സംസ്ഥാന സര്‍ക്കാരിന്റെ മൂക്കിനു താഴെ ആഭ്യന്തരവകുപ്പിന്റെ സംരക്ഷണകേന്ദ്രത്തില്‍ നിന്ന് റൈഫിളുകളും വെടിയുണ്ടകളും കാണാതായ സംഭവം അതീവ ഗൗരവമുള്ളതാണ്. ഇസ്‌ലാമിക തീവ്രവാദികളും മാവോവാദികളും വെവ്വേറെയും ഒന്നിച്ചും കേരളത്തിന്റെ മണ്ണില്‍ ഭീകരത പടര്‍ത്താന്‍ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കെ സര്‍ക്കാര്‍ എത്ര ലാഘവമായാണ് സ്വന്തം ആയുധശേഖരം പോലും കൈകാര്യം ചെയ്യുന്നതെന്ന വസ്തുത ആശങ്കയുളവാക്കുന്നതാണ്. ചരിത്രത്തിലാദ്യമായാണ് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വാര്‍ഷിക പത്രസമ്മേളനത്തില്‍ പോലീസ് മേധാവിയെന്ന് പേര് എടുത്തുപറഞ്ഞ് ആഭ്യന്തര വകുപ്പിനെതിരെ കൃത്യവിലോപത്തിന്റെ അനവധി ഉദാഹരണങ്ങള്‍ എടുത്തുകാട്ടിയത്. തിരുവനന്തപുരത്തെ ആംഡ് പോലീസ് ബറ്റാലിയനില്‍ നിന്ന് 5.56 എം.എ. ഇന്‍സാസ് വിഭാഗത്തിലെ 25 റൈഫിളുകളും 12,061 വെടിയുണ്ടകളുമാണ് കാണാതായത്. സ്റ്റോക്ക് രജിസ്റ്ററില്‍ അഞ്ചു തവണ വെട്ടും തിരുത്തും വരുത്തിയതും വ്യാജവെടിയുണ്ടകള്‍ വെച്ച് കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചതും ഓഡിറ്റിംഗില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവം വിവാദമായപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ അന്വേഷണം നടത്തി എല്ലാം പ്രഹസനമാക്കി സംഭവത്തെ നിസ്സാരവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മുഖ്യമന്ത്രി നേരിട്ടുകൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ പേരില്‍ നിരവധി ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. പോലീസ് സേനയുടെ നവീകരണത്തിനുവേണ്ടി കേന്ദ്രം അനുവദിച്ച ഫണ്ട് വകമാറ്റി ഡിജിപിയുടെ നേതൃത്വത്തില്‍, സംസ്ഥാന സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ധൂര്‍ത്തടിക്കുകയാണ് ചെയ്തത്. രമണ്‍ ശ്രീവാസ്തവ ഡിജിപി ആയിരിക്കെ ഒരു കോടിയിലേറെ രൂപ മുടക്കി വഴുതക്കാട്ട് നിര്‍മ്മിച്ച ഔദ്യോഗിക വസതി താമസിക്കാന്‍ ഉപയോഗിക്കാതെ ഐപിഎസ് ഉദ്യോഗസ്ഥന്മാരുടെ ക്ലബ്ബാക്കി മാറ്റിയിരിക്കുകയാണ്. എസ്.ഐ., എ.എസ്.ഐ മാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ അനുവദിച്ച 2.91 കോടി രൂപ വകമാറ്റി എ.ഡി.ജി.പി.മാര്‍ക്കുവേണ്ടി വില്ല പണിതതും സി.എ.