പശ്ചിമേഷ്യ പടയൊരുക്കങ്ങളും പ്രതിരോധങ്ങളും കൊണ്ട് കലുഷിതമാകുമ്പോള്‍ ലോകസമാധാനത്തിന് ആഹ്വാനം ചെയ്യുകയാണ് ഭാരതം. ഈ പശ്ചാത്തലത്തില്‍ ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന്റെ ചരിത്ര വര്‍ത്തമാനങ്ങള്‍ ഇവിടെ അവലോകനം ചെയ്യപ്പെടുകയാണ്. കത്തോലിക്കാ സഭ പാലാ രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍, കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ മുന്‍ അംഗം, പാലാ സെന്റ് തോമസ് കോളേജ് രാഷ്ട്ര മീമാംസാ വിഭാഗം മുന്‍ പ്രൊഫസര്‍, വകുപ്പ് മേധാവി എന്നിങ്ങനെ ബൗദ്ധിക കേരളത്തിലെ ശ്രദ്ധേയ വ്യക്തിത്വമായ ഡോ.സിറിയക് തോമസുമായി ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവായ കെ.വി.രാജശേഖരന്‍ നടത്തിയ അഭിമുഖം.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുമ്പോഴാണ് ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല എന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ പ്രസക്തമാകുന്നത്. അദ്ദേഹത്തിന്റെ ഈ വാക്കുകളെയും അതിന് വഴിയൊരുക്കിയ സാഹചര്യങ്ങളെയും അങ്ങ് എങ്ങനെ നോക്കിക്കാണുന്നു.
♠പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ഭാരതത്തിന്റെ എക്കാലത്തെയും ലോകവീക്ഷണമാണ് ആവര്‍ത്തിച്ചിരിക്കുന്നത്. മുമ്പെന്നത്തേക്കാളും കരുത്തുള്ള ഒരു രാഷ്ട്രമായി ഭാരതം മാറിയതോടെ ഈ വാക്കുകള്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ വിശ്വമാനവികതയ്ക്ക് ശക്തി പകരുമെന്ന് തന്നെ പ്രത്യാശിക്കാം. ഇറാന്‍ ആണവായുധ ശേഷി കൈവരിക്കുന്നതു തന്നെ ഇസ്രായേലിനെയും ജൂതസമൂഹത്തെയും ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ലോകം തിരിച്ചറിയുന്നുണ്ടല്ലോ. ഇറാനിലെ മതമൗലികവാദ ഭരണകൂടം പ്രത്യക്ഷമായും പരോക്ഷമായും അവരുടെ ആ ലക്ഷ്യം വ്യക്തമാക്കിയിട്ടുമുണ്ട്. ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍ തുടങ്ങിയ തീവ്ര ഭീകരവാദി സംഘങ്ങളെ ‘പ്രോക്‌സികളായി’ ഉപയോഗിച്ചു കൊണ്ട് അക്രമപരമ്പരകള്‍ ആവര്‍ത്തിക്കുന്ന ഇറാന്‍, ആണവായുധങ്ങള്‍ കൂടി സ്വന്തമാക്കിയാല്‍ ഉണ്ടാകാനിടയുള്ള വന്‍ ഭീഷണിയെ മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍കൂര്‍ പ്രതിരോധമെന്ന നിലയിലാണ് ഇസ്രായേല്‍ ഇറാനുമായി പോരാടാനിറങ്ങിയത്. നിലനില്‍പ്പിനു വേണ്ടിയുള്ള യുദ്ധം, കൊല്ലപ്പെടാതിരിക്കുവാനുള്ള മുന്‍കൂര്‍ പ്രത്യാക്രമണം! അപ്പോഴും ഇസ്രായേല്‍ ഒഴിവാക്കാനാഗ്രഹിക്കുന്നത് ആണവശക്തിയാകാനുള്ള ഇറാന്റെ സംരംഭങ്ങളെയും അവിടം ഭരിക്കുന്ന മതമൗലികവാദ ഭരണകൂടത്തെയുമാണ്.പുരോഗമന ചിന്തയും ജനാധിപത്യവും സമാധാനപരമായ സഹവര്‍ത്തിത്വവും സ്വീകരിക്കുന്ന പുതിയ ഒരു ഇസ്ലാമിക ഭരണകൂടത്തിന്റെ കയ്യിലേക്ക് ഇറാന്റെ ഭരണം എത്തിക്കുകയെന്ന് മാത്രമാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും ഇസ്ലാമിക സമൂഹത്തെയോ ഇറാനെയോ സമൂലമായി ലക്ഷ്യം വെച്ചുള്ളതല്ല അവരുടെ നീക്കങ്ങള്‍ എന്നതുമാണ് ശ്രദ്ധിക്കേണ്ട വസ്തുത. നേരേ മറിച്ച് ഇറാന്റെ ലക്ഷ്യം ഇറാനെയും ജൂതസമൂഹത്തെയും ഉന്മൂലനം ചെയ്യുകയാണെന്ന് കാണുമ്പോഴാണ് ‘യുദ്ധം ഒഴിവാക്കാനുള്ള യുദ്ധം’ എന്ന പ്രയോഗം പ്രസക്തമാകുന്നത്.
ലോകത്തെ പല ഇസ്ലാമിക രാജ്യങ്ങളും ഇറാനോടൊപ്പം അണിനിരക്കുന്നില്ല എന്നിരിക്കെ ഭാരതത്തിലെ ചില രാഷ്ട്രീയ കക്ഷികള്‍ എന്നും ഇസ്രായേലിന്റെ എതിര്‍പക്ഷം ചേരുന്നത് എന്തുകൊണ്ടാണ്.
