കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ ഒറ്റപ്പെട്ട ചെക്‌പോസ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് എ.എസ്.ഐ വൈ. വില്‍സനെ വെടിവെച്ചു കൊന്ന സംഭവം കേരളത്തിലെ ഇസ്ലാമിക ഭീകരതയെ താലോലിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ഉള്ള മുന്നറിയിപ്പാണ്. തമിഴ്‌നാട് പോലീസിലെ ഒരു വിവാദത്തിലും പെടാത്ത സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു വില്‍സണ്‍. വില്‍സനെ വെടിവെച്ചു കൊന്ന ശേഷം ആദ്യം പ്രചരിപ്പിച്ചത് മണല്‍ കടത്തുകാരാണ് വെടിവെയ്പ്പിനു പിന്നിലെന്നാണ്. സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് രണ്ടു പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. കന്യാകുമാരിയ്ക്കടുത്ത് തിരുവിതാംകോട് സ്വദേശിയായ അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവരാണ് ്എ. എസ്. ഐയെ വെടിവെച്ചു കൊന്നത്. ഇവര്‍ക്കായി ദക്ഷിണഭാരതത്തില്‍ മുഴുവന്‍ പോലീസ് വല വിരിച്ചു കഴിഞ്ഞു. അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തിട്ടുണ്ട്.
ദല്‍ഹിയില്‍ കഞ്ചാവും ലഹരിയും പുകച്ച് ഇന്ത്യയ്‌ക്കെതിരെ പോരാട്ടവീര്യം പുകച്ചുരുളുകളാക്കുന്ന, കൂട്ടം തെറ്റി മേയുന്ന, വഴിതെറ്റിയ യുവാക്കള്‍ക്കു കൊടുക്കുന്ന പരിഗണന പോലും മുഖ്യധാരാ മാധ്യമങ്ങള്‍ ഡ്യൂട്ടി സമയത്ത് കൊല്ലപ്പെട്ട വില്‍സണ്‍ എന്ന ഉദ്യോഗസ്ഥന് നല്‍കിയില്ല. ഇസ്ലാമിക ഭീകരതയുമായി ബന്ധപ്പെട്ട ഒരു സംഭവങ്ങളിലും ഇടപെടാത്ത ഒരു ഉദ്യോഗസ്ഥനെ വധിച്ചത് പോലീസ് സേനയ്ക്കും ഇസ്ലാമിക ഭീകരതയെ അതിശക്തമായി നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കും ഒരു താക്കീത് എന്ന നിലയിലാണ്. അല്‍ ഉമ നിരോധിക്കപ്പെട്ടതിനുശേഷം അതേ ഭീകരര്‍ പുതിയതായി രൂപം കൊടുത്ത ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന ഭീകരസംഘടനയാണ് എസ് ഐ യെ വെടിവെച്ചു കൊന്നതിന് പിന്നിലെന്നാണ് സൂചന. തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലും കോയമ്പത്തൂര്‍ മേഖലയിലും ശക്തമായ സാന്നിധ്യമുള്ള ഇവര്‍ നേരത്തെ രാജ്യവ്യാപകമായ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നു. ഗൂഢാലോചനയും ആസൂത്രണവും വ്യക്തമായതിനെ തുടര്‍ന്ന് ഇവരുടെ സംഘത്തില്‍പ്പെട്ടവരെ തമിഴ്‌നാട് പോലീസ് ബംഗളൂരുവില്‍ നിന്ന് പിടികൂടിയിരുന്നു. ഇമ്രാന്‍ഖാന്‍, മുഹമ്മദ് ഹനീഫ്, മുഹമ്മദ് സെയ്ദ് എന്നിവരടക്കമുള്ളവരെയാണ് പിടികൂടിയത്.
