തറവാട്ടില്‍ വിവാഹം ഉറപ്പിച്ചാലോ കുഞ്ഞ് പിറന്നാലോ പണ്ട് തട്ടാനെ വിളിക്കാന്‍ നാട്ടിലെ പ്രമാണിമാര്‍ ആളയക്കാറുണ്ട്. ഒട്ടും മാറ്റ് കുറയാത്ത സ്വര്‍ണത്തില്‍ പുതുപുത്തന്‍ പണ്ടങ്ങള്‍ തീര്‍പ്പിക്കണം. നേരത്തെ ഏല്‍പ്പിച്ചാലേ സമയത്ത് പണ്ടങ്ങളുടെ പണി തീരൂ. ആ കാലമൊക്കെ പഴയകാല തട്ടാന്‍മാരുടെ ഓര്‍മകളില്‍ മാത്രമാണ്. തട്ടാനില്ലാത്ത ഗ്രാമങ്ങളില്ലായിരുന്നു അന്ന്. എന്നാല്‍ ഉപജീവനത്തിന് സ്വര്‍ണപ്പണി പോരായെന്ന് തിരിച്ചറിഞ്ഞ് കൂട്ടത്തോടെ മറ്റ് പണികളിലേക്ക് തിരിഞ്ഞിരിക്കുകയാണ് വിശ്വകര്‍മജരിലെ ഈ വിഭാഗം. പൊന്നാചാരി എന്നും തട്ടാന്‍ എന്നുമാണ് സ്വര്‍ണപ്പണിക്കാരായ വിശ്വകര്‍മജര്‍ അറിയപ്പെടുന്നത്. സ്വര്‍ണ്ണത്തെക്കൂടാതെ വജ്രംകൊണ്ടും രത്‌നം കൊണ്ടുമുള്ള ആഭരണങ്ങള്‍, പവിത്രമായ താലി, തിരുവാഭരണങ്ങള്‍ മുതലായവയും തട്ടാന്‍മാര്‍ ചെയ്തുകൊടുക്കുന്നവയില്‍പ്പെടും. ഏത് കാലത്തും സ്വര്‍ണത്തിന്റെ ആവശ്യവും ഉപയോഗവും ഒട്ടും കുറയുന്നില്ലെങ്കിലും പരമ്പരാഗതമായി സ്വര്‍ണപ്പണി നടത്തിവന്നിരുന്നവര്‍ക്ക് ജോലിയില്ലാത്ത അവസ്ഥയാണിന്ന്.
ഏറെ ക്ഷമയും ശ്രദ്ധയും ആവശ്യമുള്ള ഒരു കൈവേലയാണ് സ്വര്‍ണ്ണപ്പണി. ചെറിയ സ്വര്‍ണക്കണ്ണികള്‍ കൂട്ടിക്കൊരുത്ത് വിളക്കിയെടുത്ത് പല ഫാഷനുകളില്‍ മാലകളും മറ്റും നിര്‍മിക്കാന്‍ മാസങ്ങള്‍ വരെ ചിലപ്പോള്‍ വേണ്ടിവരും. ജോലിസമയം ലാഭിക്കാന്‍ അത്യാവശ്യം യന്ത്രസഹായം ഉപയോഗിച്ചുതുടങ്ങിയെങ്കിലും പുതിയ തലമുറ ഈ ജോലിയോട് പാടേ മുഖം തിരിക്കുകയാണ്. ആഭരണനിര്‍മ്മാണത്തിനാവശ്യമായ സ്വര്‍ണക്കണ്ണികള്‍ യന്ത്രസഹായത്തോടെ വിപണിയില്‍ ലഭിക്കാന്‍ തുടങ്ങിയത് തട്ടാന്‍മാരുടെ ജോലിസാധ്യത ഇല്ലാതാക്കുകയാണ് ചെയ്തത്. ജ്വല്ലറികളുടെ ആവശ്യാനുസരണം ആഭരണം നിര്‍മ്മിച്ചുനല്‍കാന്‍ ആദ്യകാലത്തൊക്കെ ഓര്‍ഡര്‍ ലഭിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ കേരളത്തിന് പുറത്തുനിന്ന് ആഭരണങ്ങള്‍ എത്തുന്നതിനാല്‍ ആ സാധ്യതയും തട്ടാന്‍മാര്‍ക്ക് മുന്നിലടഞ്ഞു. സ്വര്‍ണച്ചിട്ടിയും മുന്‍കൂര്‍ ബുക്കിംഗുമൊക്കെ ജ്വല്ലറികളിലേക്ക് ആളുകളെ കൂട്ടത്തോടെ എത്തിക്കുമ്പോള്‍ മാറുന്ന കാലത്ത് പൊന്നാശാരിമാരുടെ കുലത്തൊഴില്‍ സാധ്യത മങ്ങി നിറംകെട്ടുപോകുകയാണ്.