♠ചരിത്ര വസ്തുതകളെ ആര്‍ക്കും തമസ്‌കരിക്കാനാകില്ല. ഇതിനോട് കൂട്ടി വായിക്കേണ്ടതാണ് 1950 സപ്തംബര്‍ 17ന് ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ അംഗീകരിച്ചതിനു ശേഷം പ്രധാനമന്ത്രി നെഹ്രു നടത്തിയ പ്രസ്താവന. അന്ന് അദ്ദേഹം പറഞ്ഞത് ”നമ്മള്‍ ഇസ്രായേലിനെ വളരെ മുമ്പേ അംഗീകരിക്കേണ്ടതായിരുന്നു, കാരണം ഇസ്രായേല്‍ ഒരു യാഥാര്‍ത്ഥ്യമാണ്. നമ്മള്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറി നിന്നത് അറബ് രാഷ്ട്രങ്ങളിലെ നമ്മുടെ സുഹൃത്തുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കണമെന്ന നമ്മുടെ ആഗ്രഹം കൊണ്ടായിരുന്നു” അതേ തുടര്‍ന്ന്, 1953ല്‍ മുംബൈയില്‍ ഒരു കോണ്‍സുലേറ്റ് തുടങ്ങുവാന്‍ അവര്‍ക്ക് അനുവാദവും നല്‍കി. പക്ഷേ ഭാരതത്തിന് ഇസ്രായേലുമായി പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുപോലും നാല് ദശകങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. ആഗോള തലത്തില്‍ കമ്യൂണിസ്റ്റ്-ഇസ്ലാമിസ്റ്റ് രാഷ്ട്രങ്ങളുടെ സൗഹൃദം നഷ്ടപ്പെടാതിരിക്കാനും ഭാരതത്തിനുള്ളിലെ ഒരു പ്രത്യേക ന്യൂനപക്ഷ സമൂഹത്തിന്റെ ‘വോട്ട് ബാങ്ക്’ നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാവാം ഇസ്രായേലിനെ അകറ്റി നിര്‍ത്തുന്ന സമീപനം നമ്മുടെ മിക്ക പ്രധാനമന്ത്രിമാരും സ്വീകരിച്ചത്. അത്തരം ഒരു പശ്ചാത്തലത്തില്‍ പോലും 1962 ല്‍ ചൈനയോടും 1965ലും 1971ലും പാകിസ്ഥാനോടും ഭാരതത്തിന് യുദ്ധങ്ങളിലേര്‍പ്പെടേണ്ടി വന്നപ്പോഴൊക്കെ പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും ഇസ്രായേലിന്റെ കലവറയില്ലാത്ത പിന്തുണ സ്വീകരിച്ചുവെന്നതും ചരിത്രമാണ്. 1991ല്‍ അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ തുടങ്ങിവെച്ച പുതിയ നയസമീപനം 1992 ല്‍ പ്രധാനമന്ത്രി നരസിംഹറാവു നടപ്പില്‍ വരുത്തിയതോടെയാണ് ഭാരതവും ഇസ്രായേലും തമ്മില്‍ പൂര്‍ണ്ണമായ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെടുന്നത്. പിന്നീട്, അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരും 2014 മുതല്‍ നരേന്ദ്രമോദി സര്‍ക്കാരും സ്വീകരിച്ച ശക്തമായ നിലപാടുകളും സമീപനങ്ങളും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢതരമാക്കിയിരിക്കുന്നുവെന്നതും അനിഷേധ്യമായ ഒരു യാഥാര്‍ത്ഥ്യമാണ്. കാര്‍ഗിലിലും പഹല്‍ഗാം സംഭവത്തോടുള്ള തിരിച്ചടിയിലുമൊക്കെ ഉറപ്പോടെ കൂടെ നിന്ന കരുത്തുള്ള സുഹൃദ് രാജ്യമാണ് ഇസ്രായേല്‍. പ്രതിരോധ സാമഗ്രികളും സംവിധാനങ്ങളും ആവശ്യമുള്ളപ്പോഴൊക്കെ അത് ലഭ്യമാക്കിക്കൊണ്ട് ഭീകരവാദികളുള്‍പ്പടെയുള്ള ശത്രുക്കള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഇസ്രായേല്‍ എന്നും ഭാരതത്തോടൊപ്പമായിരുന്നു. ആ ബന്ധം കൂടുതല്‍ കരുത്തുറ്റതും ഫലപ്രദവുമാക്കുന്നതിനുള്ള വഴി തേടുന്നതിനാണ്, ഈ യുദ്ധകാലപരിതഃസ്ഥിതിയിലെന്നല്ല, ഏതു പരിതഃസ്ഥിതിയിലും, ഭാരതം ശ്രദ്ധ ചെലുത്തേണ്ടത്. അക്കാര്യത്തില്‍ ഭാരതത്തിന്റെ യഥാര്‍ത്ഥ രാജ്യ താത്പര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല.
ഭാരതത്തിന് എന്നും കൂടെ കൂട്ടാവുന്ന സഖ്യകക്ഷിയാണ് ഇസ്രായേല്‍. ആ സഖ്യത്തിന് ചരിത്രാനുഭവങ്ങളുടെ ധാര്‍മ്മികമായ ഒരു അടിത്തറയുമുണ്ട്. അതുകൊണ്ടാണല്ലോ നമ്മുടെ ദേശീയനായകന്മാരും ഇസ്രായേലിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചത്. വിനായക ദാമോദര്‍ സാവര്‍ക്കര്‍ ഇസ്രായേലിന്റെ പുനര്‍ രൂപീകരണത്തെ ശരിയായ നടപടി എന്ന് വിലയിരുത്തുകയും ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ ജൂതദേശീയതയെ ശ്ലാഘിക്കുകയും ഭീംറാവ് അംബേദ്കര്‍ ജൂതസമൂഹത്തിന് നീതിനിഷേധിക്കപ്പെടരുതെന്നു പറയുകയും ചെയ്തിരുന്നല്ലോ.
♠ 1940 കളുടെ ആദ്യം ഡോ അംബേദ്കര്‍ നടത്തിയ ഒരു പ്രസ്താവനയാണ് എന്റെ ഓര്‍മ്മയിലെത്തുന്നത്. അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്:’I see in the present day condition of the Depressed Classes of India a parallel to the Jews in their captivity in Egypt. In Moses I see a leader whose infinite love for his people has given undaunted courage to face hardships and bear calumny. I confess that if anything sustains me in my efforts to emancipate the Depressed Classes, it is the story of Moses undertaking the thankless but noble task of leading Jews out of their captivity.” (ഭാരതത്തിലെ അധഃസ്ഥിത വിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥയില്‍, ഈജിപ്തിലെ ജൂതന്മാരുടെ അടിമത്തത്തിന് സമാനമായ ഒരു അവസ്ഥ ഞാന്‍ കാണുന്നു. മോശയില്‍, തന്റെ ജനങ്ങളോടുള്ള അനന്തമായ സ്‌നേഹം, കഷ്ടപ്പാടുകളെ നേരിടാനും അപവാദം സഹിക്കാനും അചഞ്ചലമായ ധൈര്യം നല്‍കിയ ഒരു നേതാവിനെ ഞാന്‍ കാണുന്നു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ മോചിപ്പിക്കാനുള്ള എന്റെ ശ്രമങ്ങളില്‍ എനിക്ക് എന്തെങ്കിലും പിന്തുണ നല്‍കുന്നുണ്ടെങ്കില്‍, അത് ജൂതന്മാരെ അവരുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന നന്ദിപോലും പ്രതീക്ഷിക്കാന്‍ സാദ്ധ്യതയില്ലാത്തതും എന്നാല്‍ ശ്രേഷ്ഠവുമായ ദൗത്യം ഏറ്റെടുത്ത മോശയുടെ കഥയാണെന്ന് ഞാന്‍ സമ്മതിക്കുന്നു). ഈ പ്രസ്താവനയില്‍ ഡോ.അംബേദ്കറുടെ ഇസ്രായേലിനോടുള്ള സമീപനം പ്രകടവും വ്യക്തവുമാണ്. ഡോ.അംബേദ്കറുടെ വാക്കുകളും നിലപാടുകളും വളരെ ശക്തമാണെന്നതില്‍ ഒരു സംശയവുമുണ്ടാകേണ്ടതില്ല എന്നതാണ് ഒരു രാഷ്ട്രമീമാംസാ അദ്ധ്യാപകനെന്ന നിലയില്‍ എന്റെ ഉറച്ച ബോദ്ധ്യം. ഭാരതംകണ്ട ഏറ്റവും പ്രഗത്ഭനായ ഒരു നേതാവും വിഖ്യാതനായ നമ്മുടെ ഭരണഘടനാപിതാവുമായ ഡോ. അംബേദ്കറെ കുറിച്ച് സത്യസന്ധമായ ഒരു പുനര്‍വായനയ്ക്കും കാലമായിട്ടുണ്ട്.
