റോമന്‍ സാമാജ്യവുമായി അതിര്‍ത്തി പങ്കിടുന്നതും ക്രൈസ്തവ വിശ്വാസം പടര്‍ന്നുപന്തലിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു സാമ്രാജ്യമായിരുന്നു പേര്‍ഷ്യന്‍ സാമ്രാജ്യം: ഇന്നത്തെ ഇറാന്‍, ഇറാക്ക്, (ആര്‍തര്‍)സിറിയ, (അന്ത്യോഖ്യ), ഈജിപ്ത് (അലക്‌സാട്രീയ)തുര്‍ക്കി എന്നി രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു പേര്‍ഷ്യ. റോമന്‍ കൃസ്ത്യാനികളെക്കാള്‍ അന്യമതപീഡനം കൂടുതല്‍ അനുഭവിച്ചവരാണ് തങ്ങള്‍ എന്ന് അവകാശപ്പെടുന്നവരാണ് പേര്‍ഷ്യന്‍ സഭക്കാര്‍ അഥവ പൗരസ്ത്യ സഭക്കാര്‍. തന്റെ കുഷ്ഠരോഗം യേശുവിനോടുള്ള പ്രാര്‍ത്ഥനയാല്‍ സുഖപ്പെട്ടതിനെ തുടര്‍ന്ന് ക്രിസ്തുമതം സ്വീകരിച്ച ഓഷ്‌റോണ്‍ രാജ്യത്തെ രാജാവ് അബ്ഗറാണ് പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ ആദ്യ ക്രിസ്തുരാജ്യസ്ഥാപകന്‍ എന്ന് പേര്‍ഷ്യന്‍ ചരിത്രം പറയുന്നു.റോമാസാമ്രാജ്യവും പേര്‍ഷ്യന്‍ സാമ്രാജ്യവും തമ്മില്‍ അക്കാലത്ത് കടുത്ത ശത്രുതയിലായിരുന്നു. റോം ശിക്ഷിക്കുന്നവരെ പേര്‍ഷ്യയും പേര്‍ഷ്യയുടെ ശത്രുക്കളെ റോമും സംരക്ഷിക്കുകയെന്നതായിരുന്നു അക്കാലത്തെ പ്രധാന പരിപാടി.
എ.ഡി 395 ല്‍ റോമാ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. പാശ്ചാത്യ റോം എന്നും പൗരസ്ത്യ റോം എന്നും ഇവ പിന്നിട് ചരിത്രത്തില്‍ അറിയപ്പെട്ടു. ഇന്നത്തെ ഇറ്റലിയില്‍പ്പെടുന്ന റോം ആയിരുന്നു പാശ്ചാത്യ റോമിന്റെ തലസ്ഥാനം. എന്നാല്‍ പൗരസ്ത്യ റോമിന്റെ തലസ്ഥാനം ഇപ്പോഴത്തെ ടര്‍ക്കിയിലെ ഈസ്റ്റാംബുള്‍ എന്നറിയപ്പെടുന്ന കുസ്തന്തീനോപ്പോലിസ് ആയിരുന്നു.
ഭാരതത്തിലെ ക്രൈസ്തവ സഭകള്‍ ആദ്യ കാലഘട്ടങ്ങളില്‍ സ്വതന്ത്ര സഭകള്‍ ആയിരുന്നു വെന്നാണ് പൊതുധാരണയെങ്കിലും പൗരസ്ത്യ സഭകളുമായി ബന്ധമുണ്ടായിരുന്നു. അന്ത്യോഖ്യായിലെ (ഇപ്പോഴത്തെ സിറിയ) പാത്രിയാര്‍ക്കിസായിരുന്നു പരമാധികാരി. കേരളത്തിലായിരുന്നു കൈസ്തവ വിശ്വാസികള്‍ ധാരാളം ഉണ്ടായിരുന്നത്. മലങ്കരസഭ, മലബാര്‍സഭ, മാര്‍തോമസഭ എന്നൊക്കെയാണ് കേരളസഭ അറിയപ്പെട്ടിരുന്നത്. പേര്‍ഷ്യന്‍ സഭയുടെ സ്ഥാപകനായി കണക്കാക്കുന്ന തോമാസ് സ്ലീഹയെ തന്നെയാണ് കേരളത്തിലെ സഭയുടെയും സ്ഥാപകനായി കണക്കാക്കുന്നതെങ്കിലും കേരളസഭയും പേര്‍ഷ്യന്‍ സഭയും തമ്മില്‍ കാര്യമായ ബന്ധമൊന്നും ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നില്ല.
