തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ ഗോവിന്ദ്‌രാജ് ‘സക്ഷമ’ അഖിലേന്ത്യാ ജോ.സെക്രട്ടറിയാണ്. ‘റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ’യുടെ അംഗം കൂടിയായ ഇദ്ദേഹം പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനാണ്. അദ്ദേഹം കേസരി വാരിക സബ് എഡിറ്റർ ടി സുധീഷിനു നൽകിയ അഭിമുഖം.
- ‘സക്ഷമ’ ദിവ്യാംഗരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന അഖില ഭാരതീയ സംഘടനയാണ്. എന്തൊക്കെയാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ?
സക്ഷമ അഥവാ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍ അടിസ്ഥാനപരമായി ശാരീരികവും മാനസികവും ബുദ്ധിപരവുമായി എല്ലാത്തരം വെല്ലുവിളികളും നേരിടുന്നവരെ സഹായിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. കാഴ്ച സംബന്ധിയായി പ്രശ്‌നമനുഭവിക്കുന്നവരെയും രക്തസംബന്ധിയായി ഹീമോഫീലിയ മുതല്‍ സിക്കിള്‍ സെല്‍ അനീമിയ (അരിവാള്‍രോഗം) ബാധിതര്‍ വരെയുള്ളവരെയും സഹായിക്കുന്നു. അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, സ്വയംപര്യാപ്തത കൈവരിക്കല്‍, തൊഴില്‍ പരിശീലനം തുടങ്ങിയ കാര്യങ്ങളില്‍ കൂടി ശ്രദ്ധ പതിപ്പിക്കുന്നു. കാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ക്കായി ഓഡിയോ ലൈബ്രറി ആരംഭിക്കുക, അവര്‍ക്ക് പരീക്ഷ എഴുതുന്നതിന് സഹായികളെ ഏര്‍പ്പാടാക്കുക, പരീക്ഷയ്ക്കുവേണ്ടി അവരെ തയ്യാറാക്കുക, കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും മറ്റ് ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും വേണ്ടി ഹോസ്റ്റലുകള്‍ ആരംഭിക്കുക, സ്‌കൂളിലും കോളേജിലും പഠിക്കാന്‍ പോകുന്ന ഇത്തരക്കാരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകമായി പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയവയൊക്കെ ആലോചനയിലുണ്ട്. ഇപ്പോള്‍ത്തന്നെ ദല്‍ഹി, തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ ഉണ്ട്. തിരുവനന്തപുരത്ത് സക്ഷമയുടെ ആഭിമുഖ്യത്തില്‍ ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുവേണ്ടിയുള്ള ‘ധീ മഹീ’ സെന്റര്‍ വളരെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലൊക്കെ സന്ദര്‍ശിക്കാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.
- എപ്പോഴാണ് സക്ഷമയുടെ പ്രവര്‍ത്തനം ആരംഭിച്ചത്? എത്രമാത്രം സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു?
1993ല്‍ ദൃഷ്ടിഹീന്‍ കല്ല്യാണ്‍ സംഘ് എന്ന പേരിലായിരുന്നു സംഘടന ആരംഭിച്ചത്. അന്ന് കാഴ്ച ശക്തിയില്ലാത്തവരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് എല്ലാത്തരം വെല്ലുവിളികള്‍ നേരിടുന്നവരുടെ ഇടയിലും സംഘടന പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് 350 ജില്ലകളില്‍ സക്ഷമ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ എല്ലാ ജില്ലകളിലും സക്ഷമയുടെ സജീവ പ്രവര്‍ത്തനമുണ്ട്.
- അംഗവൈകല്യര്‍ എന്ന വാക്കില്‍ നിന്നും ദിവ്യാംഗര്‍ എന്ന വാക്കിലേക്കുള്ള മാറ്റം ഉണ്ടായതെങ്ങനെയാണ്?