അച്ഛന്‍ പണിത പണ്ടങ്ങളണിയുന്നവര്‍ ഇന്നുമുണ്ടെന്ന് മകള്‍
പതിറ്റാണ്ടുകളായി സ്വര്‍ണപ്പണി കുലത്തൊഴിലാക്കിയ കുടുംബത്തില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടി അധ്യാപികയായി ജോലി നോക്കുന്ന പത്തനംതിട്ട കോന്നിയിലെ ശ്രീകലക്ക് പഴയകാല ഓര്‍മ്മകള്‍ ഗൃഹാതുരത്വം നിറഞ്ഞതാണ്. നാട്ടിലെത്തുമ്പോള്‍ ഇപ്പോഴും അച്ഛന്‍ പണിത ആഭരണമെന്ന് പറഞ്ഞ് ചിലര്‍ മാലയും വളകളും കാട്ടിത്തരാറുണ്ട്. അച്ഛന്‍ മരിച്ചിട്ട് കാലങ്ങള്‍ കഴിഞ്ഞതിനാല്‍ തന്നെ അഭിമാനവും സങ്കടവുമാണ് അത്തരം പരിചയപ്പെടുത്തലുകള്‍ സമ്മാനിക്കുന്നതെന്നും ശ്രീകല പറഞ്ഞു. ഓട്ടുപാത്രനിര്‍മാണമായിരുന്നു അപ്പുപ്പന്റെ ജോലി. അച്ഛനും അത് കണ്ടാണ് വളര്‍ന്നത്. എന്നാല്‍ അച്ചന്‍ ഉള്‍പ്പെടെ അഞ്ച് ആണ്‍മക്കളില്‍ നാലുപേരും സ്വര്‍ണപ്പണിയിലേക്ക് തന്നെ തിരിച്ചെത്തി. പരമ്പരാഗത സ്വര്‍ണപ്പണിക്കാരായ അമ്മയുടെ കുടുംബത്തിനൊപ്പം അച്ഛനും സജീവമായതോടെ എന്നും ജോലിത്തിരക്കായി. പിന്നീട് സ്വര്‍ണപ്പണിക്കാര്‍ക്ക് പണികുറഞ്ഞതും കട നഷ്ടത്തിലായി പൂട്ടി അച്ഛന്‍ വീട്ടിലിരുന്ന് ചെറിയ പണികള്‍ ചെയ്തതുമൊക്കെ ശ്രീകല ഇങ്ങനെ ഓര്‍ക്കുന്നു
‘നാട്ടിലെ പ്രമുഖ ധനിക കുടുംബത്തിലെ നാലു പെണ്‍കുട്ടികളുടെ വിവാഹത്തിന് ആവശ്യമായ സ്വര്‍ണപണ്ടങ്ങള്‍ മുഴുവന്‍ പണിതുനല്‍കിയത് അച്ഛനായിരുന്നു. ശങ്കരാഭരണം, താരച്ചെയിന്‍, ജിമുക്കി തുടങ്ങിയ ഫാഷനുകള്‍ക്കായിരുന്നു അന്ന് പ്രിയം. പണിക്കാരെ നിര്‍ത്തി രാത്രിയും പകലും പണിയെടുത്താണ് അന്നൊക്കെ പണ്ടങ്ങള്‍ തീര്‍ത്തിരുന്നത്. അച്ഛന്‍ തീര്‍ത്ത പണ്ടങ്ങളൊന്നും കുടുംബത്തില്‍ ആര്‍ക്കുമില്ല. പക്ഷേ മറ്റുള്ളവര്‍ അച്ഛന്‍ ചെയ്ത ആഭരണങ്ങള്‍ കാണിക്കുമ്പോള്‍ വല്ലാത്ത അഭിമാനമുണ്ട്.’ ശ്രീകല പറയുന്നു.