മലങ്കര സഭക്കാര്‍ വളരെ ആവേശപൂര്‍വം കാണിക്കുന്ന അവരുടെപൂര്‍വിക കുടിയേറ്റമാണ് ക്‌നായ തോമന്റെത്. സഭാചരിത്രത്തില്‍ രാജകീയ പരിവേഷമുള്ള അന്ത്യോഖ്യ സാമ്രാജ്യത്തിലെ എഡേസ ദേശത്ത് നിന്ന് കച്ചവടക്കാരനായ ക്‌നായ തൊമ്മന്റെയും യൗസേഫ് മെത്രാന്റെയും നേതൃത്വത്തില്‍ 72 കുടുംബങ്ങളില്‍പ്പെട്ട 7 ഗോത്രങ്ങളില്‍ നിന്നുള്ള 400 പേര്‍ കേരളത്തിലേക്ക് കുടിയേറുകയും ക്രൈസ്തവസഭാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുവെന്നതാണ് ചരിത്രം. കേരളത്തില്‍ ആത്മീയ ശുശ്രൂഷകള്‍ക്ക് ആളില്ലാതാകുകയും സഭക്ക് നേതൃത്വം ഇല്ലാതാകുകയും ചെയ്ത അവസരത്തില്‍ സഭയെ രക്ഷിക്കാനാണ് അന്ത്യോഖ്യപാത്രിയാര്‍ക്കിസ് ഇങ്ങനെ ചെയ്തതത്രെ. ഇവിടന്നങ്ങോട്ട് പോര്‍ച്ചുഗിസുകാര്‍ റോമന്‍ കത്തോലിക്ക സഭയുമായി ഇന്ത്യയിലെത്തുന്നതുവരെ വിവിധ പൗരസ്ത്യ സഭകളും ഇവിടത്തെ മലങ്കരസഭയും തമ്മില്‍ തര്‍ക്കങ്ങളില്ലാത്തതും പരസ്പര ബഹുമാനമുള്ളതുമായ ഒരു ദൃഢ ബന്ധം നിലനിന്നിരുന്നു.
ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവത്തോടെ ക്രൈസ്തവ സഭകളുടെ കഷ്ടകാലം തുടങ്ങി. പൗരസ്ത്യ സഭക്കായിരുന്നു ആഘാതം കൂടുതല്‍. മുസ്ലിമുകള്‍ നടത്തിയ ആക്രമണങ്ങളിലും നിര്‍ബന്ധിത മത പ്രചരണത്തിലും പെട്ട് പൗരസ്ത്യ സഭയുടെ ആസ്ഥാനങ്ങളും പരിശുദ്ധ സിംഹസാനങ്ങളും തകര്‍ന്ന് തരിപ്പണമായി- സാധാരണ വിശ്വാസികള്‍ മാത്രമല്ല വലിയ പാത്രിയാര്‍ക്കിസുമാരും മെത്രാപ്പോലിത്തമാരും വരെ പ്രാണനും കൊണ്ട് കാലു കുത്താനൊരു ഇടം തേടി പരക്കം പാഞ്ഞു’ കോണ്‍സ്റ്റാന്റിനോപ്പിള്‍ (ഈസ്റ്റാമ്പൂള്‍) സിറിയ, ബഹറിന്‍, ഇറാന്‍ തുടങ്ങിയ പൗരസ്ത്യ സഭ ആസ്ഥാനങ്ങളെല്ലാം ഇസ്ലാമിക ഭരണത്തിലായി.
