1859 മുതല്‍ 1895 വരെ ചാള്‍സ് ഡിക്കന്‍സിന്റെ പത്രാധിപത്യത്തില്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന വാരികയായിരുന്നു “All the Year Round’. 1859 ഡിസംബര്‍ മാസത്തില്‍ ക്രിസ്തുമസിനു മുന്നോടിയായി ഇറക്കിയ വാരികയുടെ ഒരു ലക്കം പ്രേതഭവനം എന്ന വിഷയത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള കഥകളായിരുന്നു. ആകെ എട്ടു കഥകളാണ് ‘ദി ഹോണ്ടഡ് ഹൗസ് (പ്രേതഭവനം) എന്ന തലക്കെട്ടില്‍ വന്ന ലക്കത്തിലുണ്ടായിരുന്നത്. എല്ലാം പ്രേതാനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവയായിരുന്നു. ആദ്യ കഥയായ ‘ദി മോര്‍ടല്‍സ് ഇന്‍ ദി ഹൗസ്’ ഡി ക്കന്‍സ് തന്നെയാണ് എഴുതിയത്. ജോണ്‍ എന്നൊരാളും അയാളുടെ അവിവാഹിതയായ സഹോദരിയായ പാറ്റിയും (patty) ഒരു പ്രേതഭവനത്തിലേക്ക് താമസം മാറ്റുന്നതും അവിടുത്തെ അസാധാരണ പ്രതിഭാസങ്ങളെ തുടര്‍ന്ന് ഏഴ് സുഹൃത്തുക്കളെ കൂടി അവിടേയ്ക്ക് ക്ഷണിച്ചു വരുത്തുന്നതുമാണ് കഥയില്‍. തുടര്‍ന്നെത്തുന്ന സുഹൃത്തുക്കളുടെ അനുഭവങ്ങള്‍ മറ്റു ചില എഴുത്തുകാരാണ് അവതരിപ്പിക്കുന്നത്. ‘ദി ഗോസ്റ്റ് ഇന്‍ ദി ഡബിള്‍ റൂം’ എന്ന കഥ ജോര്‍ജ് അഗസ്റ്റസ് സല എഴുതുന്നു. തുടര്‍ന്ന് മറ്റു ചില എഴുത്തുകാരും. വീണ്ടും രണ്ടു കഥകള്‍ ഡിക്കന്‍സ് തന്നെ എഴുതുന്നു. ദി ഗോസ്റ്റ് ഇന്‍ ദി മാസ്റ്റര്‍ ബീസ് റൂം, ദി ഗോസ്റ്റ് ഇന്‍ ദി കോര്‍ ണര്‍ റൂം തുടങ്ങിയവ ഡിക്കന്‍സിന്റേതാണ്. മറ്റു അഞ്ചുകഥകള്‍ മറ്റെഴുത്തുകാരുടേതും.
1859 ലെ ക്രിസ്തുമസ് പതിപ്പായി ഇറങ്ങിയ ഈ കഥകള്‍ വാരികയ്ക്ക് വലിയ പ്രചാരം ഉണ്ടാക്കിക്കൊടുത്തു. ഡിക്കന്‍സിന്റെ കഥകള്‍ വന്ന് ഏകദേശം ഒരു നൂറ്റാണ്ടു കഴിഞ്ഞതിനുശേഷമാണ് മലയാറ്റൂര്‍ യക്ഷിയും വൈക്കം മുഹമ്മദ് ബഷീര്‍ ഭാര്‍ഗ്ഗവീ നിലയവും ഒക്കെ എഴുതുന്നത്. അക്കാലത്ത് ചാള്‍സ് ഡിക്കന്‍സിന് കേരളത്തില്‍ ധാരാളം വായനക്കാരുണ്ടായിരുന്നു. ഭാര്‍ഗ്ഗവീ നിലയത്തിന് ഡിക്കന്‍സിന്റെ പ്രേതഭവനത്തോടു ചില സാദൃശ്യങ്ങളൊക്കെയുണ്ടെങ്കിലും മലയാറ്റൂരിന്റെ യക്ഷിക്ക് ഇതുമായൊന്നും ഒരു ബന്ധവുമില്ല. അതു വലിയ മാനസികാപഗ്രഥനമുള്ള മഹത്തായ ഒരു കൃതിയാണ്.
