ജനറല്‍ ബിപിന്‍ റാവത്തിനെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി.ഡി.എസ്)ആയി ഭാരതസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഭാരതത്തിന്റെ പ്രതിരോധരംഗത്തെ നാഴികക്കല്ലാണ് ഈ പ്രഖ്യാപനം.
ഭാരതത്തില്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ കാലത്താണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നൊരു പദവി ആദ്യമായി നിര്‍ദ്ദേശിക്കപ്പെട്ടത്. ശേഷം 1982-ല്‍ ജനറല്‍ കെ.വി. കൃഷ്ണറാവുവും ഇതേ ആശയം മുന്നോട്ടു വച്ചു. പക്ഷേ ഇങ്ങനെ ഒരു പദവി ഔദ്യോഗികമായി ആദ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് 1999-ലെ കാര്‍ഗില്‍ റിവ്യൂ കമ്മറ്റിയാണ്. പതിനാല് അധ്യായങ്ങളുള്ള അവരുടെ റിപ്പോര്‍ട്ടിലാണ് ഇങ്ങനെയൊരു ആവശ്യം ദേശസുരക്ഷയുടെ ഭാഗമായി ഉയര്‍ന്നുവന്നത്. 1999-ല്‍ പാകിസ്ഥാനുമായി നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍, ഇന്ത്യന്‍ സൈന്യവും ഇന്ത്യന്‍ നാവികസേനയും തമ്മിലുള്ള ഏകോപനത്തിന്റെ ഗുരുതരമായ കുറവ് കമ്മറ്റി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് സി.ഡി.എസ് എന്ന സൈനിക സ്ഥാനത്തിനു പ്രസക്തിയേറിയത്. ഞകടഅഠ ഉപഗ്രഹങ്ങളുടെ വിക്ഷേപണം, യുഎവികളുടെ ഫലപ്രദമായ വിനിയോഗം എന്നിവയും ഇവര്‍ മുന്നോട്ടു വച്ച ആശയങ്ങളാണ്.
ദേശീയാടിസ്ഥാനത്തില്‍ ഉള്ള ഒരു തിരിച്ചറിയല്‍ രേഖയുടെ ആവശ്യകതയും ഈ റിപ്പോര്‍ട്ടില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന ആശയമാണ്. പില്‍ക്കാലത്ത് ഇതേ ആശയമാണ് ‘ആധാര്‍’ എന്ന തിരിച്ചറിയല്‍ രേഖയായി പ്രാബല്യത്തില്‍ വന്നത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക പ്രസ്താവനയോടെ, സി.ഡി.എസ് എന്ന പദവി ഏതുനിമിഷവും പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്(സി. ഡി.എസ്) എന്ന പദവി കരസേനയുടെയും വ്യോമസേനയുടെയും നാവികസേനയുടെയും തലവന്മാരുടെ മുകളിലായിരിക്കും. ഇന്ത്യന്‍ സായുധ സേനയില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന ഫോര്‍സ്റ്റാര്‍ ഓഫീസര്‍മാരായിരിക്കും ഈ തന്ത്രപ്രധാന പദവി കയ്യാളുക. പക്ഷഭേദമെന്യേയുള്ള സേവനം ഉറപ്പുവരുത്താന്‍ സിഡിഎസ്സിന് ഒരു സൈന്യത്തിന്റെയും നിയന്ത്രണാധികാരം ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ, രാഷ്ട്ര പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്ന രാജ്യവിരുദ്ധരുടെ ‘പട്ടാളഭരണം വരുന്നേ, സൈനിക അട്ടിമറി വരുന്നേ’ മുതലായ രോദനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നതായി നമുക്ക് മനസ്സിലാക്കാം.
ഈ പദവിയുടെ സങ്കീര്‍ണമായ ചുമതലകള്‍ മനസ്സിലാക്കിക്കൊണ്ടു തന്നെ പ്രസ്തുത ഉദ്യോഗസ്ഥന് ആവശ്യമായ സഹായം ഉറപ്പുവരുത്താന്‍ വൈസ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (വിസിഡിഎസ്) എന്നൊരു പദവിക്കു കൂടി ഗവണ്‍മെന്റ് രൂപം കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ നിലവിലുള്ള ‘ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ്’ എന്ന പദവിക്ക് പകരമായിരിക്കും ഈ സ്ഥാനം.