ശ്രീകലയുടെ കുടുംബം മുഴുവന്‍ സ്വര്‍ണപ്പണിക്കാരായിരുന്നെങ്കിലും പിന്നീടുവന്ന തലമുറയില്‍ ഒന്നോ രണ്ടോ പേരില്‍ മാത്രമായി അത് ഒതുങ്ങിക്കഴിഞ്ഞിരിക്കുന്നു. പഠിപ്പുള്ളവര്‍ അതിന് അനുസൃതമായ ജോലികള്‍ കണ്ടെത്തി. ചെറുപ്പക്കാരില്‍ പലരും ഗള്‍ഫുകാരായി. ചിലര്‍ കെട്ടിടം പണിയിലേക്ക് തിരിഞ്ഞു. പതിറ്റാണ്ടുകളായി സ്വര്‍ണപ്പണി ചെയ്തുവന്നിരുന്ന ശ്രീകലയുടെ കുടുംബത്തില്‍ ഒരാള്‍ മാത്രമാണ് കുലത്തൊഴില്‍ ചെയ്ത് കുടുംബം പുലര്‍ത്തുന്നത്. പൂര്‍വ്വികര്‍ ഉപയോഗിച്ചുവന്നിരുന്ന ചെറിയ പണിയായുധങ്ങള്‍ ആര്‍ക്കും വേണ്ടാതെ തങ്ങളുടെ വീടുകളിലുണ്ടെന്നും ശ്രീകല പറയുന്നു.
കൂണുപോലെ വളരുന്ന ജ്വല്ലറികള്‍
തട്ടാനെ കണ്ട് ഫാഷന്‍ പറഞ്ഞ് ആഭരണം പണിയിച്ചിരുന്നവര്‍ക്ക് മുന്നിലാണ് കണ്ണഞ്ചിപ്പിക്കുന്ന തിളക്കവുമായി പല അളവിലും തൂക്കത്തിലും ഫാഷനിലുമുള്ള സ്വര്‍ണാഭരണങ്ങളുമായി ജ്വല്ലറികള്‍ കൂണുകള്‍ പോലെ വളര്‍ന്നത്. കൈ നിറയെ കാശുമായെത്തി മനസ്സിനിണങ്ങിയ ആഭരണങ്ങളുമായി മടങ്ങുന്നവര്‍ക്ക് തട്ടാന്റെ ആവശ്യമില്ലാതായി. ജ്വല്ലറികളില്‍ തട്ടാന്‍മാരെ നിര്‍ത്തി ആഭരണങ്ങള്‍ പണിയിപ്പിച്ചിരുന്നെങ്കിലും യന്ത്രവത്കരണമായതോടെ പരമ്പരാഗത സ്വര്‍ണപ്പണിക്കാര്‍ക്ക് അവസരങ്ങള്‍ തീരെ കുറഞ്ഞു. പണിക്കൂലി എന്ന പേരില്‍ വന്‍തുകയാണ് ജ്വല്ലറികള്‍ ഈടാക്കുന്നതെങ്കിലും പണിക്ക് വിളിക്കുന്ന സ്വര്‍ണപ്പണിക്കാര്‍ക്ക് നല്‍കുന്ന തുക തീരെ തുച്ഛമാണ്. ഇത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നവരെ പണിയില്‍ നിന്ന് പറഞ്ഞുവിടുമെന്നതിനാല്‍ അവര്‍ മൗനമായി ഇത് സഹിക്കുകയാണ്. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ പുറത്ത് ബംഗാളികളുള്ളതിനാല്‍ മുതലാളിമാര്‍ക്ക് ആശങ്കയില്ല. നിലവിലുള്ളതില്‍ മിക്ക സ്വര്‍ണപ്പണിക്കാരും ചെറുകിട ജ്വല്ലറികളെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. കള്ളക്കടത്ത് സ്വര്‍ണം അധികവും വിറ്റുപോകുന്നത് വന്‍ ജ്വല്ലറികള്‍ വഴിയാണെന്നും അത് ആരെങ്കിലും കണ്ടെത്തി നടപടി എടുക്കുന്നുണ്ടോ എന്നും ചിലര്‍ വെട്ടിത്തുറന്നുചോദിക്കുന്നു.