ആത്മാവ്, പ്രേതം, പുനര്‍ജന്മം എന്നിവയ്‌ക്കൊന്നും കൃത്യമായ തെളിവുകളൊന്നുമില്ലെങ്കിലും ആ മേഖലയില്‍ ഗവേഷണം നടത്തിയ ആരും ഇതിനെയൊന്നും കൃത്യമായി സ്ഥാപിക്കാനോ നിഷേധിക്കാനോ മുതിര്‍ന്നിട്ടില്ല. ഗവേഷകര്‍ക്കും ഇതൊക്കെ ഒരു പുകമറയില്‍ നിര്‍ത്താനാണിഷ്ടം. മനുഷ്യ മനസ്സിന്റെ അപാരമായ സിദ്ധികളും പ്രത്യേകതകളും ഒരു പഠനത്തിനും വഴങ്ങുന്നവയല്ല എന്നത് ഒരു സങ്കീര്‍ണ്ണ യാഥാര്‍ത്ഥ്യമാണ്. ഉണര്‍ന്നിരിക്കുമ്പോള്‍ പോലും നമ്മളെ സ്വപ്നം കാണിക്കാന്‍ തലച്ചോറിനു കഴിയും. അത്തരം അവസ്ഥകളില്‍ ഉണ്ടാകുന്ന ചില ഹാല്യുസിനേഷന്‍സ് (hallucinations) മാത്രമാണ് മനുഷ്യന്റെ പ്രേതാനുഭവങ്ങള്‍ എന്നാണ് ബാലന്റ് ജലാലിനെ (Baland Jalal) പോലുള്ള ന്യൂറോളജിസ്റ്റുകള്‍ പറയുന്നത്. മേഘങ്ങളില്‍ നിന്ന് സിംഹത്തേയും മുയലിനേയുമൊക്കെ കണ്ടെത്തുന്ന ബാലമനസ്സുകളെപ്പോലെ പലപ്പോഴും ഇല്ലാത്ത പലതിനേയും സങ്കല്പിച്ചുണ്ടാക്കാന്‍ മനുഷ്യമനസ്സിനുള്ള കഴിവിനെ പേരിഡോളിയ (Pareidolia), അപ്പോഫീനിയ (Apophenia) എന്നൊക്കെ മനഃശാസ്ത്രജ്ഞന്മാര്‍ വിളിക്കുന്നു. ശാസ്ത്രം നിഷേധിക്കുന്നുവെങ്കിലും ഇതൊക്കെ ഉണ്ടെന്നു കേള്‍ക്കാനാണ് മനുഷ്യനു പൊതുവെ ഇഷ്ടം. ഇത്ത രം കഥകള്‍ക്ക് എന്നും കേള്‍വിക്കാരും വായനക്കാരും ധാരാളമുണ്ട്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഫ്രാന്‍സിസ് നൊറോണ (ജൂണ്‍ 15-21) എഴുതിയിരിക്കുന്ന കഥ ‘ബഹിരാകാശം’ ഇത്തരം പ്രേതാനുഭവങ്ങളെ പറയാതെ പറയുന്ന ഒന്നാണ്. കഥയില്‍ പ്രേതാനുഭവത്തിന് പ്രത്യേക പ്രസക്തിയൊന്നുമില്ല. എങ്കിലും അതിനെ ആദ്യവസാനം സജീവമാക്കി നിര്‍ത്താന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. വായനയെ മടുപ്പിക്കുന്ന കഥയല്ല ഫ്രാന്‍സിസിന്റേത്. തീര്‍ച്ചയായും