ഏതാണ്ട് 1978ല്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി ദല്‍ഹിയില്‍ എത്തിയപ്പോള്‍ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കാണാന്‍ ഞങ്ങള്‍ കുറച്ചു പേര്‍ ചെന്നു. അന്ന് ദേശീയ തലത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സൈദ്ധാന്തിക കേന്ദ്രമായിരുന്നു അത്. അതിന്റെ ഡയറക്ടര്‍ ആയിരുന്ന പരമേശ്വര്‍ജി വളരെ ഊഷ്മളമായിട്ടാണ് ഞങ്ങളെ സ്വീകരിച്ചത്. അവിടെ ഞങ്ങളോടൊപ്പമാണ് അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചത്. ആദ്യമായി പരമേശ്വര്‍ജിയുടെ സ്‌നേഹപൂര്‍ണമായ പെരുമാറ്റവും ആകര്‍ഷണീയമായ വ്യക്തിത്വവും അടുത്തുനിന്ന് അറിയാന്‍ കഴിഞ്ഞത് അന്നാണ്. പരമേശ്വര്‍ജിയെക്കുറിച്ചുള്ള ആദരണീയമായ ഓര്‍മകളുമായിട്ടാണ് ഞങ്ങള്‍ നാട്ടിലേക്കു തിരിച്ചത്.
പിന്നീട് 1980കളില്‍ പരമേശ്വര്‍ജി കേരളത്തിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റിയെന്നു അന്നത്തെ പ്രാന്തപ്രചാരകായിരുന്ന ഭാസ്‌കര്‍റാവുജി പറഞ്ഞറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. കേരളത്തിലെ അന്നത്തെ അന്തരീക്ഷത്തില്‍ പരമേശ്വര്‍ജിയെപ്പോലുള്ള ഒരാളുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നു. അന്ന് കേരളത്തിന്റെ ബൗദ്ധികമണ്ഡലം ഏറെക്കുറെ ഇ.എം.എസ്സിനെപ്പോലുള്ള കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ കയ്യടക്കി വച്ചിരുന്നു. പുരോഗമനവാദിയാകണമെങ്കില്‍ കമ്മ്യൂണിസ്റ്റാവണമെന്ന സമവാക്യമായിരുന്നു ഒരു ശരാശരി മലയാളി ബുദ്ധിജീവിയുടെ മനസ്സിലുണ്ടായിരുന്നത്. കേരളത്തിലെ മതിലുകളിലെല്ലാം ‘അമ്പലങ്ങളല്ല ഫാക്ടറികളാണ് വേണ്ടത്’’തുടങ്ങിയ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങള്‍കൊണ്ട് നിറഞ്ഞിരുന്നു. ഞങ്ങളൊക്കെ രാഖി കെട്ടി, കുറി തൊട്ട് കോളേജില്‍ ചെല്ലുമ്പോള്‍ പിന്തിരിപ്പന്മാര്‍, പഴഞ്ചന്മാര്‍ എന്ന വിളിയാണ് കേള്‍ക്കുക. ആ ഒരു അന്തരീക്ഷമാണ് പരമേശ്വര്‍ജിയുടെ വരവോടെ തിരിഞ്ഞുമറിയുന്നത്. ദേശീയതയുടെ, ഹിന്ദുത്വത്തിന്റെ അഭിമാന സൂചകങ്ങള്‍ പരമേശ്വര്‍ജി നേതൃത്വംകൊടുത്ത പ്രവര്‍ത്തനങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ആവാഹിക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇ.എം.എസ്സിനോടൊപ്പം കേരളത്തിന്റെ സൈദ്ധാന്തിക മേഖലയില്‍ പരമേശ്വര്‍ജിയും പ്രതിഷ്ഠിക്കപ്പെട്ടു.