ഒരു ഡിസൈനില്‍ ഉള്ള ഒരു ആഭരണം തട്ടാന്‍ ദിവസങ്ങളെടുത്ത് തയ്യാറാക്കുമ്പോള്‍ ഒറ്റയടിക്ക് ഒരു ഡിസൈനിലെ നൂറുകണക്കിന് ആഭരണങ്ങളാണ് മെഷീന്‍ വഴി നിര്‍മ്മിക്കുന്നതെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. ജ്വല്ലറികളുടെ ആവശ്യത്തിനായി ഒന്നോ രണ്ടോ തട്ടാന്‍മാരെ സ്ഥിരം നിര്‍ത്താറുണ്ട്. അതില്‍ക്കൂടുതല്‍ പേരെ നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്ന് സ്വര്‍ണക്കടക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. പഴയകാല സ്വര്‍ണാഭരണങ്ങളുടെ പ്രൗഢിയും അഴകും മെഷീനുകള്‍ക്ക് നല്‍കാനാകില്ലെന്ന് പക്ഷേ പഴയ തലമുറ പറയുന്നു. വിദഗ്ദ്ധനായ ഒരു തട്ടാന് മാത്രമേ നാഗപടത്താലി, പാലയ്ക്കമാല, ഇളക്കത്താലി, പൂത്താലി, കാശുമാല തുടങ്ങിയവ തനത് ശൈലിയില്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ എന്നാണ് സ്വര്‍ണപ്പണിക്കാര്‍ അവകാശപ്പെടുന്നത്.
കാതുകുത്താനും തട്ടാന്‍ വേണ്ട
പത്തിരുപത് വര്‍ഷം മുമ്പ് നൂറിലധികം സ്വര്‍ണപ്പണിക്കാര്‍ ചെങ്ങന്നൂരില്‍ മാത്രമായി ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ പിന്‍ഗാമികളായി ഇപ്പോള്‍ പതിനഞ്ചോളം പേര്‍ മാത്രമാണ് ആ ജോലി ചെയ്യുന്നത്. കുടുംബം മുന്നോട്ട് കൊണ്ടുപോകാനുള്ള വരുമാനം ഇല്ലാതായതോടെ സ്വര്‍ണപ്പണി വിട്ട് മീന്‍കച്ചവടം വരെ ചെയ്യുന്നവരുണ്ടെന്ന് സ്വര്‍പ്പണിക്കാരനായ പ്രസന്നന്‍ പറഞ്ഞു.
‘കാല്‍ നൂറ്റാണ്ടിലധികമായി ഞാനീ പണി ചെയ്യാന്‍ തുടങ്ങിയിട്ട്. ഇപ്പോള്‍ തുച്ഛമായ കാശിന് ഞങ്ങള്‍ ചെയ്യുന്ന പണി ചെയ്യാന്‍ ജ്വല്ലറികള്‍ അന്യസംസ്ഥാനതൊഴിലാളികളെ കൊണ്ടുവരുന്നു. കിലോകണക്കിന് സ്വര്‍ണം വാങ്ങി തട്ടാന്‍മാരെ ഇരുത്തി പണിത് വില്‍ക്കാനുള്ള ശേഷി ഞങ്ങള്‍ക്കില്ല, എങ്ങനെ മുന്നോട്ട് പോകണമെന്ന് പറയൂ..എന്തായാലും ഒരു കാര്യം തീര്‍ച്ചയാക്കിയതാണ്, ഞങ്ങടെ മക്കളെ ഈ പണിക്ക് വിടില്ല’..ആത്മരോഷത്തോടെ പ്രസന്നന്‍ പറയുന്നു.