ബംഗളൂരുവിലെ അറസ്റ്റിന് പ്രതികാരമായാണ് എ എസ് ഐയെ വെടിവെച്ചു കൊന്നത് എന്നാണ് തമിഴ്‌നാട് പോലീസിന്റെ അനുമാനം. പ്രതികളുടെ നാടായ തിരുവിതാംകോടിന് അടുത്തുള്ള ഈ ചെക്‌പോസ്റ്റില്‍ രാത്രി ഡ്യൂട്ടിക്ക് ഒരാള്‍ മാത്രമേ ഉള്ളൂ എന്നതും ചെക്‌പോസ്റ്റിന്റെ ആളൊഴിഞ്ഞ സാഹചര്യവുമാണ് ഈ സ്ഥലം തിരഞ്ഞെടുക്കാനുള്ള കാരണം. ബാംഗ്ലൂരില്‍ നിന്ന് പിടിയിലായവരും ഇപ്പോഴത്തെ പ്രതി ഷമീമും ചെന്നൈയില്‍ ഹിന്ദു മുന്നണി നേതാവ് പി കെ സുരേഷ് കുമാറിനെ വധിച്ച കേസില്‍ പ്രതികളാണ്. ഈ കേസില്‍ തന്നെ കൂടുതല്‍ ആളുകളെ പിടികിട്ടാനുണ്ട്. ഷമീമിനെ അടക്കം നാലുപേരെ നേരത്തെ തന്നെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് ചിത്രങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ പതിപ്പിച്ചിരുന്നതാണ്. ബാംഗ്ലൂരില്‍ അറസ്റ്റിലായവര്‍ക്കൊപ്പം തന്നെ ദല്‍ഹിയിലും ഭീകരര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ എല്ലാവരും ഒരേ സംഘത്തില്‍പ്പെട്ടവരാണെന്ന തിരിച്ചറിവാണ് ഭീകരശൃംഖലയുടെ വ്യാപ്തി മനസ്സിലാകാന്‍ കാരണം. 2014 ല്‍ ചെന്നൈ അമ്പത്തൂരില്‍ വെച്ചാണ് ഹിന്ദു മുന്നണി നേതാവും പ്രമുഖ സംഘാടകനുമായ കെ പി എസ് സുരേഷ് കുമാര്‍ കൊല്ലപ്പെട്ടത്. ഷമീമിനു പുറമെ കാജാ മൊയ്തീന്‍, അബ്ദുള്‍ മുത്തലിബ് തുടങ്ങി ആറുപേര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങി. കഴിഞ്ഞ നവംബര്‍ വരെ കേസിന്റെ വിചാരണയ്ക്ക് ഇവര്‍ കോടതിയില്‍ ഹാജരായിരുന്നെങ്കിലും പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.
ഒളിവില്‍ പോയ സംഘം ബംഗ്ലാദേശിലേക്ക് കടന്നുവെന്നാണ് തമിഴ്‌നാട് പോലീസിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും കിട്ടിയ വിവരം. കാജാ മൊയ്തീന്‍ ഐ എസ്സിന്റെ തമിഴ്‌നാട് അമീര്‍ ആണെന്നാണ് ലഭിച്ച വിവരം. ഇവരെ ബംഗ്ലാദേശിലേക്ക് കടത്താന്‍ സഹായിച്ചവരെയും പിടികൂടിയിട്ടുണ്ട്. ദല്‍ഹിയില്‍ കഴിഞ്ഞദിവസം പിടിയിലായ കൊടും ഭീകരരില്‍ കാജാ മൊയ്തീനും മുത്തലിബും ഉള്‍പ്പെടുന്നു എന്നാണ് അറിയുന്നത്. ഇന്ത്യയുടെ പല ഭാഗത്തും വന്‍തോതിലുള്ള സ്‌ഫോടനം നടത്താനാണ് ഇവര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനുവേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി സൂചനയുണ്ട്. ദക്ഷിണേന്ത്യയിലെ പല ഭാഗത്തും സ്‌ഫോടനത്തിന്റെ സാധ്യത കേന്ദ്ര ഇന്റലിജന്‍സ് തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. എ എസ് ഐയെ വധിക്കുന്നതിനു മുന്‍പ് കൊലപാതകികള്‍ കേരളത്തിലെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര ഇന്റലിജന്‍സിനും സൂചന ലഭിച്ചു. പ്രതികളുടെ ഗൂഢാലോചനയും ആസൂത്രണവും അടക്കമുള്ള സംഭവങ്ങള്‍ പോലും കേരളത്തിലാണ് നടന്നതെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. പ്രതിയായ തൗഫീഖ് ബി ജെ പി നേതാവിനെ വധിച്ച കേസിലെ പ്രതിയാണ്.
