ശബരിമല കേസിലെ പുനഃപരിശോധന ഹര്‍ജികളിലുണ്ടായ വിധി സ്വാഗതാര്‍ഹമാണ്. എല്ലാ മതത്തിലും പെട്ട വിശ്വാസികളെ ആഹ്‌ളാദിപ്പിക്കുന്നതാണിത്. 2018 സെപ്റ്റംബര്‍ 28 ലെ വിധി വിപുലമായ ബഞ്ചിന് വിടുന്നതിന് മൂന്ന് ജഡ്ജിമാര്‍ തീരുമാനിച്ചു, രണ്ട് പേര്‍ വിയോജിച്ചു. 2018 ലെ വിധി ഭരണഘടനയും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും കണക്കിലെടുത്തില്ലായെന്ന വിമര്‍ശനം ശക്തമായിരുന്നു. ലക്ഷക്കണക്കിന് വനിതകളാണ് ഇതിനെതിരെ തെരുവിലിറങ്ങിയത്. വിവിധങ്ങളായ വിശ്വാസി സമൂഹങ്ങളുടെ ഒരു ഫെഡറേഷനാണ് ഇന്ത്യ. ഹിന്ദുക്കളുടെ ആരാധനാ സമ്പ്രദായം വൈവിധ്യ പൂര്‍ണ്ണമാണ്. കേരളത്തിലെ ക്ഷേത്ര പൂജാ സമ്പ്രദായം ഗാന്ധിജിയെപ്പോലും അതിശയിപ്പിച്ചു. താന്ത്രിക വിധി പ്രകാരമുള്ള പ്രതിഷ്ഠയിലും പൂജാ രീതികളിലും രാഷ്ട്രപിതാവ് സന്തുഷ്ടി രേഖപ്പെടുത്തിയിട്ടുണ്ട്. ഈശ്വര വിശ്വാസികള്‍ തങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ സ്വയം നവീകരിക്കപ്പെടുന്നു. അപവാദങ്ങളുണ്ടെങ്കിലും കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുന്നതിനും സമഭാവന വളര്‍ത്തുന്നതിനും ഇതിടവരുത്തുന്നു. മുതലാളിത്തത്തിലെ പാവപ്പെട്ടവന്റെ അത്താണിയാണ് മതമെന്ന് മാര്‍ക്‌സിനു പോലും വിലയിടേണ്ടി വന്നത് യാദൃച്ഛികമല്ല.
ഇന്ത്യന്‍ ജനതയില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളാണ്. ഈ സാമൂഹിക യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട ഭരണഘടനാ ശില്‍പ്പികള്‍ വ്യക്തി സ്വാതന്ത്ര്യത്തോടൊപ്പം, മത വിശ്വാസവും ആരാധനയ്ക്കുള്ള സ്വാതന്ത്ര്യവും ഭരണഘടനാ അവകാശമായി പ്രഖ്യാപിച്ചു ആര്‍ടിക്കിള്‍ 25(1). പൊതുക്രമം, ധാര്‍മികത, സാമൂഹികാരോഗ്യം ഇവയ്ക്കു വിധേയമാവണമെന്നു മാത്രം. മതവിശ്വാസവും വ്യക്തി സ്വാതന്ത്ര്യവും ഏറ്റുമുട്ടുമ്പോള്‍ സുപ്രീംകോടതി മിക്കപ്പോഴും മത സ്വാതന്ത്ര്യം സംരക്ഷിച്ച് വന്നു. മാത്രമല്ല വിശ്വാസം, ആചാരം തുടങ്ങിയ കാര്യങ്ങളില്‍ കോടതി ഇടപെടാന്‍ പാടില്ലായെന്ന കീഴ്‌വഴക്കം ശിരൂര്‍മഠം കേസില്‍ (1954) സൂപ്രീംകോടതിയുടെ ഏഴംഗ ബഞ്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.