2000 ജൂണില്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു ഭാരതം ഇസ്രായേലുമായുള്ള ബന്ധം മികച്ചതാക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അവിടെ നേരില്‍ കണ്ട സയോണിസ്റ്റ് സോഷ്യലിസത്തിന്റെ പ്രതിഫലനങ്ങളില്‍ സന്തുഷ്ടനായി, “Israel is the only example of working model of Communism” എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. എന്നാല്‍ മര്യാദയുടെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ട് ‘ഇസ്രായേല്‍ എക്കാലത്തും തെമ്മാടി രാജ്യമാണ്’ എന്ന്, ആരെയൊക്കെയോ പ്രീണിപ്പിക്കാന്‍ വേണ്ടി, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചിരിക്കുകയാണ്. ഈ രണ്ട് പ്രസ്താവനകളെയും അങ്ങ് എങ്ങനെ നോക്കിക്കാണുന്നു?
♠ ഇസ്രായേല്‍ വിരുദ്ധ രാഷ്ട്രീയം പിന്തുടരുന്ന ഒരു പ്രത്യയശാസ്ത്രത്തെ ഭാരതത്തില്‍ നയിക്കാന്‍ സ്വജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു ജ്യോതി ബസു. അദ്ദേഹം യാസര്‍ അരാഫത്തിന്റെ അടുത്ത സുഹൃത്തുമായിരുന്നു. എന്നിട്ടും തന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിനുശേഷം മാധ്യമ സമൂഹത്തെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് “Those were the days of the past when we opposed the regimes in South Africa and Israel. But now our policy has changed. Even the Indian foreign policy has changed and there are full diplomatic relations with both these countries.” (ദക്ഷിണാഫ്രിക്കയിലെയും ഇസ്രായേലിലെയും ഭരണകൂടങ്ങളെ നമ്മള്‍ എതിര്‍ത്തിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ നയം മാറിയിരിക്കുന്നു. ഭാരതത്തിന്റെ വിദേശനയം പോലും മാറിയിരിക്കുന്നു. ഈ രണ്ട് രാജ്യങ്ങളുമായും പൂര്‍ണ്ണ നയതന്ത്ര ബന്ധങ്ങളുമുണ്ട്). അദ്ദേഹം ഇതും കൂടി പറഞ്ഞു: “I was always fascinated by Israel. After all three major religions Judaism, Christianity and Islam emerged from here.” (‘എന്നെ എപ്പോഴും ഇസ്രായേല്‍ വിസ്മയപ്പെടുത്തിയിരുന്നു. എല്ലാത്തിലും ഉപരി മൂന്ന് പ്രധാന മതങ്ങള്‍ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവ ഇവിടെ നിന്നാണ് ഉയര്‍ന്നുവന്നത്). ഒരു രാഷ്ട്രീയ നേതാവ് രാഷ്ട്രതന്ത്രജ്ഞനായി വളര്‍ന്ന്, വസ്തുതകളെ വിലയിരുത്തി പ്രഖ്യാപിക്കുന്ന നിലപാടില്‍ നേരിന്റെ വിരലടയാളം പതിക്കുമെന്നതാണ് ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കേണ്ടത്. ആ നിലപാടിന്റെ പശ്ചാത്തലത്തില്‍ മറ്റാരുടെയും നിലപാടുകളെ വിലയിരുത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഭാരതസര്‍ക്കാര്‍ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്ഥാനെ ‘a rogue country’ എന്ന് വിളിച്ചിട്ടുണ്ടെങ്കിലും ബദ്ധശത്രുപക്ഷത്തു നില്‍ക്കുന്ന ചൈനയെ പോലും ‘ഒരു തെമ്മാടി രാജ്യം’ എന്ന് വിളിച്ചിട്ടില്ലെന്നതില്‍ നിഴലിക്കുന്ന പക്വത എല്ലാവരും മാതൃകയാക്കണമെന്ന് മാത്രമാണ് അക്കാര്യത്തില്‍ ഞാന്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നത്.
യഹൂദരെ കുറിച്ച് പറയുമ്പോള്‍ ഒരു സാധാരണ മനുഷ്യന്റെ മുന്നില്‍ കുരിശിലേറ്റപ്പെട്ട ക്രിസ്തുദേവന്റെ രൂപം എത്തുന്നു. യഹൂദഭരണകൂടവും അന്നത്തെ യഹൂദസമൂഹവുമാണ് ആ കഠോര കര്‍മ്മം ചെയ്തതെന്നതും ചരിത്രമാണല്ലോ? പക്ഷേ ഇന്ന് ആഗോള ക്രിസ്ത്യന്‍ സമൂഹം മധ്യ പൂര്‍വേഷ്യന്‍ വിഷയത്തില്‍ പ്രതിരോധം തീര്‍ക്കുന്ന ജൂതസമൂഹത്തോടൊപ്പം നില്‍ക്കുന്നുവെന്നാണ് പൊതു ധാരണ. ആക്രമത്തെ ത്യാഗം കൊണ്ടും വെറുപ്പിനെ സ്‌നേഹം കൊണ്ടും വിജയിക്കാന്‍ ലോകത്തെ പഠിപ്പിച്ച യേശുദേവന്റെ അനുയായികളാണെന്നതിനപ്പുറം യഹൂദ താത്പര്യങ്ങളോടൊപ്പം നില്‍ക്കാന്‍ ലോക ക്രിസ്ത്യന്‍ സമൂഹത്തെ േ്രപ്രരിപ്പിക്കുന്ന ഘടകം എന്താണ്.
