മതം പ്രചരിക്കേണ്ടതും അങ്ങിനെ തന്റെ സ്വാധീനം വര്‍ദ്ധിക്കേണ്ടതും മാര്‍പാപ്പയുടെയും രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് കോളനിവല്‍ക്കരണം നടത്തേണ്ടത് പോര്‍ച്ചുഗീസ് രാജാവിന്റെയും ആവശ്യമായിരുന്നു. ക്രൈസ്തവര്‍ക്ക് ഇടയില്‍ നൂറു ശതമാനവും പേര്‍ഷ്യന്‍ ക്രൈസ്തവ വികാരം ത്രസിച്ചു നിന്നിരുന്ന ഇന്ത്യയെ പറങ്കികള്‍ കണ്ടെത്തിയതോടെ അവരുടെ ഇവിടത്തെ കാര്യപരിപാടികള്‍ ആരംഭിച്ചു.അക്കാലത്ത് പേര്‍ഷ്യന്‍ മെത്രാപ്പോലിത്തമാരാണ് ഇന്ത്യന്‍ സഭകളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് – ഇവിടെ ജനിച്ചു വളര്‍ന്ന നൂറ്റാണ്ടുകളായി ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ ഇവിടത്തെ തനത് നസ്രാണികളുടെ ഒരു പ്രത്യേകത, അവര്‍ക്ക് അവരുടെ സഭയെക്കുറിച്ചും സഭാതലവന്മാരെക്കുറിച്ചും കാര്യമായ വിവരമുണ്ടായിരുന്നില്ല എന്നുള്ളതാണ്. മാസങ്ങളും ചിലപ്പോള്‍ കൊല്ലങ്ങളും നീണ്ടു നില്‍ക്കുന്ന കടല്‍യാത്രയിലൂടെ ഇവിടെ വല്ലപ്പോഴും വന്ന് പോകുന്ന പൗരസ്ത്യ പുരോഹിതന്മാര്‍ ആരെന്നോ അവര്‍ എവിടെ നിന്ന് വരുന്നുവെന്നോ സാധാരണ വിശ്വാസികള്‍ക്ക് അറിയില്ലായിരുന്നു. ഇതിന് കാരണം മതത്തെയോ വിശ്വാസത്തെയോ മതനേതൃത്വം ബാഹ്യമായ ഇടപെടലുകള്‍ക്ക് ഉപയോഗിച്ചിരുന്നില്ലെന്നതാണ്. മതപരമായ വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുകയോ സംഘര്‍ഷങ്ങള്‍ അനുഭവിക്കുകയോ ചെയ്യാത്ത പൗരസ്ത്യക്രൈസ്തവ ബന്ധങ്ങളുള്ള ഒരു ജനതയാണ് പതിനഞ്ചാം നൂറ്റാണ്ട് വരെ ഭാരതചരിത്രത്തിലുള്ളത്.ഇന്ത്യയില്‍ അന്ന് വിശ്വാസ പ്രചരണാര്‍ത്ഥം പൗരോഹിത്യ സാന്നിദ്ധ്യമുണ്ടായിരുന്ന പൗരസ്ത്യ സഭകള്‍ അറിയപ്പെട്ടിരുന്നത് ഇങ്ങനെയൊക്കെയാണ്. കല്‍ദായ സഭ, നെസ്‌തോറിയന്‍ സഭ, പേര്‍ഷ്യന്‍ സഭ, അസ്സിറിയന്‍ സഭ, സുറായി സഭ, ബാബിലോണിയന്‍ സഭ, സെലൂക്യന്‍ സഭ എന്നിങ്ങനെ പോകുന്നു പേരുകള്‍. ഇവരുടെയൊക്കെ മത നേതാക്കള്‍ ഇവിടെ വരികയും മത കര്‍മ്മങ്ങളും ശുശ്രൂഷകളും ചെയ്യുകയും ചെയ്തിരുന്നു. ഇവരുടെയൊക്കെ ചരിത്രങ്ങളില്‍ ഇന്ത്യയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്.റോമിനുണ്ടായിരുന്ന അധികാര കേന്ദ്രീകരണ സ്വഭാവമോ തന്ത്രങ്ങളോ ഈ സഭകള്‍ക്ക് ഇല്ലാതെ പോയതും നിരവധി സഭകളും നിരവധി തലവന്‍മാരുമെന്നതും ഈ സഭാ അതിപ്രസരത്തിനും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമാണ.്
