”അമ്മക്ക് ഗിരീഷങ്കിളിനെ കല്യാണം കഴിച്ചൂടായിരുന്നോ..””
ഗൗരി ഷോക്കേറ്റതുപോലെ ചാടിയെഴുനേറ്റു..
”നീയെന്താ പറഞ്ഞത്…””
”ദേഷ്യപ്പെടണ്ട.. ഞാന്‍ കാര്യമാണ് പറഞ്ഞത്. പറഞ്ഞത് സത്യമല്ലേ…””
അഞ്ജുവിന്റെ ചോദ്യത്തിനും നോട്ടത്തിനും മുന്നില്‍ ഗൗരി ചൂളിപ്പോയി.. ഇല്ല, അവളോടൊന്നും ഒളിക്കാന്‍ കഴിയില്ല. പത്തൊന്‍പതുവയസ്സിന്റെ മനസ്സ് എന്താണന്നു ഗൗരിക്ക് ഇന്നും നല്ല ഓര്‍മ്മയുണ്ട്.. മകളുടെ മുന്നില്‍ കുറ്റവാളിയെപ്പോലെ ഗൗരി തളര്‍ന്നുകിടന്നു. ചരിഞ്ഞു കിടന്നപ്പോള്‍ അഞ്ജു പിന്നില്‍ കൂടി അമ്മയെ കെട്ടിപ്പിടിച്ചു.
”അമ്മയെ സങ്കടപ്പെടുത്താന്‍ പറഞ്ഞതല്ല.. അമ്മയുടെ സങ്കടം കണ്ട് പറഞ്ഞതാണ്..””
ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അടുത്ത കാലത്ത് ഗിരീഷിനെ കാണുന്നത്. ഫോണ്‍ നമ്പര്‍ കിട്ടിയപ്പോള്‍ വിളിക്കണോ എന്നു വിചാരിച്ച് ഒരാഴ്ച കടിച്ചുപിടിച്ചിരുന്നു. പിന്നെ രണ്ടും കല്‍പ്പിച്ചാണ് വിളിച്ചത്.
”ഗിരീഷ്.. ഞാന്‍ ഗൗരിയാണ്.”
”എന്തൊക്കെയുണ്ട് ഗൗരി വിശേഷങ്ങള്‍….””
”നിനക്കെന്നെ മനസ്സിലായി അല്ലേ…””
”അത് പിന്നെ മനസ്സിലാകാതിരിക്കാന്‍ മാത്രം എന്താ…
ഇരുപത്തിമൂന്ന് കൊല്ലം എന്നാല്‍ അത്ര വല്യ സംഭവമാണോ”.
രണ്ടു പതിറ്റാണ്ടിന്റെ ഒരു അകല്‍ച്ചയുമില്ലാതെ, ഇന്നലെക്കണ്ട് പിരിഞ്ഞവരെപ്പോലെ അവര്‍ ധാരാളം സംസാരിച്ചു…
അതിനുശേഷമുള്ള ഗൗരിയുടെ മാറ്റം ഏറ്റവും ശ്രദ്ധിച്ചത് അഞ്ജുവാണ്. രാവിലെയുള്ള യുദ്ധത്തിനു ശേഷം എന്തൊക്കയോ വാരിച്ചുറ്റി ഓഫീസിലേക്ക് ഓടുന്ന ഗൗരി വളരെ നേരത്തെ എഴുന്നേറ്റു കൃത്യമായി കുളിച്ചൊരുങ്ങുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു.. നരക്കാന്‍ തുടങ്ങിയ മുടിയിഴകള്‍ വിദഗ്ദ്ധമായി ഒളിപ്പിച്ചു… ഭാര്യയുടെ ഈ മാറ്റം കൃഷ്ണകുമാറിനും അദ്ഭുതമായിരുന്നു. കഴിഞ്ഞ ഇരുപത് കൊല്ലത്തില്‍ ഒരിക്കല്‍ പോലും ഗൗരിയെ ഇങ്ങനെ കണ്ടിട്ടില്ല… കല്യാണങ്ങള്‍ക്ക് പോകാന്‍ പോലും അവള്‍ സാധാരണ കോട്ടണ്‍ സാരികളെ ഉപയോഗിക്കൂ. അതും എങ്ങനെയൊക്കെയോ വാരിച്ചുറ്റി..
