വെയിലല്ലതിളകൊണ്ടലാവയാണിളയില്‍വീ-
ണൊഴുകിപ്പരക്കുന്നതിവിടെയെങ്ങും…
ഇതുവേനല്‍ അമ്ലവെയില്‍ നീറിപ്പുറംപൊളി-
ഞ്ഞലയുന്ന പൈക്കിടാവായിഭൂമി…
ഹരിതം കരിഞ്ഞേ മറഞ്ഞുപോയ് മുള്‍ച്ചെടി-
ത്തലപോലുമിവിടെ വാഴാത്തകാലം.
അതിരില്‍ മൂവാണ്ടന്‍ തുടുത്തമാമ്പഴവുമായ്
അവധിക്കിടാങ്ങളെകാത്തകാലം.
ഇനിവരാതെന്നേമറഞ്ഞുപോയ്തണുവറ്റ്
തണലുമില്ലാതെനില്പായിബാല്യം…
കളിവീടൊരുക്കികളിച്ചമാഞ്ചുവടുകള്‍
മരുഭൂ മരുപ്പച്ചപോലെയായി…
അതിരിനങ്ങേപ്പുറത്തിലവീണതെറ്റിനാല്‍
തലകൊയ്തതരുവോ മരിച്ചുപോയി
ജഡമുണ്ട് തെക്കേപ്പറമ്പിന്നതിര്‍ത്തിയില്‍
ചുടലപൂകാന്‍കാത്തമുത്തിയെപ്പോല്‍
പോയാണ്ടിനോര്‍മ്മയില്‍ വന്നൊരണ്ണാന്‍കുയില്‍
മാടത്തയെല്ലാം വിതുമ്പിനില്‍പു…
തന്‍കൂടുപോയകാക്കച്ചിയോ ഖിന്നയായ്
തന്നോടു തന്നെ പുലമ്പിടുന്നു…
അകമെരിച്ചുംപുറം നീറ്റിയും കാറ്റുകള്‍
അറുതിയില്ലാതെങ്ങുമലറിടുമ്പോള്‍
മുടി തീപിടിച്ചപെണ്ണാളിന്‍ നിലവിളി
ഉയരുന്നിതാ കരിമ്പനകള്‍തോറും…
കനിവറ്റഗ്രീഷ്മകാലത്തിന്റെ കെടുതികള്‍….
ചുടലഭൂതം പോലെയെത്തിടുമ്പോള്‍
ഒരു തേന്‍വരിക്കയിങ്ങെവിടെയോ നിന്നതിന്‍
മധുരിയ്ക്കുമോര്‍മ്മഗന്ധങ്ങള്‍ പോയി
ഒരു നെല്ലിമരമെത്രകാലം കിണറ്റിലെ
കുടിനീരില്‍ മധുരം കലര്‍ത്തിയെന്നോ….
ഇളനീര്‍ത്തണുപ്പിന്റെ ഗൗളിഗാത്രങ്ങള-
ങ്ങിനിയില്ലയെന്നേ മുറിച്ചുനമ്മള്‍….
കുടചൂടിമുത്തശ്ശനെന്നെവിദ്യാലയ-
പ്പടിയോളമെത്തിച്ചൊരോര്‍മ്മപോലെ
ഇവിടെയിത്തൊടി പച്ചനിറമാര്‍ന്നകുടചൂടി
കൊടുവേനല്‍ താണ്ടുവാന്‍ കൂടെ നിന്നു.
വെയില്‍പെയ്തമീനം കടക്കുവാന്‍ മരമെത്ര
ഹരിതകൂടാരം ചമച്ചിരുന്നു.
ഒരു ഞാവല്‍ മരമെന്റെ വഴിയിലാപ്പുഞ്ചിരി
മധുവൊന്നുപകരുവാന്‍ കാത്തുനിന്നു….
തളിരിലത്തല്പം ചമച്ചുനല്‍കീമെല്ലെ-
ചെറുചില്ല വിശറിയാല്‍ വീശി നിന്നു…
പഥികന്നുവേനല്‍ കടക്കുവാന്‍ പാതയില്‍
കിണറൊന്നു കുടിനീര്‍നിറച്ചുവച്ചു.
ഉഷ്ണം പൊറുക്കാതെയെത്തുന്ന കാറ്റുകള്‍
പുഴയില്‍ മുങ്ങിക്കുളിച്ചീറനായി…
വെയില്‍കൊണ്ടുവീണ്ടുകീറുന്ന പാടങ്ങള്‍ക്ക്
അരികിലായ് തെളിനീര്‍കുളങ്ങള്‍ പാര്‍ത്തു.
അവതൂര്‍ത്തു തീര്‍ത്തൊരീ രമ്യഹര്‍മ്മ്യങ്ങള്‍തന്‍
അകമെരിഞ്ഞൊരുചൂളയായിടുമ്പോള്‍
പറയുന്നു നമ്മളീകൊടുവേനല്‍കാരണം
ഗതിയില്ലവേറെന്തു വഴിയിതുള്ളു…
വഴിയൊന്നുമാത്രമുണ്ടിനി മുന്നില്‍ നമ്മളാ-
തണല്‍ബോധിവൃക്ഷക്കുടനിവര്‍ത്താം…
അവിടെ ചരാചര സ്‌നേഹബീജങ്ങളെ
അടവച്ചുവിരിയിക്ക നമ്മളെന്നും.
അതിനുദ്യമിക്കയല്ലായ്കിലീ ഭൂമിയൊരു
കുഴിമാടമായിന്നുമാറിയേക്കാം.
ഒരു കിളിക്കുഞ്ഞു ദാഹംകൊണ്ടുവരളുമാ
വിടര്‍ചൂണ്ടിനാല്‍ മൃതിച്ചിന്തുപാടാം…
അതുകേട്ടൊടുക്കത്തെ നിദ്രപൂകാന്‍ മണ്ണില്‍
ഇനിയെത്ര ജന്മങ്ങള്‍ ബാക്കിയാമോ?