പിതാവിന്റേയും പുത്രന്റേയും
പരിശുദ്ധാത്മാവിന്റേയും നാമത്തില്‍
പിഴകളോരോന്നും
അവള്‍ എണ്ണിപ്പറഞ്ഞു
അപ്പോള്‍
കുമ്പസാരക്കൂട്ടില്‍ നിന്നും
ഇറങ്ങിവന്ന പാപം
അവളെ വിവസ്ത്രയാക്കി…..
മുട്ടുവിന്‍ തുറക്കപ്പെടുമത്രെ.
മുട്ടി അവള്‍
പിതാവിന്റെ വാതിലുകളില്‍,
തുടരെത്തുടരെ.
ഒടുവില്‍ അവിടെ
മോഹാലസ്യപ്പെട്ടു വീണപ്പോള്‍
ആരോ വന്ന് പുറത്തു തട്ടി
കണ്ണു തുറന്നു നോക്കിയപ്പോള്‍…..
മുള്‍ക്കിരീടം
ചുമലില്‍ മരക്കുരിശ്
കൈകാലുകളില്‍ മുള്ളാണികള്‍ …….
ഒപ്പം അരുളപ്പാടും,
ഇതെന്റെ രണ്ടാം കുരിശേറ്റം!