“”ഇതെന്താടോ… എന്ത് പറ്റി. ഈ വയസ്സുകാലത്ത്. ””
“”ഓരോന്നിനും അതിന്റെതായ സമയമില്ലേ ദാസാ…””
ഓഫീസിലേക്ക് പാഞ്ഞിറങ്ങുമ്പോള്‍ ഗൗരി സാരി ഉടയാതെ ശ്രദ്ധിച്ചു. പഴയ സാരിയാണ്.. പഴയതെന്നു പറഞ്ഞാല്‍ ഒരുപാട് പഴയത്. അഞ്ജു ആണ് അമ്മ ഇന്ന് ഇതുടുത്താല്‍ മതി എന്ന് പറഞ്ഞത്… അവളും കൂടെ വരുന്നുണ്ട്…
ഇന്ന് ഗിരീഷ്—വരുന്നുണ്ട്. അവന്‍ തീര്‍ച്ചയായും കണ്ടിട്ടേ പോകൂ എന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്. ലീവെടുത്തതോ, ഓഫീസില്‍ പോകാതിരിക്കുന്നതോ കൃഷ്ണനോട് പറഞ്ഞിട്ടില്ല. താന്‍ ചെയ്യുന്നത് തെറ്റാണോ എന്ന് ഇടക്കൊന്നു ചിന്തിച്ചിരുന്നു.. അല്ല.. തീര്‍ച്ചയായും അല്ല.. മനസ്സാക്ഷിയും ഹൃദയവും തമ്മില്‍ ഇടക്കൊരു മത്സരം ഉണ്ടാകാറുണ്ട്.. രണ്ടുപേരെയും ഒരേ സമയം തൃപ്തിപ്പെടുത്താന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല.. അതുകൊണ്ട് അവരെ അവരുടെ വഴിക്കങ്ങു വിട്ടു.
പണ്ടും അങ്ങനെതന്നയെ ചിന്തിച്ചിട്ടുള്ളൂ.. കാഴ്ചയില്‍ ഒരു പ്രത്യേകതയും തോന്നാത്ത ഗിരീഷിനോട് എങ്ങനെ ആകര്‍ഷണം തോന്നി എന്ന് അന്നുമറിയില്ല ഇന്നുമറിയില്ല.. അധികമാരോടും അടുപ്പം കാണിക്കാത്ത താന്‍ ഗിരീഷിനോട് മാത്രം ചിരിച്ചു കളിച്ച് ധാരാളം സംസാരിച്ചിരുന്നത് കൂട്ടുകാര്‍ക്കും അദ്ഭുതമായിരുന്നു…
”നിനക്കിവനെയെ കിട്ടിയുള്ളോ… ഈ നീര്‍ക്കോലിയെ…””
”കൊടക്കൊളുത്ത് പോലാ ഇരിക്കുന്നത്… അവന്റെ വിചാരം കാമദേവന്‍ ആണന്നാണ്…””
പ്രത്യേക കഴിവുകളോ, സൗന്ദര്യമോ, പഠനസാമര്‍ത്ഥ്യമോ ഒന്നുമില്ല… ഇങ്ങനെ ഒരുത്തന്‍ ക്ലാസ്സിലുണ്ട് എന്നുപോലും ആരും ശ്രദ്ധിക്കില്ല… ഇങ്ങനെയൊക്കെയാണെങ്കിലും ഗിരീഷിന്റെ കണ്ണുകളിലെ വല്ലാത്ത ഒരു പ്രകാശം ഗൗരിക്ക് ഒരുപാടിഷ്ടമായിരുന്നു… അവളോട്— മാത്രം അവന്‍ ഒരുപാടൊരുപാട് സംസാരിച്ചു…
പറഞ്ഞതില്‍ മിക്കതും അവള്‍ക്ക് മനസ്സിലാകാത്ത വിഷയങ്ങള്‍… ദേശീയത, രാഷ്ട്രം, രാഷ്ട്രവൈഭവം..