ഈ രണ്ട് മേധാവികള്‍ക്കും തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റണമെങ്കില്‍ മികച്ചൊരു ടീമിന്റെ പിന്തുണ അനിവാര്യമാണ്.ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മിലിറ്ററി അഫയേഴ്‌സ്’ (ഡിഎംഎ) എന്നൊരു ഉപ വിഭാഗത്തിന് രൂപം കൊടുത്തിരിക്കുന്നത്. കൃത്യതയോടെ തിരഞ്ഞെടുക്കപ്പെടുന്ന സിവിലിയന്‍ ഓഫീസര്‍മാരുടെയും മിലിറ്ററി ഓഫീസര്‍മാരുടെയും ഒരു സംഘമായിരിക്കും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മിലിറ്ററി അഫയേഴ്‌സില്‍ ഉണ്ടാവുക. സന്ദര്‍ഭോചിതമായ പിന്തുണ നല്‍കുന്ന ഈ ടീമായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ നട്ടെല്ല്.
ഡിഫന്‍സ് സെക്രട്ടറി തന്നെയായിരിക്കും മുഖ്യ പ്രതിരോധ ഉപദേഷ്ടാവെങ്കിലും, മൂന്നു സായുധസേനകള്‍ക്കും കൂടിയൊരു സംയുക്ത സൈനിക ഉപദേഷ്ടാവ് എന്ന സ്ഥാനമായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് കൈകാര്യം ചെയ്യേണ്ടി വരിക. ആണവ ശക്തിയായ ഇന്ത്യയ്ക്ക് അണുശക്തി ഒരു വിഷയമായി വരുന്ന നിര്‍ണായക സന്ദര്‍ഭങ്ങളില്‍ തീരുമാനമെടുക്കാനും സിഡിഎസ് സഹായിക്കും. ഭരണ താല്പര്യങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സുവ്യക്തമായ സൈനിക നയം വിജയകരമായി നടപ്പില്‍ വരുത്തുന്നതായിരിക്കും ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന കര്‍ത്തവ്യം.
ബ്രിട്ടന്‍ അടക്കം ഒരുപാട് രാജ്യങ്ങള്‍, പ്രത്യേകിച്ച് ആണവശക്തികളായ രാജ്യങ്ങള്‍ക്കെല്ലാം തന്നെ ഇത്തരമൊരു സൈനിക പദവിയുണ്ട്. അവരില്‍ നിന്നും മറ്റു പല രാഷ്ട്രങ്ങളും പലതും പഠിക്കുന്നുമുണ്ട്. അമേരിക്കയുടെ ഈ സംവിധാനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പരമ്പരാഗതമായ സൈനിക വ്യവസ്ഥയെ മാറ്റിവെച്ചു കൊണ്ട് സിങ് ജിയാങ്ങ് 2016 -ല്‍ ചീഫ് ഓഫ് ജോയിന്റ് സ്റ്റാഫ് എന്ന പദവി ചൈനയുടെ ചരിത്രത്തിലാദ്യമായി പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഭൗമശാസ്ത്രപരമായ പ്രത്യേകതകളനുസരിച്ച് പുനര്‍നവീകരിക്കപ്പെട്ട ചൈനീസ് സേനകള്‍ പൂര്‍വാധികം ശക്തമായി എന്ന് വേണം പറയാന്‍. ഇന്ത്യ, സെന്‍ട്രല്‍ ഏഷ്യ, അറബ് രാഷ്ട്രങ്ങളിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സദാ നിരീക്ഷിക്കാന്‍ ജാഗരൂകരായ ഷെങ്ദു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈനയുടെ വെസ്റ്റേണ്‍ കമാന്‍ഡ് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഇത് നമുക്ക് സൃഷ്ടിക്കുന്ന സുരക്ഷാഭീഷണി ചില്ലറയൊന്നുമല്ല. അതുകൊണ്ടു തന്നെയാണ് ഇരുപത് കൊല്ലമായി ‘സാ’ മട്ടില്‍ കിടന്നിരുന്ന സിഡിഎസ് എന്ന സൈനിക പരിഷ്‌കരണം ഇന്ത്യ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്.
