പൗരത്വനിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ കയ്യിലെടുത്തത് ഭരണഘടനയായിരുന്നു. ഷഹീന് ബാഗില്‍ ഭരണഘടന വായിച്ചു കൊണ്ടായിരുന്നു സമരം. ഇപ്പോള്‍ ഭരണഘടന അവര്‍ക്ക് തന്നെ പാരയായിരിക്കുന്നു. കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഭരണഘടനയെ കയ്യിലെടുത്താണ് അവരെ ഭീകരവാദികള്‍ എന്ന് വിളിച്ചത്. ഷഹീന്‍ബാഗ് സമരക്കാരോട് ഖാന് പറയുകയാണ്; നിങ്ങള്‍ ഭരണഘടന ഒന്നു മനസ്സിരുത്തി വായിക്കൂ എന്ന്. ചിന്തിക്കാനും അഭിപ്രായം പറയാനും വിശ്വസിക്കാനും ആരാധിക്കാനുമൊക്കെ ഭരണഘടന സ്വാതന്ത്ര്യം തരുന്നുണ്ട്. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ നിങ്ങളുടെ അഭിപ്രായം മറ്റുള്ളവരില്‍ അടിച്ചേല്പിക്കാന് സ്വാതന്ത്ര്യം തരുന്നില്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്; എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ മറ്റുള്ളവരുടെ വഴി തടയുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിനു മുമ്പില്‍ മൂന്നു നാലുപേര്‍ കുത്തിയിരുന്ന് തങ്ങളുടെ ആവശ്യം അംഗീകരിക്കും വരെ അവിടെ നിന്നു മാറില്ല എന്നു പറയുന്നത് ഭീകരവാദമാണ് എന്നും അദ്ദേഹം പറഞ്ഞു. ഷഹീന് ബാഗ് പ്രതിഷേധം ഭീകരവാദമാണ് എന്നു അവരുടെ മുഖത്തുനോക്കി ഭരണഘടനയെ സാക്ഷിനിര്‍ത്തി ഖാന് പറഞ്ഞിരിക്കയാണ്. ഷഹീന്‍ബാഗിന്റെ ആവേശത്തില്‍ നാട്ടിലെങ്ങും കുത്തിയിരുപ്പു സമരം നടത്തുന്നവരുടെ പ്രതിഷേധത്തെ തരിപ്പണമാക്കി മാറ്റിയിരിക്കയാണ് അദ്ദേഹം. അദ്ദേഹത്തിന് മറുപടി പറയാന്‍ അവര്‍ക്ക് കഴിയുന്നില്ല. അവരുടെ ആയുധം തന്നെ അവര്‍ക്കെതിരെ പ്രയോഗിച്ചിരിക്കയാണദ്ദേഹം.