നമ്മളില്‍ ആകാംക്ഷ ജനിപ്പിച്ചുകൊണ്ട് അവസാനം വരെ വായിപ്പിക്കാന്‍ കഥാകൃത്തിനു കഴിയുന്നുണ്ട്. കേരളത്തിലെ ഏതൊരു പ്രധാന പ്രസിദ്ധീകരണത്തിലും കഥയും കവിതയുമൊക്കെ പ്രസിദ്ധീകരിച്ചു വരാന്‍ ചില പൊടിക്കൈകള്‍ വേണം. അത് നൊറോണയും തന്റെ കഥയില്‍ പ്രയോഗിക്കുന്നുണ്ട്. സാധാരണ വായനക്കാര്‍ അതത്ര ശ്രദ്ധിക്കാനിടയില്ലെങ്കിലും പത്രാധിപ സമിതിക്കാരും സംസ്‌കാരവ്യതിയാനം ആഗ്രഹിക്കുന്നവരുമായ ഗൂഢാലോചനക്കാരുടെ കണ്ണുകളില്‍ ഇത് എത്തേണ്ടവേഗത്തില്‍ത്തന്നെ എത്തും. അതിലൊന്ന് കഥയിലെ കള്ളന്റെ രൂപവിവരണം ആണ്. കള്ളന് കൃത്യമായി ഒരു ഭസ്മക്കുറിയുണ്ട്. ഭസ്മക്കുറിയിട്ട് മോഷ്ടിക്കാന്‍ നടക്കുന്ന ആരേയും ഈ ലേഖകന്‍ ഇതുവരെ കണ്ടിട്ടില്ല. കൈയില്‍ ഒരു ത്രിശൂലവും കാവിവസ്ത്രവും കൂടിയുണ്ടായിരുന്നെങ്കില്‍ കള്ളനെ ഒരു ഫാസിസ്റ്റ് കള്ളനെന്നു വിളിക്കാമായിരുന്നു.
കള്ളന്‍ ഫാസിസ്റ്റ് ആണെങ്കിലെന്ത്? മനുഷ്യസ്‌നേഹിയെ അവതരിപ്പിക്കുമ്പോള്‍ അയാള്‍ക്ക് അറബികളെപ്പോലുള്ള വെളുത്ത കാല്‍ശരായിയും തലയില്‍ വെള്ളത്തുണി കൊണ്ടുള്ള ഒരു തലക്കെട്ടുമുണ്ട്. കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് പണം കൊടുത്തു സഹായിക്കുന്ന മനുഷ്യസ്‌നേഹിക്ക് തീര്‍ച്ചയായും ഇങ്ങനെയൊരു രൂപം തന്നെയാണ് കേരളത്തില്‍ ആവശ്യം. നൊറോണ എന്ന ഈ കാഥികന്‍ തന്റെ കഥകളില്‍ ഇത്തരം ഒളിച്ചുകടത്തലുകള്‍ മുന്‍പും നടത്തുന്നതു കണ്ടിട്ടുണ്ട്. ഒരു പക്ഷേ ഇങ്ങനെ ചെയ്യണമെന്ന് അയാള്‍ക്ക് ആത്മാര്‍ത്ഥമായി ആഗ്രഹമൊന്നുമുണ്ടാവില്ല. ഇങ്ങനെയെന്തെങ്കിലുമുണ്ടെങ്കിലേ കേരളത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയൂ എന്ന് മുന്‍കാലാനുഭവങ്ങളില്‍ നിന്നും അയാള്‍ മനസ്സിലാക്കിയിട്ടുണ്ടാവാം.