തൃശ്ശൂരില്‍ പുത്തെഴന്‍ സ്മാരക പ്രഭാഷണത്തിനായി പരമേശ്വര്‍ജി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ പ്രബന്ധകനായി നിയമവിദ്യാര്‍ത്ഥിയായ എന്നെയാണ് സംഘം നിയോഗിച്ചത്. അന്ന് മുതലുണ്ടായ അടുപ്പം പിന്നീട് തൃശ്ശൂരില്‍ വരുമ്പോഴൊക്കെ തുടര്‍ന്നു. തൃശ്ശൂര്‍ ജില്ലയില്‍ കമ്മ്യൂണിസ്റ്റ്-നക്‌സല്‍ കോട്ടയായിരുന്ന അന്തിക്കാട്ട് നടന്ന ആശയ ചര്‍ച്ചയില്‍ കമ്മ്യൂണിസ്റ്റുകാര്‍ പരമേശ്വര്‍ജിയുമായി സംവാദത്തിലേര്‍പ്പട്ടത് ഇന്നും ഓര്‍ക്കുന്നു. അവരില്‍ പലരെയും സംഘദര്‍ശനത്തിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിഞ്ഞ ഒരു പരിപാടിയായിരുന്നു അത്.
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം തിരുത്തിക്കുറിച്ച സംഭവമായിരുന്നു 1982ല്‍ ഏറണാകുളത്തുവെച്ച് നടന്ന വിശാലഹിന്ദു സമ്മേളനം. പരമേശ്വര്‍ജിയുടെ സംഘടനാപാടവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അത്. പരമേശ്വര്‍ജി, മാധവ്ജി, ഹരിയേട്ടന്‍ എന്നീ ത്രിമൂര്‍ത്തികളുടെ നേതൃത്വവും ഭാസ്‌കര്‍റാവുജിയുടെ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പ്രവര്‍ത്തിച്ച സംഘത്തിന്റെ കേഡര്‍ ശൃംഖലയും ചേര്‍ന്ന് കേരളീയ സമൂഹത്തെ ഒരു തരത്തില്‍ കീഴടക്കിയ പരിപാടിയായിരുന്നു അത്. മലയാളികളായ ഹിന്ദുക്കള്‍ ജാതി സംഘടനകള്‍ തീര്‍ത്ത കോട്ടകള്‍ക്ക് പുറത്തുവന്നുകൊണ്ട് പരമേശ്വര്‍ജി എഴുതിയ ഗീതം ഒന്നിച്ചു പാടി- ”ഹിന്ദുക്കള്‍ നാമൊന്നാണേ.” അന്ന് എറണാകുളത്ത് ഒന്നിച്ചുകൂടിയത് അതുവരെ കേരളം കണ്ടിട്ടില്ലാത്ത വന്‍ ജനസാഗരം തന്നെയായിരുന്നു. വിശാല ഹിന്ദു സമ്മേളനത്തിനു മുമ്പും ശേഷവും അതിന്റെ അദ്ധ്യക്ഷനായിരുന്ന റിട്ടയേഡ് ജില്ലാ ജഡ്ജി എ.ആര്‍. ശ്രീനിവാസന്റെയും അഡ്വക്കേറ്റ് മാധവനുണ്ണിയുടെയും വീടുകളിലായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ താമസം. എ.ആര്‍. ശ്രീനിവാസനോടൊപ്പം പരമേശ്വര്‍ജി അന്ന് കേരളത്തിലെ നിരവധി ഹിന്ദുസംഘടനാ നേതാക്കന്മാരെ കാണുകയും അവരെയെല്ലാം പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിരുന്നു. നിരന്തരമായ പ്രവാസമാണ് ഒരു തപസ്യ പോലെ അതിനുവേണ്ടി പരമേശ്വര്‍ജി ചെയ്തത്. പരമേശ്വര്‍ജി എഴുതിയ ‘ശ്രീനാരായണഗുരു, നവോത്ഥാനത്തിന്റെ പ്രവാചകന്‍’, ‘കേരളം ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്ക്’ എന്നീ പുസ്തകങ്ങള്‍ വായിക്കാതെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം മനസ്സിലാക്കാന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകനും സാദ്ധ്യമല്ല.