ആദ്യം അവരെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് വാക്ക് ഹാന്‍ഡിക്യാപ് എന്നായിരുന്നു. പണ്ട് ഇങ്ങനെ ഏതെങ്കിലും തരത്തില്‍ വെല്ലുവിളി നേരിടുന്നവരുടെ ഒരേയൊരു ജോലി ഭിക്ഷാടനമായിരുന്നു. ‘ങമറല ീേ യലഴ വമ്ശിഴ വേല രമു ശി വേല വമിറ’ (കയ്യില്‍ തൊപ്പിയുമായി ഭിക്ഷയെടുക്കുക) അങ്ങിനെയാണ് ഹാന്‍ഡി ക്യാപ് എന്ന പേര് വന്നത്. പിന്നീട് ഇത് ശരിയായ പദപ്രയോഗമല്ല എന്ന് തിരിച്ചറിഞ്ഞതോടെ അത് മാറ്റി ഡിസേബിള്‍ എന്നാക്കി. അവിടെ ഏബിള്‍ എന്നും ഡിസേബിള്‍ എന്നുമുള്ള രണ്ട് ശ്രേണി വന്നപ്പോള്‍ വീണ്ടും മാറ്റി ഡിഫ്രന്റ്‌ലി ഏബിള്‍ എന്നായി. കാരണം ഡിസേബിള്‍ എന്നത് നിഷേധാത്മക ശബ്ദമാണ്. ഡിഫ്രന്റ്‌ലി ഏബിള്‍ എന്നത് സ്‌പെഷ്യലി ഏബിള്‍ എന്നാക്കി അപ്‌ഗ്രേഡ് ചെയ്തു. ആ വാക്ക് വീണ്ടും മാറ്റി ചലഞ്ച്ഡ് എന്നാക്കി. വിഷ്വലിചലഞ്ച്ഡ്, ഓര്‍ത്തോപീഡിക്കലി ചലഞ്ച്ഡ് എന്നിങ്ങനെ വിളി തുടങ്ങി. അങ്ങനെയിരിക്കെ ഒരിക്കല്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച വാക്കാണ് ദിവ്യാംഗര്‍ എന്നത്. സ്‌പെഷ്യല്‍ ചില്‍ഡ്രന്‍ അഥവാ ദൈവത്തിന്റെ അനുഗ്രഹീതരായ മക്കള്‍ എന്ന അര്‍ത്ഥത്തിലാണ് അദ്ദേഹം ആ വാക്ക് ഉപയോഗിച്ചത്.
- ഹിന്ദുക്കളുടെ ഒരു വിശ്വാസമാണ് വിധി അഥവാ കര്‍മ്മ ഫലം എന്നത്. മുന്‍ജന്മങ്ങളിലെ കര്‍മ്മഫലമാണ് ഈ ജന്മത്തില്‍ അനുഭവിക്കുന്നത് എന്ന്. അതുകൊണ്ടുതന്നെ അത് അനുഭവിച്ചു തീരുകതന്നെ വേണം എന്ന കാഴ്ചപ്പാടുണ്ട്. ഈ മനോഭാവം ഹിന്ദുക്കളുടെ ഇടയില്‍ സേവാപ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകി എന്ന് തോന്നിയിട്ടുണ്ടോ?
പറഞ്ഞത് ശരിയാണ്. പണ്ട് കാലത്ത് ഇങ്ങനെയൊരു വിശ്വാസം ഉണ്ടായിരുന്നു. ഇത്തരം വെല്ലുവിളികള്‍ ഒരു ശാപമാണ് എന്ന കാഴ്ചപ്പാട്. എന്നാല്‍ ഇന്ന് അങ്ങനെ കരുതുന്നില്ല. അനുഗ്രഹീതരായ മാതാപിതാക്കള്‍ക്ക് കിട്ടുന്ന ഉപഹാരമാണ് ഇങ്ങനെയുള്ള കുട്ടികള്‍ എന്ന് കരുതപ്പെടുന്നു. കഴിവും സ്‌നേഹവുമുള്ള രക്ഷിതാക്കള്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള കുട്ടികളെ ലഭിക്കുകയുള്ളൂ. കാരണം അവര്‍ കൂടുതല്‍ കരുതലോടെ അവരെ സംരക്ഷിക്കും എന്നതാണ് അനുഭവം.
- ശാരീരിക-മാനസിക വെല്ലുവിളികള്‍ അനുഭവിക്കുന്നവരെ സ്വയംതൊഴില്‍ പരിശീലനത്തിന് തയ്യാറാക്കേണ്ടതുണ്ടോ?