”പറ ഗിരീഷ്—…സത്യത്തില്‍ എന്താ നീയീ പറയുന്ന പ്രസ്ഥാനം…”’’ഗിരീഷ്— നിറഞ്ഞു ചിരിച്ചു…
”ഒരുകൂട്ടം വിഡ്ഢികള്‍…എല്ലാവരും അവനവനെപ്പറ്റി ചിന്തിക്കുമ്പോള്‍ സമൂഹത്തെപ്പറ്റി മാത്രം ചിന്തിക്കുന്ന ഒരുകൂട്ടം വിഡ്ഢികള്‍…” വീടിനടുത്ത അമ്പലത്തില്‍ വൈകിട്ട് കാണുന്ന ഒരുകൂട്ടം പിള്ളേര്‍… അവര്‍ പാടുന്ന ചില പാട്ടുകള്‍… കളികള്‍…
ചിലപ്പോള്‍ താളത്തില്‍ മാര്‍ച്ച് ചെയ്ത് പോകുന്ന കുറെ ചെറുപ്പക്കാര്‍….
ഇവര്‍ ഇവിടെ എന്ത് ചെയ്യാന്‍ പോകുന്നു എന്നാണു ഗിരീഷ്— പറയുന്നത്…
ഒരു ദിവസം അവന്‍ കോളേജില്‍ വന്നപ്പോള്‍ തലയില്‍ ഒരു ചുറ്റിക്കെട്ട്.. ഉണങ്ങിനില്‍ക്കുന്ന ചോരപ്പാടുകള്‍… അന്ന് ഭയന്ന് പോയി..
”നീ വഴക്കിനും പോയിത്തുടങ്ങിയോ… ഇതാണോ നീയീ കൊട്ടിഘോഷിക്കുന്ന ആര്‍ഷഭാരത പ്രസ്ഥാനം…”’’
”നിനക്കത് മനസ്സിലാകില്ല ഗൗരി…”’’
ഗൗരി പിന്നീട് ഒന്നും ഗിരീഷിനോട് പറഞ്ഞിട്ടില്ല… അവന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് തനിക്ക് മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരു തലമുണ്ട് എന്ന് അവള്‍ക്ക് അറിയാമായിരുന്നു..
ഒരു ദിവസം ഗിരീഷ്— കുറെ വര്‍ണ്ണചരടുകള്‍ ക്ലാസ്സില്‍ കൊണ്ടു വന്നു.. എല്ലാവര്‍ക്കും കൊടുത്തു… ഗൗരിക്ക് മാത്രം കൊടുത്തില്ല..
അന്തംവിട്ടിരുന്ന അവളോട്—പതിവുപോലെ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്…
”അത് ഞാന്‍ നിനക്ക് തരില്ല… നിനക്കുള്ളതല്ല അത്… അത് രക്ഷാബന്ധന്‍ ആണ്…”’
’
ഒരുദിവസം അപ്രതീക്ഷിതമായി ആണ് ഗിരീഷ്— അവളോട്‌ചോദിച്ചത്..
”ഗൗരി ..നിനക്കെന്നോട് പ്രേമമാണോ …””
”അതേ…നല്ല പ്രേമമാണ്…എന്തേ. .ആയിക്കൂടെ…””
ആ മറുപടി ഒരിക്കലും ഗിരീഷ്—പ്രതീക്ഷിച്ചിരുന്നില്ല… അത് ശരിയാണങ്കില്‍ കൂടി. അവള്‍ നിശബ്ദയായി തലകുനിക്കുമെന്നോ.. അല്ലെങ്കില്‍, എന്ത് പ്രേമം.. വെറും സൗഹൃദം എങ്ങനെ പ്രണയമാകും ഇങ്ങനെ കേട്ടുപഴകിയ ക്ലീഷേ വാചകങ്ങളാണ് അയാള്‍ പ്രതീക്ഷിച്ചത്… അവിടെ തോറ്റുപോയത് ഗിരീഷ്—തന്നയാണ്..