Ricardo Eliecer Neftali Reyes Basolta എന്ന നീണ്ട പേരുകാരനെ എത്രപേര്‍ക്ക് അറിയാമെന്നു നിശ്ചയമില്ല. എന്നാല്‍ പാബ്ലോ നെരൂദ എന്നു പറഞ്ഞാല്‍ സാഹിത്യം വായിച്ചിട്ടുള്ളവരെല്ലാം അറിയും. 1971ല്‍ നോബേല്‍ സമ്മാനം നേടിയ നെരൂദയേയും അദ്ദേഹത്തിന്റെ പ്രണയ കവിതകളേയും അറിയാത്തവര്‍ ചുരുങ്ങും. ഒരു പക്ഷേ നെരൂദയെപ്പോലെ ഇത്രയധികം പ്രണയകവിതകള്‍ എഴുതിയിട്ടുള്ള കവികള്‍ ചുരുക്കമാണ്. പക്ഷേ ചിലിയിലെ സാന്റിയാഗോ എയര്‍ പോര്‍ട്ടിന് അദ്ദേഹത്തിന്റെ മരണശേഷം നെരൂദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് നാമകരണം ചെയ്യാനൊരുങ്ങിയപ്പോള്‍ അവിടത്തെ ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ എതിര്‍ത്തത്രേ! കാരണം നെരൂദയുടെ ഓര്‍മക്കുറിപ്പില്‍ ഒരിടത്ത് 1929ല്‍ അദ്ദേഹം ശ്രീലങ്കയിലായിരുന്നപ്പോള്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതായി കുറ്റസമ്മതം നടത്തിയിട്ടുണ്ടുപോലും. അതിനാലാണ് 2018ല്‍ സ്ത്രീവിമോചന പ്രസ്ഥാനക്കാര്‍ നെരൂദയ്‌ക്കെതിരെ കലാപത്തിനിറങ്ങിയത്. 1973ല്‍ അദ്ദേഹം കൊല്ലപ്പെട്ട് 45 വര്‍ഷം കഴിഞ്ഞിട്ടായിരുന്നു ഈ കലാപാഹ്വാനം എന്നോര്‍ക്കണം. ആയിരത്തിതൊള്ളായിരത്തി എഴുപത്തിയൊന്നില്‍ നൊബേല്‍ പ്രൈസ് നല്‍കുന്ന സന്ദര്‍ഭത്തിലും സ്റ്റാലിനെ അനുകൂലിക്കുന്നു എന്ന പേരില്‍ സ്വീഡിഷ് അക്കാദമിയില്‍ ചിലര്‍ സമ്മാനം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ നെരൂദയുടെ കവിതയുടെ മുന്‍പില്‍ അവര്‍ കീഴടങ്ങുകയായിരുന്നു.
നെരൂദ കമ്മ്യൂണിസ്റ്റായിരുന്നുവെന്നു പറയപ്പെടുന്നു. ചിലിയില്‍ അലന്‍ഡേ ഭരണത്തിലെത്തിയപ്പോള്‍ കവി അദ്ദേഹത്തോടൊപ്പമായിരുന്നു. ജനാധിപത്യവും കമ്മ്യൂണിസവും ഒരുപോലെ പരാജയപ്പെട്ട ഇടമാണ് തെക്കേ അമേരിക്ക. ലാറ്റിനമേരിക്കയില്‍ ക്യൂബ ഒഴിച്ചാല്‍ ഒരിടത്തും കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റുകള്‍ക്ക് നിലനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ക്യൂബയെ ഒരു ലാറ്റിനമേരിക്കന്‍ രാജ്യം എന്നു പൊതുവെ പറയാറുണ്ടെങ്കിലും അതിന്റെ കിടപ്പ് വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മെക്‌സിക്കോയോടുചേര്‍ന്ന് കരീബിയന്‍ ദ്വീപുകളുടെ കൂട്ടത്തിലാണല്ലോ! അതാവും അവിടെ കമ്മ്യൂണിസം പിടിച്ചു നിന്നുപോകുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കമ്മ്യൂണിസവും ജനാധിപത്യവും അല്പായുസ്സുക്കളാണ്. എന്നും ക്രൂരന്മാരായ സ്വേച്ഛാധിപതികളാണ് അവിടെ വാഴിക്കപ്പെടാറുള്ളത്. ചിലിയില്‍ അലന്‍ഡെയെ അട്ടിമറിച്ച് പിനാഷേ (Augusto Jose Ramon Piochet Ugarte) അധികാരത്തിലെത്തിയപ്പോള്‍ നെരൂദ വധിക്കപ്പെട്ടതായി കണക്കപ്പെടുന്നു. എന്നാല്‍ അതൊരു സ്വാഭാവിക മരണമായിരുന്നുവെന്നു കരുതുന്നവരും ഉണ്ട്. മരണത്തിനു മുന്‍പു തന്നെ അദ്ദേഹം രോഗബാധിതനായിരുന്നു.