ആരുടേയെങ്കിലും സഹായത്തോടെയോ ആശ്രയത്തോടെയോ ജീവിക്കുക എന്നതിനേക്കാള്‍ എത്രയോ പ്രാധാന്യമേറിയതാണ് സ്വതന്ത്രമായി ജീവിക്കുക എന്നത്. എല്ലാവരും ആത്മാഭിമാനത്തിന് വില നല്‍കുന്നവരാണ്. അവരവരുടെ ചിന്താഗതിക്ക് പ്രാധാന്യം കല്പിക്കുന്നവരാണ്. അവരവരുടെ വിചാരങ്ങള്‍ക്കും വികാരങ്ങള്‍ക്കുമെല്ലാം പ്രഥമ പരിഗണന നല്‍കുന്നവരാണ്. ആരും മറ്റൊരാളുടെ നിയന്ത്രണത്തിലോ മേല്‍നോട്ടത്തിലോ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വയം പര്യാപ്തത എന്നത് മറ്റേത് ഘടകങ്ങളേക്കാളും പ്രാധാന്യമേറിയതാണ്. എന്റെ അഭിപ്രായത്തില്‍ എന്തെങ്കിലും ആനുകൂല്യങ്ങളും സൗജന്യങ്ങളും നല്‍കുന്നതിനുപകരം ഒരു ജോലി നല്‍കുകയാണെങ്കില്‍ അവര്‍ക്ക് സ്വയം പര്യാപ്തമാകാന്‍ സാധിക്കും.
- സക്ഷമ സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങളോ ആനുകൂല്യങ്ങളോ കൈപ്പറ്റുന്നുണ്ടോ?
സര്‍ക്കാരില്‍ നിന്ന് ഒരു തരത്തിലുള്ള നിര്‍ദ്ദേശങ്ങളും സഹായങ്ങളും സക്ഷമ സ്വീകരിക്കുകയോ കൈപ്പറ്റുകയോ ചെയ്യുന്നില്ല. എന്നാല്‍ ഇത്തരം വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ അവര്‍ക്ക് ലഭിക്കാനുള്ള സഹായസഹകരണങ്ങള്‍ സക്ഷമയുടെ പ്രവര്‍ത്തകര്‍ ചെയ്യുന്നുണ്ട്. സമൂഹത്തിനും സര്‍ക്കാരിനുമിടയിലുള്ള ഒരു പാലമായി സക്ഷമ പ്രവര്‍ത്തിക്കുന്നു. സഹായം ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അതര്‍ഹിക്കുന്നവര്‍ക്ക് സഹായം എത്തിച്ചുകൊടുക്കുന്ന മധ്യവര്‍ത്തിയായി സക്ഷമ പ്രവര്‍ത്തിക്കുന്നുണ്ട്.
- സക്ഷമയുടെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് ദിവ്യാംഗരോടുള്ള കാഴ്ചപ്പാടില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ സാധിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. അവരും സമൂഹത്തിന്റെ ഭാഗമാണെന്നും അവര്‍ ബഹുമാനമര്‍ഹിക്കുന്നവരാണെന്നുമുള്ള ചിന്ത ഇന്ന് സമൂഹത്തില്‍ വന്നു തുടങ്ങിയിട്ടുണ്ട്. സക്ഷമ, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ചില സംഘടനകളെപ്പോലെ ദിവ്യാംഗരില്‍ ഏതെങ്കിലും ചില വിഭാഗങ്ങളെ മാത്രമല്ല പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഞജണഉ ആക്ട് 2016ലെ 21 വൈകല്യങ്ങളെയും പരിഗണിച്ച് പ്രവര്‍ത്തിക്കുന്ന ദേശീയ തലത്തിലെ ഏക എന്‍.ജി.ഒ. സക്ഷമ മാത്രമാണ്. അതുപോലെ സമൂഹത്തിലെ മുഴുവന്‍ സംഘടനകളുമായുള്ള പാലമായിക്കൂടി സക്ഷമ പ്രവര്‍ത്തിക്കുന്നു. ദിവ്യാംഗരെ അന്വേഷിച്ച് കണ്ടെത്തി സഹായം നല്‍കുന്നു.
- എന്താണ് കാംബ പ്രൊജക്ട്?
