കോഴിക്കോട്: വിഭജനസമയത്ത് പാകിസ്ഥാനില്‍ കുടുങ്ങിപ്പോയി പീഡനമനുഭവിക്കേണ്ടിവന്ന മതന്യൂനപക്ഷങ്ങളോടുള്ള ഭാരതത്തിന്റെ ഉത്തരവാദിത്തമാണ് പൗരത്വനിയമഭേദഗതിയിലൂടെ രാഷ്ട്രം നിറവേറ്റുന്നതെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. കേസരി വാരികയുടെ വിവേകാനന്ദ ശിലാസ്മാരക പ്രത്യേക പതിപ്പ് ‘വിവേകപീഠ’ത്തിന്റെയും ജെ.നന്ദകുമാറിന്റെ ‘ഹിന്ദുത്വ ഫോര്‍ ദി ചേഞ്ചിങ്ങ് ടൈംസ്’ എന്ന ഗ്രന്ഥത്തിന്റെയും പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിയമം അംഗീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക ഭരണഘടനാ നിര്‍മ്മാതാവ് ഡോ.ബി.ആര്‍. അംബേദ്കറിന്റെ ആത്മാവായിരിക്കും. വിഭജനകാലത്ത് പാകിസ്ഥാനിലെ മുഴുവന്‍ ഹിന്ദുക്കളേയും ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു അംബേദ്കര്‍ പറഞ്ഞത്. 1921ല്‍ തുര്‍ക്കി-ഗ്രീസ് രാജ്യങ്ങള്‍ ജനങ്ങളെ കൈമാറ്റം ചെയ്ത രീതിയാണ് അംബേദ്കര്‍ മുന്നോട്ടുവെച്ചത്.
പാകിസ്ഥാനില്‍ ദളിത് ഹിന്ദുക്കള്‍ ഉന്മൂലനം ചെയ്യപ്പെടുമെന്നായിരുന്നു അംബേദ്കര്‍ ഭയപ്പെട്ടത്.
ബി.ആര്‍.അംബേദ്കറുടെ ആവശ്യം നെഹ്‌റു തള്ളിക്കളയുകയായിരുന്നു. മഹാത്മാഗാന്ധിയും ഇതേ കാര്യം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ആവശ്യം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇവരുടെ ആത്മാക്കള്‍ സന്തോഷിക്കുകയായിരിക്കും. സി.എ.എയുടെ പേരില്‍ നടത്തുന്ന കലാപത്തില്‍ ഇസ്ലാമിക ഭീകരര്‍ വര്‍ഷങ്ങളായി നടത്താന്‍ ശ്രമിക്കുന്ന ഒരു വലിയ പദ്ധതി പരാജയപ്പെട്ടതിന്റെ നൈരാശ്യം കാണാം. ഒരു അപ്രഖ്യാപിത യുദ്ധമാണ് ഇസ്ലാമിക ഭീകരര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബൃഹദ് ബംഗ്ലാദേശ് പദ്ധതിക്കും വിഘടനവാദത്തിനും ശക്തമായ ശ്രമം നടത്തുന്നു. കല്‍ക്കത്തയില്‍ ബംഗ്ലാ ഭാഷക്ക് പകരം ഉറുദു കൊണ്ടുവരാനുള്ള ശ്രമവും ഇതിന്റെ ഭാഗമാണ്. കപട പരിസ്ഥിതി സ്‌നേഹം പറഞ്ഞിരുന്ന ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അഭയാര്‍ത്ഥികളായി വന്ന ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തിയത് ചരിത്രമാണ്. മുഗളര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും തകര്‍ക്കാനാവാത്ത അസമിന്റെ സാംസ്‌കാരികത്തനിമയെ തകര്‍ക്കാനായി ആസൂത്രിത ഇസ്ലാമിക കൂടിയേറ്റത്തിനുള്ള ശ്രമവും ശക്തമായി നടത്താന്‍ ശ്രമിക്കുകയാണ്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശങ്കരാചാര്യര്‍ ഭാരതത്തിനെ പുനര്‍നിര്‍മ്മിച്ച പ്രവൃത്തി തന്നെയാണ് ആധുനിക കാലത്ത് സ്വാമി വിവേകാനന്ദനും ചെയ്തത്. ഹിന്ദുത്വത്തെ രക്ഷിക്കുക വഴി സ്വാമി വിവേകാനന്ദന്‍ ഭാരതത്തെയും രക്ഷിക്കുകയായിരുന്നു എന്ന സി. രാജഗോപാലാചാരിയുടെ വാക്കുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രാധാന്യമര്‍ഹിക്കുന്നു. വിവേകാനന്ദശില മൂല്യവത്തായ ഒന്നാണെന്നും സ്വാമി വിവേകാനന്ദന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡ്വ.പി.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. കേസരി വിവേകാനന്ദ ശിലാസ്മാരക വിശേഷാല്‍ പതിപ്പ് ജെ. നന്ദകുമാര്‍ കവി പി.പി. ശ്രീധരനുണ്ണി ക്ക് നല്‍കി പ്രകാശനം ചെയ്തു. ജെ. നന്ദകുമാര്‍ രചിച്ച ‘ഹിന്ദുത്വ ഫോര്‍ ദി ചേഞ്ചിങ്ങ് ടൈംസ്’ എന്ന ഗ്രന്ഥം ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പി.ആര്‍ നാഥന് നല്‍കി പ്രകാശനം ചെയ്തു. കേസരി മുഖ്യ പത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, പ്രൊഫ. സോമരാജന്‍ എന്നിവര്‍ സംസാരിച്ചു.