♠യേശുദേവന്‍ രക്തം കൊണ്ടും വംശീയതകൊണ്ടും ജനനം കൊണ്ടും ദേശീയത കൊണ്ടും ജൂതനാണ്. നസ്രത്തിലെ ജീസസ്സാണ് എക്കാലത്തും യഹൂദകുലത്തില്‍ ജനിച്ചവരില്‍ പരമശ്രേഷ്ഠനെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. പക്ഷേ ക്രിസ്തു വ്യത്യസ്തനും അനിതരസാധാരണനുമായിരുന്നു. അദ്ദേഹം ഒരു പാരമ്പര്യവാദിയായിരുന്നില്ല. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടുകളിലും പരമ്പരാഗത പരിമിതികളിലും ചട്ടക്കൂട്ടിലും ഒതുങ്ങി നിന്ന വ്യക്തിയുമായിരുന്നില്ല. അദ്ദേഹം തന്റെ ദര്‍ശനങ്ങളിലൂടെയും മാര്‍ഗനിര്‍ദേശങ്ങളിലൂടെയും, ശരിയായ അര്‍ത്ഥത്തില്‍ ഒരു ഒന്നാം നിര സ്വാഭാവിക വിപ്ലവകാരിയായിരുന്നു. തന്റെ കാലത്തെ സമൂഹത്തെ കീഴ്‌മേല്‍ മറിക്കാന്‍ ജീവത്യാഗം ചെയ്ത വിപ്ലവകാരിയായിരുന്നു യേശുവെന്നതും സത്യമാണ്.
അദ്ദേഹം യഹൂദന്മാരുടെ ‘പഴയ നിയമത്തെ’യും (Old Testament) അത് നിഷ്‌കര്‍ഷിച്ച സാമൂഹികവും ആദ്ധ്യാത്മികവുമായ നിബന്ധനകളെയും അക്രമത്തിന്റെയും വെറുപ്പിന്റെയും പ്രതികാരത്തിന്റേതുമായ സമൂഹഘടനയെയും ആചാരരീതികളെയും സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ക്ഷമയുടെയും അനുകമ്പയുടെയും ‘പുതിയ നിയമം’ (New Testament) കൊണ്ട് മാറ്റിയെടുക്കുവാന്‍ ആഹ്വാനം ചെയ്തു. ക്രിസ്തുവിനുശേഷമുള്ള യഹൂദ ക്രിസ്ത്യാനികള്‍ വിശ്വസിച്ചത് ഏദന്‍ തോട്ടത്തിലെ വിലക്കപ്പെട്ട കനി ഭക്ഷിച്ച് ആദവും ഹവ്വയും ചെയ്ത ആദി പാപം കാരണം സ്വര്‍ഗം നഷ്ടപ്പെട്ട മാനവ സമൂഹത്തെ രക്ഷിക്കാന്‍ ദൈവം അയച്ച ഒരേ ഒരു ദൈവപുത്രന്‍ ജീസസ് ക്രൈസ്റ്റാണെന്നാണ്. അങ്ങനെ ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ അവരുടെ രക്ഷകനായും പ്രഭുവായും പ്രകീര്‍ത്തിക്കുകയും അദ്ദേഹത്തിന്റെ ദിവ്യ ജനനം കൊണ്ടും ജീവിതം കൊണ്ടും കുരിശുമരണം കൊണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പുകൊണ്ടും സാധിച്ചെടുത്ത വീണ്ടെടുപ്പിന്റെ ദൗത്യത്തില്‍ വിശ്വസിക്കുകയും ചെയ്തു. അതാണ് സഭാവ്യത്യാസങ്ങള്‍ക്കും വിശ്വാസി സമൂഹങ്ങളുടെ വൈവിധ്യങ്ങള്‍ക്കും വേറിട്ട പാരമ്പര്യങ്ങള്‍ക്കും എല്ലാം അപ്പുറമുള്ള മൗലിക ക്രിസ്തീയ വിശ്വാസത്തിന്റെ രത്‌നച്ചുരുക്കമാവുന്നത്.
ക്രിസ്തുദേവനെ ക്രൂരവും കുറ്റകരവുമായ രീതിയില്‍ കുരിശിലേറ്റിയതിന് യഹൂദന്മാര്‍ ഒരു വര്‍ഗമെന്ന നിലയില്‍ ഉത്തവാദികളായിരുന്നുവെന്ന് വിശ്വസിച്ചിരുന്നതുകൊണ്ട് ക്രിസ്ത്യാനികളുടെ ഉള്ളിന്റെ ഉള്ളില്‍, തലമുറകളോളം, നൂറ്റാണ്ടുകളോളം, അത് സംബന്ധിച്ച് ശക്തമായ വികാരവും ഹൃദയവേദനയും നിലനിന്നു പോന്നിരുന്നു. റോമന്‍ ഗവര്‍ണര്‍ പീലാത്തോസിന് ക്രിസ്തുവിന്റെ നിഷ്‌കളങ്കതയെ കുറിച്ച് ബോദ്ധ്യമുണ്ടായിരുന്നിട്ടു പോലും അക്കാലത്തെ യഹൂദ പുരോഹിതന്മാരെയും അന്ധരായ ആള്‍ക്കൂട്ടത്തെയും ഭയന്ന് അദ്ദേഹത്തെ കുരിശുമരണത്തിന് വിധിക്കുകയായിരുന്നു. യേശുവിന്റെ നിഷ്‌കളങ്കതയെ കുറിച്ചും നിരപരാധിത്വത്തെ കുറിച്ചും പൂര്‍ണ്ണ ബോദ്ധ്യമുള്ളതുകൊണ്ടായിരുന്നു ആ പാപത്തില്‍ തനിക്കു പങ്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പീലാത്തോസ് കൈകള്‍ കഴുകിയത്. പീലാത്തോസ്, ഹീറൊദ് രാജാവിനെയും റോമന്‍ ഭരണകൂടത്തെയും വല്ലാതെ ഭയന്നിരുന്നുവെന്ന് കരുതേണ്ടതുണ്ട്. ഗവര്‍ണറുടെ കൊട്ടാരത്തില്‍ പീലാത്തോസ് ക്രിസ്തുവിനെ വിചാരണ ചെയ്യുമ്പോള്‍ തന്നെ അദ്ദേഹത്തെ വെറുതെ വിട്ടാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ജറുസലേമിലെ ഉന്നത പുരോഹിതന്മാര്‍ ഉപജാപം തുടരുകയായിരുന്നുവെന്നാണല്ലോ വേദപുസ്തകം സൂചിപ്പിക്കുന്നത്. ക്രിസ്തുവിനെ കുരിശില്‍ തറച്ച പഴയ പരമ്പരാഗത യഹൂദന്മാരും ക്രിസ്തുവിനെ പുനരുയര്‍ത്തപ്പെട്ട നിത്യജീവനായ പ്രഭുവായി സ്വീകരിച്ച പുതിയ യഹൂദ ക്രിസ്ത്യാനികളും തമ്മിലുള്ള വേര്‍തിരിയല്‍ രേഖ രൂപം കൊണ്ടു. വര്‍ഗപരവും സാംസ്‌കാരികവുമായ എല്ലാ സമാനതകളും രണ്ടു കൂട്ടരും അവകാശപ്പെടുന്നുണ്ടെങ്കിലും വിശ്വാസപരമായ ആ വിഭജന രേഖ ഇന്നും മായാതെ അവശേഷിക്കുന്നുവെന്നതും സത്യം തന്നെ.