ഗൗരിക്കറിയില്ല തനിക്ക് ഒരിക്കലും അവളെ ഒപ്പം ചേര്‍ക്കാന്‍ കഴിയില്ല എന്ന്.. ഗിരീഷിന്റെ മനസ്സ് വളരെ മുമ്പേ തന്നെ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞതാണ്.. അത് ഗൗരിക്കെന്നല്ല ആര്‍ക്കും പെട്ടെന്ന് മനസ്സിലാകാത്ത മാര്‍ഗ്ഗത്തില്‍ ആയിരുന്നു എന്നു മാത്രം… ഒരു സംഘടനയില്‍ വിശ്വസിക്കുക, അതിനുവേണ്ടി ജീവിതം സമര്‍പ്പിക്കുക… ഇതൊക്കെ കഥകളിലും സിനിമകളിലും മാത്രം കണ്ടു ശീലിച്ച ഗൗരി അയാളിത് പറഞ്ഞപ്പോള്‍ പരിസരം മറന്നു ചിരിച്ചു…
”പിന്നേ…നീ…നടക്കുന്ന കാര്യം വല്ലതും പറ ഗിരീ…
അതുപോട്ടെ… നീയെന്നെ ഇഷ്ടപ്പെടണ്ട… എനിക്ക് നിന്നെ ഇഷ്ടപ്പെടാമല്ലോ… അതിനു ആരുടേം അനുവാദം വേണ്ടല്ലോ.. നീ നിത്യബ്രഹ്മചാരിയായി സാമൂഹ്യപ്രവര്‍ത്തനം… എന്ത് കുന്തം വേണേല്‍ ആയിക്കോ…””
ഇത് പറയുമ്പോഴും ഗൗരിയില്‍ എന്തോ ഒരു പ്രതീക്ഷ മുളപൊട്ടി കിടന്നിരുന്നു.. പക്ഷേ ഡിഗ്രിക്ക് ശേഷം എങ്ങോട്ടെന്നില്ലാതെ ഗിരീഷ്— അപ്രത്യക്ഷനായപ്പോഴാണ് അയാള്‍ പറഞ്ഞതിന്റെ ഗൗരവം അവള്‍ക്ക് ബോധ്യപ്പെട്ടത്.. അയച്ച കത്തുകള്‍ മേല്‍വിലാസക്കാരനെ കാണാതെ തിരിച്ചു വന്നുകൊണ്ടേയിരുന്നു.. എങ്കിലും അവള്‍ അവന് എഴുതുന്നത് നിര്‍ത്തിയില്ല.. തിരികെ വന്ന കത്തുകള്‍ അവള്‍ തന്നെ വായിച്ചു..
അവളുടെ കണ്ണുകളിലൂടെ, ചിന്തകളിലൂടെ അവളുടെ ഉള്ളിലെ അവനും അത് വായിച്ചുകൊണ്ടേയിരുന്നു…
പെണ്ണുകാണാന്‍ വന്നവരിലൊക്കെയും ഗൗരി തിരഞ്ഞത് പ്രകാശിക്കുന്ന രണ്ടു കണ്ണുകളെ ആണ്… ഒന്നിന് പിറകെ ഒന്നായി ഓരോ വിവാഹാലോചനയും അവള്‍ വേണ്ടന്നുവെച്ചു.. ആരും അവളെ നിര്‍ബ്ബന്ധിച്ചില്ല… സര്‍ക്കാര്‍ ജോലി കിട്ടി, വയസ്സ് മുപ്പതും കടന്ന് വീട്ടുകാര്‍ എല്ലാ പ്രതീക്ഷയും കൈവിട്ട ദിവസങ്ങളില്‍ ഒന്നില്‍ കാണാന്‍ വന്ന കൃഷ്ണകുമാറിന്റെ ഒപ്പം ജീവിക്കാന്‍ ഗൗരി തീരുമാനിച്ചു..