റോമന്‍കത്തോലിക്ക സമൂഹത്തിന് സാധാരണ ഗതിയില്‍ മെത്രാന്മാരെ നിയമിക്കുന്നതിനുള്ള അധികാരം റോമിലെ മാര്‍പാപ്പയ്ക്കായിരുന്നുവെങ്കിലും പുതിയ പോര്‍ച്ചുഗിസ് പാക്കേജായ പാദുവേന്ദ്ര പദ്ധതി മൂലം പോര്‍ച്ചുഗിസുകാര്‍ കണ്ടെത്തിയ ജപ്പാന്‍ മുതല്‍ കിഴക്കേ ആഫ്രിക്ക വരെ നീണ്ടു കിടക്കുന്ന പുതിയ രാജ്യങ്ങളില്‍ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള അവകാശവും പോര്‍ച്ചുഗല്‍ രാജാവിന് കിട്ടി. അങ്ങിനെ ലോക ചരിത്രത്തിലാദ്യമായി മാര്‍പാപ്പ നിയന്ത്രിക്കുന്ന കത്തോലിക്കാ സഭയില്‍ മാര്‍പാപ്പ അറിയാതെ തന്നെ പുരോഹിതന്മാരെ പോര്‍ച്ചുഗിസ് നിയമിക്കുവാന്‍ തുടങ്ങി. പോര്‍ച്ചുഗലിന് ഇത് വ്യാപകമായ അധിനിവേശത്തിന് പ്രോത്സാഹനമായിത്തീര്‍ന്നു. ഇവിടെ ഒരു ചോദ്യമുണ്ട്. കടല്‍യാത്രകളിലൂടെ പുതിയതായി കണ്ടെത്തുന്ന പ്രദേശങ്ങള്‍ സ്വന്തമായി ഭരിക്കുവാനും എക്കാലത്തേക്കും മത പ്രചരണം നടത്തുവാനും ആശ്രിത രാജ്യങ്ങള്‍ക് അധികാരം നല്‍കുവാന്‍ മാര്‍പാപ്പക്ക് എന്താണ് അധികാരം. ഇത് എക്കാലത്തെയും റോമന്‍ കത്തോലിക്കാ സഭയുടെ മനോഗതിയുടെ പ്രതിഫലനമായിരുന്നു.
പോര്‍ച്ചുഗിസ് അക്കാലത്ത് റോമന്‍ കത്തോലിക്ക മതപരിവര്‍ത്തനത്തിന്റെ ഒരു പരീക്ഷണ ശാലയായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം ചെന്ന് വധഭീഷണി മുഴക്കി നിഗ്രോകളെ അടിമകളാക്കി മതം മാറ്റി വില്‍പന ചെയ്യുന്ന ഏര്‍പ്പാട് നന്നായി തന്നെ കത്തോലിക്ക സഭയുടെ അനുഗ്രഹത്തോടെ പോര്‍ച്ചുഗിസ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ചെയ്തിരുന്നുവെങ്കിലും അവര്‍ മതം മാറ്റാന്‍ ചെല്ലുന്ന മറ്റ് സ്ഥലങ്ങളിലെല്ലാം ഇവര്‍ വലിയ മനുഷ്യാവകാശ പോരാളികളായിരുന്നു. കേരളത്തോളം മാത്രം വലിപ്പമുള്ള പോര്‍ച്ചുഗിസ് എന്ന കൊച്ചു രാജ്യത്ത് അക്കാലത്ത് നിരവധി ക്രൈസ്തവ സഭകള്‍ പ്രവര്‍ത്തിച്ചിരുന്നു. സഭകള്‍ എന്നാല്‍ വിവിധ ഗ്രൂപ്പുകള്‍ എന്നര്‍ത്ഥം. മതം മാററല്‍ ലക്ഷ്യം വെച്ചു കൊണ്ട് കുറച്ചാളുകള്‍ ചേരുകയും മാര്‍പാപ്പ അതിന് അംഗീകാരം നല്‍കുകയും ചെയ്താല്‍ സഭയായി. സഭകള്‍ തമ്മിലുള്ള കിട മത്സരത്തിലൂടെ മതം മാറ്റം കൂടുകയും മതം വളരുകയും ചെയ്യും. 