‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദപ്രയോഗങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തത് സനാതന ചൈതന്യത്തെ അശുദ്ധമാക്കി എന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
‘നിര്‍ബന്ധിത വന്ധ്യംകരണമടക്കമുള്ള ക്രൂരകൃത്യങ്ങളാണ് അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ആയിരക്കണക്കിന് ജനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടു. കോടതിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു, ഈ കാലത്താണ് ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയത്. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയില്‍ ആ പദങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ, അടിയന്തരാവസ്ഥക്കാലത്തിന്റെ 50-ാം വാര്‍ഷികം തികയുന്ന ഈ സമയത്ത് കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്നായിരുന്നു രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും പറഞ്ഞത്. ഈ രണ്ട് പ്രസ്താവനകളുടേയും അടിസ്ഥാനത്തില്‍ ‘ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്ത മതേതരത്വം, സോഷ്യലിസം എന്നിവ വീണ്ടും ചര്‍ച്ചയായി. ഭരണഘടനയുടെ ആമുഖത്തില്‍ ഭാരതത്തെ ‘പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്നാണ് വിശേഷിപ്പിക്കുന്നത്. 1975-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയപ്പോള്‍ 1976-ലെ 42-ാം ഭേദഗതി നിയമത്തിലൂടെയാണ് ഈ വാക്കുകള്‍ ചേര്‍ത്തത്.
ഭരണഘടനാ അസംബ്ലി ചര്‍ച്ചയില്‍ തന്നെ ഈ വാക്കുകള്‍ ചേര്‍ക്കാന്‍ ചില അംഗങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ‘മതേതരം’ എന്ന വിശേഷണം മതപരമായ നിഷ്പക്ഷതയോടുള്ള നാടിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുമെന്നും, ‘സോഷ്യലിസ്റ്റ്’ എന്നത് സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുമെന്നും ഭരണഘടനാ അസംബ്ലി അംഗം പ്രൊഫ. കെ.ടി.ഷാ വാദിച്ചു. എച്ച്.വി. കാമത്ത്, ഹസ്രത്ത് മോഹാനി തുടങ്ങിയ അംഗങ്ങള്‍ ഈ വാദത്തെ പിന്തുണച്ചു. ആര്‍ട്ടിക്കിള്‍ 1 ലെ ക്ലോസ് (1) ല്‍ ‘മ’ എന്ന വാക്കുകള്‍ക്ക് ശേഷം ‘മതേതര, ഫെഡറല്‍ സോഷ്യലിസ്റ്റ്’ എന്ന വാക്കുകള്‍ ചേര്‍ക്കണമെന്ന് ഷാ ആദ്യമായി ഒരു ഭേദഗതി നിര്‍ദ്ദേശിച്ചു. ഈ ഭേദഗതിയെ ഭരണഘടന അസംബ്ലി എതിര്‍ക്കുകയും തള്ളുകയും ചെയ്തു. ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭീം റാവു അംബേദ്കര്‍ ഷായുടെ ഭേദഗതികളെ എതിര്‍ത്തവരില്‍ ഒരാളായിരുന്നു.