അതിനു ശേഷം ഉണ്ടായ നിലക്കല്‍ സമരം സംഘപ്രസ്ഥാനങ്ങളുടെ ഏറ്റവും കടുത്ത പരീക്ഷണമായിരുന്നു. ശബരിമലയിലെ നിലക്കല്‍ ക്ഷേത്രഭൂമിയില്‍ കുരിശ് നാട്ടിയതിനെതിരെ പ്രതികരിക്കാന്‍ മറ്റുള്ള ഹിന്ദു നേതൃത്വം പോലും ഭയന്ന് നിന്നപ്പോള്‍ പോരാട്ടത്തിന്റെ മുന്നില്‍ ധീരനായി നിന്നത് പരമേശ്വര്‍ജി ആയിരുന്നു. അന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ പല ഘടകങ്ങളും സക്രിയമായിരുന്നു. എന്നാല്‍ ഒടുവില്‍ ആ സമരത്തില്‍ വിജയക്കൊടി പാറിക്കുന്നത് വരെ അദ്ദേഹം പിന്മാറിയില്ല.
കമ്മ്യൂണിസത്തിന് അപ്രമാദിത്വം കല്പ്പിച്ചിരുന്ന ആ കാലത്ത് മാര്‍ക്‌സിസത്തെയും ഭാരതീയ ചിന്തകളെയും തുലനം ചെയ്തു കൊണ്ടുള്ള നിരവധി പ്രഭാഷണ പരമ്പരകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പരമേശ്വര്‍ജി നടത്തി. ‘ഭഗവദ്ഗീതയും മാര്‍ക്‌സിസവും’, ‘മാര്‍ക്‌സും വിവേകാനന്ദനും’ തുടങ്ങിയ പ്രഭാഷണ പരമ്പരകളില്‍ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും നിരവധി പങ്കെടുത്തു. മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തിക കോട്ടകള്‍ തകര്‍ക്കുന്നതില്‍ അത് വലിയ പങ്ക് വഹിച്ചു. കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ കേരളത്തില്‍ അന്യം നിന്നു പോകാനും, നിരവധി കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ സംഘവുമായി അടുക്കുവാനും അത് കാരണമായി. പരമേശ്വര്‍ജിയോടൊപ്പം മാത്രമല്ല ഹിന്ദുത്വവാദികളോടൊപ്പവും സംവാദത്തിന് കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളെ കിട്ടാതായി. തൃശ്ശൂരില്‍ വച്ച് നടന്ന യുവസംഗമത്തിന്റെ ആശയ പശ്ചാത്തലം വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ് ‘മാര്‍ക്‌സില്‍ നിന്നും മഹര്‍ഷിയിലേക്ക്’ എന്ന പുസ്തകവും ‘മാര്‍ക്‌സിസത്തില്‍ നിന്നും മാനവദര്‍ശനത്തിലേക്ക്’ എന്ന മുദ്രാവാക്യവും യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരം നേടി.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ സ്ഥാപനം കേരളത്തിന്റെ സൈദ്ധാന്തിക മണ്ഡലത്തില്‍ മാറ്റത്തിന്റെ വന്‍ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. വിചാരകേന്ദ്രത്തിന്റെ തുടക്കം കുറിക്കുന്നതിന് മുമ്പായി കേരളത്തിലെ മിക്ക ജില്ലകളിലും ഉള്ള ഇക്കാര്യത്തില്‍ താല്പര്യമുള്ളവരെയൊക്കെ പരമേശ്വര്‍ജി ബന്ധപ്പെടുകയും അവരുടെയെല്ലാം അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തു. അവരെയെല്ലാം ഒന്നിപ്പിച്ചു കൊണ്ടാണ് വിചാരകേന്ദ്രത്തിന്റെ തുടക്കം കുറിച്ചത്. ആ സമയത്തും, അതിനുശേഷവും, വിചാരകേന്ദ്രത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും പരമേശ്വര്‍ജിയോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ജീവിതത്തില്‍ വലിയൊരു പരിശീലനമായിരുന്നു. അത് ഉദ്ഘാടനം ചെയ്തത് തന്നെ സംഘപ്രസ്ഥാനത്തിലെ മഹാ മനീഷിയായിരുന്ന ദത്തോപന്ത് ഠേംഗ്ഡിജി ആയിരുന്നു. ഠേംഗ്ഡിജിയെ അടുത്ത് കാണുന്നത് ആ സമയത്തായിരുന്നു. വിചാരകേന്ദ്രത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു പരമേശ്വര്‍ജിയും ഠേംഗ്ഡിജിയും തമ്മില്‍ തുടര്‍ന്നും പല ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. പിന്നീടുള്ള കാലം വിചാരകേന്ദ്രമെന്ന വേദിയിലൂടെ പരമേശ്വര്‍ജി കേരളത്തിന്റെ ബൗദ്ധിക മണ്ഡലം പിടിച്ചെടുക്കുന്നതാണ് കേരളം കണ്ടത്. ചിന്മയാനന്ദന്റെ സമാധിക്ക് ശേഷം ഭഗവദ്ഗീതയെ കേരളത്തില്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചത് പരമേശ്വര്‍ജി രൂപം നല്കിയ ‘ഗീതാ സ്വാധ്യായ കേന്ദ്ര’ങ്ങളിലൂടെയാണ്.