അതോടൊപ്പം തന്നെ, ജറുസലേം ജൂതജനതയ്ക്ക് എത്രത്തോളം പരിശുദ്ധവും ശാന്തവും പവിത്രവുമായ നഗരമാണ്, അതുപോലെ തന്നെ, ക്രിസ്ത്യാനികളായി ജനിച്ചവരും ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടവരും ജീസസ് ക്രൈസ്റ്റ് ജീവിക്കുകയും ലോകത്തെ പഠിപ്പിക്കുകയും കുരിശുമരണം വരിക്കുകയും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തത് ജറുസലേമില്‍ തന്നെയായതുകൊണ്ട് അവിടം അവരുടെ വിശുദ്ധ ദേശമായി കരുതുന്നു. അതുകൊണ്ട് ജറുസലേമില്‍ ആക്രമണങ്ങളോ യുദ്ധങ്ങളോ ഉണ്ടാകുമ്പോള്‍ അത് ആ വിശുദ്ധ ദേശവുമായി (Holy Land) മാനസികവും വൈകാരികവുമായ ബന്ധമുള്ള ജൂതന്മാരോ ക്രിസ്ത്യാനികളോ ആയ സകല വിശ്വാസികളിലും ആഴത്തില്‍ മുറിവും വേദനയും ഉണ്ടാകുന്നു. അത് പരമ്പരാഗതമായി തലമുറകളോളം തുടര്‍ന്നു പോരുന്ന അനിഷേധ്യമായ ചരിത്ര സത്യമാണ്.

ജറുസലേം ദേവാലയം തകര്‍ക്കപ്പെട്ടതും ഇസ്രായേലി ജനതയ്ക്ക് അവരുടെ മാതൃരാജ്യം നഷ്ടപ്പെട്ടതും ചരിത്രമാണ്. ഇതിന്റെ പരിണതഫലങ്ങള്‍ എന്തൊക്കെയായിരുന്നു.
♠ ഏറ്റവും പരിശുദ്ധ ദേവാലയമായ ചര്‍ച്ച് ഓഫ് ജറുസലേം നശിപ്പിക്കപ്പെടുന്നത് ചരിത്രം നിശ്ശബ്ദമായി കണ്ടുനിന്നു. ജീസസ് തന്നെ പ്രവചനമായി പറഞ്ഞിരുന്നതു പോലെ ജറുസലേം ദേവാലയം തകര്‍ത്ത് തറയില്‍ വീഴ്ത്തപ്പെട്ടതോടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ ദൈവത്തിന്റേതായി പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുള്ളതും മനുഷ്യരാശി ഇന്നുവരെ കണ്ടിട്ടുള്ളതില്‍ അനിതരസാധാരണമായ ബുദ്ധിയുടെയും വൈഭവത്തിന്റെയും പേരില്‍ നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടിരുന്നതുമായ ഇസ്രായേല്‍ ജനത ദൗര്‍ഭാഗ്യകരമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഛിന്നഭിന്നമായി ചിതറിപ്പോയി എന്നതിനും ചരിത്രം തന്നെ സാക്ഷിയാണല്ലോ.
അങ്ങനെ ഇസ്രായേല്‍ എന്നൊരു ജനതയും യഹൂദരുടെ ഒരു രാജ്യവും രണ്ട് സഹസ്രാബ്ദങ്ങളോളം ഒരു രാഷ്ട്രീയ സാന്നിദ്ധ്യമായി ഈ ഭൂമുഖത്തെങ്ങും ഇല്ലാതായി. അതോടെ ലോകം അവരെ നിശിതമായി വെറുക്കുവാനും തുടങ്ങി. അവരുടെ ശത്രുക്കളാകട്ടെ തോന്നുമ്പോഴൊക്ക അവരെ അടിച്ചൊതുക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവരെ നിരന്തരം പരിഹസിച്ചു. തോന്നുമ്പോഴൊക്കെ പീഡിപ്പിച്ചു; അവര്‍ക്കുണ്ടായിരുന്ന വളരെ ചെറിയ സ്വത്തുവകകള്‍ പോലും പിടിച്ചു പറിച്ചു. സാംസ്‌കാരികതകൊണ്ടും ആത്മീയതകൊണ്ടും വേറിട്ടു നില്‍ക്കുന്ന ആ ജനസമൂഹത്തിന് ലോകത്തെവിടെയും ദുരിതത്തിന്റെയും ഇല്ലായ്മയുടെയും പീഡനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും നാണം കെടുത്തലുകളുടെയും അനുഭവങ്ങള്‍ മാത്രമായിരുന്നു. എന്നിട്ടും ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും അവര്‍ അവരുടെ സാംസ്‌കാരികത്തനിമയും വിശ്വാസ പാരമ്പര്യവും കളയാതെ കാത്തുസൂക്ഷിച്ചു. എവിടെയൊക്കെ ഒളിവില്‍ കഴിയുവാന്‍ അവര്‍ വിധിക്കപ്പെട്ടുവോ അവിടെയൊക്കെ അവര്‍ അവരുടെ സാന്നിദ്ധ്യം അറിയിച്ചു. അവരുടെ തനത് ജീവിതശൈലിയും അവര്‍ പ്രതിനിധീകരിക്കുന്ന സ്വഭാവ മേന്മയും അവര്‍ അവകാശപ്പെടുന്ന തനത് മേന്മകളും അവര്‍ പോയിടത്തെല്ലാം കാത്തുസൂക്ഷിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
ജൂതര്‍ ലോകമെങ്ങും പീഡിപ്പിക്കപ്പെട്ടപ്പോഴും ഭാരതത്തില്‍ അവര്‍ക്ക് പരിഗണനയും സ്വീകാര്യതയും ലഭിച്ചുവെന്നാണല്ലോ ഇസ്രായേലില്‍ സ്‌കൂള്‍ കുട്ടികളെ പോലും പഠിപ്പിക്കുന്ന ചരിത്രം. ആ മഹത്തായ ചരിത്രത്തെ അങ്ങ് എങ്ങനെ നോക്കിക്കാണുന്നു?