ഇങ്ങനെ സഭകള്‍ മുസ്ലിംകളുമായി കരയിലും കടലിലും യുദ്ധം ചെയ്യുമ്പോള്‍ തന്നെ ഇവര്‍ തമ്മിലുള്ള അകല്‍ച്ച പ്രകടമായിരുന്നു. ലോകം മുഴുവന്‍ മതം വ്യാപിപ്പിച്ച് ലോകത്തെ ഒരു ക്രിസ്തീയ രാജ്യമാക്കുക എന്നത് തന്നെയായിരുന്നു പാശ്ചാത്യ പൗരസ്ത്യ സഭകളുടെയും മുസ്ലിങ്ങളുടെയും ലക്ഷ്യം.
ഇന്ത്യ, ചൈന, സിലോണ്‍ തുടങ്ങി തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം ആയിരത്തിലധികം വര്‍ഷത്തെ സുവിശേഷ പാരമ്പര്യം അവകാശപ്പെടുന്ന പൗരസ്ത്യ സഭകള്‍ റോമിലെ മാര്‍പാപ്പ നേതൃത്വം നല്‍കുന്ന കത്തോലിക്ക സഭയെപ്പറ്റി മതിപ്പില്ലാതെയും ശത്രുതയോടു കൂടിയിട്ടുമാണ് സംസാരിക്കുന്നത്. ”ഇന്ത്യയിലെ സുറിയാനി സഭ ചരിത്രം” എന്ന പുസ്തകം പറയുന്നത് പതിമൂന്നാം നൂറ്റാണ്ടിന് മുമ്പ് റോമിന് ഇന്ത്യന്‍ സഭയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നാണ്. അതായത് റോമന്‍ കത്തോലിക്ക സഭക്ക് ലോക പരിചയം തീരെ ഇല്ലായിരുന്നുവെന്ന് ചുരുക്കം.’ പതിമൂന്നാം നൂറ്റാണ്ടില്‍ അന്നത്തെ മാര്‍പ്പാപ്പ നിക്കോളാസ് നാലാമന്റെ നിര്‍ദ്ദേശാനുസരണം ചൈനയിലേക്ക് പോയ ഒരു ഫ്രാന്‍സിസ്‌ക്കന്‍ പാതിരിയായ ജോണ്‍ ഡി മോണ്ടേ കൊര്‍വിനോ ഇന്ത്യയിലൂടെ കടന്ന് പോകുവാന്‍ ഇടയായെന്നും അയാള്‍ ഇന്ത്യയുടെ തെക്കന്‍ ദേശങ്ങളില്‍ ഏതാനും മാസം താമസിച്ചുവെന്നും പറയുന്നു. ഇയാള്‍ ഇവിടെ മാര്‍തോമായുടെ നാമത്തില്‍ ഒരു പള്ളി കണ്ടുവെന്നും നൂറോളം പേരെ സ്‌നാനപ്പെടുത്തിയെന്നും യൂറോപ്പിലേക്ക് അയാള്‍ എഴുതി അയച്ചുവെന്നും പറയുന്നു.
സഭ ഏതുമാകട്ടെ മിഷണറിമാര്‍ അവര്‍ക്കുവേണ്ടി സൃഷ്ടിച്ച ചരിത്രമാണ് നമ്മുടെ ചരിത്രം. ഈ പാതിരിമാരും അവരെ അനുകൂലിക്കുന്നവരും എഴുതിയുണ്ടാക്കിയ കഥകളില്‍ നിന്നും ഭാവനകളില്‍ നിന്നുമൊക്കെയാണ് നമ്മുടെ ചരിത്ര നിര്‍മിതി. ഇന്ത്യാ ചരിത്രത്തിന്റെ ഏറ്റവും വലിയ ശാപമാണിത്. യൂറോപ്പില്‍ നിന്നൊരാള്‍ കടല്‍ വഴി ചൈനയിലേക്ക് പോകുമ്പോള്‍ വഴിമധ്യേ ഇന്ത്യയില്‍ കയറി കുറച്ചു നാള്‍ താമസിച്ചുവെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. എന്നാല്‍ ഈ താമസത്തിനിടയില്‍ അയാള്‍ നൂറോളം പേരെ സ്‌നാനപ്പെടുത്തി അഥവ മതം മാറ്റിയെന്ന് പറഞ്ഞാല്‍ അംഗീകരിക്കൂവാന്‍ ബുദ്ധിമുട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ അത്ര ദുര്‍ബലരായിരുന്നുവോ? മാത്രമല്ല ഭാരത ജനതക്ക് മേലുള്ള സായിപ്പിന്റെ മേധാവിത്വം കൂടി വിളംബരം ചെയ്യുകയാണ് ഇവിടെ. ഇയാള്‍ ഏത് ഭാഷയിലാണ് ജനങ്ങളെ മതവല്‍ക്കരിച്ചത് എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഇനിയെങ്കിലും ചോദിച്ചു തുടങ്ങണം. എവിടെക്കെങ്കിലും പോകുന്ന പോക്കില്‍ വഴിയിലിറങ്ങി കിട്ടുന്ന സമയംകൊണ്ട് കണ്ണില്‍പ്പെട്ടവരെയെല്ലാം മതം മാറ്റിയെന്നവകാശപ്പെടുന്ന നിരവധി പാതിരിമാരുടെ കഥപറയുന്ന ചരിത്ര പുസ്തകങ്ങളും ഇന്ന് നാട്ടില്‍ സുലഭമാണ്.’