നെരൂദയുടെ രാഷ്ട്രീയം എന്തുതന്നെയായാലും ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ കവിത കൊണ്ടാടപ്പെടുന്നു. കവിതയെ സ്‌നേഹിക്കുന്ന ആര്‍ക്കും നെരൂദയില്‍ നിന്നും മാറിനില്‍ക്കാനാവില്ല. സ്പാനിഷിലാണ് രചിക്കപ്പെട്ടതെങ്കിലും അതിന്റെ സത്ത ചോര്‍ന്നു പോകാതെ ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും മൊഴിമാറ്റത്തിനും വഴങ്ങുന്നതാണ് ആ കവിതകളുടെ ഭാഷാ രീതി. മലയാളത്തില്‍ അദ്ദേഹത്തിന്റെ പ്രണയ കവിതകളെക്കുറിച്ചു മാത്രമേ പറയാറുള്ളൂ. എന്നാല്‍ മനോഹരങ്ങളായ വേറെ എത്രയോ കവിതകള്‍ അദ്ദേഹത്തിന്റേതായുണ്ട്. “Death alone’ എന്ന കവിതയില്‍ എഴുതുന്നതു നോക്കൂ!
“”Death is drawn to sound like a slipper without fort a suit without its wearer. Come to knock with a ring stone less and fingerless. come to shout without a mouth a tongue without a throat”
പാദങ്ങളില്ലാത്ത ഒരു ചെരുപ്പ് പോലെയും ധരിച്ചിരുന്ന ആളില്ലാത്ത സ്യൂട്ട് പോലെയും മരണത്തെ അനുഭവിക്കുന്ന ഈ കവിത മുഴുവന്‍ ഉദ്ധരിക്കാന്‍ പറ്റിയ വരികളുള്ളതാണ്. ഭാഷാപോഷിണിയില്‍ ജൂണ്‍ ലക്കത്തില്‍ പ്രമീള ദേവി നെരൂദ എന്ന സാമാന്യം ദീര്‍ഘമായ കവിത എഴുതിയിരിക്കുന്നു. കവിയുടെ എല്ലാ കവിതകളിലും കാണുന്ന ഭാഷാപരമായ സവിശേഷതകള്‍ ഈ കവിതയിലുമുണ്ട്. വാക്കുകള്‍ സശ്രദ്ധം ചേര്‍ത്തുവച്ചാണ് ഈ കവി എഴുതാറ്. പാഴായി ഒരു പദവും ഉപയോഗിക്കാറില്ല. പക്ഷേ നെരൂദ എന്നാല്‍ ഒരുപിടി പ്രണയ കവിതകള്‍ മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ പ്രണയഭരിതങ്ങളായ മലയാളി മനസ്സുകള്‍ തയ്യാറല്ല. ഈ കവിയും അതുപോലെ ചിലിയന്‍ കവിയുടെ അതി പ്രശസ്തങ്ങളായ I want to do what spring does with the cherry tree’ “”Tonight I can write the saddest line’ തുടങ്ങിയ കവിതകളെത്തന്നെയാണ് ഉപജീവിക്കുന്നത്. വലിയ കവികളുടെ മോശം കവിതകളാവും പലപ്പോഴും ജനങ്ങള്‍ കൊണ്ടാടുന്നത്. ആ ദുര്യോഗം നെരുദയ്ക്കുമുണ്ട്.