♠ ഭാരതത്തില്‍ കച്ചവടത്തിനായോ അഭയത്തിനായോ എത്തിയപ്പോള്‍ അവര്‍ക്ക് ലോകത്തെ മറ്റുള്ളിടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹൃദ്യമായ അനുഭവമാണ് ഇവിടെ ഉണ്ടായതെന്നതില്‍ തര്‍ക്കമില്ല. ഭാരതത്തില്‍ ജൂതപ്പള്ളികള്‍ (സിനഗോഗുകള്‍) സുരക്ഷിതമായിരുന്നു; യാതൊരു തടസ്സവും കൂടാതെ ജൂതരുടെ വിശേഷാല്‍ പ്രാര്‍ത്ഥനാദിനങ്ങളായ ശനിയാഴ്ചകളില്‍ ശാബ്ബത് പ്രാര്‍ത്ഥനകളും നടത്താമായിരുന്നു. ഈ നാട്ടിലെ ഹിന്ദുഭരണാധികാരികള്‍ നൂറ്റാണ്ടുകളോളം വിശ്വാസകാര്യങ്ങളില്‍ ഇടപെട്ടില്ലായിരുന്നുവെന്ന് കാണാം. ബൗദ്ധ, ജൂത, ക്രിസ്തീയ, ജൈന, ഇസ്ലാമിക മതവിശ്വാസികള്‍ക്കെല്ലാം ഇവിടം സമാധാനത്തോടും സാഹോദര്യത്തോടും സഹവര്‍ത്തിത്വത്തോടും ജീവിക്കാവുന്ന ഇടമായിരുന്നുവെന്നത് ചരിത്രമാണ്. കേരളത്തില്‍, മട്ടാഞ്ചേരിയിലും കൊച്ചിയിലും കോഡര്‍ ആന്‍ഡ് കമ്പനിയും തിരുവനന്തപുരത്ത് സ്‌പെന്‍സേഴ്‌സും തലമുറകളോളം അവരുടെ പേരിന്റെ പെരുമയും ഗുണമേന്മയുടെ മുദ്രയും പേറിനിന്നിരുന്നു. ജനസംഖ്യയില്‍ മിക്കവാറും പരിമിതങ്ങളായ പ്രദേശങ്ങളില്‍ ഒതുങ്ങിക്കൂടിയവരായിരുന്നെങ്കിലും ഏത് അളവുകോല്‍ വെച്ച് നോക്കിയാലും ജൂതര്‍ അവരുടെ ബ്രാന്‍ഡ് നെയിം താരതമ്യം ചെയ്യാനാകാത്തവിധം ഉന്നത നിലവാരത്തില്‍ നിലനിര്‍ത്തിയെന്നതും അനിഷേധ്യമായ ഒരു ചരിത്ര വസ്തുതയാണ്.
ആയിരത്തിലധികം വര്‍ഷങ്ങളോളം മുസ്ലീം അധിനിവേശശക്തികളും ഇംഗ്ലീഷ് സാമ്രാജ്യത്വവും ഭാരതത്തില്‍ പിടിമുറുക്കി നിരന്തരം പോറലുകള്‍ ഏല്‍പ്പിച്ചെങ്കിലും ഇവിടെ ഭൂരിപക്ഷ മതവിഭാഗമായ ഹൈന്ദവ ജനതയും ജൂതസമൂഹമുള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളും സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞു. പക്ഷേ യൂറോപ്പിലെ അനുഭവം വ്യത്യസ്തമായിരുന്നു. അവിടെ വ്യാപകമായ ആക്രമണങ്ങള്‍ക്ക് ജൂതവംശം ഇരയാകുകയായിരുന്നില്ലേ.
♠ അതു ശരിയാണ്. യൂറോപ്പില്‍ പൊതുവെയും, ജര്‍മ്മനിയില്‍ വിശേഷിച്ചും, ജൂതവംശ ഹത്യയുടെ നിരവധി ദുരന്ത സംഭവങ്ങള്‍ക്കാണ് ചരിത്രം സാക്ഷിയായത്. രണ്ടാംലോക മഹായുദ്ധത്തിനിടയില്‍ ദശലക്ഷക്കണക്കിന് നിഷ്‌കളങ്കരായ സാധാരണ ജനങ്ങളെയാണ് ജൂത വംശജരാണെന്നതുകൊണ്ടു മാത്രം, അവരോട് നാസി ഭരണകൂടത്തിനുണ്ടായിരുന്ന പകയുടെ പേരില്‍, ഗ്യാസ് ചേംബറിലേക്ക് അയച്ചും മറ്റും കൂട്ടക്കൊല ചെയ്തത്. ചിന്തിക്കാന്‍ പോലും കഴിയാത്ത ക്രൂരത അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. കൊടും ക്രുരതകള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഹിറ്റ്‌ലര്‍ ഒരിക്കലും ഹെറോദേസ് രാജാവിനു പിന്നിലായിരുന്നില്ല.
പക്ഷേ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച് നാസികള്‍ കീഴടങ്ങുകയും സഖ്യശക്തികള്‍ വിജയിക്കുകയും ചെയ്തതോടെ അന്നുവരെ കേട്ടുകേള്‍വിപോലും ഇല്ലാത്ത മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് നിരന്തരം ഇരയാക്കപ്പെട്ട, പൗരാവകാശം മാത്രമല്ല, മനുഷ്യാവകാശവും നിഷേധിക്കപ്പെട്ട, ജൂതജനതയുടെ ചരിത്രം തിരുത്തപ്പെടുകയായിരുന്നു. അവസാനമായി, പടിഞ്ഞാറന്‍ ശക്തികളും സോവിയറ്റ് യൂണിയനും ചേര്‍ന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മടങ്ങിവരുന്ന ജൂത അഭയാര്‍ത്ഥികള്‍ക്കുവേണ്ടി സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിക്കാനുതകുംവിധം അവരുടെ യഥാര്‍ത്ഥ മാതൃഭൂമിയായ പാലസ്തീനില്‍ ഇത്തിരി ഇടം അടയാളപ്പെടുത്തിക്കൊടുക്കുവാന്‍ തത്വത്തില്‍ ധാരണയായി. പുതിയ ഇസ്രായേലിന്റെ ചരിത്രം തുടങ്ങിയത് അവിടെയാണ്.
ജൂതരെ പീഡിപ്പിക്കുന്നതില്‍ സോവിയറ്റ് യൂണിയനിലെ സ്റ്റാലിന്റെ കമ്യൂണിസ്റ്റ് ഭരണകൂടവും ഒട്ടു പിന്നിലായിരുന്നില്ലല്ലോ? സ്റ്റാലിനുശേഷവും അവിടെ ജൂതവിരോധം തുടര്‍ന്നു. അതൊക്കെയാണെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇസ്രായേല്‍ രാജ്യ സ്ഥാപനത്തിന് സോവിയറ്റ് യൂണിയനും പാശ്ചാത്യ ശക്തികളോട് ചേര്‍ന്നു നിന്നു. എന്നിട്ടും പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കപ്പെടാതിരുന്നത് എന്തുകൊണ്ടാണ്.