14, 15 നൂറ്റാണ്ടുകളില്‍ ഏറ്റവും കൂടുതല്‍ സഭകള്‍ ഉണ്ടായിരുന്നത് പോര്‍ച്ചുഗലിലാണ്. എകദേശം മുപ്പതോളം സഭകള്‍. ഇങ്ങനെയുള്ള സഭകളില്‍ നിന്നുള്ള മതം മാറ്റ സംഘങ്ങളെ മതം മാറ്റാന്‍ പോകുന്നതിനായി ക്രൈസ്തവ രാജ്യങ്ങള്‍ പങ്കിട്ടെടുക്കും. മാര്‍പാപ്പയുടെ നിര്‍ദ്ദേശാനുസരണമായിരിക്കും ഇത്. ഓരോ രാജ്യത്തേക്കുമുള്ള സംഘങ്ങളുടെ തന്ത്രങ്ങള്‍ തയ്യാറാക്കുന്നത് കാര്യവിചാരിപ്പുകാര്‍ എന്ന് വിളിക്കപ്പെടുന്ന കമ്മറ്റിയാണ്. ഉദാഹരണത്തിന് ഇന്ത്യന്‍ കാര്യങ്ങളെപ്പറ്റി പഠിച്ച് വിശകലനം ചെയ്ത് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നയാളെ വിളിക്കുക ഇന്ത്യന്‍ കാര്യവിചാരിപ്പ്കാരനെന്നാണ്. ഇവര്‍ക്ക് വേണ്ടതായ പണ സംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്നയാളെ രാജ്യ ഭണ്ഡാര വിചാരിപ്പുകാരനെന്ന് വിളിക്കും. റോമന്‍ കത്തോലിക്ക രാജ്യമായിരുന്ന പോര്‍ത്തുഗല്‍ രാജാവ് നേരിട്ട് തന്നെയാണ് വിദേശയാത്രകള്‍ സംഘടിപ്പിച്ചിരുന്നത്. ഇവര്‍ ഏത് രാജ്യത്തേക്ക് ചെന്നാലും അവിടെ നിലവിലുള്ള സംസ്‌ക്കാരത്തേയും മൂല്യങ്ങളെയും തകര്‍ക്കുകയും തങ്ങളുടെ വിശ്വാസം മാത്രം ശരിയെന്ന് സമര്‍ത്ഥിക്കലുമാണ് പണി.
പോര്‍ച്ചുഗിസ് ഹെന്ററി രാജാവിന്റെ കാലഘട്ടമായിരുന്നു ഇത്. ക്രിസ്തുമതം മാത്രമാണ് ശരിയെന്നും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് പുണ്യവുമായി അദ്ദേഹം കരുതി. പോര്‍ച്ചുഗലില്‍ നിന്ന് കരമാര്‍ഗം ഇന്ത്യയിലേക്കുള്ള വഴികളെല്ലാം അതിനകം മുസ്ലിം ഭരണത്തിന്‍ കീഴിലായിക്കഴിഞ്ഞിരുന്നു.കടല്‍ മാത്രമായിരുന്നു ഏക വഴി. ലോക സഞ്ചാരിയായ മാര്‍ക്കോ പോളയില്‍ നിന്ന് സില്‍ക്കും സുഗന്ധവ്യഞ്ജനങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയെക്കുറിച്ച് കിട്ടിയ അറിവുകള്‍ വെച്ച് ഇദ്ദേഹം 1416 നും 1441 നും ഇടയില്‍ നിരവധി കപ്പലുകളെ ഇന്ത്യയിലേക്ക് അയച്ചുവെങ്കിലും ആഫ്രിക്ക കഴിഞ്ഞ് ഇന്ത്യന്‍ സമുദ്രത്തിലെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ആഫ്രിക്ക വരെ എത്തിയ പോര്‍ച്ചുഗിസുകാര്‍ ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ അടിമക്കച്ചവടം ആരംഭിച്ചു. പിടികൂടിയ നിഗ്രോകളെ ബലമായി മതം മാറ്റി ക്രിസ്തുമതത്തില്‍ ചേര്‍ക്കുകയും പിന്നിട് വില്‍ക്കുകയും ചെയ്തിരുന്നു. ഈ ഹെന്ററിയുടെ കാലത്താണ് പോര്‍ച്ചുഗിസുകാര്‍ ആഫ്രിക്കയിലെ അസോറസും വെര്‍ഡെ മുനമ്പുകളും കണ്ടെത്തിയത്.പുതിയ രാജ്യങ്ങളുടെ കണ്ടുപിടുത്തവും അടിമകളെ മതം മാറ്റുന്നതുമെല്ലാം പോര്‍ച്ചുഗിസുകാരെ ഹരം പിടിപ്പിച്ചുവെങ്കിലും ഇന്ത്യയെ കണ്ടെത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഈ നിരാശയില്‍ 1460 ല്‍ ഹെന്ററി രാജാവ് മരിക്കുകയും പിന്നിട് വന്ന ജോഓ രണ്ടാമന്‍ രാജാവ് ഈ ദൗത്യം എറ്റെടുക്കുകയും ചെയ്തു. ഇന്ത്യയെ തേടിയുള്ള സാഹസിക യാത്രയുടെ ദശകങ്ങളാണ് പിന്നിട് കടന്നു പോയത്.1495 ല്‍ ജോഒാ രാജാവ് മരിക്കുന്നത് വരെ ഇന്ത്യ യൂറോപ്പിനും റോമന്‍ കത്തോലിക്ക സഭയ്ക്കും പുറത്തായിരുന്നു -പിന്നിട് വന്ന മാനുവേല്‍ രാജാവ് ഒരു ജ്യോതിഷ വിശ്വാസിയായിരുന്നു. മാര്‍പാപ്പയുടെ കൈയ്യില്‍ നിന്ന് പാദുവേന്ദ്ര അധികാരം ലഭിച്ചിട്ടും ഇന്ത്യയില്‍ ചെല്ലുവാനും മതം പ്രചരിപ്പിക്കുവാനും കഴിയാത്തതിന്റെ നാണക്കേട് പോര്‍ച്ചുഗലിന് ഉണ്ടായിരുന്നു. ഇദ്ദേഹം ഒരു ജൂതഗണിത ശാസ്ത്രജ്ഞനും ജ്യോതിഷിയുമായ അബ്രഹാം സാകുത്തിനെ സമീപിക്കുകയും ജാതകം പരിശോധിക്കുകയും ചെയ്തു. ഗ്രഹനില നോക്കിയ അബ്രഹാം ഗ്രഹനില കടല്‍യാത്രക്ക് അനുകൂലമാണെന്ന് രാജാവിനെ അറിയിച്ചു. വര്‍ഷങ്ങള്‍ വരെ നീണ്ടു നില്‍ക്കാവുന്ന ഈ കടല്‍ യാത്രക്ക് വേണ്ട 3 പ്രത്യേക കപ്പലുകള്‍ നിര്‍മിച്ചു. ഈ പ്രത്യേക ദൗത്യത്തിന്റെ നായകനായി വാസ്‌കോഡി ഗാമ എന്നയാളെ രാജാവ് തിരഞ്ഞെടുത്തു. ഒരു കപ്പലിന് വാസ്‌കോഡി ഗാമയും രണ്ടാമത്തെ കപ്പലിന് ഗാമ സഹോദരനായ പൗളോ ഡി ഗാമയും മൂന്നാമത്തെ കപ്പലിന് നിക്കളോ കൊയില്‍ ഹോ യും നേതൃത്വം നല്‍കി.1497 മാര്‍ച്ച് 25ന് ബെലാം എന്ന പോര്‍ച്ചുഗിസ് തുറമുഖത്ത് നിന്ന് ഇന്ത്യയിലെ മതപരിവര്‍ത്തനം ലക്ഷ്യമാക്കിയിട്ടുള്ള ആദ്യത്തെ സംഘം യാത്ര തിരിച്ചു.
(തുടരും)