വെടിവെയ്പ്പിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം വെടി വെയ്ക്കുന്നതില്‍ വിദഗ്ദ്ധ പരിശീലനം നേടിയവരാണ് കൃത്യം നടത്തിയത് എന്ന് പറയുന്നു. സമീപത്തെ മുസ്ലീം പള്ളിയുടെ മുന്നില്‍ രണ്ട് അക്രമികളും എത്തി അടുത്തൊന്നും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ചെക്‌പോസ്റ്റില്‍ കയറി വെടിയുതിര്‍ത്തത്. കസേരയില്‍ ഇരിക്കുകയായിരുന്ന എ എസ് ഐ വില്‍സണിന്റെ ശരീരത്തിലൂടെ മൂന്ന് വെടിയുണ്ടകള്‍ തുളച്ചു കയറി പുറത്തുവന്നു. ഒരു വെടിയുണ്ട ശരീരത്തിനകത്തു തന്നെ അവശേഷിച്ചു. നാല് ഉണ്ടകളും ലക്ഷ്യം തെറ്റാതെ തുളച്ചു കയറിയതില്‍ നിന്നു തന്നെ പ്രതികളുടെ വൈദഗ്ദ്ധ്യവും പരിശീലനവും വ്യക്തമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വെടി വെച്ചശേഷം പള്ളിയുടെ ഉള്ളിലേക്ക് ഓടിക്കയറി മറുഭാഗത്തേക്ക് കടന്ന് കേരളത്തിലേക്ക് എത്തി സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേരളത്തിന്റെ പല ഭാഗത്തും വ്യാഴാഴ്ച റെയ്ഡ് നടത്തി. സംഘവുമായി ബന്ധമുള്ള രണ്ടുപേരെ പാലക്കാട്ട് നിന്ന് പിടികൂടി. പാലക്കാട് നഗരഹൃദയത്തില്‍ നിന്നാണ് രണ്ടുപേര്‍ പിടിയിലായത്. തമിഴ്‌നാട് സ്വദേശികളും കഴിഞ്ഞ അഞ്ചുവര്‍ഷമായി പാലക്കാട്ട് സ്ഥിരതാമസക്കാരുമായ സെയ്ദ് ഇബ്രാഹിമും അബ്ബാസുമാണ് പിടിയിലായത്.