ബിജു, സതീഷ്, പ്രസന്നന്‍ എന്നിവര്‍ ഒന്നിച്ചാണ് പണികള്‍ ഏറ്റെടുക്കുന്നത്. മണിക്കൂറുകളോളം കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിവര്‍ത്തികേട് കൊണ്ട് തൊഴില്‍ തുടരുകയാണെന്നും ഇവര്‍ പറഞ്ഞു. ചെറിയ ജ്വല്ലറികള്‍ ചിലപ്പോള്‍ പണിക്കു വിളിക്കും, ബാങ്കുകളില്‍ സ്വര്‍ണത്തിന്റെ മാറ്റു നോക്കാനായും വിളിക്കാറുണ്ട്. പക്ഷേ ഇതൊന്നും സ്ഥിരമല്ല. സ്വര്‍ണത്തെ അലിയിക്കാന്‍ ഉപയോഗിക്കുന്ന കാഡ്മിയം ബോണ്‍ ക്യാന്‍സറിന് കാരണമാകുന്നതായും ഇവര്‍ പറയുന്നു. എന്തായാലും കുലത്തൊഴില്‍ എന്ന നിലയില്‍ അടുത്ത തലമുറയില്‍ ആരെയും ഈ മേഖലയിലേക്ക് കടക്കാന്‍ പ്രോത്സാഹിപ്പിക്കില്ല. അതുകൊണ്ട് ജീവിക്കാന്‍ സാധ്യമല്ലെന്ന് തെളിയിക്കുന്നുണ്ട്് നിലവിലെ സ്വര്‍ണപ്പണിക്കാരുടെ ജീവിതം.
എങ്കിലും ചെറിയ രീതിയിലാണെങ്കിലും സ്വര്‍ണപ്പണി ചെയ്ത് ജീവിക്കുന്ന ചില കുടുംബങ്ങള്‍ ഇപ്പോഴുമുണ്ട്. ചെറിയ കടകളിലായി സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ പണിയുമായി കഴിയുന്ന ഇവരെത്തേടി നാട്ടുകാര്‍ ഇപ്പോഴുമെത്താറുണ്ട്. വലിയ ആഭരണങ്ങളല്ല തീരെ ചെറിയ ഒന്നോ രണ്ടോ ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങളാണ് ആവശ്യം. വെള്ളി പാദസരവും അരഞ്ഞാണവും തീര്‍ക്കാന്‍ നാട്ടിന്‍പുറങ്ങളില്‍ അധികംപേരും തങ്ങളെ സമീപിക്കാറുണ്ടെന്നും ചിലര്‍ പറഞ്ഞു. ഒട്ടേറെ പരമ്പരാഗതസ്വര്‍ണപ്പണിക്കാരുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലും പരിസരപ്രദേശങ്ങളിലും ഇന്ന് ആ പണി ചെയ്യുന്നത് രണ്ടോ മൂന്നോ പേര്‍ മാത്രമാണ്. കാതു കുത്താനും മൂക്ക് കുത്താനും മാത്രം ആരെങ്കിലും തട്ടാനെ അന്വേഷിച്ചാലായി. ഇപ്പോള്‍ കാതുകുത്തല്‍ ജ്വല്ലറികളും ബ്യൂട്ടി പാര്‍ലറുകളും ഏറ്റെടുത്തതോടെ അതിനും തട്ടാന്റെ ആവശ്യമില്ലാതായി.