സംസാരിക്കുന്നു. പി.പരമേശ്വരന്‍, ആര്‍.ഹരി എന്നിവര്‍ സമീപം
തൃശ്ശൂരില്‍ വരുമ്പോഴൊക്കെ മിക്കവാറും എന്റെ വീട്ടിലായിരുന്നു പരമേശ്വര്‍ജി താമസിച്ചിരുന്നത്. അതിരാവിലെ നടക്കാന്‍ പോകുമ്പോഴും, രാത്രിയില്‍ അത്താഴം കഴിഞ്ഞും പരമേശ്വര്‍ജിയുമായി നടത്തിയ ചര്‍ച്ചകളില്‍ ലഭിച്ച മാര്‍ഗ്ഗദര്‍ശനങ്ങള്‍ പിന്നീടങ്ങോട്ടുള്ള സംഘടനാ ജീവിതത്തില്‍ വഴികാട്ടിയായി. ബൗദ്ധികതയുടെ വലിയൊരു വിസ്മയ ലോകത്തിന്റെ വാതായനങ്ങളാണ് അന്നദ്ദേഹം തുറന്നിട്ട് തന്നത്. അരവിന്ദന്റെ ഉപരിമനസ്സ് മുതല്‍ തൊഴില്‍ മേഖലയിലെ വ്യാവഹാരിക തലംവരെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ധൈഷണിക ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ചിരുന്നു. വളരെ മുമ്പു ഒരിക്കല്‍ തൃശ്ശൂര്‍ പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ വച്ച് നടന്ന യുവ സമ്മേളനത്തില്‍ ഭഗവദ്ഗീതയെക്കുറിച്ച് ക്ലാസ്സ് എടുക്കുവാന്‍ പരമേശ്വര്‍ജി തൃശ്ശൂരില്‍ എത്തിയിരുന്നു. അന്ന് ഭഗവദ്ഗീതയെ സംബന്ധിച്ച ഏറ്റവും നല്ല വ്യാഖ്യാനമേതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, ”ഒരു വ്യാഖ്യാനത്തിന്റെയും സഹായമില്ലാതെ ഗീത പഠിക്കുക, പിന്നീട് വ്യാഖ്യാനങ്ങളിലേക്ക് പോകുക” എന്നായിരുന്നു.
രാജ്യം മുഴുവന്‍ ഹിന്ദു ദേശീയതയെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്ന കാലത്താണ് മുന്‍ മുഖ്യ മന്ത്രിയും, സി.പി.ഐ.യുടെ സമുന്നത നേതാവുമായിരുന്ന സി. അച്യുതമേനോന്‍ ഒരു മലയാള വാരികയില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യന്‍ സംസ്‌കാരം ഹിന്ദു സംസ്‌കാരം തന്നെയാണെന്ന് എഴുതിയത്. ആ ലേഖനം അക്കാലത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് തൃശ്ശൂരില്‍ എത്തിയ പരമേശ്വര്‍ജി അച്യുതമേനോനെ കാണുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അങ്ങിനെ അദ്ദേഹത്തെ അനുഗമിച്ചു ഞാനും തൃശ്ശൂര്‍ നഗരത്തിലെ അച്യുതമേനോന്റെ വീട്ടില്‍ ചെന്നു കാണുകയുമുണ്ടായി. ചങ്കൂറ്റത്തോടെ തന്റെഅഭിപ്രായം തുറന്നു എഴുതിയതിന് പരമേശ്വര്‍ജി അച്യുതമേനോനെ അഭിനന്ദിക്കുകയും പല കാര്യങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്ക് വക്കുകയും ചെയ്തു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് മുഖം തിരിച്ചു നിന്നിരുന്ന സുകുമാര്‍ അഴീക്കോടിനെയും പരമേശ്വര്‍ജി നേരിട്ടു കണ്ടു പല വിഷയങ്ങളും ചര്‍ച്ച ചെയ്യുകയുണ്ടായി. സുകുമാര്‍ അഴീക്കോടും വളരെ ആദരവോടെയാണ് പരമേശ്വര്‍ജിയെ വീട്ടില്‍ സ്വീകരിച്ചിരുത്തിയത്. പൊതുസമൂഹത്തിലെ പ്രഗല്ഭരുമായി എങ്ങിനെ ഇടപെടണമെന്ന പാഠമാണ് പരമേശ്വര്‍ജിയില്‍ നിന്നും പലപ്പോഴായി പഠിച്ചത്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആ ബന്ധം കാത്തുസൂക്ഷിക്കാന്‍ പരമേശ്വര്‍ജി വളരെയേറെ ശ്രദ്ധിച്ചിരുന്നു.