ഇന്ത്യയിലെ റോമന്‍ കത്തോലിക്ക സഭയുടെ ഔദ്യോഗിക ചരിത്രം തുടങ്ങുന്നത് 15 -ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് അധിനിവേശത്തോട് കൂടിയിട്ടാണ്. തങ്ങളുടെ മതം പ്രചരിപ്പിക്കുന്നതിനുവേണ്ടി ഒരു രാജ്യത്തിന്റെ സംസ്‌കാരത്തിന്മേലും സമ്പത്തിന്മേലും ചോര ചിതറിയ ആക്രമണങ്ങള്‍ നിരവധി നടത്തിയ യൂറോപ്യന്മാര്‍ ഇന്നും ഇന്ത്യാ ചരിത്രത്തില്‍ ആക്രമണകാരികളെക്കാള്‍ കൂടുതല്‍ നവോത്ഥാന നായകന്മാരായിരിക്കുന്നത് അവര്‍ ഇന്ത്യയില്‍ സൃഷ്ടിച്ചെടുത്ത ചരിത്ര നിര്‍മിതിയുടെ സ്വാധീനം ഇന്നും നിലനില്‍ക്കുന്നതിനാലാണ്.
കഴിഞ്ഞ 5 നൂറ്റാണ്ടുകളിലായി കേരളം, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും വിദേശ സഹായത്തോടെ വിവിധങ്ങളായ ക്രൈസ്തവ സഭകള്‍ വളരെ വിജയകരമായി നടപ്പിലാക്കിയ മതംമാററല്‍ പ്രക്രിയ തങ്ങളുടെ ഭരണഘടനാ അവകാശമെന്ന രീതിയില്‍ ഇന്ത്യയിലെ ക്രൈസ്തവ സഭകള്‍ അടക്കമുള്ള സെമിറ്റിക് മതങ്ങള്‍ ഇന്ന് രാജ്യവ്യാപകമായി പ്രയോഗിക്കുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്തത് മതപ്രബോധനത്തിലൂടെയുള്ള, മനഃപരിവര്‍ത്തനത്തിലൂടെയുള്ള മതപരിവര്‍ത്തനമാണെങ്കില്‍ അങ്ങിനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കാണാം. ഇവിടെ നടക്കുന്നത് മനഷ്യന്റെ ദൗര്‍ബല്യങ്ങളെയും ബലഹീനതകളെയും ചൂഷണം ചെയ്തു കൊണ്ടും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഒക്കെയുള്ള മതംമാറ്റലാണ്.
