിനായിട്ടാണ്. അവകാശപ്പെട്ടത് വാങ്ങിയെടുക്കാനും എതിര്‍ക്കേണ്ടതിനെ എതിര്‍ക്കാനും അവര്‍ കാണിച്ച വഴികളാണ് ഇന്നാവശ്യമെന്നും ടീച്ചര്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ.പി.കെ.ബാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി. ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡന്റ് പ്രൊഫ.സി.ഐ. ഐസക് പരമേശ്വര്‍ജി അനുസ്മരണം നടത്തി. സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍,സദ്‌സ്വരൂപാനന്ദ സരസ്വതി, സ്വാമി സുധീര്‍ ചൈതന്യ എന്നിവര്‍ ചേര്‍ന്ന് സമ്മേളനത്തിന് ദീപ പ്രോജ്ജ്വലനം നടത്തി. ജനറല്‍ കണ്‍വീനര്‍ പ്രൊഫ.ടി.ഹരിലാാല്‍ ആമുഖ പ്രഭാഷണം നടത്തി. പത്മശ്രീ ജേതാക്കളായ എം.കെ കുഞ്ഞോല്‍, പങ്കജാക്ഷിയമ്മ, വാസ്‌കുലര്‍ സര്‍ജന്‍ ഡോ.എന്‍. രാധാകൃഷ്ണന്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. വിവിധ ഹൈന്ദവ – സാമുദായിക സംഘടനാ നേതാക്കന്മാര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.