ഗിരീഷ്—പൂര്‍വ്വാശ്രമത്തിലെവിടെയോ മറഞ്ഞുകഴിഞ്ഞിരുന്നു എങ്കിലും അയാള്‍ക്കെഴുതി മടങ്ങിവന്ന കത്തുകള്‍ അവള്‍ സൂക്ഷിച്ചിരുന്നു. വിവാഹം തീരുമാനിച്ച ദിവസം അവള്‍ അയാള്‍ക്ക് അവസാനത്തെ കത്തെഴുതി… വിവാഹത്തിന് ഒരാഴ്ചക്ക് ശേഷം അതും മടങ്ങിയെത്തി. പിന്നീട് അവള്‍ ഗിരീഷിനു കത്തെഴുതിയിട്ടില്ല. തനിക്ക് വിധിക്കപ്പെട്ട ജീവിതവും മകളുടെ വളര്‍ച്ചയും എല്ലാമായി ഒരു ഇടത്തരം കുടുംബത്തിന്റെ പരാധീനതകളിലേക്ക് പരകായപ്രവേശം നടത്തുമ്പോള്‍ ഗൗരി ഏറ്റവും ആഗ്രഹിച്ചത് ഒരിക്കലും ഇനി ഗിരീഷിനെ ഓര്‍ക്കരുതേ എന്നായിരുന്നു…
അപ്പോഴും മടങ്ങിവന്ന കത്തുകളുടെ കെട്ട് അവള്‍ നിധിപോലെ സൂക്ഷിച്ചു… ഇടക്ക് അലമാര തുറക്കുമ്പോഴും അടുക്കിപ്പെറുക്കുമ്പോഴും തൊണ്ടയില്‍ കുരുങ്ങിയ ഒരു നെടുവീര്‍പ്പോടെ ആ കത്തുകളുടെ കെട്ടിലേക്ക് ഒന്ന് പാളി നോക്കുകയല്ലാതെ അവള്‍ ഒരിക്കലും അത് തുറന്നില്ല…
അങ്ങനെയിരിക്കെ ആണ് അഞ്ജു ഗൗരിയോട് ആ ചോദ്യം ചോദിച്ചത്..
”അമ്മക്ക് ഗിരീഷങ്കിളിനെ കല്യാണം കഴിച്ചുകൂടായിരുന്നോ….””
കൃഷ്ണകുമാര്‍ അന്ന് വീട്ടിലുണ്ടായിരുന്നില്ല… അഞ്ജുവിന്റെ ചോദ്യത്തില്‍ ആകെ പകച്ചുപോയ ഗൗരി അലമാര തുറന്നപ്പോള്‍ ആ കത്തുകളുടെ പൊതി കാണാനില്ല…
”ഞാന്‍ വെറുതേ അലമാര തുറന്നപ്പോള്‍ ആണ് പഴയ ഈ പൊതി കണ്ടത്… വെറുതേ തുറന്നതാ അമ്മേ… അപ്പോള്‍ വായിക്കണമെന്ന് തോന്നി… എന്ത് നല്ല ഭാഷയാണ് അമ്മയുടേത്… ഇത് വെറും കത്തുകളല്ല… കവിതയാണ്… അമ്മ പേടിക്കണ്ട… ഞാനിത് ആരോടും പറയില്ല…””
അഞ്ജു അപ്പോള്‍ ഗൗരിക്ക് മകളായിരുന്നില്ല… എന്നോ നഷ്ടപ്പെട്ടുപോയ ഒരു പ്രകാശം അഞ്ജുവിന്റെ കണ്ണുകളില്‍ പടര്‍ന്നു
കത്തിയപ്പോള്‍ ഉറക്കെ ഒന്ന്
കരയാന്‍ പോലുമാകാതെ ഗൗരി മകളുടെ മുമ്പില്‍ മുട്ടുകുത്തി
ഇരുന്നുപോയി…
പതുക്കെ സ്വയം വീണ്ടെടുത്ത ഗൗരി അഞ്ജുവിനോട് ആ ചരിത്രമെല്ലാം പറഞ്ഞു… ഭൂതകാലത്തിന്റെ കരിമേഘക്കൂട്ടങ്ങള്‍ തകര്‍ത്തു പെയ്‌തൊഴിഞ്ഞപ്പോള്‍ തെളിഞ്ഞ മാനത്ത് കൃഷ്ണപ്പരുന്തുകള്‍ വട്ടമിട്ടു പറന്നുതാണു.. അഞ്ജു അമ്മയെ കെട്ടിപ്പിടിച്ചു ചുവന്നു വന്ന കവിളില്‍ ഉമ്മവെച്ചു..
”അമ്മേ… ഞാനൊരു കാര്യം പറയട്ടെ….””
