മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയ്ക്കകത്തെ ലൈംഗികപീഡനക്കേസ് അന്വേഷണത്തിന് ഐ.എസ്.ഐ മുദ്രകിട്ടിയവരാണ് ഏ.കെ. ബാലന്‍ സഖാവും ശ്രീമതിടീച്ചറും. ഒരു രോമത്തിനുപോലും പോറലേല്ക്കാതെയല്ലേ അവര്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ. പി.കെ. ശശിയെ ഡിഫിപ്രവര്‍ത്തക ഉന്നയിച്ച ലൈംഗിക പീഡനക്കേസ്സില്‍ നിന്നും ഊരിയെടുത്തത്. അവരോട് അത്യാവശ്യമായി കൊല്‍ക്കത്തയിലെ ജാദവപൂര്‍ സര്‍വ്വകലാശാലയില്‍ എത്തണമെന്ന് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍ദ്ദേശിച്ചതായി കേട്ടുകേള്‍വിയുണ്ട്. അവിടെ ലൈംഗികപീഡനക്കേസില്‍ പെട്ട് പാര്‍ട്ടിയുടെയും എസ്.എഫ്.ഐയുടെയും മൂത്തസഖാക്കള്‍ വരെ നാറിക്കൊണ്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പു വരാനിരിക്കുന്ന ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐയുടെ കയ്യിലുള്ളത് ആര്‍ട്‌സ് ഫാക്കല്‍ട്ടി സ്റ്റുഡന്‍സ് യൂണിയനാണ്. അതിലെ 31 വിദ്യാര്‍ത്ഥികളാണ് എസ്.എഫ്.ഐയില്‍ നിന്നു രാജിവെച്ച് ലൈംഗികപീഡനം ആരോപിച്ചിരിക്കുന്നത്. പാര്‍ട്ടി നഖശിഖാന്തം എതിര്‍ക്കുന്നു എന്നു പറയുന്ന കാര്യങ്ങളൊക്കെ തന്നെയാണ് പാര്‍ട്ടിക്കാര്‍ ഇവിടെ ചെയ്യുന്നത് എന്നാണ് കത്തിലുള്ളത്. ലൈംഗികപീഡനം, സ്ത്രീകളോടുള്ള വിവേചനവും മോശമായ പെരുമാറ്റവും, ജാതിവിവേചനം, വസ്ത്രധാരണ വിലക്ക് എന്നിങ്ങനെ നീളുന്നു ആ പട്ടിക. അത്രീയ സെന്‍ഗുപ്ത എന്ന എസ്.എഫ്.ഐക്കാരി എസ്.എഫ്.ഐ നേതാവ് സൗമ്യജിത്ത് രജകിനും പാര്‍ട്ടിനേതാവ് സബൗദീന്‍ ഖാനുമെതിരെ ഫെയ്‌സ്ബുക്കിലൂടെ ലൈംഗികപീഡന ആരോപണമുന്നയിച്ചിട്ടുണ്ട്. എസ്.എഫ്.ഐയ്ക്കകത്ത് ഈ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പരാതികിട്ടിയാല്‍ അന്വേഷിക്കുമെന്നുമാണ് സംഘടനയുടെ ബംഗാള്‍ ഘടകം സെക്രട്ടരി ശ്രീജന്‍ ഭട്ടാചാര്യ പറഞ്ഞത്. ഇനിയാണ് ബാലന്‍ സഖാവിനും ശ്രീമതി സഖാവിയ്ക്കും പണി ആരംഭിക്കാനുള്ളത്. അതിനാല്‍ ബംഗാള്‍ സഖാക്കളേ ”ഉടനെ ബാലനെ വിളിയ്ക്കൂ; പാര്‍ട്ടിയെ രക്ഷിക്കൂ”