ക്രൈസ്തവ മതം നൂറു ശതമാനവും മിഷനറി മതമാണ് ‘ഈ മിഷനറി പ്രവര്‍ത്തനത്തിന്റെ മിഷന്‍ എന്നു പറയുന്നത് മതം മാററലാണ്. മതം മാറ്റലെന്ന് പറയുന്നത് ഒരു മതം മറ്റൊരു മതത്തിന് മേല്‍നടത്തുന്ന ആക്രമണമാണ്. നിന്റെ മതം ചീത്ത എന്റെ മതം നല്ലത് എന്ന് പറയാതെ ലോകത്തില്‍ ഒരു മതം മാറ്റലും നടന്നിട്ടില്ല. കൊന്നും കൊലവിളിച്ചും മതം മാറ്റാന്‍ നടന്നവര്‍ മതലോകത്തില്‍ പ്രബലരാകുകയും അതിന് കഴിയാതിരുന്നവര്‍ പിന്തള്ളപ്പെടുകയും ഇല്ലാതാകുകയും ചെയ്തു.ഈ മതആക്രമണത്തെ യൂറോപ്യന്‍ ക്രൈസ്തവ മതപണ്ഡിതര്‍ വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും ഭാഗമായി കണക്കാക്കി. മതപണ്ഡിതന്മാരാല്‍ യൂറോപ്പില്‍ രൂപം കൊണ്ട വ്യക്തിസ്വാതന്ത്ര്യ ചിന്തകളില്‍ മതം പ്രചരിപ്പിക്കുവാനും മറ്റുള്ളവരിലേക്ക് സന്നിവേശിപ്പിക്കുവാനും ഒരാള്‍ നടത്തുന്ന പരിശ്രമം തന്റെ മതവും വിശ്വാസവും പ്രചരിപ്പിക്കുവാനുള്ള വ്യക്തിയുടെ മൗലിക അവകാശമായി വ്യാഖാനിക്കപ്പെട്ടു. ഇങ്ങനെ കിട്ടിയ സ്വാതന്ത്ര്യം ഉപയോഗിച്ച് സ്വന്തം മതം മാത്രമാണ് ശരിയെന്നു പറഞ്ഞ് മറ്റുള്ളവരെ മതം മാറ്റാന്‍ നടക്കുന്നവരെ മിഷ്യനറിമാരെന്ന് വിളിച്ചു. യൂറോപ്പിലെ ക്രൈസ്തവ സഭകളാണ് ഈ സമ്പ്രദായം ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തത്.
മത വളര്‍ച്ചക്ക് വേണ്ടി കൂടുതല്‍ മതം മാറ്റല്‍ നടത്തി. അതിനുവേണ്ടി ത്യാഗങ്ങള്‍ സഹിക്കുവാന്‍ തയ്യാറായവരെ വിശുദ്ധന്മാരെന്ന് വിളിച്ച് അവരെ അര ദൈവങ്ങളാക്കി. ഇവരെ സംബന്ധിച്ചേടത്തോളം മതത്തിന്റെ പേരില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും അന്തര്‍ധാരയും പ്രേരണയും മതപരിവര്‍ത്തനമാണ്: അന്യ മതങ്ങളുടെ ഇല്ലായ്മയാണ്. തങ്ങളുടെത് മാത്രമായ ഏകമത ലോകമാണ് ലക്ഷ്യം.
ഒരു സെമിററിക് മതമായ ക്രിസ്തുമതത്തിന്റെ ഈ രീതിയിലുള്ള മത പ്രചരണത്തെ ശക്തമായി പ്രതിരോധിക്കുവാന്‍ കഴിഞ്ഞത് മറ്റൊരു സെമിറ്റിക് മതമായ ഇസ്ലാം മതത്തിനാണ്. ക്രിസ്തുമതത്തിന്റെ എതിര്‍ ദിശയിലായിരുന്നു ഇതിന്റെ ചിന്തകളും പ്രവൃത്തികളും. തങ്ങള്‍ക്ക് മതം മാറ്റാന്‍ ഉതകുന്ന രീതിയില്‍ യൂറോപ്യന്‍ ക്രൈസ്തവര്‍ വ്യാഖ്യാനിച്ചെടുത്ത വ്യക്തിസ്വാതന്ത്ര്യമെല്ലാം ഇസ്ലാം കടലില്‍ എറിഞ്ഞു. ഇസ്ലാം മതദര്‍ശനങ്ങള്‍ക്കെതിരായ ചിന്തകള്‍ പോലും കുറ്റകരമാകുന്ന