സ്വാമി വിവേകാനന്ദനെക്കുറിച്ച് ആഴത്തില്‍ പഠിച്ച അദ്ദേഹം വിവേകാനന്ദ കേന്ദ്രത്തിന്റെ അദ്ധ്യക്ഷന്‍ എന്ന ചുമതല വഹിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യുകയുണ്ടായി. പത്മശ്രീയും പത്മവിഭൂഷണുമൊക്കെ അദ്ദേഹത്തെ തേടി വന്നപ്പോള്‍ സംഘ പ്രചാരകനായ താന്‍ അത് സ്വീകരിക്കുന്നത് ശരിയാണോ എന്നു ഒപ്പമുള്ള പ്രവര്‍ത്തകരുടെ പോലും അഭിപ്രായമാരായുകയാണ് അദ്ദേഹം ചെയ്തത്. അവരുടെയെല്ലാം സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അവ സ്വീകരിക്കുവാന്‍ അദ്ദേഹം തയ്യാറായത്. എന്നാല്‍ രാജ്യസഭ സീറ്റ് അദ്ദേഹത്തെ തേടിവന്നപ്പോള്‍ രാഷ്ട്രീയം ഉപേക്ഷിച്ചതിനാല്‍ താന്‍ സ്വീകരിക്കുന്നില്ലെന്ന ഋഷി തുല്യമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
പരമേശ്വര്‍ജിയുടെ സാമീപ്യത്തിന് ഭാഗ്യമുണ്ടായവര്‍ക്കൊക്കെ അദ്ദേഹം ഋഷി തുല്യനായ ആചാര്യനാണ്. ആ നഷ്ടമുണ്ടാക്കിയ ഞെട്ടലിലാണ് നാമെല്ലാം. വന്‍ വ്യക്തിത്വങ്ങളുടെ നഷ്ടത്തെ സംഘം എങ്ങിനെ നോക്കിക്കാണുന്നു എന്നതിനെക്കുറിച്ച് ഠേംഗ്ഡിജി പറഞ്ഞതാണ് നമ്മെ ആശ്വസിപ്പിക്കാന്‍ കഴിയുന്നത്. അദ്ദേഹം പറഞ്ഞു, ഗംഗാനദിയില്‍ നിന്നും ഒരു ബക്കറ്റ് വെള്ളം എടുത്താല്‍ വളരെ വേഗത്തില്‍ ആ ഭാഗത്ത് ചുറ്റുമുള്ള വെള്ളം വന്നു നിറയും. സംഘം ഒരു ഈശ്വരീയ പ്രസ്ഥാനമാണ്. പരമേശ്വര്‍ജിയില്‍ നിന്നും പ്രേരണ ലഭിച്ച അസംഖ്യം മനീഷികള്‍ ചേര്‍ന്ന് ആ വിടവ് നികത്തുമെന്ന പ്രതീക്ഷ മാത്രമാണ് നമുക്ക് ഇനി മുന്നിലുള്ളത്. ആ മഹാ ഗുരുവിന്റെപാവന സ്മരണകള്‍ക്ക് മുമ്പില്‍ സാദര പ്രണാമം.