ഷെമീമും തൗഫീഖും ഇവര്‍ രണ്ടുപേരുമായും ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നതായും നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ അക്രമ പരമ്പരകളുടെ ആസൂത്രണത്തിലും കൊലപാതകങ്ങളുടെ ഗൂഢാലോചനയിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. പോലീസ് ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്കും നേപ്പാളിലേക്കും കടന്ന ഭീകരര്‍ അവിടെ വെച്ചാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും സ്‌ഫോടനം നടത്താന്‍ ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും ബംഗളൂരുവിലും ഇവരുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിക്കഴിഞ്ഞു. നേരത്തെ അല്‍ ഉമ്മ നേതാക്കളായ ഇമാം അലിയും ഹൈദര്‍ അലിയും കേരളത്തിലുടനീളം ബോംബ് നിര്‍മ്മാണത്തിനും പൈപ്പ് ബോംബ് നിര്‍മ്മാണത്തിനും പരിശീലനം നല്‍കുകയും പലയിടത്തും ഭീകരപ്രവര്‍ത്തനത്തിന് ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തത് അലിമാരുടെ മരണത്തിന് ശേഷമാണ് പുറത്തുവന്നത്. ബംഗളൂരുവില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
കോയമ്പത്തൂരില്‍ ഭീകരര്‍ സ്‌ഫോടനം നടത്തുന്നതിനു മുന്‍പ് ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്ത ശെല്‍വരാജ് എന്ന പോലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്നിരുന്നു. കാര്യമായ മറ്റ് പ്രകോപനങ്ങള്‍ ഇല്ലാതെയായിരുന്നു ഈ വധവും. കളിയിക്കാവിളയിലെ ഇപ്പോഴത്തെ കൊലപാതകത്തിന്റെ പിന്നിലും ഇത്തരം ഗൂഢാലോചന പോലീസ് സംശയിക്കുന്നുണ്ട്. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം നടത്തിയ സഫ്‌റാന്‍ ഹാഷിം പാലക്കാട് അടമ്പമരത്തെ റിയാസ് അബൂബക്കറുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നതും കേരളത്തിന്റെ പല ഭാഗങ്ങളിലും സ്‌ഫോടനം നടത്താന്‍ ആസൂത്രണം ചെയ്തിരുന്നതും പുറത്തുവന്നിട്ടുണ്ട്. ചാവേറായി പൊട്ടിത്തെറിക്കാന്‍ തയ്യാറെടുത്തിരുന്ന റിയാസ് അബൂബക്കര്‍ സ്‌ഫോടകവസ്തുക്കള്‍ കൃത്യസമയത്ത് കിട്ടാത്തതുകൊണ്ടു മാത്രമാണ് കേരളത്തില്‍ സ്‌ഫോടനം നടത്താതിരുന്നതെന്ന് പോലീസിനോട് പറഞ്ഞിരുന്നു. ഇസ്ലാമിക ഭീകരതയോടും ഭീകരപ്രവര്‍ത്തകരോടും എന്നും മൃദുസമീപനം മാത്രം പുലര്‍ത്തിയിരുന്ന കേരളത്തിലെ യു ഡി എഫ് – എല്‍ ഡി എഫ് ഭരണകൂടങ്ങള്‍ വോട്ടുബാങ്കിനുവേണ്ടി വിഷസര്‍പ്പത്തെ പാലൂട്ടി വളര്‍ത്തുകയാണ്. അബ്ദുള്‍ നാസര്‍ മദനിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഐകകണ്‌ഠ്യേന കേരള നിയമസഭയും പ്രമേയം വരെ അംഗീകരിച്ച ഇടതു-വലതു മുന്നണികളും ഇപ്പോള്‍ പിടിയിലായ കാജാ മൊയ്തീനും മദനി അടക്കമുള്ളവരുമായുള്ള ബന്ധം അറിഞ്ഞില്ലെന്ന് നടിക്കുകയോ മനപ്പൂര്‍വ്വം മൂടിവെയ്ക്കുകയോ ചെയ്യുകയാണ്.