1948 ഡിസംബര്‍ 6-ന് നടന്ന ചര്‍ച്ചയ്ക്കിടെ, സഭയിലെ മറ്റൊരു അംഗമായ ലോക്‌നാഥ് മിശ്ര പറഞ്ഞു, ‘നമ്മുടേത് ഒരു മതേതര രാഷ്ട്രമാണെന്ന് ഞങ്ങളുടെ ചെവികളില്‍ ആവര്‍ത്തിച്ചു കേട്ടിട്ടുണ്ട്. നമ്മുടെ രാജ്യം മതത്തെക്കുറിച്ച് ആശങ്കയില്ലാതെ തുടരുമെന്ന അര്‍ത്ഥത്തിലാണ് ഞാന്‍ ഈ മതേതരത്വത്തെ അംഗീകരിച്ചത്, വിഭജിത ഇന്ത്യ മതേതര രാജ്യമാവുന്നത് ഒരു ഹിന്ദു ആധിപത്യ പ്രദേശത്തിലെ അഹിന്ദു ജനങ്ങള്‍ക്ക് നല്‍കുന്ന പരമാവധി ഔദാര്യമാണെന്ന് ഞാന്‍ കരുതി. ഈ മതേതരത്വം എന്താണ് അര്‍ത്ഥമാക്കുന്നതെന്നും നമ്മുടെ ജനങ്ങളുടെ ജീവിതത്തെയും പെരുമാറ്റത്തെയും എത്രത്തോളം ഉള്‍ക്കൊള്ളാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നുവെന്നും എനിക്ക് തീര്‍ച്ചയായും അറിയില്ലായിരുന്നു. എന്നാല്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇവയെ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തു. സോഷ്യലിസത്തെ ഒരു താല്‍ക്കാലിക നയമായിട്ടാണ് അദ്ദേഹം കണ്ടത്, ഭരണഘടനാപരമായ കല്‍പ്പനയല്ല. അത്തരം നയങ്ങളുടെ ഭാവി അന്നത്തെ സര്‍ക്കാരിന് വിടണമെന്ന് അംബേദ്കര്‍ വിശ്വസിച്ചു. സോഷ്യലിസത്തെ മാറ്റമില്ലാത്ത തത്വമായി ആമുഖത്തില്‍ പരാമര്‍ശിക്കുന്നത് ജനാധിപത്യ വഴക്കത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം വാദിച്ചു. ”രാജ്യത്തിന്റെ നയം എന്തായിരിക്കണം, സമൂഹം അതിന്റെ സാമൂഹികവും സാമ്പത്തികവുമായ വശങ്ങളില്‍ എങ്ങനെ സംഘടിപ്പിക്കണം എന്നിവ കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് ജനങ്ങള്‍ സ്വയം തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഭരണഘടനയില്‍ തന്നെ അത് സ്ഥാപിക്കാന്‍ കഴിയില്ല, കാരണം അത് ജനാധിപത്യത്തെ മൊത്തത്തില്‍ നശിപ്പിക്കുകയാണ്. എന്റെ അഭിപ്രായത്തില്‍, ജനങ്ങള്‍ക്ക് അവര്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന സാമൂഹിക സംഘടന എന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ എടുത്തുകളയുകയാണ്’ എന്ന് അംബേദ്കര്‍ അന്ന് സഭയില്‍ പറഞ്ഞിരുന്നു. ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ സോഷ്യലിസം ഇതിനകം തന്നെ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും, ആമുഖത്തില്‍ അത് അനാവശ്യമാണെന്നും അദ്ദേഹം വാദിച്ചു.
അംബേദ്കര്‍ ഭാരതത്തിന്റെ ബഹുസ്വര സാംസ്‌കാരിക സ്വത്വത്തില്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ഭരണഘടന ഇതിനകം തന്നെ മൗലികാവകാശങ്ങള്‍ വഴി ഉറപ്പുനല്‍കിയതിനാല്‍, മതേതരത്വം എന്ന ആ പദം അനാവശ്യമാണെന്ന് അംബേദ്കര്‍ കരുതി. മതേതരത്വം ‘കരട് ആമുഖത്തില്‍ ഇതിനകം തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്’ എന്നും വിശാലമായ ഭരണഘടനാ ചട്ടക്കൂട് മതപരമായ നിഷ്പക്ഷത ഉറപ്പാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ പ്രധാനമന്ത്രിയായിരുന്ന നെഹ്റു ഒരു ഉറച്ച സോഷ്യലിസ്റ്റ് ആയിരുന്നു എന്നാണല്ലോ പൊതുധാരണ. എന്നിട്ടും ഭരണഘടനയുടെ ആമുഖത്തില്‍ മതേതരം, സോഷ്യലിസം എന്നിവ വ്യക്തമായി ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചില്ല. ഭരണഘടനയുടെ ഘടന എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുന്ന ഒരു ക്ഷേമരാഷ്ട്രം ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ പ്രസംഗങ്ങളില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നെഹ്റുവിന്റെ അഭിപ്രായം അംബേദ്കറുടെ വീക്ഷണങ്ങള്‍ക്കൊപ്പമായിരുന്നു.