കോര്‍ണിയ അന്ധതമുക്ത് ഭാരത് അഭിയാന്‍ എന്നതാണ് കാംബ. അതായത് കോര്‍ണിയ തകരാറ് കാരണം കാഴ്ചശക്തി ഇല്ലാതായവര്‍ക്ക് ചികിത്സയിലൂടെ കാഴ്ച ലഭിക്കുന്ന പദ്ധതിയാണിത്. മറ്റ് പല അന്ധത(കാഴ്ചശേഷിയില്ലായ്മ)കളും ചികിത്സയിലൂടെ മാറ്റാന്‍ സാധിക്കില്ല. എന്നാല്‍ കോര്‍ണിയ റീപ്ലാന്റേഷന്‍ വഴി ഇതിന് പരിഹാരമാകും. മരണശേഷം നേത്രദാനം പ്രോത്സാഹിപ്പിക്കലാണ് മുഖ്യലക്ഷ്യം. 2015ല്‍ കന്യാകുമാരിയില്‍ നടന്ന സക്ഷമയുടെ ദേശീയ സമ്മേളനത്തിലാണ് ഇതിന്റെ പ്രഖ്യാപനം വന്നത്. നാല് വര്‍ഷം കൊണ്ട് ഈ പ്രവര്‍ത്തനം വളരെയേറെ മുന്നോട്ട് പോയി. നേത്രദാന ബോധവല്‍ക്കരണ പരിപാടിയിലൂടെ നിരവധിപേര്‍ നേത്രദാനത്തിനായി മുന്നോട്ടുവന്നു. 2019 ഫെബ്രുവരി മാസം പ്രയാഗയില്‍ വെച്ച് നടന്ന നേത്രകുംഭ് പരിപാടിയില്‍ നാല് ലക്ഷം പേരെ പരിശോധിച്ച്, അര്‍ഹതയുള്ള രണ്ട് ലക്ഷംപേരെ കണ്ടെത്തി അവര്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. ഇതുപോലെ ഭാരതത്തിലെല്ലായിടത്തും പരിപാടികള്‍ സംഘടിപ്പിച്ച് ശസ്ത്രക്രിയയടക്കമുള്ള ചികിത്സകള്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
- രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ദിവ്യാംഗര്‍ക്കുള്ള പങ്കെന്താണ്?
സക്ഷമയുടെ പ്രധാന പ്രഖ്യാപനം ദിവ്യാംഗര്‍ സമൂഹത്തിന് ഒരു ഭാരമോ ബാധ്യതയോ അല്ലെന്നാണ്. രാഷ്ട്രവികസനത്തിന് പലതരത്തിലുള്ള സംഭാവനകള്‍ നല്‍കാന്‍ ദിവ്യാംഗര്‍ക്ക് സാധിക്കും. പാരാ ഒളിമ്പിക്‌സില്‍ ഗോള്‍ഡ്, സില്‍വര്‍ മെഡലുകള്‍ ബ്രാസ് മെഡല്‍ എന്നിവ രാഷ്ട്രത്തിന് നേടികൊടുക്കാന്‍ ദിവ്യാംഗര്‍ക്ക് സാധിച്ചിട്ടുണ്ട്. കളക്ടര്‍മാരടക്കം ഉന്നതമായ പല മേഖലകളിലും മികച്ച പ്രവര്‍ത്തനം നടത്താന്‍ രാജ്യത്തിനകത്തും പുറത്തും ദിവ്യാംഗര്‍ക്ക് സാധിക്കുന്നു. സക്ഷമയുടെ പല ഭാരവാഹികളും ഉന്നതനിലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ദേശീയ അധ്യക്ഷന്‍ ദയാല്‍സിംഗ് പവാര്‍ജി കാഴ്ചശക്തി ഇല്ലാത്തയാളാണ്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി സര്‍വ്വകലാശാലയില്‍ സംസ്‌കൃതം പ്രൊഫസറാണ് അദ്ദേഹം. മുന്‍ അധ്യക്ഷനും ഇപ്പോള്‍ രക്ഷാധികാരിയുമായ മിലിന്ദ് കേശ്ബക്കര്‍ജി സോഷ്യോളജിയില്‍ ഡോക്ടറേറ്റ് നേടിയ ആളും വളരെ നല്ല ആസ്‌ട്രോളജറുമാണ്. നാഷണല്‍ ട്രഷറര്‍ അജിത്ത്ജി ശെഖാവത്ത് പ്രമുഖനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ഇവരൊക്കെ ദിവ്യാംഗരാണ്. ഇങ്ങനെ അപാരമായ കഴിവുകള്‍ ഉള്ളിലൊതുക്കി കഴിയുന്ന നിരവധി ദിവ്യാംഗരായ വ്യക്തികള്‍ സമൂഹത്തിലുണ്ട്. ഇത്തരം സഹോദരങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള ചുമതലയാണ് സക്ഷമ ഏറ്റെടുത്തിരിക്കുന്നത്.