ജിയുടെ ഓഡിറ്റിംഗില്‍ കണ്ടെത്തി. ഇതില്‍ ഒന്നിലാണ് ഇപ്പോഴത്തെ ഡിജിപി താമസിക്കുന്നത്. ആഡംബര കാറുകള്‍ വാങ്ങിയതിനു പിന്നിലും വന്‍ക്രമക്കേട് നടന്നിട്ടുണ്ട്. സംസ്ഥാനത്തെ 5 പോലീസ് സ്റ്റേഷനുകള്‍ക്ക് വാഹനമില്ലാതിരിക്കെ ഫണ്ട് വകമാറ്റി 41 ആഡംബര കാറുകളാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുവേണ്ടി വാങ്ങിയത്. ആഡംബര കാറുകളിലൊന്ന് ഡിജിപിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ചീഫ് സെക്രട്ടറിക്കും നല്‍കി. ഭരണസംവിധാനം മുഴുവന്‍ അറിഞ്ഞുകൊണ്ടുള്ള ക്രമക്കേടുകളാണ് നടന്നിട്ടുള്ളത് എന്നത് ഇതില്‍ നിന്നു വ്യക്തമാണ്. വെടിയുണ്ട കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും ഉള്‍പ്പെട്ടിട്ടും അയാള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്തത് എല്ലാവരും ചേര്‍ന്നുള്ള ഒത്തുകളിയാണ് വന്‍ അഴിമതിക്കും ക്രമക്കേടിനും പിന്നിലുള്ളത് എന്നതിന്റെ സൂചനയാണ്. ഓഖി ദുരന്തവും രണ്ടു പ്രളയങ്ങളും മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍, ദുരിതാശ്വാസനിധിയിലേക്ക് ജനങ്ങളില്‍ നിന്ന് പണം പിരിച്ചെടുത്തവരാണ് സര്‍ക്കാര്‍ ഫണ്ടുകള്‍ വകമാറ്റി ആഡംബര ജീവിതം നയിക്കുന്നത്. വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ഡിജിപിക്ക് നേരിട്ട് കൈകാര്യം ചെയ്യാവുന്ന ഫണ്ടിന്റെ പരിധി 2 കോടിയില്‍ നിന്ന് 5 കോടിയായി വര്‍ദ്ധിപ്പിച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറങ്ങുന്നത്. ഇത് നേരത്തെ ഒരു കോടിയായിരുന്നു. ക്രമക്കേടുകള്‍ നടത്തുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനു പിന്നിലുള്ള ഒത്തുകളി ജനം തിരിച്ചറിയുമെന്നത് തീര്‍ച്ചയാണ്.
ആഭ്യന്തര വകുപ്പിനു പിന്നാലെ വ്യവസായ വകുപ്പില്‍ നിന്നും ക്രമക്കേടിന്റെയും അഴിമതിയുടേയും കഥകളാണ് പുറത്തുവരുന്നത്. സ്വകാര്യ കമ്പനിക്ക് അര്‍ഹമായ നികുതിയിളവ് നല്‍കാന്‍ വിധിയുണ്ടായിട്ടും നടപടിയെടുക്കാത്തതിന് വ്യവസായ ഡയരക്ടര്‍ 100 മരം നടണമെന്ന വിധി കോടതിയില്‍ നിന്ന് ഈയിടെയാണ് ഉണ്ടായത്. വിധി നടപ്പാക്കുന്നതിനു പകരം വ്യവസായ ഡയറക്ടറെ തദ്ദേശ വകുപ്പിലേക്കു മാറ്റിക്കൊണ്ടാണ് സര്‍ക്കാര്‍ ഈ വിധിയെ മറികടന്നത്. അതേസമയം ക്വാറി, കരിമണല്‍മാഫിയക്കെതിരെ നിലപാടെടുത്തതു കൊണ്ടാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്നും വാര്‍ത്തയുണ്ട്. സാധാരണ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്താണ് നടപ്പാക്കാറുള്ളത്. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ മകനായ ഡയരക്ടറുടെ കാര്യത്തില്‍ ഈ കീഴ്‌വഴക്കം പാലിക്കാതിരുന്നതിനു പിന്നിലും ദുരൂഹതയുണ്ട്.