ശബരിമല കേസില്‍ നേരത്തെ ഉണ്ടായ വിധി ബന്ധപ്പെട്ട എല്ലാവരെയും കേള്‍ക്കുകയോ, സൂപ്രീകോടതിയുടെ തന്നെ മുമ്പുണ്ടായ വിധികള്‍ കണക്കിലെടുത്തോ ആയിരുന്നില്ല. ശിരൂര്‍ മഠം കേസിലെ വിധി പോലും പരിഗണിക്കാതെയാണ് വിധി ഉണ്ടായത്. വിശ്വാസ ആചാരങ്ങളില്‍ കോടതി ഇടപെട്ട് കൂടായെന്ന് ഏഴംഗ ബഞ്ചിന്റ വിധി അവഗണിക്കപ്പെട്ടത് ഭരണഘടന പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മാത്രമല്ല, സമാനമായ നിരവധി റിട്ടുകള്‍ സൂപ്രീംകോടതിയിലുള്ളതും ശബരിമല കേസിനൊപ്പം പരിഗണിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ തീര്‍ച്ചയായും പുന:പരിശോധന അനിവാര്യമാകുന്നു.ഇത് തന്നെയാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, എ.എം.ഖാന്‍വില്‍ക്കര്‍, ഇന്ദുമല്‍ഹോത്ര. തുടങ്ങിയവര്‍ അത്തരത്തില്‍ ചിന്തിക്കാന്‍ ഇടയാക്കിയത്. സങ്കീര്‍ണ്ണവും ജനജീവിതത്തെ സ്വാധീനിയ്ക്കുന്നതുമായ വിഷയങ്ങളടങ്ങിയ കേസ്സുകളില്‍ കൂടുതല്‍ വിപുലമായ ബഞ്ച് ക്രമീകരിയ്‌ക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ താരതമ്യേന ശരിയായ തീര്‍പ്പുണ്ടാവുകയുള്ളു. സൂപ്രീം കോടതി ജഡ്ജിമാരുടെ നോട്ടപ്പിശകു കൊണ്ടു മാത്രം വധശിക്ഷകള്‍ ഉണ്ടായിട്ടുള്ള നാടാണിതെന്നോര്‍ക്കണം. ഭരണഘടന നിലവില്‍ വരുമ്പോള്‍ 7 ജഡ്ജിമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 33 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ തീര്‍ച്ചയായും 7 ന് മുകളിലുള്ള ബഞ്ചാണ് വാദം കേള്‍ക്കേണ്ടത്. കേസ് വീണ്ടും പരിഗണിയ്ക്കുന്നതിനായി ഭൂരിപക്ഷ വിധിയെ സ്വാധീനിച്ച ഘടകമാണിത്.
സമാനതകളുള്ള കേസ്സുകള്‍, വിഷയങ്ങള്‍ ഒരുമിച്ച് പരിഗണിയ്ക്കാതിരുന്നാല്‍ വ്യത്യസ്ത വിധികളും അതുവഴി സാമൂഹിക അസന്തുലിതാവസ്തയും ഉണ്ടാവും. ഒരു മതേതര രാജ്യമായ ഇന്ത്യയില്‍ ഹിന്ദു, മുസ്ലിം, പാഴ്‌സി വിഭാഗങ്ങളുടെ ആരാധന/ആചാര വിഷയങ്ങളും ഒരുമിച്ചാണ് തീര്‍പ്പാക്കേണ്ടത്. മുസ്ലീം സ്ത്രീകളുടെ പള്ളികളിലെ വിലക്ക്, ദാവൂദ് ബോറാ സ്ത്രീകളുടെ ചേലാകര്‍മ്മം, അന്യമതസ്ഥരെ വിവാഹം ചെയ്യുന്ന പാഴ്‌സി സ്ത്രീകളുടെ വിലക്ക് ഇവയെല്ലാം തന്നെ ഒരുമിച്ച് പരിഗണിക്കേണ്ടിയിരുന്നതാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ ശബരിമല മാത്രം പ്രത്യേകമായി പരിഗണിക്കുകയായിരുന്നു. ഇതു തീരുത്തേണ്ടത് അത്യാന്താപേക്ഷിതമാണ്.
ഏഴ് വിഷയങ്ങളില്‍ കൂടി ഉത്തരം കിട്ടേണ്ടതുണ്ട്.(1) മത സ്വാതന്ത്ര്യവും, വ്യക്തി സ്വാതന്ത്ര്യവും തമ്മിലുള്ള പാരസ്പര്യം (2) ആര്‍ട്ടിക്കിള്‍ 25(1) ല്‍ പറയുന്ന പൊതുക്രമം, ധാര്‍മികത, സാമൂഹികാരോഗ്യം ഇവയുടെ വ്യാപ്തി (3) ഭരണ ഘടനാ ധാര്‍മികത, ധാര്‍മികത ഇവയുടെ അര്‍ത്ഥ വ്യാപ്തി (4) മതാചാരങ്ങളില്‍ കോടതിക്ക് എന്തു മാത്രം ഇടപെടലാവാം. (5) ഹിന്ദു വിഭാഗങ്ങള്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥ വ്യാപ്തി (6) ഒരു മതവിഭാഗത്തിലെ തന്നെ പ്രത്യേക വിഭാഗങ്ങള്‍ക്ക് സംരക്ഷണം വേണമോ (7) ഒരു മത വിഭാഗത്തിലെ ആചാരങ്ങളെ ചോദ്യം ചെയ്യുന്നതിന് ഇതര മതസ്ഥര്‍ക്ക് പൊതുതാല്‍പ്പര്യ റിട്ടിനുള്ള അവകാശം, ഒപ്പം കേരളാ ഹിന്ദു ആരാധനാലയങ്ങളിലെ പ്രവേശനത്തിനുള്ള ചട്ടം ശബരിമലയ്ക്ക് ബാധകമാവുമോ എന്നതും പരിശോധിക്കപ്പെടണം. ഇതിനായി വിപുലമായ ബഞ്ച് രൂപീകരിച്ച് വാദം കേള്‍ക്കുകയാണ് വേണ്ടത്.
