പേരാറേയെന്‍ നാടിന്റെ പേലവസ്മൃതികളില്‍
അമൃതകുംഭമേറ്റിപ്പോയ ഗന്ധര്‍വ്വ കന്യേ!
ഭാരതവര്‍ഷത്തെ നിന്‍ പേരിതിലാവാഹിച്ചും
നീരദസമൃദ്ധനാം സഹ്യനില്‍ തലചേര്‍ത്തും
നീയൊഴുകിയ കാലം ഞങ്ങള്‍ക്കു സ്മൃതിപുണ്യം
ഭാസുരേ, നീ ഞങ്ങള്‍ക്കു സല്‍ക്കാവ്യ മഹാഗ്രന്ഥം
നിന്‍ ജലസ്പര്‍ശത്താലെ തുടുത്ത വയലുകള്‍
നീ ചെന്നു വിളയിച്ച കേദാരസംവൃദ്ധികള്‍
നിന്നെ പേര്‍ വിളിക്കുവാന്‍ മത്സരിച്ചവര്‍, നിന്റെ
വെണ്ണക്കൈ വിരല്‍കളാല്‍ കോരിത്തരിപ്പറിഞ്ഞോര്‍
നിന്നെതൊട്ടറിയുവാന്‍ കാതങ്ങള്‍ കടന്നെത്തി
നിന്നിലായഭിമാനം കൂറിയോരരചന്മാര്‍
നിനക്കായ് നിണമെത്രയൊഴുക്കീ, ജലക്രീഡാ-
ലയത്തില്‍ തന്നെത്തന്നെ മറന്നോരെത്രയെന്നോ!
നീ വിരിച്ചതാം മണല്‍പായയിലിരുന്നെന്റെ
കേരളം ചരിത്രചതുരംഗം കളിച്ചുപോല്‍
ചോരയാം മഷികൊണ്ടു നിറച്ചോരടവാളിന്‍
ചേതനവരച്ചതാം സ്വപ്നങ്ങളനവധി
മാമാങ്കപ്പഴമയ്ക്കു തൊങ്ങല്‍ ചാര്‍ത്തുവാന്‍ ധീരര്‍
മാറിടം കാട്ടിക്കൊടുത്തങ്ങനെ മറഞ്ഞത്രേ!
ഞാനിന്നീ ചരിതത്തിന്‍ താളുകള്‍ മറിച്ചതും
മറക്കാന്‍ വേണ്ടിമാത്രം ഓര്‍ത്തെന്നാല്‍ പെരുംനോവ്
മാമാങ്കമഹത്വത്തിന്‍ അടിയിലമര്‍ന്നതാം
കുരുന്നുകൗമാരം വന്നോര്‍മയെ ഞെരിക്കുന്നു.
വേദിയില്‍ നിലപാടു നല്‍കുമീയധികാര
ശ്യാമഗര്‍വ്വത്തെ വെട്ടി ഓടയിലെറിയുവാന്‍
എത്തുമോ ചാവേറുകള്‍ ദുര്‍ഭര സ്വാര്‍ത്ഥത്തിനെ
പറ്റവേ മറുത്തെറിഞ്ഞുല്‍ഫുല്ലസ്വര്‍ഗ്ഗം തീര്‍ക്കാന്‍
ചരിത്രം ചവറെന്നു പഠിപ്പിക്കുന്നു കാലം
വ്യര്‍ത്ഥമാം വിനോദമെന്നറിയുന്നിന്നീഞാനും
ഇന്നു നീ നിളയല്ല നിന്നെ ഞാനറിയുന്നു.
മണ്ണിന്റെയുള്‍ക്കണ്ണില്‍ നിന്നുതിരും കണ്ണീര്‍ക്കണം.
കുയിലും പുള്ളും ബലിക്കാക്കയും നിന്നെക്കാണാന്‍
അറിയാതെങ്കില്‍പോലും വന്നിരിക്കുന്നേയില്ല.
രാമസാന്ത്വനം പിന്നില്‍ വരയായ്‌പേറുമണ്ണാര്‍-
ക്കണ്ണനും വരുന്നില്ല വന്ധ്യമാം തടങ്ങളില്‍
നിന്റെ കാലിലെ വെള്ളിക്കൊലുസിന്‍ നാദം പോയി
സലിലസമൃദ്ധികള്‍ മണ്ണാണ്ടു മറഞ്ഞെന്നോ?
പ്രഥിതകൗമാരത്തെ വാര്‍ദ്ധക്യം കവര്‍ന്നെന്നോ?
നിള നീയാരോ വരച്ചിട്ടനിശ്ചലദൃശ്യം
ഒഴുകാന്‍ മടിക്കുന്നു നീരവനിദാഘം നീ
ശാരദാകാശം തീര്‍ത്ത നക്ഷത്ര പുഷ്‌പോത്സവം
ശാരദേയിനി നിന്നില്‍ പ്രതിബിംബിക്കയില്ലേ?
ഈ മണല്‍ത്തട്ടില്‍ ഞങ്ങള്‍ കാറ്റുകൊള്ളവേ, മഴ
ക്കാറുവന്നെഴുന്നേല്‍ക്കാന്‍ കല്പിക്കയില്ലേ മേലില്‍.
അച്ഛന്റെ വിരല്‍തുമ്പില്‍ തൂങ്ങിനിന്നക്കാലം ഞാന്‍
കണ്ടതീ പുഴയല്ല ഒക്കെയും മാറിപ്പോയി.
അമ്മയ്ക്കു നീരാടുവാന്‍ തീര്‍ത്ത തേന്‍പുഴയല്ല.
മുത്തശ്ശികഥകളാല്‍ നേദിച്ച നിളയല്ല.
പെങ്ങള്‍ ജീവിതത്തോണിയേറിയ പുഴയല്ല.
എന്റെ ബാല്യത്തെക്കാവ്യ സമ്പുഷ്ടമാക്കിത്തീര്‍ത്ത
ധന്യയാം പേരാല്‍ നീയല്ലിന്നു ഞാനറിയുന്നു.
പി. കണ്ട പുഴയല്ലയിടശ്ശേരിയെക്കൊണ്ടു
പേനയില്‍ തീയാളിച്ച ഭാരതപ്പുഴയല്ല.
തീരത്തുവൈലോപ്പിള്ളി മയങ്ങാന്‍ കൊതിച്ചൊരാ
ശാലനി നീയല്ലെന്ന് ഇന്നു ഞാനറിയുന്നു.
മേദിനിയ്ക്കു മേഖലയായി മേദുരയായി
നീ തുള്ളിത്തുളുമ്പിയതൊക്കെയും പഴങ്കഥ
ഇന്നു നീ നിളയല്ല മണ്ണിടുക്കുകള്‍ക്കുള്ളില്‍
വെന്തുപോം മൗനത്തിന്റെ ഉറവയൊന്നുമാത്രം
ഇന്നു നീ നിളയല്ല മെലിഞ്ഞ നീര്‍നാഗം നീ
മണ്ണിലെ പൊത്തില്‍ തലതാഴ്ത്തി നീ മറയുന്നു.