മഞ്ചേരി ഗ്രീന്‍വാലിയില്‍ നടന്ന സ്‌ഫോടനം, കൂമന്‍കല്ല് പാലത്തിനടിയില്‍ നിന്ന് പൈപ്പ് ബോംബ് പിടിച്ച സംഭവം, അടുത്തിടെ സൈനിക കുഴിബോംബുകള്‍ കണ്ടെത്തിയ സംഭവം എന്നിവയിലെല്ലാം ഇപ്പോഴും അന്വേഷണം ഇഴയുകയാണ്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ അടക്കമുള്ളവരെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനകേസ്സിലും മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരെ വധിക്കാന്‍ ശ്രമിച്ച കേസ്സിലും അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഇസ്ലാമിക ഭീകരതയും അവരുടെ സ്ലീപ്പര്‍ സെല്ലുകളും സംസ്ഥാനത്തുടനീളം പിടിമുറുക്കിയിട്ടും അവരെ താലോലിക്കാനും സംരക്ഷിക്കാനുമാണ് മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. കളിയിക്കാവിള അന്വേഷണത്തില്‍ ഇടപെട്ടിട്ടുള്ള പോലീസ് സംഘങ്ങള്‍ക്ക് കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകളെ കുറിച്ച് പോലും വളരെ വ്യക്തമായ സൂചനകള്‍ ലഭിച്ചുകഴിഞ്ഞു. സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവരും വളരെ ഉയര്‍ന്ന പദവിയില്‍ ഉള്ളവരും അറിയപ്പെടുന്ന മാന്യന്മാരുമൊക്കെ ഈ സെല്ലുകളില്‍ പലതരത്തില്‍ സജീവമാണ്. ഒരു വാട്‌സാപ് സന്ദേശത്തിന്റെ മുകളില്‍ മണിക്കൂറുകള്‍ കൊണ്ട് സംസ്ഥാനത്തെ നിശ്ചലമാക്കുന്ന ഹര്‍ത്താല്‍ നടത്താന്‍ പോലും ഇസ്ലാമിക ഭീകരത ശക്തമായിട്ടും ഇതിന്റെ ആഴവും പരപ്പും ബോദ്ധ്യപ്പെടാത്തത് സംസ്ഥാനത്തെ പോലീസിനും രാഷ്ട്രീയ നേതാക്കള്‍ക്കും മാത്രമാണ്. സംസ്ഥാനത്തേക്ക് ഒഴുകിയെത്തുന്ന ധനസ്രോതസ്സും ഹവാല പണവും കള്ളക്കടത്ത് സ്വര്‍ണ്ണവും ഒക്കെ ഇതിന്റെ ഭാഗം തന്നെയാണ്. സംസ്ഥാനത്തുടനീളം വീണ്ടും റിയല്‍ എസ്റ്റേറ്റ് രംഗത്തും വാണിജ്യരംഗത്തും ഭീകരസംഘടനകളുടെ സ്വാധീനം ഉയരുകയാണ്. ചെറു നഗരങ്ങളിലെയും വന്‍ നഗരങ്ങളിലെയും പ്രമുഖ വാണിജ്യ സ്ഥാപനങ്ങള്‍ കൈയടക്കി അതേ പേരില്‍ തന്നെ നടത്തുന്ന പുതിയ സംവിധാനം കൂടി ഈ ഭീകരസംഘടനകളുടെ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുന്നു എന്നതാണ് പുതിയ വിവരം. കോയമ്പത്തൂരിന് പിന്നാലെ ഭീകരരുടെ സുരക്ഷിത ഇടത്താവളമായി പാലക്കാടും കൊച്ചിയും തിരുവനന്തപുരവും മാറിയിട്ടുണ്ട്. ഉത്തര മലബാറിലെ പല ജില്ലകളും നേരത്തെ തന്നെ ഇവരുടെ സുരക്ഷിത താവളമായിരുന്നു. കളിയിക്കാവിള കൂടി കഴിഞ്ഞതോടെ ഭീകരതയുടെ സംഹാരതാണ്ഡവത്തിന് ഒരിക്കല്‍ക്കൂടി ശക്തി പകര്‍ന്നിരിക്കുകയാണ്. ഷമീമും തൗഫീഖും ആക്രമണം നടത്തിയേക്കാമെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കേരളവും തമിഴ്‌നാടും വേണ്ടത്ര പരിഗണിച്ചില്ലെന്ന ആരോപണം കൂടി കണക്കിലെടുക്കുമ്പോഴാണ് ഇവരുടെ നീരാളിപ്പിടുത്തം പോലീസില്‍ പോലും എത്തിയിട്ടുണ്ടെന്ന് ബോദ്ധ്യപ്പെടുക.