1975 ജൂണ്‍ 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ ക്രൂരമായ ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്ത് പിന്‍വാതിലിലൂടെയാണ് ഈ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തിലേക്ക് കൊണ്ടുവന്നത്.
ഭരണഘടനയില്‍ ‘മതേതര’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകള്‍ കടമെടുക്കാനുള്ള ശ്രമങ്ങള്‍ ഭരണഘടനാ അസംബ്ലി നിരസിച്ചതോടെ പരാജയപ്പെട്ട ഒന്നായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷത്തെ ജയിലിലടച്ചു, പാര്‍ലമെന്റ് കാലാവധി നീട്ടി, ഇന്ദിരയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യപ്പെട്ടു, ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആമുഖത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഏറ്റവും ജനാധിപത്യവിരുദ്ധമായി മാറ്റിയെഴുതി. പ്രതിപക്ഷ അംഗങ്ങളെയും ക്രൂരമായ നിയമങ്ങള്‍ ചുമത്തി ജയിലിലടച്ചു, മൗലികാവകാശങ്ങള്‍ നിഷേധിച്ചു, ഭരണഘടനയുടെ നിര്‍വചന തത്വങ്ങള്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ ഭേദഗതി ചെയ്തു. ലോക്സഭയുടെ കാലാവധി അഞ്ച് വര്‍ഷം മാത്രമായിരുന്നപ്പോള്‍, അഞ്ചാം സഭയുടെ കാലാവധി തുടര്‍ന്ന് ഭരണഘടനാ ഭേദഗതി ബില്‍ ഒരു പ്രത്യേക സമ്മേളനത്തിലൂടെ തിടുക്കത്തില്‍ പാസ്സാക്കുകയും ചെയ്തു.
ഭരണഘടനാമൂല്യങ്ങളേയും നിയമനിര്‍മ്മാണ സഭയിലെ ചര്‍ച്ചകളേയും അബേദ്കര്‍ അടക്കമുള്ള ദേശീയ നേതാക്കളുടെ അഭിപ്രായങ്ങളേയും കാറ്റില്‍ പറത്തിയാണ് ‘മതേതരം’, ‘സോ ഷ്യലിസം’ എന്നീ വാക്കുകള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്. ഭാരതീയ പാരമ്പര്യം സര്‍വ്വധര്‍മ്മ സമഭാവനയാണ്. ലോകത്ത് മതത്തിന്റെ പേരില്‍ ആര് ആട്ടിയോടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ക്ക് അഭയം നല്‍കിയ രാജ്യമാണ് ഭാരതം. ഈ നാട് ഒരു മതവിശ്വാസത്തെയും നിഷേധിച്ചിട്ടില്ല.
അബ്രഹാമിക് മതങ്ങള്‍ ഭരണത്തില്‍ ഇടപെട്ട് ജനാധിപത്യമൂല്യങ്ങള്‍ നിഷേധിച്ചപ്പോള്‍ പടിഞ്ഞാറിന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ ആശയമാണ് മതേതരത്വം. മതത്തെ നിഷേധിച്ച് , ഭരണത്തില്‍ നിന്ന് മതപുരോഹിരെ മാറ്റിനിര്‍ത്താന്‍ യൂറോപ്പ് നിര്‍ബദ്ധിതമായപ്പോള്‍ അവിടെ ഉരുത്തിരിഞ്ഞ ആശയമാണ് മതനിഷേധം അഥവാ മതേതരത്വം. ഭാരതത്തില്‍ സര്‍വ്വമതസമഭാവന എന്നത് ജീവിതമൂല്യമാണ് . ഭാരതീയ മതങ്ങളുടെ അന്തഃസത്ത ഉള്‍കൊണ്ടാണ് ഭരണഘടന നിലവില്‍ വന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന ആശയങ്ങള്‍ക്ക് അടിക്കുറിപ്പായി നല്‍കിയ ചിത്രം ശ്രീരാമ പട്ടാഭിഷേകമാണ്. ഹിന്ദു പുരാണങ്ങളിലെ നിരവധി ചിത്രങ്ങള്‍ നമുക്ക് ഭരണഘടനയില്‍ കാണാം.