അനവധാനതയോടെ നടത്തുന്ന വിധികള്‍ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും. ഭരണഘടനാ സെന്‍സിബിലിറ്റി പുലര്‍ത്തുന്ന മൂന്നംഗ ജഡ്ജിമാരുടെ തീരുമാനം ചരിത്രപരമെന്ന് വിശേഷിപ്പിക്കാം. ദേശാഭിമാനിയില്‍(2019 നവം15) അഡ്വ.കാളീശ്വരം രാജിന്റെ കുറിപ്പില്‍, ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് സ്ഥിരത വേണമെന്നു പറയുന്നുണ്ട്. ജഡ്ജിമാര്‍ മനുഷ്യരാണെന്നോര്‍ക്കണം. അവര്‍ക്ക് തെറ്റുകള്‍ സംഭവിയ്ക്കാം. പരിപൂര്‍ണ്ണമായ നീതി ഉറപ്പു വരുത്തുന്നതിനധികാരമുള്ള സൂപ്രീം കോടതിക്ക് വീണ്ടും പരിശോധിച്ച് തീരുമാനിക്കാന്‍ കഴിയും. അടുത്തിടെയാണ് എസ്.സി, എസ്.ടി നിയമത്തിലെ പിശകുകള്‍, വിധി പ്രസ്താവിച്ച ബഞ്ച് തന്നെ തിരുത്തിയത്. സ്ഥിരതാ വാദമുന്നയിക്കുന്ന പക്ഷം പട്ടികജാതി നിയമത്തിന്റെ അന്തസ്സത്ത തന്നെ ചോര്‍ത്തി കളഞ്ഞേനെ. പിന്നെ ലേഖകന്‍ പറയുന്ന സ്റ്റേയില്ലായെന്ന വാദം നിലനില്‍ക്കുന്നതല്ല. വിധി പ്രസ്താവിച്ച ജഡ്ജിമാരില്‍ ഭൂരിപക്ഷവും, വിധിയില്‍ സംശയം പ്രകടിപ്പിച്ചു കൊണ്ടാണ് വീണ്ടും പരിഗണിക്കാന്‍ ഉത്തരവിട്ടത്. ഈ റഫറന്‍സോടെ വിധി തന്നെ ഫൈനലല്ലാതാവുകയും ചെയ്തിട്ടുള്ളതാണ്. പിശകുണ്ടെന്ന് കണ്ടെത്തിയ വിധി നടപ്പാക്കാനാവുന്നതല്ലല്ലോ. വിധി നടപ്പാവുന്ന പക്ഷം റഫറന്‍സിന് പ്രസക്തിയുമില്ലല്ലോ. ഇപ്പോള്‍ നിലവിലുള്ളത് ശിരൂര്‍ മഠം കേസ് (1954) മഹീന്ദ്രന്‍ കേസ്സ് ഇവയിലെ വിധികള്‍. ഇവ ആചാര വിശ്വാസങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതുമാണ്. ശബരിമല സര്‍വമത സമന്വയ വേദിയാണ്. ലേഖകന്‍ വര്‍ണവെറിയുടെ സന്ദര്‍ഭം ഉദാഹരിക്കുന്നത് അനവസരത്തിലായിപ്പോയി.
വാല്‍ക്കഷ്ണം
ശബരിമല കേസില്‍ ന്യൂനപക്ഷ വിധി പ്രസ്താവിച്ച ജസ്റ്റിസ് നരിമാന്‍ തങ്ങളുടെ വിധിയെ സംബന്ധിച്ച് അതിവൈകാരികതയോടെ പ്രതികരിച്ചതായി വാര്‍ത്തയുണ്ട്. കര്‍ണാടകയിലെ ഡി.കെ.ശിവകുമാറിന്റെ കേസ്സിലാണ് അദ്ദേഹം സോളിസിറ്റര്‍ ജനറലിനോട്് ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. തികച്ചും ഖേദകരമാണിത്. വിധി പ്രസ്താവിച്ച ഒരു ജഡ്ജിയും തന്റെ വിധിയുടെ മഹത്വം ഘോഷിച്ച പതിവില്ല. ഇന്ത്യന്‍ ജൂഡീഷ്യറിയുടെ പ്രതിസന്ധിയെയാണിതു വെളിപ്പെടുന്നത്. ഡോ:അംബേദ്കര്‍, ഭരണഘടനാ നിര്‍മ്മാണ സഭയില്‍ പറഞ്ഞതെത്ര ശരിയാണ്. ‘നാം മഹത്തായ മൗലികാവകാശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നു, ഭാവിയില്‍ ഇത് മതിയായ യോഗ്യതയില്ലാത്ത ജഡ്ജിമാര്‍ തെറ്റായി വ്യഖ്യാനിച്ചാല്‍ ദുരന്തമായിരിക്കും സംഭവിക്കുക.
ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയേ തരമുള്ളു, കാരണം ഭരണഘടന ‘നാം നമുക്കു വേണ്ടി സമര്‍പ്പിച്ചിട്ടുള്ളതാണല്ലോ.
(ലേഖകന്‍ ഹൈക്കോടതിയിലെ അഭിഭാഷകനാണ്)