ലോകപ്രശസ്തനാണ് ആസ്ട്രിയന്‍ കവിയായ റില്‍ക്കേയെ (Rene Karl Wilhelm Johann Maria Rilke) ക്കുറിച്ച് ജൂണ്‍ 9ന്റെ മലയാളം വാരികയില്‍ ആര്‍.എസ്. കുറുപ്പ് എഴുതിയിരിക്കുന്നു. റില്‍ക്കേയെക്കുറിച്ച് നെറ്റില്‍ പരതിയാല്‍ ആദ്യം കിട്ടുന്നത് അദ്ദേഹത്തിന്റെ ‘ദി പാന്‍ദര്‍’ (The Panther) എന്ന കവിതയാണ്. ഒരു മൃഗശാലയില്‍ തടവിലാക്കപ്പെട്ട ഒരു കരിമ്പുലിയുടെ കരുത്തിനേയും അതിന്റെ അപ്പോഴത്തെ അസ്വാതന്ത്ര്യത്തെയും ഒക്കെ സൂചിപ്പിച്ചു കൊണ്ടൊഴുതിയ ഒരു ലഘു കവിതയാണത്. ഈ കവിത വായിക്കുമ്പോള്‍ വില്യം ബ്ലേക്കിന്റെ പ്രശസ്തമായ ‘ദി ടൈഗര്‍’ (The Tyger) എന്ന കവിത ഓര്‍മവരും. റില്‍ക്കേയുടെ കവിതയും ബ്ലേക്കിന്റെ കവിതയും പ്രത്യേകിച്ച് കൗതുകമൊന്നും ഈ ലേഖകനില്‍ ഉളവാക്കിയില്ല എന്നതാണ് സത്യം.
“”Tyger Tyger burning bright
In the forest of the night
What immortal hand or eye
could frame they fearful symmetry ”
എന്ന ബ്ലേക്കിന്റെ വരികള്‍ ഒരു കടുവയെക്കാണുമ്പോള്‍ ആര്‍ക്കും തോന്നുന്ന, തോന്നാവുന്ന കാര്യം തന്നെ. അത്രയ്ക്ക് ഗംഭീരമാണല്ലോ ഒരു കടുവയുടെ രൂപം. എല്ലാവര്‍ക്കും തോന്നാത്ത ചിലത് കണ്ടെത്തിയാലല്ലേ മഹത്തായ കവിതയാകൂ! ബ്ലേക്കും റില്‍ക്കേയും പക്ഷേ ലോകത്തിലെ വലിയ കവികളാണ്.
റില്‍ക്കേയുടെ ലെറ്റേഴ്‌സ് ടു എ യംഗ് പോയറ്റിനെക്കുറിച്ചാണ് ആര്‍.എസ്. കുറുപ്പ് എഴുതുന്നത്. റില്‍ക്കേ എന്ന യുവ കവിയ്ക്ക് എഴുതിയ പത്ത് കത്തുകളുടെ സമാഹാരമാണ് ഇത്. യുവകവി തന്നെയാണ് പില്‍ക്കാലത്ത് അതു പ്രസിദ്ധീകരിക്കാന്‍ കൊടുത്തത്. ഈ കൃതിയെക്കുറിച്ച് നേരത്തേയും പലരും മലയാളത്തില്‍ എഴുതിയിട്ടുണ്ട്. കത്തുകളുടെ ഉള്ളടക്കത്തെക്കുറിച്ച് ഈ പംക്തിയില്‍ മുന്‍പൊരിക്കല്‍ വിശദമായി എഴുതിയിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. “Solitude is something to be embraced” എന്നത് ഏവര്‍ക്കും പ്രത്യേകിച്ചും സര്‍ഗ്ഗാത്മക രചനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സ്വീകരിക്കാവുന്ന ഉപദേശമാണ്.