രീതിയിലാണ് ഇസ്ലാം മത പണ്ഡിതര്‍ തങ്ങളുടെ മതത്തിനെ സംരക്ഷിച്ചുവളര്‍ത്തിയെടുത്തത്. ഭക്ഷണക്രമത്തില്‍ പോലും ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാം അകലം പാലിച്ചു. കൃസ്താനികളുടെ ഇഷ്ട ഭക്ഷണമായ പന്നി ഇറച്ചി ഇസ്ലാമിന് വിരുദ്ധമാണ്. ഇസ്ലാം മതത്തില്‍ മറ്റൊരു മതത്തിന്റെയും കാറ്റോ സ്പര്‍ശനമോ ഏല്‍ക്കാത്ത വിധം കര്‍ശന വ്യവസ്ഥകളുണ്ടാക്കുകയും അത് ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷകള്‍ പ്രഖ്യാപിക്കുകയും മതത്തിനുവേണ്ടി മരിക്കുന്നതുവരെ പുണ്യപ്രവൃത്തിയുടെ ഭാഗമാണെന്ന് വിശ്വാസികളെ വിശ്വസിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ഇസ്ലാമിനുള്ളിലുള്ള മതപരിവര്‍ത്തനത്തെ അവര്‍ തടഞ്ഞത്. ഇസ്ലാമിന്റെ വളര്‍ച്ചയില്‍ ഈ നിയമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. തങ്ങളുടെ മതത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യുന്നത് കുറ്റകരമാണെന്ന് വിശ്വസിച്ച ഇവര്‍ തങ്ങളുടേതിലേക്ക് മതം മാറുന്നത് ദൈവിക കാര്യമായി കരുതുകയും ചെയ്തു. ലോകമേധാവിത്വം പിടിച്ചെടുക്കുവാന്‍ വേണ്ടി ക്രിസ്ത്യാനികളും മുസ്ലിങ്ങളും നടത്തിയ യുദ്ധങ്ങളുടെ ചരിത്രമാണ് കുരിശുയുദ്ധമെന്ന പേരില്‍ അറിയപ്പെടുന്നത്.
ഭാരതത്തില്‍ ക്രിസ്ത്യന്‍, മുസ്ലിം അധിനിവേശ ശക്തികള്‍ നടത്തിയിട്ടുള്ള മതപരിവര്‍ത്തന ശ്രമങ്ങള്‍ നിരവധിയാണ്. ശത്രുക്കളാല്‍ ഭാരതത്തില്‍ തകര്‍ക്കപ്പെട്ട അത്ര ആരാധനാലയങ്ങള്‍ ലോകത്തില്‍ ഒരു സ്ഥലത്തും തകര്‍ക്കപ്പെട്ടിട്ടില്ല. അധിനിവേശ ശക്തികള്‍ ഇവിടെ ആക്രമിച്ച് കയറി. എന്ന് മാത്രമല്ല അവര്‍ സ്വയം മഹത്വവല്‍ക്കരിച്ചുകൊണ്ടും കീഴടക്കിയ രാജ്യങ്ങളെ ഇകഴ്ത്തിക്കൊണ്ടും ചരിത്രം രചിക്കുകയും അത് യഥാര്‍ത്ഥ ചരിത്രമാക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. അവര്‍ എഴുതിയതൊക്കെയാണ് യഥാര്‍ത്ഥ ചരിത്രമെന്ന് ആവര്‍ത്തിക്കുവാന്‍ പറ്റിയ നാടന്‍ ചരിത്രകാരന്മാരെയും അവര്‍ സൃഷ്ടിച്ചു.ഇന്ന് ഇന്ത്യയില്‍ പ്രചരിക്കുന്ന ഇന്ത്യാ ചരിത്രത്തില്‍ ഭൂരിഭാഗവും അധിനിവേശ ശക്തികള്‍ എഴുതിയുണ്ടാക്കിയ കഥകളാണ്. രാജ്യം കൊള്ളയടിക്കുവാനും മതം മാറ്റുവാനും വന്നവര്‍ നവോത്ഥാന നായകരാകുകയും കൊള്ളയടിക്കപ്പെട്ടവര്‍ അപരിഷ്‌കൃതരാകുകയും ചെയ്തു.
