അലന്റെയും താഹയുടെയും പേരിലുള്ള കേസ് ഇങ്ങ് തിരിച്ചു തന്നേയ്ക്കൂ; ആ യു.എ.പി.എ. ഒന്നു വെട്ടിക്കളയട്ടെ എന്ന് മുഖ്യമന്ത്രി വിജയന്‍ സഖാവ് എന്‍.ഐ.എയ്ക്ക് കത്തെഴുതിയിരിക്കുകയാണല്ലോ. എന്തിന് അവരെ രണ്ടുപേരെ മാത്രം ഒഴിവാക്കണം, പിടികിട്ടാനുള്ള ഉസ്മാനെ കൂടി ഒഴിവാക്കിത്തരാം എന്ന നിലപാടിലാണത്രെ എന്‍.ഐ.എ. അപ്പോഴാണ് സംഗതി പ്രശ്‌നമാകുന്നത്. കയ്യില്‍ കിട്ടാതെ ഉസ്മാനെ എങ്ങനെ ഒഴിവാക്കും? അതുകൊണ്ട് ഉസ്മാനെ തങ്ങള്‍ക്കു എത്തിച്ചു തരൂ എന്ന് എന്‍.ഐ.എ. തിരിച്ച് കേരള പോലീസിനോട് ചോദിക്കാന്‍ പോകുകയാണത്രെ.
കഴിഞ്ഞ നവംബര്‍ 1ന് പന്തീരാങ്കാവില്‍ വെച്ച് പിടികൂടുമ്പോള്‍ അലനും താഹയ്ക്കുമൊപ്പം പാണ്ടിക്കാട് ചെമ്പരശ്ശേരി സ്വദേശി സി.പി. ഉസ്മാനുമുണ്ടായിരുന്നു. അവര്‍ ഒന്നിച്ചു പങ്കെടുക്കുന്ന മൂന്നാമത്തെ മാവോവാദിയോഗം കഴിഞ്ഞപ്പോഴാണ് പിടിയിലായത്. ഉസ്മാന്‍ ഓടിരക്ഷപ്പെട്ടു. അവരില്‍ നിന്ന് പിടികൂടിയത് പാലക്കാട് മഞ്ചക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളില്‍ നിന്നു കിട്ടിയ അതേ രേഖകള്‍ തന്നെയാണ്. ഉസ്മാന്‍ മുമ്പും പല മാവോവാദിക്കേസ്സിലും പ്രതിയുമാണ്. ഉസ്മാനെ അറസ്റ്റു ചെയ്യാനുള്ള ഉത്തരവിന് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ എന്‍.ഐ.എ കോടതിയെ സമീപിക്കുകയും അറസ്റ്റുവാറണ്ട് നേടുകയും ചെയ്തു കഴിഞ്ഞു. സമയപരിധിയില്ലാത്ത അറസ്റ്റുവാറണ്ട് നടപ്പാക്കാന്‍ എന്‍.ഐ.എയ്ക്ക് ഏതു ഏജന്‍സിയുടെ സഹായവും തേടാം. അതായത് ഉസ്മാനെ പിടിക്കാന്‍ എന്‍.ഐ.എയ്ക്ക് പിണറായിയുടെ പോലീസിനോട് ആവശ്യപ്പെടാം. പിണറായിയ്ക്കുള്ള മറുപടിയായി ഉസ്മാനെ പിടിച്ചു തരൂ എന്ന കത്താവും എന്‍.ഐ.എ നല്‍കാന്‍ പോകുക.