ഗൗരി ആകാംക്ഷയോടെയും ഇത്തിരി ആശങ്കയോടയും അഞ്ജുവിനെ നോക്കി…
”അമ്മ ഒരു കത്തുകൂടി എഴുതൂ… ഒന്നിനുമല്ല… വെറുതേ… പോയി മടങ്ങിവരുന്ന ആ കത്ത് കാണുമ്പോള്‍ അമ്മയെ ശരിക്കൊന്നു കാണാനാണ്…””
ഗൗരിയുടെ മുഖം ഒന്നുകൂടി തുടുത്തു… കവിളുകള്‍ ചുവന്നു… ആഴം വെച്ച കണ്ണുകളില്‍ ഒരു കൗമാരകാലം നിറഞ്ഞു തുളുമ്പി…
പിന്നീട് കാത്തിരുന്നത് ഗൗരിയും അഞ്ജുവും ചേര്‍ന്നാണ്… ഓരോ ദിവസവും പോസ്റ്റ് ബോ
ക്‌സ് നോക്കുമ്പോള്‍ തെരഞ്ഞത് മടങ്ങിവരുന്ന ആ കത്തിനെ ആണ്… പക്ഷേ ദിവസങ്ങളും ആഴ്ചകളും കടന്നുപോയിട്ടും ഇവര്‍ കാത്തിരുന്ന ആ കത്ത് മടങ്ങിവന്നില്ല…
പ്രതീക്ഷയറ്റ ഒരു ദിവസം, അപരിചിതമായ കൈപ്പടയില്‍ ഗൗരിയെ തേടി ഒരു കത്ത് വന്നു..
നിസ്സംഗമായി കത്ത് തുറന്ന ഗൗരി അടിയിലെ പേരുകണ്ട് ഞെട്ടിപ്പോയി…. ഗിരീഷ്…
”പ്രിയപ്പെട്ട ഗൗരി…,
ഞാനിപ്പോള്‍ നാട്ടിലുണ്ട്. ഡിഗ്രി കഴിഞ്ഞ് ഞാന്‍ ആസ്സാമിലേക്ക് പോകാനായിരുന്നു സംഘടനയുടെ നിശ്ചയം. ഞാന്‍ പോയിക്കഴിഞ്ഞ് അമ്മ അനുജന്റെ ഒപ്പമായിരുന്നു. വല്ലപ്പോഴും വന്നു വീടും പറമ്പും വൃത്തിയാക്കിയിടും. കഴിഞ്ഞ വര്‍ഷം അമ്മ മരിച്ചു. അപ്പോഴാണ്—ഞാന്‍ അവസാനം നാട്ടില്‍ വന്നത്. ഇപ്പോള്‍ വരാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല. വെറുതേ ഒന്ന് തോന്നി..
അങ്ങനെ വന്നപ്പോഴാണ് നിന്റെ കത്ത് കിട്ടിയത്. അപ്പോഴാണ്‌നീ എനിക്ക് ഒരുപാട് കത്തുകള്‍ എഴുതി എന്ന് മനസ്സിലായത്. ഇപ്പോള്‍ അറിയുന്നു. ഞാനിപ്പോള്‍ നാട്ടില്‍ വന്നത് നിന്റെ കത്ത് വായിക്കാന്‍ ആണ്..
ഒരുപാട് ആലോചിച്ചതിനു ശേഷമാണ് ഇതെഴുതുന്നത്.. ആദ്യം വേണ്ട എന്ന് വിചാരിച്ചു.