ഏറ്റവും ലളിതമായി പറഞ്ഞാല്‍, സിഡിഎസ് എന്ന പദവി കൊണ്ട് ഉദ്ദേശിക്കുന്നത് കര, വ്യോമ, നാവിക സേനകളെ ഒരൊറ്റ ബുദ്ധികേന്ദ്രത്തിനു കീഴിലാക്കുക എന്നതാണ്. വരുംകാലത്ത് യുദ്ധങ്ങളെല്ലാം തന്നെ ഹ്രസ്വവും, ദ്രുതവുമായിരിക്കും. നിമിഷങ്ങളുടെ ദൈര്‍ഘ്യങ്ങള്‍ കൊണ്ട് ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ നിരീക്ഷണ വിഭാഗം മുതല്‍ ആക്രമണ വിഭാഗം വരെ ഒരൊറ്റ ചങ്ങലയിലെ കണ്ണികളെ പോലെ നിമിഷാര്‍ദ്ധം കൊണ്ട് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഒരു രാജ്യത്തിന്റെ പരമാധികാരവും ആഭ്യന്തര സുരക്ഷയും ബാഹ്യശക്തികളാല്‍ ചോദ്യം ചെയ്യപ്പെടാതിരിക്കൂ. അത്തരം സാഹചര്യങ്ങളില്‍ മൂന്നു സായുധസേനകളുടെയും സംയുക്തമായ പ്രവര്‍ത്തനവും ക്രോഡീകരണവും അത്യന്താപേക്ഷിതമാണ്.
ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളുടെയും ഏകോപിതവും സംയുക്തവുമായ പ്രവര്‍ത്തനത്തിലെ പാകപ്പിഴകളാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നൊരു പദവിയുടെ പിറവിയ്ക്കു കാരണം. യുദ്ധം, കലാപം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ പോലുള്ള അടിയന്തരഘട്ടങ്ങളില്‍ ഇന്ത്യയുടെ സൈനികശക്തി പരിപൂര്‍ണ്ണമായും ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുമെന്നുള്ളതാണ് ഈ പദവിയുടെ ഏറ്റവും വലിയ ഗുണം. ഇന്ത്യയുടെ ആണവായുധങ്ങളും ആണവനയവും നിയന്ത്രിക്കുന്ന സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡും (SFC)) രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ആശയപരമായ ഭിന്നതകള്‍ ഇല്ലാതാക്കാനും ഈ പദവിയില്‍ ഇരിക്കുന്ന വ്യക്തിക്ക് സാധിക്കും. സായുധസേനകളിലെ നിയുക്ത വിഭാഗങ്ങളെ ഇടകലര്‍ത്തി നിര്‍മ്മിക്കുന്ന ഇന്റഗ്രേറ്റഡ് കമാന്‍ഡുകള്‍ രൂപീകരിക്കപ്പെടുന്നതോടെയാണ് യുദ്ധമുഖത്തുള്ള സിഡിഎസ്സിന്റെ പ്രവര്‍ത്തനം തുടങ്ങുക.
എയര്‍ കമാന്‍ഡുകളും നേവല്‍ കമാന്‍ഡുകളും ചേര്‍ന്നുള്ള സംയുക്തമായ ഇന്റഗ്രേറ്റഡ് കമാന്‍ഡുകളുടെ വരവോടെ സേനയുടെ ഫലപ്രാപ്തി വര്‍ധിക്കുമെന്ന് മാത്രമല്ല, സൈനികച്ചിലവുകള്‍ ഗണ്യമായി കുറയ്ക്കാനും സഹായിക്കും. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും ചൈനയുടെയും മറ്റും സമുദ്ര താല്‍പര്യങ്ങള്‍ക്കും കനത്ത ആഘാതമാകും ഈ സംയുക്ത കമാന്‍ഡുകളുടെ രൂപീകരണം കൊണ്ടുണ്ടാവുക. അതുകൊണ്ടു തന്നെ, ഇന്ത്യയെപ്പോലൊരു സൈനികശക്തി തങ്ങളുടെ സേനയില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന ശക്തമായൊരു പദവി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനെ ഗൗരവമുള്ള ഒരു വിഷയമായാണ് മറ്റു ലോകശക്തികള്‍ കാണുന്നത്.
എല്ലാറ്റിലുമുപരി, ഇതൊരു ഞാണൊലിയാണ്. കരുത്തുണ്ടായിട്ടും വര്‍ഷങ്ങളോളം മുട്ടുകുത്തി ഇരുന്നിരുന്നൊരു രാഷ്ട്രം, പരമാധികാരത്തിന് മുകളിലുള്ള ഏതൊരു വെല്ലുവിളിയും നേരിടാന്‍ സുസജ്ജമാണെന്ന് നെഞ്ചുവിരിച്ചു നിവര്‍ന്നു നിന്നു നടത്തുന്ന നിശബ്ദമായ ഒരു പ്രഖ്യാപനം.