♠ ജൂത സമൂഹത്തിനു വേണ്ടി ഇസ്രായേല്‍ എന്ന രാഷ്ട്രം സ്ഥാപിക്കുന്നതിനെ സ്വഭാവികമായും പാലസ്തീനിയന്‍ മുസ്ലീങ്ങളും അറേബ്യന്‍ രാജ്യങ്ങളും തുടക്കത്തില്‍ ശക്തമായി എതിര്‍ത്തു. പുതിയ രാജ്യത്തിന്റെ വലിപ്പം എത്ര ചെറുതായാലും ജൂതന്മാര്‍ക്കു വേണ്ടി ഒരു രാജ്യമെന്ന ആശയത്തോടു തന്നെ അവര്‍ക്ക് എതിര്‍പ്പായിരുന്നു. പടിഞ്ഞാറന്‍ ശക്തികളും സോവിയറ്റ് യൂണിയനും അവരുടെ പ്രതിരോധ സഹായം പുതിയ രാജ്യത്തിന് പ്രദാനം ചെയ്യുമെന്ന് ഉറപ്പായിരുന്നിട്ടുപോലും അറബ് രാജ്യങ്ങള്‍ ഇസ്രായേലിനോട് ഒരു തുറന്ന യുദ്ധ പ്രഖ്യാപനത്തിന് തയ്യാറായി. പാലസ്തീനിയന്‍ മുസ്ലീങ്ങളും ഇസ്രായേലി ജവാന്മാരുമായുള്ള സംഘട്ടനം കുറെ വര്‍ഷങ്ങളോളം തുടര്‍ന്നു. അവസാനം, ഒരു രാജ്യമെന്ന നിലയില്‍ നിലനില്‍ക്കുന്നതിന് പാലസ്തീന്‍ മുസ്ലിങ്ങളോട് യുദ്ധം ചെയ്യാതിരിക്കാന്‍ ഇസ്രായേലിനാകില്ലെന്നും അവര്‍ അതില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും മറുപക്ഷം തിരിച്ചറിഞ്ഞതോടെ ചില അറബ് രാജ്യങ്ങള്‍ യുദ്ധ വിരാമത്തിനും സമാധാനത്തിനുമുള്ള താത്പര്യം പ്രകടിപ്പിച്ചു. അന്നത്തെ പാലസ്തീനിയന്‍ നേതാവ് യാസര്‍ അരാഫത്തു പോലും തുടക്കത്തില്‍ ചെറിയ തോതിലും പിന്നീട് കുറച്ചുകൂടി വിപുലമായ തോതിലും ഇസ്രായേലിന്റെ നിലനില്‍ക്കാനുള്ള അവകാശത്തെ അംഗീകരിച്ചു. അത് ഹമാസുപോലെയുള്ള പാലസ്തീനിയന്‍ സംഘടനകളെ പ്രകോപിപ്പിക്കുകയും സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനുള്ള അരാഫത്തിന്റെ നീക്കങ്ങളെ പോലും അട്ടിമറിക്കുന്നതിന് ഇടവരുത്തുകയും ചെയ്തുവെന്നത് ചരിത്രത്തിന്റെ ഭാഗമാണ്.
അതുകൊണ്ട് പാലസ്തീനും ഇസ്രായേലിനും അടുത്തും ദുരെയുമുള്ള നിരവധി രാജ്യങ്ങളുടെയും സമാധാനശ്രമങ്ങളെ വിഫലമാക്കിക്കൊണ്ട് ആ വിഷയം ഇന്നും തൊണ്ടയിലുടക്കിയ മുള്ളു പോലെ ഗാസയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്നുവെന്നതും ഒരു യാഥാര്‍ത്ഥ്യം തന്നെ.
ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ കൊടുത്ത കാലത്തു തന്നെ മഹാത്മജിയും കോണ്‍ഗ്രസ്സും പാലസ്തീന്‍ പക്ഷത്തോട് ചേര്‍ന്നു നിന്നിരുന്നു. ജവഹര്‍ലാല്‍ നെഹ്രു നേതൃത്വം കൊടുത്ത ചേരി ചേരാ പ്രസ്ഥാനത്തിന്റെ നയവും പാലസ്തീനോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. എന്നാല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ഇസ്രായേലുമായുണ്ടായ നയതന്ത്രപരമായ ഇഴയടുപ്പം നരേന്ദ്രമോദിയുടെ കാലത്ത് കൂടുതല്‍ ദൃഢമാകുന്നു. കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് പരിവാറും ഉള്‍പ്പെട്ട പ്രതിപക്ഷ കൂട്ടായ്മ തികച്ചും അന്ധമായ ഇസ്രായേല്‍ വിരോധത്തിന്റെയും പാലസ്തീന്‍ പക്ഷപാതത്തിന്റെയും വൈകാരിക രാഷ്ട്രീയത്തിന് ഇപ്പോഴും വളം വെക്കുകയാണ്. ഇക്കാര്യത്തില്‍ ഭാരതത്തിന്റെ സമീപനം എന്തായിരിക്കണം എന്നാണ് അങ്ങയുടെ അഭിപ്രായം?
♠ ഇസ്രായേലും പാലസ്തീനും തമ്മില്‍ ഉള്ള പ്രശ്‌നങ്ങളില്‍ ഇന്നത്തെ കക്ഷിരാഷ്ട്രീയ നിലപാടുകളെ കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാന്‍ ഞാന്‍ മുതിരുന്നില്ല. പക്ഷേ, അഹിംസയിലും സമാധാനത്തിലും വിശ്വസിക്കുന്ന മഹത്തായ ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതം ഇസ്രായേലിന്റെ നിലനില്‍ക്കുവാനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. അങ്ങനെ ചെയ്യുന്നത് ഇസ്രായേലിനോട് നമ്മള്‍ക്കുള്ള ബാദ്ധ്യതയും ഉത്തരവാദിത്തവുമാണെന്ന് മറന്നുകൂടാ. അത് നമ്മള്‍ ചെയ്യുന്ന ഒരു ഔദാര്യമൊന്നുമല്ല. ആവശ്യമുണ്ടായപ്പോള്‍ നമ്മോട് ചേര്‍ന്നുനിന്ന, ആവശ്യത്തിനുപകരിച്ച ഒരു സുഹൃദ് രാഷ്ട്രത്തോട് തിരിച്ചു ചെയ്യേണ്ട പ്രത്യുപകാരവും കടപ്പാടുമാണ് അത്. ഇസ്രായേല്‍ ഭാരതത്തിന് ഒരു ശത്രു രാജ്യമല്ല. കാര്‍ഗിലില്‍ പാകിസ്ഥാന്‍ കടന്നാക്രമിച്ചപ്പോള്‍ നമ്മുടെ സുഹൃദ് രാഷ്ട്രങ്ങളായ അമേരിക്കയും റഷ്യയും അഫ്ഗാനിസ്ഥാനുമൊക്കെ പ്രശ്‌നം ഭാരതവും പാകിസ്ഥാനും നേരിട്ട് പരിഹരിച്ചോട്ടെയെന്ന് കരുതി കാഴ്ചക്കാരായി നോക്കിനിന്നപ്പോള്‍ ഇസ്രായേലായിരുന്നു, ഇസ്രായേല്‍ മാത്രമായിരുന്നു അടല്‍ ബിഹാരി വാജ്‌പേയ് ആവശ്യപ്പെട്ടതനുസരിച്ച് അവരുടെ പ്രതിരോധസേനയുടെ രഹസ്യാന്വേഷണ സംവിധാനത്തിന്റെ സേവനങ്ങള്‍ ഭാരതത്തിന് ലഭ്യമാക്കിയത്.