വ്യവസായ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശ പ്രകാരം ചവറ കെ.എം.എം.എല്‍ വാങ്ങി നല്‍കിയ ഏഴുലക്ഷത്തോളം രൂപയുടെ കംപ്യൂട്ടറുകളും ക്യാമറകളും എവിടെപോയെന്ന് ആര്‍ക്കുമറിയില്ല. വ്യവസായ വകുപ്പില്‍ മീഡിയ റൂം വാങ്ങാനെന്ന പേരിലാണ് ഇവ വാങ്ങിയത്. അവിടെ അങ്ങനെയൊരു റൂം ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ഉപകരണങ്ങള്‍ കമ്പനിയില്‍ നിന്നു പോയതിനു പിന്നാലെ പണം തിടുക്കപ്പെട്ടു നല്‍കുകയും ഇതിന്റെ ഫയല്‍ അപ്രത്യക്ഷമാകുകയും ചെയ്തു. വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയാണ് ഇടത് ഭരണത്തില്‍ നിലനില്‍ക്കുന്നത് എന്നതിന്റെ സൂചനയാണിത്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട് തലസ്ഥാനത്ത് ജനുവരിയില്‍ നടന്ന ലോക കേരള സഭയുടെ പേരിലും വന്‍തോതിലുള്ള അഴിമതിയും ക്രമക്കേടുകളും നടന്നിരിക്കുകയാണ്. ജനുവരി 1 മുതല്‍ 3 വരെ നടന്ന സഭയില്‍ പങ്കെടുത്തവരുടെ ഭക്ഷണത്തിനും താമസത്തിനുമായി സര്‍ക്കാര്‍ വകയിരുത്തിയത് 83 ലക്ഷം രൂപയാണ്. ഒരു നേരത്തെ ഊണിന് 1900 രൂപ നിരക്കു വന്നത് അമ്പരപ്പിക്കുന്ന വാര്‍ത്തയായിരുന്നു. ഭക്ഷണത്തിനു മാത്രം 60 ലക്ഷം രൂപയോളമായി. എന്നാല്‍ സംഗതി വിവാദമായപ്പോള്‍ ഭക്ഷണം വിതരണം ചെയ്ത റാവിസ് ഹോട്ടല്‍ ഈ തുക വാങ്ങിയിട്ടില്ലെന്നും ഞങ്ങളുടെ വകയാണെന്നും പറഞ്ഞ് സര്‍ക്കാരിനെ രക്ഷിക്കാനെത്തുകയായിരുന്നു. പ്രവാസികള്‍ പങ്കെടുത്ത ഒരു പരിപാടിയുടെ പേരില്‍ ഭക്ഷണ വിവാദമുണ്ടായത് നാടിന് നാണക്കേടായി. യൂസഫലിയെ പോലുള്ള വന്‍ വ്യവസായികള്‍ ഞങ്ങളാരും ഭക്ഷണം കാണാത്തവരല്ല എന്നു പറഞ്ഞുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്. അതിനിടെ സഭയില്‍ പങ്കെടുത്ത ഏരീസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയ് താന്‍ കഴിച്ച ഭക്ഷണത്തിന്റെ വിലയായ 2500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരിച്ചടക്കുകയുണ്ടായി. ലോകകേരള സഭയുടെ പേരില്‍ നടക്കുന്ന ധൂര്‍ത്തിലേക്കും തട്ടിപ്പിലേക്കും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ ഭക്ഷണവിവാദവും ഇടയാക്കി. സംശുദ്ധമായ ഒരു പൊതു ജീവിതത്തില്‍ നിന്ന് മലയാളികള്‍ അകന്നുപോകുകയാണെന്ന തോന്നലാണ് നിത്യേന പുറത്തുവരുന്ന അഴിമതിയുടെ കഥകള്‍ സൃഷ്ടിക്കുന്നത്. ഒരു ഭാഗത്ത് ജനങ്ങള്‍ ഉപജീവനത്തിന് പെടാപ്പാടു പെടുമ്പോഴാണ് മറുഭാഗത്ത് സര്‍ക്കാര്‍ സംവിധാനത്തെ ഒന്നടങ്കം അഴിമതിയില്‍ മുക്കി ചിലര്‍ സുഖിമാന്മാരായി മാറുന്നത്. ഇത്തരക്കാരില്‍ നിന്ന് കേരളത്തെ രക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.