പക്ഷേ ഇതൊരു ദൈവനിയോഗമാണ് എന്ന് തോന്നി… നമുക്കൊന്ന് കാണണം.. ഇതന്റെ നമ്പര്‍ ആണ്…
എപ്പോള്‍ വേണമെങ്കില്‍ വിളിച്ചോളൂ…
എന്ന് സ്വന്തം
ഗിരീഷ്”
പിന്നീട് അവര്‍ ഫോണില്‍ ഒരുപാട് സംസാരിച്ചു… ഇരുപത് കൊല്ലങ്ങളുടെ ഒരു അകല്‍ച്ചയുമില്ലാതെ ”ഗിരീഷ്…എനിക്കത്ഭുതമാണ് നിന്റെ കണ്ണുകള്‍ എങ്ങനെയാണ് എന്റെ മോള്‍ക്ക് കിട്ടിയത്…””
”മനസ്സില്‍ തീവ്രമായിക്കിടക്കുന്നത് പലതും മറക്കാന്‍ ശ്രമിക്കുന്തോറും പല രൂപത്തില്‍ പുറത്തേക്ക് വരും…””
”അപ്പോള്‍ നിനക്കറിയാം എല്ലാം…””
”അറിവുകള്‍ വേദനിപ്പിക്കുന്നതാകുമ്പോള്‍ മനപ്പൂര്‍വ്വം പടിയിറക്കി വിടാന്‍ നോക്കും… പക്ഷേ ചാക്കില്‍ കെട്ടി ദൂരെ ഉപേക്ഷിക്കുന്ന വളര്‍ത്തുമൃഗം യജമാനനെ അന്വേഷിച്ച് മടങ്ങിവരുന്നത് പോലെ അവ നമ്മെ തേടി വരിക തന്നെ ചെയ്യും. എത്ര കാലം കഴിഞ്ഞാലും…””
”എനിക്ക് വലിയ കാര്യങ്ങള്‍ ഒന്നുമറിയില്ല… നിനക്കെന്നെ ഇഷ്ടമായിരുന്നോ എന്ന് മാത്രമൊന്നു പറയാമോ.. ഒന്നിനുമല്ല… ഞാന്‍ നിന്റെ പിന്നാലെ വരില്ല… ഒരിക്കലും ശല്യം ചെയ്യില്ല… ഒന്നറിഞ്ഞാല്‍ മാത്രം മതി.. നിന്റെ നാവില്‍ നിന്ന്… അത്രക്കെങ്കിലും ദയ എന്നോട് കാട്ടിക്കൂടെ…””
അങ്ങേത്തലക്കല്‍ ഫോണ്‍ കട്ടായപ്പോള്‍ ഗൗരി ഉറക്കെ ചിരിച്ചു…
ഇന്ന് ഗിരീഷ്— ഗോഹട്ടിയിലേക്ക് മടങ്ങിപ്പോവുകയാണ്…
റെയില്‍വേ സ്റ്റേഷനില്‍ കാണാമെന്നാണ് പറഞ്ഞത്…
തടിവെച്ചിരിക്കുന്നു… തല നരച്ചിരിക്കുന്നു… പക്ഷേ ഗിരീഷിന്റെ കണ്ണുകളിലെ തിളക്കം.. അതിനൊരു മാറ്റവുമില്ല… കണ്ടപ്പോള്‍, നീണ്ട കാലത്തിന്റെ ഒരു അകല്‍ച്ചയുമില്ലാതെ അയാള്‍ നിറഞ്ഞുചിരിച്ചു…
പക്ഷേ ഗൗരി ഞെട്ടിയത്
അപ്പോഴല്ല…
”അവസാനം നമ്മള്‍ കാണുമ്പോള്‍ ഉടുത്തിരുന്ന അതേ സാരിയാണല്ലോ ഗൗരി ഇത്… നീയിത് മനപ്പൂര്‍വ്വം തന്നെ ഉടുത്തതാണോ…””
ഗൗരി അമ്പരന്നു അഞ്ജുവിനെ നോക്കിയപ്പോള്‍ അവള്‍ ചിരിച്ചു…. അഞ്ജുവാണ് ഇന്ന് സാരി എടുത്ത് ഇസ്തിരിയിട്ടു തന്നത്… ഉടുപ്പിച്ചത്… ഫ്‌ളീറ്റുകള്‍ പിടിച്ച് നേരെയാക്കിയത്…
ട്രെയിന്‍ കിതച്ചുകൊണ്ട് നങ്കൂരമിട്ടു… ഗിരീഷ്— എഴുന്നേറ്റപ്പോള്‍ ഗൗരി അയാള്‍ക്കയച്ച് തിരിച്ചു വന്ന കത്തുകളുടെ കെട്ട് ഗിരീഷിനെ ഏല്‍പ്പിച്ചു… അഞ്ജു ഓടിവന്നു ഗിരീഷിന്റെ കാല്‍ തൊട്ടു വണങ്ങി… അവളെ എഴുന്നേല്‍പ്പിച്ച് ഗിരീഷ്— നിറുകയില്‍ ചുംബിച്ചു…
ട്രെയിനിലേക്കുള്ള ആള്‍ക്കൂട്ടത്തിലേക്ക് ഗിരീഷ്— ഊളിയിട്ടുമറയുമ്പോള്‍ ഒരിക്കലും തിരിഞ്ഞു നോക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.