അങ്ങനെയാണ് ഇസ്രായേലിന്റെ സഹായത്തോടെ ഭാരതത്തിന് കാര്‍ഗിലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത്. ഇസ്രായേല്‍ ഒരു പടി കൂടി മുന്നോട്ടു പോയി ആരെങ്കിലും ഭാരതത്തിനെതിരെ യുദ്ധം ചെയ്യുകയാണെങ്കില്‍ അവര്‍ ഇസ്രായേലിനെതിരെയും യുദ്ധം ചെയ്യുകയാണെന്ന് കണക്കാക്കുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ നമ്മോടൊപ്പം നിന്ന, നമ്മുടെ എക്കാലത്തെയും സുഹൃദ് രാജ്യം ഇന്ന് ഒരു കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. അതുകൊണ്ടു തന്നെ ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഭാരതത്തിന്റെ നിലപാടുകള്‍ കൂടുതല്‍ ശക്തമാകണം. ഇസ്രായേല്‍ ഒരു രാജ്യമെന്ന നിലയില്‍ നിലനില്‍ക്കുവാനുള്ള രാഷ്ട്രീയവും നിയമപരവും ധാര്‍മികവുമായ അവകാശം ഉയര്‍ത്തിപ്പിടിക്കാനുള്ള വലിയൊരു പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അവര്‍ക്ക് നീതിയും ന്യായവും ഉറപ്പ് നല്‍കുവാനുതകുന്ന നിലപാടകളാണ് ഭാരതം സ്വീകരിക്കേണ്ടത്. ഇറാനെ നോവിക്കണമെന്നല്ല, ഇസ്രായേലിനെ നോവിക്കാന്‍ പാടില്ലായെന്നതാകണം ഭാരതത്തിന്റെ നിലപാട്. അങ്ങനെയൊരു ഉറച്ച നിലപാടും സമീപനവുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ഭാരതത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും പ്രതീക്ഷിക്കുന്നത്. അതു തന്നെയാകും ഭാരതത്തിന്റെ യുക്തിഭദ്രമായ നിലപാട്.
ഹമാസ് ഭീകരവാദികള്‍ അഴിച്ചുവിട്ട കൊടുംക്രൂരതയില്‍ നിലനില്‍പ്പു പോലും സാദ്ധ്യമല്ലെന്ന ബോദ്ധ്യത്തിലാണ് ഇസ്രായേല്‍ അതിശക്തമായ തിരിച്ചടി തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതം ഇസ്രായേലിനോടൊപ്പമാണെന്ന നിലപാട് തുടക്കത്തില്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ഏറ്റവും അവസാനം, ഇസ്ലാമിക ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ ഇറാന്റെ ആയത്തുള്ള അലി ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനും ആ ഭരണകൂടത്തിന്റെ ആണവായുധസംഭരണ പരിശ്രമങ്ങള്‍ക്കും അറുതി വരുത്തുമെന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നിര്‍ണ്ണായക പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തെ അങ്ങ് എങ്ങനെ നോക്കിക്കാണുന്നു.
♠ 2023 ഒക്ടോബറില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തിലും ഇസ്രായേല്‍ നടത്തിയ സ്വാഭാവികമായ തിരിച്ചടിയിലും നഷ്ടപ്പെട്ട മനുഷ്യജീവനുകളും തകര്‍ന്നടിഞ്ഞ ജീവിതങ്ങളും മാനവരാശിക്ക് തീരാദു:ഖമാണ് പ്രദാനം ചെയ്തത്. അവിടെയും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഇന്നും ബാക്കിനില്‍ക്കുന്നു. ഹമാസിനാല്‍ ബന്ദികളാക്കപ്പെട്ട എല്ലാവരുടെയും മോചനം ഉറപ്പുവരുത്തിയിട്ടായിരുന്നില്ലേ സമാധാനത്തിന് വേണ്ടിയുള്ള ഏതു ശ്രമവും തുടങ്ങേണ്ടിയിരുന്നത് എന്നതാണ് ആ ചോദ്യം. എന്തായാലും ചരിത്രം നിര്‍ണ്ണായകമായ വഴിത്തിരിവിലാണ്. സ്വാഭാവികമായും അമേരിക്കയും ഡോണാള്‍ഡ് ട്രംപും മറ്റ് രാഷ്ട്രങ്ങളും ഇനി എടുക്കാന്‍ പോകുന്ന നിലപാടുകളും നടപടികളുമായിരിക്കാം ചരിത്രഗതിയെ തിരിച്ചുവിടുവാന്‍ പോകുന്നത്.
2025 ഏപ്രിലില്‍ പഹല്‍ഗാമില്‍ മനുഷ്യത്വരഹിതമായ ഭീകര പ്രവര്‍ത്തനത്തിലൂടെ പ്രകോപനം സൃഷ്ടിച്ച പാകിസ്ഥന്റെ ആണവായുധ പ്രഹരശേഷി തന്നെ, ഭാരതത്തിന്റെ തിരിച്ചടിയില്‍, നഷ്ടപ്പെട്ടതായാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. 2023 ഒക്ടോബറില്‍ ഹമാസിലൂടെ കൊടും ഭീകരത പ്രകടമാക്കിയ ഇറാനിലെ ഖോമേനി ഭരണകൂടവും ആവരുടെ ആണവായുധ നിര്‍മ്മാണശേഷിയും, ഇസ്രായേലിന്റെ തിരിച്ചടിയില്‍, തകരുന്നതിനുള്ള സാദ്ധ്യതയാണ് ഉരുത്തിരിയുന്നത്. അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്ഥാനിലും ഇറാനിലും അങ്ങനെ മാറ്റങ്ങള്‍ സംഭവിക്കുകയും വിശ്വമാനവികതയ്ക്ക് ശോഭനമായ ഒരു ഭാവി ഉരുത്തിരിയുകയും ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. മഹായുദ്ധത്തെ തടയാനുള്ള, സമാധാനത്തിന്റെ മതില്‍ കെട്ടാനുള്ള, ആരുടെ ശ്രമത്തെയും ഭാരതം പിന്തുണയ്‌ക്കേണ്ടതുണ്ട്. കാരണം, ലോകത്തിന് ഇനി മറ്റൊരു മഹായുദ്ധത്തെ താങ്ങാനാകില്ലെന്നത് എല്ലാവരുടെയും ബോദ്ധ്യമാണ്.