ഗാന്ധിജിയുടെ ആദര്‍ശ രാഷ്ട്രസങ്കല്‍പമായ ‘രാമരാജ്യം’ ഭാരതീയ രാഷ്ടതത്വചിന്താപദ്ധതിയായിരുന്നു. നീതി, സമത്വം, സത്യം എന്നീ ധാര്‍മ്മിക മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്, അത് ഭാരതീയ ക്ഷേമരാഷ്ട്ര സങ്കല്‍പമാണ്. ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കുപോലും അതില്‍ നീതി ലഭിക്കും. ഗാന്ധിജി എഴുതുന്നു. ”എന്റെ ഭാവനയിലെ രാമന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും, രാമരാജ്യം എന്ന പുരാതന ആദര്‍ശം നിസ്സംശയമായും യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ പ്രതീകങ്ങളില്‍ ഒന്നാണ്, അതില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പൗരനുപോലും വിപുലവും ചെലവേറിയതുമായ നടപടിക്രമങ്ങളില്ലാതെ വേഗത്തിലുള്ള നീതി ഉറപ്പാക്കാന്‍ കഴിയും. രാമരാജ്യത്തിന്‍ കീഴില്‍ നായയ്ക്ക് പോലും നീതി ലഭിച്ചതായി കവി വിശേഷിപ്പിക്കുന്നു. (ഥീൗിഴകിറശമ, 1991929, പേജ് 305)
ഭാരതീയ ക്ഷേമരാഷ്ട്ര സങ്കല്‍പം ധാര്‍മ്മിക തത്വങ്ങളുടെയും ധാര്‍മ്മിക പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളുടെ പരമാധികാരത്തിന് ഊന്നല്‍ നല്‍കുന്നതാണ്. സാമൂഹിക പദവി പരിഗണിക്കാതെ എല്ലാവര്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ആ ചിന്ത വിഭാവനം ചെയ്യുന്നു. ശാശ്വത സമാധാനം സമാധാനപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ കൈവരിക്കാനാകൂ എന്ന് വിശ്വസിക്കുന്ന അഹിംസ ഭാരതീയ രാജ്യതന്ത്രത്തിന്റെ ആണിക്കല്ലാണ്. നീതിയും സമത്വവും കൈവരിക്കുന്നതിന് സാമ്പത്തികമായും ആത്മീയമായും സ്വയംപര്യാപ്തത നിര്‍ണായകമാണെന്ന തത്വം വേദങ്ങളടക്കമുള്ള ഭാരതീയ ദര്‍ശനങ്ങളിലുണ്ട്. അതുകൊണ്ട് തന്നെ വൈദേശികമായതും ഭാരതീയ പാരമ്പര്യത്തെ നിഷേധിക്കുന്നതുമായ മതേതരം, സോഷ്യലിസം എന്നീ പദങ്ങള്‍ ഭരണഘടനയില്‍ നിന്ന് മാറ്റി ഭരണഘടന അസംബ്ലി പാസ്സാക്കിയ ആമുഖം തിരിച്ചു കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നാണ് സംഘത്തിന്റെ സര്‍കാര്യവാഹ് പറഞ്ഞത്. ഭാരതത്തിന്റെ സ്വത്വബോധത്തെ വീണ്ടെടുക്കാനുള്ള ആഹ്വാനമാണത്.