ഇന്ത്യയില്‍ ക്രിസ്തുമത വിശ്വാസത്തിന് വിത്തുപാകിയ വ്യക്തിയെന്ന് സഭാ വിശ്വാസികള്‍ പറയുന്ന സെന്റ് തോമാസിന്റെ ഇന്ത്യയിലെ മത പ്രചരണ കഥ തന്നെ ഹൈന്ദവ സമൂഹത്തെ അപമാനിക്കുന്നതാണ്.സെന്റ് തോമാസ് ഇന്ത്യയില്‍ വന്നതായി അവകാശപ്പെടുന്ന എ.ഡി 52 ല്‍ നമ്പൂതിരി സമുദായമോ ഇന്നത്തെ രൂപത്തിലുള്ള ഹൈന്ദവ സമൂഹമോ ജാതി ഘടനയോ ഭാരതത്തില്‍ ഒരു സ്ഥലത്തും ഇല്ലാതിരിക്കേ ഹിന്ദു സമൂഹത്തിലെ ജാതി ഘടനയിലെ ഏറ്റവും മുകളിലുള്ള ഹൈന്ദവ പുരോഹിതന്മാരായ നമ്പൂതിരിമാരെ തന്നെ മതം മാറ്റി എന്ന് പറയുന്നതും അതിന് സ്മാരകങ്ങളും സ്തുപങ്ങളും ഓര്‍മ ദിനങ്ങളും ഉണ്ടാക്കുന്നതും എന്തായാലും തദ്ദേശീയ വിഭാഗമായ ഹൈന്ദവരോടുള്ള ആദരവു കൊണ്ടാകുവാന്‍ വഴിയില്ല. ഹിന്ദുവിന്റെ ദൈവങ്ങളുടെ പൂജാരിമാര്‍ പോലും തങ്ങളുടെ ദൈവത്തിന്റെ ശക്തി കണ്ട് തങ്ങളുടെ വഴിയില്‍ വന്നു എന്ന പ്രഖ്യാപനം തന്നെയാണ് സെന്റ് തോമാസ് കഥയെ പ്രചരിപ്പിക്കുന്നതിന്റെ മനഃശാസ്ത്രം. ഒരു മതത്തിന്റെ വിശ്വാസ സംഹിതയെ ഒന്നടങ്കം താറടിച്ചു കൊണ്ട് തങ്ങളുടെ മതത്തെ ഉയര്‍ത്തിക്കാട്ടാന്‍ ഇവര്‍ക്കെന്ത് അവകാശം?
ഇനി മറ്റൊരു കഥ കേള്‍ക്കു.കൊടുങ്ങല്ലൂരില്‍ വന്ന് കപ്പല്‍ ഇറങ്ങിയ സെന്റ് തോമസ് കൊടുങ്ങല്ലുരിന്റെ പരദേവതയായ ഭഗവതിയെ കണ്ടുവെന്നും ഇവര്‍ തമ്മില്‍ തങ്ങളുടെ മതത്തെക്കുറിച്ച് തര്‍ക്കിക്കുകയും തര്‍ക്കത്തില്‍ പിന്നിലായ ഭഗവതി ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചുവെന്നുമാണ് ഒരുകഥ. സെന്റ് തോമാസ് വിടാതെ പിന്തുടരുകയും ക്ഷേത്രത്തിനുള്ളില്‍ കയറി വാതിലടയ്ക്കുവാന്‍ പോയ ഭഗവതിയെ വാതിലടക്കുവാന്‍ സമ്മതിക്കാതെ സെന്റ് തോമാസ് ക്ഷേത്ര വാതിലില്‍ കാല്‍വെച്ചുവെന്നും ഈ കഥയില്‍ പറയുന്നു. ഈ കഥ എന്തായാലും ഭഗവതി ഭക്തര്‍ ഉണ്ടാക്കുവാന്‍ വഴിയില്ല. പിന്നെ ആരായിരിക്കും കഥയുടെ സൃഷ്ടാക്കളും ഗുണഭോക്താക്കളും? എത്ര നിസ്സാരമായിട്ടാണ് ഒരു കെട്ടുകഥയിലൂടെ ഭാരതത്തിന്റെ ക്ഷേത്ര സംസ്‌ക്കാരത്തെ കടന്നാക്രമിക്കുന്നത്? ഇത്തരത്തിലുള്ള കഥകള്‍ എത്രയോ ഉണ്ട്.
(തുടരും)